Sunday, January 23, 2022

ഋണം

ഋണം By Rema Pisharody January 23 2022
വാതിലിൽ ഭയം കോലം വരച്ച കാലത്തിൻ്റെ ബാദ്ധ്യത തീരാത്തൊരു ബാക്കിപത്രത്തിൽ നിന്ന് ഇനിയും പൊഴിയാതെ പോകുവാൻ മടിക്കാതെ കനലൊന്നുണ്ടത് കത്തുന്നു പൊള്ളിക്കുന്നു മഴകൾ പെയ്തേ പോയി എങ്കിലും തീരത്തൊരു പൊടിഞ്ഞ ശംഖിൽ ഇന്നും കരച്ചിൽ കേൾക്കുന്നുണ്ട്..

Saturday, January 22, 2022

നെരിപ്പോട്

നെരിപ്പോട് റാന്തലിൻ തിരി താഴ്ത്തി ഓർമ്മകൾ മങ്ങിക്കത്തി പാട്ടിൻ്റെയീണം തെറ്റി പകലോ മാഞ്ഞേ പോയി മുഷിഞ്ഞ കടലാസിലാധികൾ വരഞ്ഞിട്ടു പുകഞ്ഞ നെരിപ്പോടിലടക്കം ചെയ്തേ പോന്നു പിന്നോട്ട് പിന്നോട്ടെന്ന് വിളിക്കാറുണ്ടോർമ്മകൾ മുന്നോട്ട് മുന്നോട്ടെന്ന് കണ്ണുനീർക്കടൽക്കാറ്റ്

Friday, January 21, 2022

കളിവീട്.

കളിവീട്. Rema Pisharody January 21, 2022 ഇലവ് പൂവിട്ടൊരിടവഴിയും കടന്നൊരു- നിഴൽ മൂടി നിൽക്കുന്നൊരോർമ്മയിൽ പഴയതെല്ലാം തുടച്ചു മായ്ക്കും കോലു- മഷിപുരണ്ടൊരു സ്ളേറ്റും പിടിച്ചു- കൊണ്ടിവിടെ ഞാൻ വന്നിരിക്കുന്നു കണ്ണിലെ നഗരവിഭ്രമം മാഞ്ഞുപോയീടുന്നു ഇലകളെല്ലാം കൊഴിഞ്ഞുപോയീടുന്നു ഇതളതെല്ലാം വിടർന്നുവന്നീടുന്നു മഴു പതിച്ച മൺകൂട്ടിലെ നോവുമായ് പുതിയ പട്ടാഭിഷേകം തുടങ്ങുന്നു. ശിരസ്സിലായ് മുള്ളുനാരാൽ മെടഞ്ഞൊരു മകുടമുണ്ടതിൻ തേരോട്ടമുണ്ടതിൽ ഇലവ് പൂവിട്ട വഴികളിൽ, തുമ്പികൾ അവിടെ നമ്മളുണ്ടായീരുന്നു മാവിൻ്റെ ചുവടിലുണ്ടായിരുന്നൊരു കളിവീട്...

Thursday, January 20, 2022

കൈറ്റ് ഫെസ്റ്റിവൽ

കൈറ്റ് ഫെസ്റ്റിവൽ Rema Prasanna Pisharody January 20, 2022 പട്ടങ്ങൾ പറന്നുപോകുന്നിതാ ആകാശത്തിൻ സ്വച്ഛമാം നീലപ്പട്ടിൽ വർണ്ണങ്ങൾ തൂവിക്കൊണ്ട് കെട്ടുപൊട്ടിയ പട്ടമെന്നപോൽ മേഘങ്ങളാ പട്ടങ്ങളെല്ലാം കൈയിലെടുത്ത് ചുംബിക്കുന്നു കൈകളിലാമ്പൽപ്പൂവും കൊരുത്തു നടന്നൊരു കൈതപ്പൂസുഗന്ധത്തിൻ ഗ്രാമത്തിലോണപ്പാട്ടിൽ പട്ടങ്ങൾ പറന്നത് പോലെയല്ലിത് ലോകമുൽസവമാക്കുന്നൊരു മേളയുമാഘോഷവും പട്ടങ്ങൾ കുരുങ്ങിയ- പഴയ പ്ളാവിൻ കൊമ്പിൽ കെട്ടുപൊട്ടിയ നൂലിൻ- ഓർമ്മകൾ ധ്യാനിക്കുന്നു! പട്ടങ്ങൾ പറക്കുന്നു മേഘങ്ങൾ തൊട്ടേറുന്നു, പട്ടങ്ങളൊരുങ്ങുന്നു വസന്തം തേടിക്കൊണ്ട് കൈകളിൽ നിന്നും നൂലു- പൊട്ടിയ പട്ടങ്ങളായ് കണ്ണിൽ നിന്നോടിപ്പോകും പ്രാണൻ്റെ നിശ്വാസങ്ങൾ ഓരോരോ രൂപങ്ങളിൽ ഓരോരോ പ്രപഞ്ചമായ് ഓരോരോ ചിറകുമായ് പട്ടങ്ങൾ പറക്കുന്നു കെട്ടിനിർത്തിയ മതിൽ ക്കെട്ടിനും മീതേ പറന്നിത്തിരി ആകാശത്തെ കൈയിലേയ്ക്കെടുക്കുന്നു.  

Wednesday, January 19, 2022

അങ്ങനെ ഓരോരോ കനസുകള്

അങ്ങനെ ഓരോരോ കനസുകള് Rema Pisharody January 19, 2022 വായിക്കുവാനായെടുത്ത പുരാതനവായനശാലയിൽ *മൂകജ്ജി വന്നുവോ കാലം തണുപ്പിച്ച കാറ്റും, നിഗൂഢമാം കാലടിപ്പാടും പതുക്കെ സ്പന്ദിച്ചുവോ നെറ്റിയിൽ പൊട്ടിട്ട ബാല്യം- ഒരിത്തിരി കുട്ടയിൽ സ്വപ്നങ്ങൾ നെയ്തങ്ങിരുന്നുവോ? കെട്ടിച്ചമച്ചതെല്ലന്നതീന്ദ്രിയ- സത്യം പറഞ്ഞു പോകുന്നു കനസുകൾ പുല്ലിൻ്റെ തുമ്പിൽ തുളുമ്പി നിൽക്കും മഞ്ഞ് തുള്ളിപോലെന്നും നനഞ്ഞ പെൺകണ്ണുകൾ മുത്തശ്ശിയാൽ മരച്ചോട്ടിൽ തടുക്കൊന്നു തട്ടിക്കുടഞ്ഞ് നീർത്തുന്നു അതിൽ നിന്ന് പൊട്ടും പൊടിയും കണക്കെ കനവുകൾ ചിത്രശലഭങ്ങളായ് പറന്നീടുന്നു. പക്ഷികൾ പാടും നദിക്കരെ തോണിയിൽ നിത്യം പറന്ന് വന്നെത്തുന്ന കാറ്റിലായ് ചിത്രങ്ങൾ തുന്നുന്ന മേഘങ്ങളും കണ്ട് മുത്തശ്ശിയെത്രയോ കാലം കൊരുത്തിട്ട- സ്വപ്നങ്ങൾ കണ്ട് മടങ്ങുന്നു ഞാനിന്ന്.. (ജ്ഞാനപീഠം ലഭിച്ച കന്നഡ സാഹിത്യകാരൻ ശ്രീ ശിവരാമകാരന്തിൻ്റെ മൂകജ്ജിയുടെ കനസുകൾ എന്ന നോവലിലെ മൂകജ്ജി)

Tuesday, January 18, 2022

പോക്കുവെയിൽ

പോക്കുവെയിൽ Rema Pisharody January 18, 2022 പോക്കുവെയിലെങ്ങോ മറഞ്ഞു മറക്കാതെ പൂക്കളെയെല്ലാം കൊഴിച്ചു ചിലമ്പിച്ച പാട്ടൊന്ന് പാടാൻ ശ്രമിച്ചു കലമ്പുന്ന കാറ്റിനോടെന്തോ പറഞ്ഞു, കുറുമ്പൊന്ന് കാട്ടുന്ന പെൺകുട്ടിയെ പോൽ മുഖം കോട്ടി ക്ഷേത്രക്കുളത്തിലെയാമ്പൽ രുദ്രേ വരച്ഛിട്ട കോലങ്ങളിൽ പള്ളിവാള് നീ വച്ചിട്ട് പോക കണ്ണീരു തൂവിത്തുടയ്ക്കാം മിനുക്കാം കണ്ണിൽ ഒളിച്ചങ്ങ് വയ്ക്കാം..

Sunday, January 16, 2022

JANUARY 16, 2022 വാക്കിൻ്റെ ഗന്ധത്തിലെന്നോ മറന്നിട്ട കാട്ടുപൂക്കൾ, കൈകൾ ചോന്ന മഞ്ചാടികൾ പച്ചിലപ്പാതയിൽ ഒറ്റയ്ക്ക് നീങ്ങുന്ന സത്യം, ചിലമ്പിൻ്റെ നേർത്തതാം മന്ത്രണം. രാത്രി നീലാഞ്ജനപൂവുതിർത്തീടുന്നു കൂത്തരങ്ങിൽ വന്ന് നൃത്തം തുടങ്ങുന്നു കത്തും വിളക്കിലെയെണ്ണയിൽ നിന്ന്- തീവെട്ടികൾ മെല്ലെ കൊളുത്തുന്നു ദിക്കുകൾ കത്തിപ്പിടഞ്ഞതും, രക്തമിറ്റിച്ചിതും മിഥ്യയോ ലോകാവസാനചിത്രങ്ങളോ ആരോ പെരുംശസ്ത്രമൊന്നെടുത്താ- ക്കടൽത്തീരത്തിരുന്നഗ്നിബാണം തൊടുക്കുന്നു ഭൂതങ്ങളെല്ലാം കുടത്തിലെ ഭിത്തിയിൽ ഭീതിയും രാവും പകുത്തുലഞ്ഞീടുന്നു നഷ്ടവും ശിഷ്ടവും കൂട്ടിപ്പഴേയച്ചുകൂടത്തിലിട്ട് പോകുന്നുവോ കാലവും എല്ലാം നിശ്ശൂന്യമെന്നാകിലും പാടുവാൻ പുല്ലാങ്കുഴൽ തേടി നിൽക്കുന്ന വാക്കുകൾ...
JANUARY 16, 2022 വാക്കിൻ്റെ ഗന്ധത്തിലെന്നോ മറന്നിട്ട കാട്ടുപൂക്കൾ, കൈകൾ ചോന്ന മഞ്ചാടികൾ പച്ചിലപ്പാതയിൽ ഒറ്റയ്ക്ക് നീങ്ങുന്ന സത്യം, ചിലമ്പിൻ്റെ നേർത്തതാം മന്ത്രണം. രാത്രി നീലാഞ്ജനപൂവുതിർത്തീടുന്നു കൂത്തരങ്ങിൽ വന്ന് നൃത്തം തുടങ്ങുന്നു കത്തും വിളക്കിലെയെണ്ണയിൽ നിന്ന്- തീവെട്ടികൾ മെല്ലെ കൊളുത്തുന്നു ദിക്കുകൾ കത്തിപ്പിടഞ്ഞതും, രക്തമിറ്റിച്ചിതും മിഥ്യയോ ലോകാവസാനചിത്രങ്ങളോ ആരോ പെരുംശസ്ത്രമൊന്നെടുത്താ- ക്കടൽത്തീരത്തിരുന്നഗ്നിബാണം തൊടുക്കുന്നു ഭൂതങ്ങളെല്ലാം കുടത്തിലെ ഭിത്തിയിൽ ഭീതിയും രാവും പകുത്തുലഞ്ഞീടുന്നു നഷ്ടവും ശിഷ്ടവും കൂട്ടിപ്പഴേയച്ചുകൂടത്തിലിട്ട് പോകുന്നുവോ കാലവും എല്ലാം നിശ്ശൂന്യമെന്നാകിലും പാടുവാൻ പുല്ലാങ്കുഴൽ തേടി നിൽക്കുന്ന വാക്കുകൾ...

Saturday, January 15, 2022

പെയിൻ്റ് ബ്രഷ് Rema Pisharody January 15, 2022 ജലച്ചായം ചോർന്നുപോയ ചുമർച്ചിത്രം തൂങ്ങിയാടും മിഴിക്കുള്ളിൽ ദർപ്പണത്തിൽ നിഴൽക്കുത്തിൻ കടുംവെട്ട് ഇതൾ മങ്ങി പൊഴിയുന്ന ഋതുക്കളിൽ ചുറ്റിയാടി മഴക്കാറ്റിൽ ഇലത്തുമ്പിൽ പുഴുക്കുത്തിൻ ഭൂപടങ്ങൾ ഉലയ്ക്കുള്ളിൽ തണുപ്പാറ്റി നെരിപ്പോടിൻ കനൽപ്പൊട്ട് കരിന്തീയിൽ പടർന്നാളി പിടഞ്ഞ പ്രാണൻ മഴപ്പാറ്റച്ചിറക് പോൽ കൊഴിയുന്ന നിമിഷത്തിൽ അടച്ചടച്ചടഞ്ഞു പോം മുഖപടങ്ങൾ.. നിലതെറ്റിപ്പടിതെറ്റി ചിതറുന്ന സ്ഫടികത്തിൽ കടും വർണ്ണം മാറ്റിവച്ച് വരയ്ക്കും കാലം ഇലച്ചായമൊഴുകുന്ന പരൽമീനിൻ ശ്രുതിയുള്ള കുളത്തിൻ്റെ പടിക്കെട്ടിൽ ഉറഞ്ഞു ശൈത്യം.. .. .. ===================================

Wednesday, January 12, 2022

മഞ്ചാടിമണികൾ Rema Pisharody ================== മഴനിലാവും കടന്ന് നാം പണ്ടൊരു- മഴമരത്തിൻ്റെ ചോട്ടിലിരുന്നതും പുഴയിലോളത്തി- ലാകാശ നക്ഷത്ര- മിഴിയിൽ നിന്നൊരു സ്വപ്നം പൊഴിഞ്ഞതും ഇരുളുനീന്തിക്കടന്ന് നാം സൂര്യനെ- ചിറകിലേറ്റിപ്പറക്കാൻ ശ്രമിച്ചതും.. വഴിയിലെ ചോന്ന- മഞ്ചാടിമണികളിൽ ഹൃദയമുണ്ടെന്ന് നമ്മൾ പറഞ്ഞതും നിനവിലുണ്ടായി രിക്കിലും മൗനമായ്- പതിയെ നമ്മൾ പിരിഞ്ഞ ഹേമന്തമായ്! ഇലപൊഴിഞ്ഞ് പോയെ- ങ്കിലും മഞ്ഞിൻ്റെ ശിഖരമോരോന്നുറഞ്ഞ് പോകുമ്പോഴും പ്രണയസന്ധ്യതൻ ഗൂഢമന്ദസ്മിതം- അരികിലുണ്ടെന്ന് കാറ്റ് ചൊല്ലുന്നുവോ പ്രണയമഞ്ചാടിമണി- കളിൽ നമ്മുടെ ഹൃദയമുണ്ടെന്ന് മൗനം പറഞ്ഞുവോ? പ്രണയകാലത്തി നോർമ്മപോലിന്നുമീ- മഴനിലാവിൻ്റെ പാട്ട് കേൾക്കുന്നുവോ?