Thursday, April 29, 2010

വാതിലുകൾ ഭദ്രമായി
ചേർത്തടയ്ക്കുമ്പോഴും
ചെറിയ വിടവുകളിലൂടെ
വെളിച്ചം അകത്തേയ്ക്ക്
കടന്നു വരുന്നുണ്ടായിരുന്നു
വൈദ്യുതിവിളക്കുകൾ ഇടറി വീണ
കാർമേഘാവൃതമായ നടുമുറ്റത്ത്
തുളസ്സിമണ്ഡപത്തിലെ
ഓട്ടുവിളക്കിൽ വെളിച്ചമുണരുന്നതു കണ്ടു
കാറ്റുലഞ്ഞുവീശിയ തുലാവർഷമഴയിൽ
ചില്ലുകൂടിനുള്ളിൽ റാന്തൽ വിളക്കുകൾ
വെളിച്ചം സൂക്ഷിയ്ക്കുന്നുണ്ടായിരുന്നു.
വിളക്കുകളെല്ലാമണഞ്ഞ രാത്രിയിൽ
നിലാമഴയിൽ
നക്ഷത്രങ്ങളുടെ മിഴികളിൽ
വെളിച്ചമൊഴുകുന്നതു കണ്ടു

Wednesday, April 28, 2010

സമയപരിധികളിൽ
നിന്നകലെ.....
സമുദ്രതീരങ്ങളിൽ
ബ്രാഹ്മമുഹൂർത്തമേ
ഗായത്രിയിലുണരുക
കാലം നടന്നു നീങ്ങിയ
ഭൂമിയിലെ പൂഴിമണലിൽ,
ഉറങ്ങിയുണരുന്ന രാപ്പകലിൽ,
ഇടറി വീഴുന്നജന്മങ്ങളിൽ ,
സമയം ആധികാരത
അവകാശപ്പെടുമ്പോൾ
ജനനമരണങ്ങളുടെ
ഉദയാസ്തമയങ്ങൾ
കണ്മുന്നിലുണരുമ്പോൾ
പാഞ്ചജന്യവും പദ്മദലങ്ങളും
അവതാരങ്ങളുടെ പൊരുൾതേടി
ജപം തുടരുമ്പോൾ
ആലിലത്തുമ്പിൽ
പ്രളയജലത്തിൽ
വിധിപർവങ്ങളിൽ നിന്നകന്ന്
ഭൂമിയുറങ്ങി

Tuesday, April 27, 2010

വസന്തം വന്നണയുന്ന
രാജമല്ലിപ്പൂക്കളിൽ,
കുങ്കുമം തൂവിയ
ചെമ്പനീർപ്പൂക്കളിൽ
ചക്രവാളം സ്വപനവിഭ്രമങ്ങളിൽ
നിന്നുണരുന്ന സമുദ്രതീരങ്ങളിൽ
ശംഖിലുണരുന്ന ദേവയാമങ്ങളിൽ
ഉണർന്നു പാടുന്ന ഇടയ്ക്കയിലെ ശ്രുതി
തേടിപ്പോയ മനസ്സേ....
ഭൂപാളത്തിന്റെ സൗമ്യതയിൽ
അരയാൽത്തറയിൽ
തുളസ്സിപ്പൂവിന്റെ സുഗന്ധവുമായ്
നീയുണരുക...

Monday, April 26, 2010

മനശാന്തിയുടെ സമുദ്രമൊഴുകുന്ന
ഭൂമിയുടെ തീരഭൂമികളിൽ
എഴുതിയെഴുതി തീരാത്ത
കഥാലോകത്തിൽ
സ്വർണ്ണം തീയിലുരുക്കി
കരിയാക്കാൻ ശ്രമിയ്ക്കുന്ന
വിരലുകളെ നോക്കി
ചിരിയ്ക്കുന്ന ഒരു സമുദ്രം
മിഴിയിലുണരുമ്പോൾ
പാതയോരങ്ങളിൽ
'ഉപദ്വീപിനു സ്വന്തം'
കഥകളിലെ സൂര്യമുഖം
ദൃശ്യമാകുമ്പോൾ
ഹിമവൽശൃംഗത്തിൽ
ആദ്യ ത്രിവർണ്ണപതാകയിൽ
സ്വപ്നങ്ങളുമായ്
ഉണരുന്നു ഇന്ത്യ....

Friday, April 23, 2010

സത്യം  പ്രദോഷസന്ധ്യയിൽ
രുദ്രതാളത്തിലുണരുമ്പോൾ
അശാന്തിയിൽ നിന്നും
ശാന്തിപർവം തേടുന്ന
ഭൂമിയുടെ പഞ്ചാക്ഷരിയിൽ
വില്വപത്രങ്ങൾ
സുമേരു സ്വർണ്ണവർണ്ണമാർന്ന
സത്യമോ? സങ്കല്പമോ?
വിശ്വാസങ്ങളിൽ
സപ്തർഷികൾ രുദ്രാക്ഷമെണ്ണി
കമണ്ഡലുവിൽ തീർഥജലവുമായ്
വരുമ്പോൾ
മനസ്സിലെ സമുദ്രമേ
സ്വാന്തനമായ് നീയെന്നിൽ
ശിവരഞ്ജിനിയിലുണരൂ...
എഴുതി തീരാത്ത അദ്ധ്യായങ്ങളുടെ
അടയാളങ്ങളും അക്ഷരത്തെറ്റുകളും
പൂക്കളും, മുള്ളുകളും നിറഞ്ഞ ഓർമയുടെ
ചില്ലുപേടകവുമായ്
സമയം ഭൂമിയെ സ്നേഹിയ്ക്കുന്നു..

പ്രദക്ഷിണവേളയിൽ കല്ലുപാകിയ
നടവഴിയിൽ ഭൂതഗണങ്ങൾ...
പാണിയുടെ വാദ്യഭംഗി...

ഇടയ്ക്കയിലുണർന്ന
ഹൃദയതാളത്തിൽ,
അഷ്ടപദിയിൽ
കടൽ ശാന്തമായുറങ്ങുന്നു

Wednesday, April 21, 2010

അക്ഷരങ്ങളിലെ
ആദ്യക്ഷരമായി
മന്ത്രങ്ങളിലെ
ഓംങ്കാരമായി
കൃഷ്ണാ,
നീയെന്നിലുണരുമ്പോൾ
സാമവേദമയമായ
സംഗീതമെന്നിലുണരുന്നു
നിൻ വിഭൂതികളിൽ
ഒഴുകുന്നു ക്ഷീരസാഗരം
നിന്നോടക്കുഴലിൽ
ഹിന്ദോളം...

Sunday, April 18, 2010

മൗനം നിശ്ബദതയുടെ
ചിറകിലൊളിയ്ക്കുമ്പോൾ
അലയിടുന്ന സമുദ്രമേ
നിനക്കായി ഞാൻ
ഒരു ആശ്വാസവചനം
തേടിയലയുന്നു...

എന്റെയുള്ളിലെ വാക്കുകൾ
തീയിലെരിഞ്ഞ്
തൂവൽകരിഞ്ഞവർ
അതിലുണരുന്ന ഭാഷ
എനിയ്ക്ക് തന്നെ ഇന്നന്യം
അവയുടെ അർഥങ്ങൾ
പിനാകാഗ്രതലങ്ങളിൽ
വീണു മുറിവേൽക്കുമ്പോൾ
വിരൽതുമ്പിൽ രക്തം കിനിയുന്നു.

വാക്കുകളിൽ സൗമ്യത തേടുന്ന
അലയിടുന്ന സമുദ്രമാണു മുന്നിൽ.....

Precious Ones- Vishukaineetam from amma....
ശൂന്യതയിലൂടെ
കാലം മുന്നോട്ട് നീങ്ങുന്നു
വീണുപോയവരെ മറന്ന്
കരിഞ്ഞ പൂക്കളിൽ
രഥചക്രങ്ങളേറ്റി
മുറിവേല്പിച്ച്
ആകാശത്തിൽ നിന്നു
വീണുപോയ
നക്ഷത്രമിഴിയിലെ
കണ്ണുനീർ കാണാതെ
മുൻവിധിയും
പിൻവിധിയുമില്ലാതെ
മുന്നോട്ട് നീങ്ങുന്ന
അസ്പർശമായ
വിധി...

Saturday, April 17, 2010

തുലാവർഷമേഘങ്ങളിൽ
വൃശ്ചികക്കുളിരിലൂടെ
നടന്ന കാലത്തിനിടയിൽ
ധനു ഒരു കണ്ണീർതുള്ളിയായ്
മകരമഞ്ഞിലുറയുമ്പോൾ
ഭൂമി ഒരു ചെറിയ
മൺതരിയായി......
അന്യഗ്രഹങ്ങളിൽ
ജീവാന്വേഷണങ്ങൾ
തേടിയലയുന്ന
മനസ്സുകളിൽ നിന്നകന്ന്
ജീവസ്പന്ദനങ്ങളുടെ
താളാത്മകതയിൽ
ഭൂമി......
ജീവനുണരുന്ന ഗ്രഹം

Friday, April 16, 2010

മുന്നിലെ വഴി
നീണ്ടുനീണ്ടുപോകുമ്പോൾ
നടക്കാനാവാതെ
വെയിലിൽതളരുമ്പോൾ,
മരുഭൂമിയിലെ
യാത്രികനെപ്പോൽ
മനസ്സലയുമ്പോൾ
മുന്നിൽ
തുംഗയും ഭദ്രയും
വരാഹപർവതത്തിലെ
ഗംഗമൂലത്തിൽ നിന്നും
വിജയനഗരസാമ്രാജ്യത്തിന്റെ
 ചരിത്രമുറങ്ങുന്ന
വഴിയും കടന്ന്
തുംഗഭദ്രയായൊഴുകി
കൃഷണാനദിയിലെത്തി
ഉൾക്കടൽ തേടി
യാത്രയാകുന്നു.....

Thursday, April 15, 2010

മനുഷ്യജന്മങ്ങളുടെ
നീതിവ്യവസഥയിൽ
നിന്നകന്ന്
അന്തരാത്മാവിന്റെ
വിധിന്യായത്തിൽ,
എന്റെ സത്യമുറങ്ങട്ടെ
അവിടെ എന്റെ
വാക്കുകൾ നിരപരാധികൾ
കൃഷ്ണാ......
നീയാണെൻ വിധിപാലകൻ
എന്റെ ജീവൻ നിൻമുന്നിൽ 
ശ്രീരാഗശ്രുതി തേടുന്നു...
എവിടെയോ വഴി തെറ്റിനിന്ന
ശിരോലിഖിതത്തിലെ
സത്യം തേടി
 നദി ഒഴുകിയൊഴുകി
സമുദ്രതീരത്ത്
ഒരു സമസ്യയുടെ
പൂർണമാക്കാത്ത
വരികളിൽ
അക്ഷരങ്ങളായുണർന്നു.
പർവതശിഖരങ്ങളിൽ
നിന്നൊഴുകിയ കാലം
ഗ്രഹങ്ങളുടെ പ്രയാണം
തടയാനാവാതെ
മുന്നോട്ട് നീങ്ങി.
സത്യം ഒരു സമസ്യ....
ശിരോലിഖിതങ്ങളിൽ
വീണുടഞ്ഞ
അപൂർണസമസ്യ.
ഒറ്റയടിപ്പാതയുടെയരികിലെ
തണൽവൃക്ഷചുവട്ടിൽ
ധ്യാനത്തിലായ
സന്ധ്യയാണിന്നു ഭൂമി.
കാറ്റിലുലഞ്ഞ വൃക്ഷശിഖരത്തിൽ
കൂടുകെട്ടിയ ഒരു കിളിതൂവൽ
സ്വപനങ്ങളുടെ ശരത്കാലവും
കത്തുന്ന ഗ്രീഷ്മവും
കടന്നു പോകുമ്പോൾ
ദിനരാത്രങ്ങൾ
ചിത്രശലഭങ്ങളായി.
വൃന്ദാവനമുണരുന്ന
അഷ്ടപദിയിൽ
യദുകുലവംശനാശത്തിന്റെ
കോരകപ്പുല്ലിൽ
യുഗാന്ത്യങ്ങളെ വേദനയായ്
ശിരസ്സിലേറ്റിയ ഭൂമി..
വർഷം, പ്രളയം..പുനർജനി

Wednesday, April 14, 2010

വാക്കുകൾ സ്വതന്ത്രമായിരുന്നു
മുറിവേൽക്കാതെ, നിധി പോലെ
ഭദ്രമായി ഒരു പേടകത്തിൽ
ആരും കാണാതെ
വിരൽതുമ്പിൽ നിന്നുണർന്ന്
പൂക്കളായ് വിടർന്നവർ


ഇന്ന് വാക്കുകളിൽ വിലങ്ങ്.
ഓരോ വാക്കിലും
അനർഥം തിരയുന്ന
ഒരു കാലം
സമുദ്രതീരങ്ങളെ
സമയചക്രങ്ങളിൽ
ഉഴുതു നീങ്ങുമ്പോൾ
ഒഴുകാനാവാതെ വാക്കുകൾ
തിരകളിലുലയുന്നു.


പ്രഭാതങ്ങളിൽ
മഴ പെയ്തകന്ന ആകാശത്തിൽ,
സഹ്യാദ്രിയിലെ സന്യാസമന്ത്രങ്ങളിൽ,
ജപം തുടരുന്ന ആൽത്തറയിൽ,
വാക്കുകൾ മൗനം തേടുന്നു
എഴുതാനാവാത്ത
കാലത്തിന്റെ മൗനം.

Tuesday, April 13, 2010

ചെറിയ സ്വപ്നങ്ങൾ
ആകാശമുണർത്തുന്ന
നക്ഷത്രങ്ങൾ.
മിന്നിയാടുന്ന
മിന്നാമിനുങ്ങുകൾ
നിലാവിൽ
സൌഗന്ധികങ്ങളിൽ
കാറ്റുണരുമ്പോൾ
സ്വപ്നങ്ങൾ
മിന്നാമിനുങ്ങുകളായി
സമുദ്രതീരങ്ങളിൽ
പറന്നുയരും

Monday, April 12, 2010

മാമ്പൂക്കൾ വിരിയുന്ന
മെയ്മാസപുലരിയിൽ
മഴ കാത്തിരുന്ന മന്ദാരങ്ങളിൽ
നിന്നകന്ന് ചെമ്പകമരങ്ങളിൽ
വന്നിരുന്ന ചകോരങ്ങളെ
തേടി നടന്ന ഒരു കാറ്റിൽ
മഴയുടെ നേർത്ത
നനവുണ്ടായിരുന്നു
വൈശാഖസന്ധ്യകളിൽ
തെളിഞ്ഞ നക്ഷത്രങ്ങളിൽ
മഴ പെയ്തു
മഴയിലൂടെ നടക്കുമ്പോൾ
ആൽത്തറയിൽ
ശ്രീകോവിലിലെ ഓട്ടുവിളക്കിന്റെ
വെളിച്ചമൊഴുകി.
പൂന്തോട്ടനഗരിയിലെ 
വേനലിൽ കരിഞ്ഞ
വൃക്ഷശാഖകളിലൂടെ
ഇന്നലെ മഴയുണർന്നുവന്നു
പുതുമണ്ണിന്റെ ഗന്ധവുമായ്
രാപ്പകലുകളെ തുല്യതയിലേറ്റി
മേടം വിഷുക്കണിയുമായ്
വന്ന് നിൽക്കുമ്പോൾ
എന്റെ കൈയിൽ
ഒരു കണ്ണുനീർ തുള്ളി
കൈനീട്ടം
അമ്മയരികിലില്ലാത്ത
ആദ്യ വിഷു
മീനമാസവേനൽമഴയിൽ
ഭൂമിയുടെ മിഴി നീർ....

Sunday, April 11, 2010

കാഷായവസ്ത്രത്തിൽ
കാവി പുതച്ച സായാഹ്നത്തിൽ
ഹരിദ്വാറിലും, ഋഷീകേശിലും
നിറയുന്ന അവധൂതരെ
ശിരസ്സിലേറ്റി നിൽക്കുന്ന
ഒരു പിടി മൺതരിയല്ല
ഭൂമിയുടെ ഇൻഡ്യ
ഒരു സന്യാസിയുടെ
ജപമന്ത്രത്തിലുണരുന്ന
ഉപദ്വീപ് മാത്രമല്ല
ഭൂമിയുടെ ഇൻഡ്യ
ചന്ദനവും, സുവർണക്ഷേത്രവും

കുരിശും, നിസ്കാരമുദ്രയുംസൂക്ഷിയ്ക്കുന്ന ഭൂമി
വിഭജനത്തിന്റെ വിലങ്ങിൽ,
അതിരുകളിൽ,
ദേവനാഗിരിലിപിയിൽ
രുദ്രാക്ഷം തിരയുന്ന
ഇൻഡ്യ എന്നേ മരിച്ചു.
ഇന്ന് അതിരുകളിൽ
മൂവർണക്കൊടി മാത്രം

Saturday, April 10, 2010

നീ കടമെടുത്ത
കവി സങ്കല്പങ്ങൾ
കവിതയെ
കുരുതിമണ്ഡപത്തിലേറ്റി
നടന്നുപോകുമ്പോൾ
എന്റെ കടൽ ചോദിയ്ക്കുന്നു
ഇവരും നിന്റെ തിരകളോ?
ആകാശത്തിലെ നക്ഷത്രങ്ങൾ
അവരെ നോക്കി ചിരിയ്ക്കുന്നു
കടമെടുക്കുന്നവർക്ക്
കവിത വരില്ല
അത് നക്ഷത്രങ്ങൾക്കറിയാം
കടലിനുമറിയാം
മനസ്സിലെ വിനയം
മുഖപടമണിയാത്ത സത്യം
ഭട്ടപാദരുടെ വിനയം
തുലാസ്സിലെ ഗർവ്
ഭാരമേറിയ ഇരുമ്പ്
അത് താങ്ങാൻ
ഭൂമി പരിശ്രമിച്ചു
പക്ഷെ ഗോവർദ്ധനഗിരി
കൈയിലേറ്റിയ
ഗോപാലകനായില്ല.
മുഖങ്ങളുടെ വിനയം
മനസ്സിലുള്ളിൽ.
മുഖപടങ്ങളുടേത്
ആവരണങ്ങൾക്കുള്ളിലെ
കാഴ്ചവസ്തു
വഴിയിൽ മാർഗദർശികൾ
അനേകം.....
എഴുതാൻകിട്ടുന്ന കടലാസിൽ
അറിവില്ലായ്മ എഴുതുന്ന
രാത്രിയുടെ ആരാധകർ
കറുപ്പിനെ വെൺപട്ടിലാക്കി
കാഴചവസ്തുവാക്കുന്നവർ
നിഴലുകൾ  വിലപേശിയെടുത്തവർ
നക്ഷത്രങ്ങളുടെ ഹത്യയ്ക്ക്
കൂട്ടിരുന്നവർ,
സോപാനസംഗീതം
രണ്ടണയുടെ അരങ്ങിനായ്
തീറെഴുതിയവർ.
മാർഗദർശികൾ....
ഉപജാപകരുടെ
ഉൽഘോഷങ്ങളിൽ
വീഴാത്ത ഒരു ഭൂമി
ഒരു സ്വപനം...

Thursday, April 8, 2010

മരുഭൂമിയിലെ മനസ്സുകൾ
മണൽക്കാടുകൾ
മനുഷ്യരുടെ ഭാഷ
അന്യമായവർ
മഴയറിയാത്തവർ
കടലറിയാത്തവർ

മനസ്സിൽ ശ്മശാനങ്ങളിലെ
തീയുമായ് നില്പ്പവർ
മണൽക്കാടുകൾ
ഇരുണ്ട ഗുഹാമുഖവും കടന്ന്
കടലിലെത്തുമ്പോൾ
ധനുഷ്ക്കോടി
ഒഴുകി മാഞ്ഞിരുന്നു
തീരത്ത് അഷ്ടകലാശം
നടക്കുമ്പോൾ
ഉൾക്കടൽ ശാന്തമായിരുന്നു
ആത്മാക്കൾ കാത്തുനിന്ന
ആകാശഗോപുരത്തിനരികിലൂടെ
കടലിലൊഴുകിയ കുറെ പേർ
നടന്നു പോയി

Tuesday, April 6, 2010

ചക്രവാളത്തിനരികിലൊഴുകിയ
മേഘങ്ങളെ കടന്ന്
മഞ്ഞുമലകളേറി പോയ
കാറ്റിന്നരികിൽ അശോകപ്പൂക്കളുടെ
നിറവുമായ് സന്ധ്യ വന്നു.
സന്ധ്യയ്ക്കരികിൽ കാത്തു നിന്ന
രാത്രിയുടെ നിശബ്ദതയിൽ
മഴമേഘങ്ങൾ ഒഴുകി
നിലാവിലൂടെ ഒരു മഴ വന്നു
രാത്രിമഴ....
രാപ്പകലുകളുടെ വർണങ്ങൾ
ആ മഴയിലൊഴുകിപ്പോയി
ഗോപുരങ്ങൾക്കരികിലെ
അയനിമരത്തണലിൽ
കൈരേഖാശാസ്ത്രവുമായ്
വന്നുചേർന്നു കിളിക്കൂടുകൾ.
വിരൽ തുമ്പിലെ
രേഖകളിലുറങ്ങുന്ന വാക്കുകൾ
കിളിക്കൂടുകൾ ഭേദിച്ച്
ആകാശത്തേയ്ക്ക് പറന്നുയരാൻ
ചിറകുകൾ തേടുമ്പോൾ
അരികിലൊരു നിഴൽ വന്ന്
വാക്കുകളെ വിരൽതുമ്പിൽനിന്നകറ്റി
കിളിക്കൂട്ടിലെ പക്ഷികൾ
ആ വാക്കുകളെ ഗണിച്ചെഴുതി
അനിഷേധ്യമായ വിധി...
സമയദോഷം...

Monday, April 5, 2010

സ്വാതന്ത്ര്യ കഥയെഴുതുന്ന
അസ്വതന്ത്ര   ഇൻഡ്യയാണു ഞാൻ
സ്വതന്ത്ര ചിന്തകളിൽ
കൈവിലങ്ങുമായ് നിൽക്കും
ഇൻഡ്യ
ആകാശത്തിനും, അതിനപ്പുറം
ശൂന്യാകാശത്തിനുമിടയിൽ
താഴെ കാണുന്ന ഭൂമിയിലെ
ഒരു പിടി മണ്ണ്;
അതിലൊഴുകുന്ന
ഒരു സമുദ്ര തീരത്തിരുന്ന്
സ്വാതന്ത്ര്യത്തിന്റെ
കഥയെഴുതുന്ന  ഇൻഡ്യ
പതാകകളിലെ നിറപ്പകിട്ട്
ജീവിതത്തിനുണ്ടാവില്ല
ഇന്നലെകളെ ഒരു പവിഴചെപ്പിൽ 
താഴിട്ട് പൂട്ടി സമുദ്രത്തിലേയ്ക്കൊഴുക്കി
തിരകൾ ആ പവിഴചെപ്പ്
തീരത്തിനു കൈമാറി
നക്ഷത്രങ്ങളണ്ണി നീങ്ങിയ
കുറെയാളുകൾ ആ പവിഴചെപ്പ്
കവർന്നു.
അതിലുറങ്ങുന്ന ഭൂതകാലം
കൈവിട്ടു കളയാൻ
അവർ ഗാന്ധിയോ, ബുദ്ധനോ
നബിയോ ആയിരുന്നില്ല

Saturday, April 3, 2010

ഓർമിയ്ക്കാനിഷ്ടപ്പെടാത്ത
ഇടവേളകളുടെ ലഘുലേഖകൾ
മുദ്രണം ചെയ്ത
കുറെ കടലാസ്സുകൾ
പ്രഭാതം അസ്വസ്ഥമാക്കുന്നു
വ്യാസപുരാണത്തിലെ
കുരുക്ഷേത്രകഥപോലെ.
ആകാശവും, ഭൂമിയുമളന്ന്
ബ്രഹ്മാണ്ഡത്തോളമുയരുന്ന
വിശ്വസങ്കല്പത്തിന്റെ
ദുരന്ത പര്യവസായിയായ
യുദ്ധപരിണാമങ്ങളിൽ
ഭൂമി ചലിയ്ക്കുന്നു
ഉപഗ്രഹങ്ങളുടെ
കാന്തവലയങ്ങളില്ലാതെ,
ഏകാംഗവീണയിലെ
സ്വരങ്ങളുമായ്

Friday, April 2, 2010

അമാവാസിയിൽ നടന്ന
കുറെപേർ പറഞ്ഞു
എന്തൊരിരുട്ട്
പൗർണമിയിലൂടെ
നടന്ന കാട്ടുകള്ളന്മാർ
ആവലാതിയരുളി
എന്തൊരു വെളിച്ചം
ഗ്രീഷ്മം കത്തിയാളിയപ്പോൾ
സാധാരണക്കാർ
പരിഭവമോതി
എന്തൊരു ചൂട്
മഴപെയ്തു തുടങ്ങിയപ്പോൾ
കുടയില്ലാത്തവർ
ശാപവചനമെഴുതി
എന്തൊരു മഴ
ഈ മഴയൊന്നടങ്ങിയെങ്കിൽ

Thursday, April 1, 2010

നിലാവുണരുന്ന
നവരത്നമണ്ടപത്തിൽ
സപ്തസ്വരങ്ങളുടെ സമന്വയം
ആലാപനത്തിലെ ആദ്യസ്വരമേ
നീയെന്നിലുണർന്നാലും
ഭൂമിയുടെ നവരത്നമണ്ടപത്തിൽ
ഞാനുറങ്ങാതിരിയ്ക്കുന്നു
എനിയ്ക്കായ് നീ
ആനന്ദഭൈരവിയുമായ് വരിക
സൗമ്യസ്വരങ്ങളുടെ
രാഗമാലികയുമായ് വരിക
 
 
(Anandabhairavi or Ananda Bhairavi  is a melodious rāgam (musical scale) of Carnatic music. This rāgam has been used even in Indian folk music. Ānandam (Sanskrit) means happiness and the rāgam brings a happy mood to the listener.)