Monday, October 31, 2011

മൊഴി
ഇവിടെപ്രഭാതങ്ങളെത്ര മനോഹരം
ഇടനാഴിയിൽ നിഴൽ പൂക്കുന്നുവെങ്കിലും
തണലേറ്റിനിൽക്കുന്നൊരശ്വത്വമേ!
നിന്റെയരികിലായെന്നിലെ
ഗ്രാമവും പൂക്കുന്നു...
ഇടയിലായെത്ര ഋതുക്കൾ
നടന്നുപോയ്
ഇടവേളയിൽ മുഖം കാട്ടിയോർ
മാഞ്ഞുപോയ്....
മറയാതെ നിന്നതീപുലരിയും
കവിതയെ ഹൃദയത്തിലേറ്റിയോരീ
കടൽത്തീരവും,
അകലെ ശുഭ്രാകാശനിറുകയിൽ
നിന്നെന്റെ മിഴിയിൽ തെളിഞ്ഞോരു
നക്ഷത്രദീപവും
മറയാതെ നിന്നു മഹാവേദമെല്ലാം
മറക്കാതെ കാത്തുസൂക്ഷിച്ചൂ
ധരിത്രിയും..
ഇവിടെ ശരത്ക്കാലമെത്ര മനോഹരം
ഇടനാഴിയിൽ നിഴൽ പൂക്കുന്നുവെങ്കിലും
വിരലിലായ് വിസ്മയക്കൂടുമായെത്തുന്ന
മൊഴിതേടി സന്ധ്യയും ദീപങ്ങളേറ്റുന്നു
വഴികൾ ചുരുങ്ങിയെന്നാകിലും
മുന്നിലായ് മതിലുകൾ പലതും
വളർന്നുവെന്നാകിലും
ഇവിടെ തുലാമഴപെയ്യുമെൻ
ഹൃദ്താളലയമതിൽ നിന്നും
പുനർജനിക്കുന്നു ഞാൻ...

Sunday, October 30, 2011

മൊഴി


അകലെയാണാകാശമെങ്കിലുമീ
ശരത്ക്കുളിരിൽ പ്രഭാതം തുടുക്കുന്നു
പുണ്യാഹമഴയതോ തീർഥക്കുളങ്ങൾ 
നിറയ്ക്കുന്നു...


അരികിലാണാദിദൈന്യങ്ങളാണിതുമ്പിലെഴുതി
മുറിപ്പെടുത്തുന്നതീ ഭൂമിയെ;
ഇവിടെ വാനപ്രസ്ഥമേറിയസത്യത്തിനരികിൽ
തപം ചെയ്കയാണെന്റെ കാവ്യവും.


കുളിരുതൂവിപുലർകാലങ്ങളെന്നിലേയ്ക്കൊഴുകുന്നു
ശംഖിലോ നിറയുന്നു കടലുമീ,തണൽ മേഞ്ഞ
വഴിയിലെ പാരിജാതങ്ങളിൽ
മറയുന്നു മങ്ങിയോരോർമ്മകളായിരം.


നിരതെറ്റിയോടും ജനം തീർപ്പിലേറ്റിയോരെരിയുന്ന
ഹോമപാത്രങ്ങൾ പുകയ്ക്കുന്ന കുടിലുകൾ
ചിമ്മിനി ചില്ലുകൾക്കുള്ളിലെ
കവിതയായ് കണ്ണീരുതൂവിമയങ്ങുന്നു..


അകലെയാണാകാശമെങ്കിലുമീശുഭ്രഹൃദയമേറ്റും
മൊഴിപ്പൂവുകൾക്കുള്ളിലായ്
നിറയും സ്വരങ്ങൾ തന്നാദിമന്ത്രങ്ങളെ
പ്രണവത്തിനുള്ളിലൊഴുക്കട്ടെ ഞാൻ...

Saturday, October 29, 2011

മൊഴി
ഏതുവൃക്ഷത്തിൻ ശിഖരങ്ങളിൽ
നിന്നും നിഴലായിരം
വളർന്നതീഭൂമിതൻഭൂപാളത്തിൽ
ഏതു സന്ദേശത്തിനെ മുറിപ്പാടതിൽ
മുക്കിയോർമ്മതന്നിലച്ചീന്തിലുറക്കി കാലം;
കടം കൊണ്ടൊരാ ദൈന്യത്തിന്റെ 
ഭിത്തിയിൽ മുൾപ്പാടേറ്റി 
മുന്നിലൂടൊഴുകുന്നു ദിനരാത്രങ്ങൾ
തുടർക്കഥയിൽ നിന്നും
തത്വമസിയെ കൈയേറുന്ന
ഗരുഢധ്വനികളും,മോഹനശ്രുതികളും.
ഇടയ്ക്ക് പെയ്യും തുലാമഴയും
വിരൽതുമ്പിലുറങ്ങിക്കിടക്കുന്ന
നക്ഷത്രകാവ്യങ്ങളും
വളരെപ്പതുക്കയീ സായാഹ്നമുണരുന്നതിവിടെ
തിരക്കില്ല, ശൂന്യമാം ഋതുവില്ല
വളരെപ്പണ്ടേ നമ്മളുറക്കി
സത്യത്തിനെയിനിയോ
നിറയ്ക്കാമീ കല്പനാലോകത്തിനെ..
നിറമാലകൾ തൂക്കി ശരത്ക്കാലത്തിൻ
സന്ധ്യാവിളക്കിൽ പ്രകാശമിന്നുണരും നേരം
ഞാനുമൊരുക്കിസൂക്ഷിക്കുന്ന
മൺചിരാതുകൾക്കുള്ളിൽ
നിറഞ്ഞുതുളുമ്പട്ടെ ജീവജ്വാലകൾ
മിഴിയതിലോ നിറയട്ടെ
പ്രകാശസ്ഫുലിംഗങ്ങൾ
ഇവിടെ സന്ധ്യയ്ക്കെന്തുമിഴിവാണതിൽ
നിന്നുമൊഴുകുന്നതോ യുഗകാവ്യങ്ങൾ
നാരായങ്ങളുറക്കാൻ മറന്നൊരാ
താളിയോലകൾ
പിന്നെയിടയ്ക്ക് നിഴൽപ്പാടിൽ
നിന്നുമെൻ ഹൃദയത്തിനുടുപ്പിൽ
വീഴും കരിപ്പുള്ളികൾ മായിച്ചേയ്ക്കാം
എനിയ്ക്കുപ്രിയമെന്നുമീവയൽതുടുപ്പുകൾ
എനിയ്ക്കുപ്രിയമെന്റെനക്ഷത്രവിളക്കുകൾ...



സ്മൃതിവിസ്മൃതികൾ
ഒരിയ്ക്കലോർത്തു
നൗകയേറിയാകടലിന്റിയൊടുവിൽ
ചക്രവാളത്തുരുത്തിൽ മറയുവാൻ
അരികിൽ യാത്രാവഞ്ചിമുക്കിയ
കാലത്തിന്റെയിടനാഴിയിൽ
ഘടികാരങ്ങൾ ശബ്ദിക്കുന്നു
ഒരിയ്ക്കലോർത്തു മൊഴിയൊതുക്കി
ഋതുക്കളെപതുക്കെയുറക്കുന്ന
പർണശാലയിലേറി 
മറയാൻ; പക്ഷെ നിഴൽപ്പാടുകൾ
കുരുക്കിട്ടുവലിച്ചു ഭൂപാളങ്ങളുടഞ്ഞു
സ്വരങ്ങളായ് ചിതറി മുന്നിൽ 
വീണ്ടുമെഴുതും നേരം വിരൽതുമ്പിൽ
നിന്നൊഴുകുന്ന കടലും
മറന്നാദിമന്ത്രങ്ങൾ
പിന്നോട്ടോടും യുഗങ്ങൾക്കുള്ളിൽ
നേർത്തുമരിച്ചു ദൈന്യങ്ങളും
കുടിയേറിയ മഷിപ്പാടുകൾ തൂവും 
കുലപ്പെരുമയ്ക്കരികിലോ
കൃഷ്ണപക്ഷങ്ങൾ പാടി..
ഒരിയ്ക്കലോർത്തു
പിന്നോട്ടോടുവാൻ പക്ഷെ
ചുമരരികിൽ നിന്നു വിധി
തടഞ്ഞു; നിമിഷങ്ങളതിലോ
വീണുമാഞ്ഞു വിധിരേഖകളെന്റെ
ഹൃദയത്തിലോ വീണ്ടുമുണർന്നു
ശരത്ക്കാലം.....

Friday, October 28, 2011


സ്മൃതി
കണ്ടതെല്ലാം വരിക്കല്ലുകൾ
തെറ്റിയോരിന്ത്യതൻ ഭാരപ്പുതപ്പുകൾ
നേർതെറ്റിയെന്നോ മരിച്ച
പുഴയ്ക്കപ്പുറം പൂത്ത
ചെമ്പകങ്ങൾക്കും നിറം 
മങ്ങിയെങ്കിലും
ഉള്ളിലെ നക്ഷത്രദീപങ്ങളിൽ
പൂത്തതെന്നോമറന്നൊരീ
ഭൂരാഗമാലിക..
കാലമെന്നേ തിരികല്ലിൽ പൊടിച്ചോരു
സ്നേഹമോ മങ്ങി കറുപ്പായി മാഞ്ഞുപോയ്
ലോകം ത്രിശൂലത്തിലേറ്റിയോരാകാശ
വാതിലിൽ നിന്നുമുണർന്നു
സ്വരങ്ങളും..
ഏതോ സ്മൃതിയ്ക്കപ്പുറം പൂത്ത
വിസ്മൃതഛായയിൽ വീണുതകർന്നു 
തടാകങ്ങൾ
എങ്കിലുമീശരത്ക്കാലമേറ്റും
സ്വർണവർണമോ വീണ്ടും
വിരൽതുമ്പിലിറ്റുന്നു
ഒരോ സ്വരത്തിലും വീണ്ടുമനുസ്വര
പൂവുകളായ് പകൽ വീണ്ടുമുണരുന്നു...
കണ്ടതെല്ലാം വരിക്കല്ലുകൾ
തെറ്റിയോരിന്ത്യതൻശ്വാസനിശ്വാസതുടിപ്പുകൾ
കണ്ടതെല്ലാം നിരതെറ്റിയോടും 
സ്മൃതിചിന്തിൽ തകർന്നലോകത്തിന്റെ
ദൈന്യങ്ങൾ...




സ്മൃതി
ഇത്രമേൽ പഴക്കമോ
ചരിത്രതാളിൽ നിന്നുമെത്തി
നോക്കീടും ചിത്രഭാവങ്ങൾ
പണ്ടേ ഗ്രീഷ്മമിറ്റിച്ച 
കനൽ വീണു കരിഞ്ഞപുഴയോരമിത്രയും
ചുരുങ്ങിയതെന്നെന്നുമറിഞ്ഞീല
കാലമോ ചുറ്റുന്നതു ഗ്രഹ മൗഢ്യത്തിൻ
സൂക്ഷ്മപാതകൾക്കുള്ളിൽ
മാഞ്ഞൊരായുസ്സിൻ കുടീരത്തിൽ
ഇറങ്ങിപ്പോകും നേരമിലകൾക്കുള്ളിൽ
മഴക്കുളിരിൽ വിരിയുമെൻ
ഹൃദയം സ്പന്ദിച്ചുവോ?
തണുപ്പാർന്നൊരുനേർത്ത
സ്വരമായ് പുലർകാലമതിലും
പാടാനൊരു ശ്രുതിയിട്ടുവോ ഭൂമി?
ഇടയ്ക്കയൊരു സൗമ്യഭാവമായ്
പ്രദക്ഷിണവഴിയിൽ
സപ്ന്ദിക്കുമ്പോൾ കണ്ടതോ
ശരത്ക്കാലസ്മൃതികൾ;
പഴുക്കിലയ്ക്കരികിൽ
സ്വർണം തൂവിയടുത്തേയ്ക്കത്തും
സ്വർഗവാതിലിൻ മൊഴിപ്പൂക്കൾ...

Thursday, October 27, 2011


മൊഴി
വേനലിൽ വാടിയില്ലീതുളസിപ്പൂക്കളേതോ
പുരാണഗന്ധത്തിന്റെയോർമ്മയിലീറനണിഞ്ഞു
ശ്രീകോവിലിലായിരം വേദമന്ത്രങ്ങൾ
ശ്രവിച്ചുകൊണ്ടെന്നും പുലർകാല
ഭൂമിതൻ നൈർമ്മല്യമായ്
പടിവാതിലിലാദികാവ്യങ്ങളെ
തൊട്ടുണർത്തി, പോയനാളുകൾക്കുള്ളിൽ
നിന്നിത്തിരിമണ്ണെടുത്താദ്യക്ഷരങ്ങളെ
ചേർത്തുവച്ചെൻ വിരൽക്കോണിൽ
നിറഞ്ഞൊരാപൂക്കളിലോ
മഴക്കാലവും പെയ്തുതളിർത്തു;
കാണാകുന്ന ദിക്കുകൾക്കുള്ളിലോ
കാലവും നീങ്ങി; കനൽതുള്ളിയിൽ
നെയ്ത കോലങ്ങളോ
നിഴൽപ്പാടുകളായ് മരക്കൂടുകൾ
തേടിപറന്നങ്ങകന്നുപോയ്


വേനലിൽ വാടിയില്ലീഭൂമിയാകാശ
വാതിലിൽ നിന്നും പ്രപഞ്ചം
കടം കൊണ്ട കാവ്യങ്ങളിൽ
പുനർഭാവമായ്
സായാഹ്നപാതകൾക്കപ്പുറം
സന്ധ്യതൻ നക്ഷത്രദീപങ്ങളിൽ
ശരത്ക്കാലമേറ്റും വർണഭംഗിയും
കാണുമീതീരങ്ങളിൽ
ചില്ലുജാലകപ്പാളിയിൽ
വീഴും നിഴൽപ്പാടിലേറിമറഞ്ഞുവോ
മിന്നാമിനുങ്ങുകൾ.....





Wednesday, October 26, 2011


മൊഴി
വഴിയിലെവിടെയോ
ഗതിതെറ്റിനിൽക്കുന്നൊരാ
നിഴലുകൾക്കെത്രയോ
മൂടുവസ്ത്രങ്ങളാ; പടികളിൽ
നിന്നും നടന്നകന്നോരെന്റ
ഹൃദയതുടിപ്പിലോ
കവിതകൾ, 
കാലത്തിനിരുകൈയിലും
നിറഞ്ഞൊഴുകുന്നതൊരുതിരയതിനുള്ളിലോ
മണൽതുണ്ടുകൾ
കാണുന്നതുപവാസമല്ലൊരാ
യുഗമേറ്റിനിൽക്കുന്ന
ചെറിയവിളക്കുകൾ, 
കാർത്തികദീപങ്ങൾ
മുകളിലോ സൂര്യനെണ്ണിക്കൂട്ടിവയ്ക്കുന്നു
തിരകളൊഴുക്കിയ പൊൻ നാണ്യശേഖരം
പലതിന്റെയുള്ളിലും പാഴായീവീണോരു 
പുതിയകാലത്തിന്റെ പുസ്തകക്കൂട്ടവും
ഇടയിലെ വെയിലോ ശരത്ക്കാലമാക്കുന്നു
ഉണരുമെൻ ഭൂമിതന്നേകകാവ്യങ്ങളെ
അരികിലെ ഭിത്തികൾ വീണ്ടും നിറയ്ക്കുന്ന
നിഴലുകൾക്കുള്ളിലായ് മായുന്ന 
സൂര്യന്റെ വഴികളിൽ
നിന്നുമകന്നെത്രപോയ്  ഭൂമി!!!!





Tuesday, October 25, 2011

മൊഴി
പകലിനെന്തു തിളക്കമാണീ
തണൽവഴികളോ 
നിഴൽപ്പാടിൽ മരിച്ചെത്ര
ഗഹനമീലോക വിസ്മയം
ശിരോലിഹിതമേറ്റുന്നതേതു
പുരാണങ്ങൾ??
അറിയുമിന്നാപുരാവസ്തുശാലകൾ
പഴയതെല്ലാമടുക്കി വിൽക്കുന്നവർ
നിറമൊടുങ്ങിയാമേഘഗർവത്തിന്റെ
ചിറകിലോടുന്നു സൂര്യൻ
മഹാമേരുവരികിലോ
തപം ചെയ്യുന്നു  താപസർ
ഇവിടെയോ ഭൂമിയേറ്റുന്നു സാഗരം
പഴയപോലെയതെങ്കിലും
ശംഖിന്റെ ഹൃദയമേറ്റുന്നതഗ്നി;
മഹാകാലഗതിയിലെ
 ഹോമപാത്രത്തലേറുന്നു
കറുകയും കയ്പുതൂവുന്ന യുക്തിയും
എവിടെയോ മറന്നിട്ടോരു വാക്കിന്റെ
ഗതിയുമിന്നെത്ര വ്യത്യസ്തമീ,മഴചിറകിലോ
ഞാൻ മറക്കുന്നതെന്നെയും...

Wednesday, October 19, 2011


മുദ്ര
ഇനിയും വരും പുലർകാലങ്ങളീ
വഴിയ്ക്കരികിലായ് മഴയും
ശരത്ക്കാലവും വരും
പലതും വളർന്നു കൊഴിഞ്ഞുപോവും
ഭൂവിലൊരുമണൽതുള്ളിയായ്
വർണമായ്, വിദ്യയായരികിൽ
വിരൽതുമ്പിലോർമ്മതൻ
തൂവലിലുണരുമെൻ ഹൃദ്സ്പന്ദനങ്ങളും
പിന്നെയാമൊഴിയിലെ കാവ്യവും
കനകാംബരങ്ങളും, കടലിന്റെയുൾതുടിപ്പും...


ചെറുനൗകകൾതുഴഞ്ഞേറും
തുരുത്തിന്റെയരികിലായ് കാണുമാ
ചക്രവാളത്തിന്റെയിതളിലായ്
സന്ധ്യകൾ ദീപമേറ്റും നേരമിടയിലായ്
കൃഷ്ണപക്ഷങ്ങൾ വളർന്നുവന്നിടനാഴികൾ
മറച്ചേയ്ക്കുമെന്നാകിലും
പടികളിൽ കാലം നടന്നുനീങ്ങും നേരമവിടെ
പതിഞ്ഞതാം മുദ്രകൾ കണ്ടുകണ്ടറിയാതെ
മായുമാ സംവൽസരങ്ങൾ തൻ
ചിറകിലായ് നീങ്ങുന്ന ലോകമേ
ശംഖിലെൻ കടലും ചലിയ്ക്കുന്നു
ഹൃദ്സ്പന്ദനങ്ങൾ പോൽ....


മൊഴി
അരികിലോ കരിയിലക്കിളികൾ കിലുക്കുന്ന 
കരുതിവച്ചോരു കടംകഥ തുണ്ടുകൾ..
അറയിൽ പടർന്നു കത്തും
വിളക്കിന്നരികിലൊരു കവിത
കേൾക്കാനിരിക്കുന്നു സന്ധ്യയും
മുകിലുകൾ നിശ്ചലമെങ്കിലും 
പാടുന്നതെവിടെയോ വച്ചു മുറിഞ്ഞ ഗാനം 
വിണ്ണിലൊഴുകിപ്പരന്ന സ്വരങ്ങളെ
ചേർത്തുവച്ചെഴുതാൻ മറന്നോരു
വർണമാവർണത്തിനിടയിലെങ്ങോ
മാഞ്ഞൊരാലാപനശ്രുതി.....
അരികിലോ കുയിലുകൾ പാടിശരത്ക്കാല 
കദനങ്ങളെതൊട്ടുറക്കിടുന്നു
അകലെയോ ശ്രേഷ്ഠമെന്നോതി
പുരാണങ്ങളുരയുന്നു സന്ധ്യതൻ
ഗോപുരത്തിൽ...
ഇവിടെയോ ഭൂവിന്റെയാർദ്രസ്വപ്നങ്ങളിൽ
ഉണരുന്നു വേദസങ്കീർത്തനമന്ത്രങ്ങൾ
വഴിയിലായ് രാജ്യമാ ഹോമപാത്രത്തിന്റെ
കരിപൂണ്ടൊരരികുകൾ മായ്ക്കാൻ ശ്രമിയ്ക്കുന്നു..
അകലെ നിന്നും പലേ മൂടിയിൽ 
മൂടിയിട്ടൊരു കഥയ്ക്കനുബന്ധമെഴുതുന്നു
മൗനവും..
ചുമരുകൾക്കുള്ളിലെ ശബ്ദങ്ങളിൽ
തട്ടിയുടന്നതേതു ഹൃദ്സ്പന്ദനം
നേരിയ വിരികൾക്കുമപ്പുറം
ജാലകവാതിലിലുടയുന്നതേത്
മൺദീപമാദീപത്തിലുലയുന്നതേതു
പ്രകാശബിന്ദു...
ഈവഴിയ്ക്കപ്പുമാരണ്യമെങ്കിലും
കാണുവതോ പർണശാലകൾ
പിന്നെയാ സാഗരത്തിൻ മണൽത്തട്ടിൽ
പ്രപഞ്ചമേ നീതെളിച്ചാലും
ശരത്ക്കാലദീപങ്ങൾ....

Monday, October 17, 2011


മൊഴി
മൗനമേതോ ഗുഹാമണ്ഡപത്തിൽ
ധ്യാനമന്ത്രങ്ങളെല്ലാം മറന്നങ്ങിരിക്കുന്നു
ഒരോപദത്തിലും വീഴും മഴക്കാറിലീറൻ
തുടുപ്പാർന്നു നിൽക്കുന്നു സന്ധ്യയും
ആരവങ്ങൾ കേട്ടുറങ്ങാതെയീക്കടലേതു
സത്യത്തിനെയുള്ളിലൊതുക്കുന്നു..
പാതിയും നിശ്ചലം കാലം
വെടിപ്പാർന്ന പാതയോരത്തോ 
തണൽപ്പാടുകൾ മാത്രമേതോ
നിദാന്തസ്മൃതിയ്ക്കുള്ളിലെ 
സ്വരമേറ്റിയ വർണങ്ങളെല്ലാം
ശരത്ക്കാല ഗാനമായ് പൂക്കും
പ്രഭാതങ്ങളിൽ വിരൽപ്പാടുകൾക്കുള്ളിലെ 
ശംഖുപോൽ മുദ്രകൾ തേടുന്നതേതു 
കാവ്യത്തിന്റെ ഗദ്ഗദം..
പാതയോരങ്ങളിൽ നിന്നും
പുരാവൃത്തമേഘങ്ങൾചിന്തും
ഋണക്കൂട്ടിൽ വീണൊരൊ
നേരും മറഞ്ഞു , ചരിത്രമാ 
കൽശിലാസ്തൂപങ്ങളിൽ
മൗനമായിയുറഞ്ഞുപോയ്


മൊഴി
എവിടെയോ മാഞ്ഞഗൃഹാതുര
ഗ്രാമത്തിനിടവേളയിൽ
മങ്ങിനിൽക്കുന്നുവോ യുഗം..
പണികഴിഞ്ഞെന്നേ 
നിഴൽപ്പാളികൾ മാഞ്ഞ
പടികളിൽ ലോകം ചുരുങ്ങിയ
മെയ്മാസവഴിയിലോ
മഴയിറ്റുവീണതും 
തന്ത്രികൾക്കിടയിലായ് 
നാദം കുരുങ്ങിക്കിടന്നതും...
ഒരുവശം മാത്രം മിനുക്കിയിടും
ചുമർപ്പലകിയിലായിരം കഥകൾ
കാണാത്തൊരാ കദനത്തിനിത്രയും
കയ്പുനീരോ?
കുടിവച്ചതൊക്കൊയും
മൺവെട്ടിയാലരിഞ്ഞരികിൽ
നിരപ്പാക്കുമാദികാവ്യത്തിന്റെ
ചിതലുകൾ തിന്നൊരാഭാഗപത്രത്തിന്റെ
ചിതയിലോ പൂത്തതീവെൺ തുമ്പകൾ...
വിരലുകൾക്കുള്ളിൽ പതിഞ്ഞ 
ശംഖിൻപാടിലൊഴുകുന്നുവോ
ക്ഷീരസാഗരം, പ്രളയത്തിലൊഴുകിയതേത്
മൺചിറ്റുകൾ; വിരലിലേയ്ക്കൊഴുകുന്നതേത്
മഹായാഗവേദങ്ങൾ
മറവിയിലേയ്ക്ക് പകർന്നെടുക്കും
ദിനപ്പൊരുളുകൾ, പകലിന്റെയൊടുവിലെ
സന്ധ്യകൾ, 
എഴുതിയതൊക്കെയും 
ഭാഗപത്രത്തിന്റെയിടയിലായ്
വീണുനിറം മങ്ങിയെങ്കിലും
വിരലുകൾക്കുള്ളിൽ നിന്നിന്നും 
ശരത്ക്കാലമൊഴുകുന്നു
വിണ്ണിന്റെധ്യാനപാത്രങ്ങളിൽ

Friday, October 14, 2011

മൊഴി
ശീതകാലപ്പുരയിൽ
ആകാശം ഭൂമിയ്ക്കായൊരു
തീവ്രപരിചരണപരീക്ഷണമേകുമ്പോളായിരുന്നു
പുതിയ പുതപ്പ് തേടി പുഴയൊഴുകിമാഞ്ഞത്... 
മഞ്ഞുകാലത്തി
ആഴ്ച്ചക്കുറിപ്പുകളുടെയവസാനയിതളിൽ
മഷിപ്പാടുകളേറിയപ്പോൾ
കടും വേനലിനിടയിലൂടെ
പഴക്കം മായ്ക്കാൻ ചായം പുരട്ടി
ഗോപുരത്തിലേറിയ 
ഒരു യുഗമാറ്റം കാണാനായി
അവിടെയിരുന്നായുഗം പറഞ്ഞുകൊണ്ടേയിരുന്നു
"നോക്കു എത്രയുയരമാണിവിടെ
എത്ര വിവേവകീഗോപുരചിന്തകൾക്കും"
പിന്നെയുമുണ്ടായി
പ്രപഞ്ചത്തോടുള്ള ദ്യൂതം...
ചുമരുകളിലെന്നുമെഴുതിയിടും
ഉൽകൃഷ്ടകാവ്യത്തിലും 
കരിമുദ്രയേകിനീങ്ങും യുഗപരിണാമം..
തരംഗദൂരത്തിനുമപ്പുറം
മഴതുള്ളികൾക്കിടയിൽ
ഭൂമി ഗ്രാമവാതിലിനരികിലിരുന്നെഴുതി
സ്നേഹം ആരെയും വിനയാന്വിതരാക്കുന്നില്ല
അതൊരു സ്വാർഥവികാരം...
ദുരന്തങ്ങളൊരുപക്ഷെ ഗോപുരമുകളിൽ
നിന്നും ഭൂമിയിലേയ്ക്കുള്ള ദൂരമാവാം..
എങ്കിലും ദുരന്തങ്ങൾ യുഗങ്ങളെ
നിസ്വാർഥരാക്കുന്നുമില്ല
അതിശയകരം...

എത്ര ഋതുക്കളിലൂടെ
നടന്നുനീങ്ങിയാലാവുമാ പുഴയറിയുക
ഗോപുരമുകളിൽ നിന്നും
ഭൂമിയിലേയ്ക്കുള്ള നിസ്വാർഥദൂരം.....


Thursday, October 13, 2011

മേഘമർമ്മരം
ആൾക്കൂട്ടത്തിനാരവത്തിൽ
സത്യം മിഥ്യയും 
മിഥ്യ സത്യവുമായി 
എഴുതിമാറ്റപ്പെട്ടേയ്ക്കാം.....
വിധിന്യായക്കൂടുകൾ
സത്യവചനത്തിനൊരു
സാക്ഷ്യം തേടിയൊടുവിൽ
അന്യായക്കൂടുകളെ
വിലങ്ങഴിച്ചു വിജയപഥത്തിലേറ്റിയേക്കാം
അതിനാവശ്യമൊരുകിരീടതിളക്കവും
അല്പം പൊൻ ധാന്യങ്ങളും....
മൺദീപങ്ങളിലെ പ്രകാശം
മിഴിയിലേറ്റും നേരം
ആരൂഢശിലയുലയ്ക്കുന്നതാരോ....
നിധികുംഭങ്ങൾ തേടി
അന്യജാലകത്തിലൂടെയൊളിപാർക്കും
ഒരു ജീവബിന്ദു ഭൂഗർഭത്തിലുണ്ടായില്ലയെന്നതോ
ആകാശത്തിന്നപരാധം..
വിധിക്കൂടുകളൊരുങ്ങുന്നുവോ ചുറ്റിലും
മരവിച്ച സത്യത്തെയൊരു 
മിഥ്യയായ് മായിയ്ക്കാൻ
തിടുക്കപ്പെടുന്നതാരോ...
സൂത്രധാരൻ മൗനത്തിലേറി
യാത്രയായെങ്കിലും
ജാലകവാതിലിനരികിൽ
തിരയൊഴുക്കം...
പെയ്യാതെ പോയ മേഘമർമ്മരം...


മഴപെയ്തുതോർന്നൊരു സന്ധ്യയിൽ 
മഴപെയ്തുതോർന്നൊരു സന്ധ്യയിൽ 
ചുറ്റുവലയങ്ങളുടെ
കനമേറും കൽച്ചീളുകളിലുടക്കിവീഴുന്നു
ഭൂമിയുടെയൊരു തളിർ...
കല്ലുരച്ചെഴുതുമരുളപ്പാടുകൾ
കാണുമ്പോൾ
ലഘൂകരിക്കാനാവാതെ
ഒരുനാളുമറിയാതിരുന്നിട്ടും
ശിരസ്സിലേയ്ക്ക് വന്നുവീണ
ഇരുമ്പുമലയോ പ്രണയം 
എന്ന സംശയവുമുണ്ടാവുന്നു...
ഭൂവിലാപകാവ്യങ്ങളുടെ
അക്ഷരമാലാക്രമം തേടിയാരാണാവോ
ജനാലപ്പടിമേൽ
നിത്യവുമൊളിപാർക്കുന്നത്
എഴുത്തോലകളിൽ
ഗ്രാമമെഴുതി സൂക്ഷിച്ചോരുറക്ക്
പാട്ടിൻലയമെത്ര ഹൃദ്യം
അറിയാതെയറിയാതെ
ഇമപൂട്ടിയുറങ്ങുമ്പോൾ
ആകാശവാതിലിനരികിൽ
ഭൂമിയ്ക്കൊരു സുരക്ഷാവലയം 
തീർത്ത് ഉറങ്ങാതെയിരിക്കുന്നു ദൈവം..
പടകുടീരങ്ങളിൽ
കുഴിമാടങ്ങൾ പണിതു കാത്തിരിക്കും
കുലമേ
തണുപ്പാർന്നൊരീ സന്ധ്യയിൽ
ഭൂമിയുടെയിരുമിഴിയിലും
സുഖമാം സുരക്ഷിത്വത്തിൽ
ഉറങ്ങട്ടെ ആർദ്രാനക്ഷത്രം...

ജാലകവിരിയ്ക്കരികിൽ
ജാലകവിരിയ്ക്കരികിൽ
മഴക്കാറിൻ വിരിപ്പുമായെത്തിയ
പ്രഭാതത്തിനരികിൽ
സുവർണപ്പട്ടാൽ മൂടിയ
ആകൃതിയറിയാത്തോരുടെ
ആൾപ്പെരുമാറ്റം
ആവരണങ്ങളുടെ മർമ്മരം..
അനേകം ദിനങ്ങളുടെയിതളുകളിൽ
ഉണർന്നിരുന്ന അതേ അനക്കം..
ഉടഞ്ഞ മൺ തരികളിൽ വീണ 
ലോകത്തിനുത്ഭവത്തിൽ
പുറമേ പൊഴിയും പൂവുകൾ..
ജാലകപ്പടിയിൽ
ആകാശത്തിൽ നിന്നിറ്റുവീഴും
മഴതുള്ളികൾ...
പളുങ്കുമണികൾ പോൽ ചിതറും
മഴതുള്ളികൾക്കിടയിലൂടെ
അഴിക്കൂടുകളുടച്ച് 
പുറത്തേയ്ക്ക് നടക്കുന്നു
അയഥാർഥ്യം...
ജാലകത്തിലൂടെ
അകത്തേയ്ക്ക് വരുന്നു
പുറമെ പൊഴിയും പൂവിന്നൊരിതൾ..
അളന്നും തൂക്കിയും വെട്ടിയും
ചുരുക്കിയും അതിലാവുമോ
അയഥാർഥ്യങ്ങളുടെയഴിക്കൂടുകൾ
ആകൃതി നഷ്ടമായ
ഹൃദയത്തെയിനിയും വികലമാക്കുന്നത്
ജാലകവിരിപ്പാടിലേയ്ക്ക്
നടന്നുവരും ലോകമേ
മൺതരികളിൽ മഴപെയ്യുമ്പോൾ
അറിയാൻ ശ്രമിക്കാം
തിരുശേഷിപ്പുകളിലുണരും
അരുളപ്പാടുകളെ....




Wednesday, October 12, 2011

മൊഴി


നേരിയജാലകവിരിയിലൂടെ
ഇമയനങ്ങുമ്പോൾ കാണും
പിന്നോട്ടോടും ഋതുക്കളുടെ
പുസ്തകതാളിൽ
കരിഞ്ഞ ജനുവരിപ്പൂവുകൾ...


നവകുഞ്ജിലെ
ചുമരുകളും, ജാലകങ്ങളും
കണ്ടിരിയ്ക്കാം
ചാമ്പൽക്കൂടയിലെയോർമ്മകൾ
പോലും മായിക്കും
സംവൽസരദൈർഘ്യത്തിൻ
വിധിക്കൂടുകൾ....


മഴകണ്ടുണർന്ന
ഒക്ടോബറിലെയൊരു
പകലിനോർമ്മിക്കാൻ
അഴിക്കൂടിനരികിലൊരറയിൽ
ആരെക്കൊയോ കൈയിലേറ്റുന്നു
സത്യത്തിനൊരടിക്കുറിപ്പുതേടും
അസത്യാധികാരികതയുടെ
വിധിന്യായപുസ്തകം.....



Tuesday, October 11, 2011


മുദ്ര
ഏകലവ്യന്റെ വിരൽതുമ്പിലെ മുദ്ര
ആചാര്യന്റെയഹം..
എഴുതിതീരാത്തൊരു കാവ്യം
തുലാമഴ..
ശരകൂടം പണിയുന്നു ഖാണ്ഡീവം
യുഗങ്ങളെത്രയാണോർമ്മയിൽ...
മായുമൊരു സന്ധ്യയുടെ
വിൺചെപ്പി
ആർദ്രമാമൊരു നക്ഷത്രവിളക്ക്..
ഇടതിരിഞ്ഞ ഭൂഖണ്ഡങ്ങൾ
കിരീടങ്ങൾ തേടി മലയേറുന്നു..
ഇടയിലുലയും മൺ തരികളിൽ,
തളിർനാമ്പുകളി കവിത..
പിന്നെയോ ചന്ദനസുഗന്ധമാർന്നൊരു
സോപാനത്തിനരികിൽ
ചെണ്ട തിമിർക്കുമ്പോൾ
സഭപിരിഞ്ഞ ചിന്തകൾ
ദിനാന്ത്യനായെഴുതീ
സന്ധ്യയുടെ മുദ്ര..
ഒരടിക്കുറിപ്പ്....

മൊഴി
മഴപെയ്യുമീ
അരയാൽശിഖരഛായയിൽ
ഗ്രാമം പ്രഭാതത്തിനൊരു
സോപാനഗാനം തേടുമ്പോൾ
ഒരേതരംഗക്കൂട്ടം
ഉപഭൂഖണ്ഡത്തെയൊരു
ചില്ലുകൂടിലുടയ്ക്കുന്നു...


ഒഴുക്കിനിടയിലൊരു
ശീതികരണപ്പുരയിൽ
നിന്നൊഴുകിയോരമിതവിശ്വാസത്തിൻ
കറുപ്പാർന്നൊരുമഷിതുള്ളി
ശിരോരേഖയിലെത്തിയതിൽ
രോഷമാർന്നൊരുപുഴയാകരിമഷിതുള്ളികൾ
ഒരേതരംഗക്കൂട്ടത്തിൻ സമയദൈർഘ്യമളന്ന്
പ്രതിനിധിഗൃഹത്തിലെയോരോശിരസ്സിലേയ്ക്കും
കോരിയൊഴിക്കുന്നു...
ഓഹരികൾക്കൊരു തുലാസിന്റെ
അസന്തുലിതമാം മുഖം....

വാരണാസിയുടെ വിശുദ്ധിപത്രം 
സാക്ഷ്യം ചെയ്ത്
രഥയാത്രയ്ക്കൊരുങ്ങുന്നു
മറുവശത്തെയൊരേതരംഗം
വിരൽതുമ്പിലിറ്റിയ്ക്കും
അടയാളപ്പാടുകളന്നെടുക്കാൻ..


തരംഗങ്ങളുടെ ചരിവിലൂടെയോടും
താണ്ഡവത്തിനിടയിലോ
ഹൃദ്സ്പന്ദനലയമുലഞ്ഞതും
സത്യം വാനപ്രസ്ഥത്തിലേയ്ക്ക്
നടന്നതും......
അരക്കില്ലങ്ങൾ മെനയും
അനേകതരംഗങ്ങൾക്കിടയിൽ
തണുത്തുറയുന്നുവോ
ഉപഭൂഖണ്ഡം...




സ്മൃതി
പകലുറങ്ങിയപരിസ്ഥിതി
തല്പങ്ങളിൽ
നിന്നകലെയായിരിക്കും
യാഥാർത്യത്തിനവബോധം
ഒക്ടോബറിൻ മഴതുള്ളിയിലൂടെയോ
ഓർമ്മകൾ മാഞ്ഞുപോയതും
തീവ്രപരിചരണത്തിലുറഞ്ഞ
ഹൃദയം കൽശിലയായതും..
വിസ്ഫോടനത്തിൻ
നടുക്കങ്ങളിലെ വൈരുദ്ധ്യമോ
ശാന്തമാമൊരിടം..
ആരായിരിക്കും
ഭൂമിയുടെയശാന്തിയ്ക്കായ്
പ്രാർഥനാമന്ത്രം തേടുന്നത്
കുരിശേറ്റുന്നത്..
നിഴൽപ്പാടുവീണ
ഇലച്ചീന്തിലിലൊഴുകും
ഒക്ടോബർ മഴ..
ആദികാവ്യത്തിനോലചെപ്പിൽ,
നാരായതുമ്പിൽ
എല്ലമൊതുക്കും
വാത്മീകങ്ങൾ....
സ്മൃതിയതിനുള്ളിലോ
സമാധിയായത്..




Monday, October 10, 2011

അതിരുകളുടെ ചുറ്റുവലയം

ഒരു ദിക്കിൽ
അതിരുകളുടെ ചുറ്റുവലയം,
ചിലമ്പിൽ നിന്നടരും
വെള്ളോടുമണികൾ,
ഗസൽ നാദം മാഞ്ഞ ഒക്ടോബർ...
മറുവശത്ത് 
കടുത്ത ലോഹക്കെട്ടുകളിൽ
പുറത്തേയ്ക്കൊഴുക്കും
തുലാസിന്റെയൊരുവശഭാരം...
കാനോയിലെ വീഥിയിൽ
വിപ്ലവമോ, നിരുത്തരപരമാമൊരു
പകയോ പുകയുന്നു..
തകർന്ന ശാന്തിപീഠങ്ങളിൽ,
തകർക്കപ്പെട്ട ഛായാപടങ്ങളിൽ
ദർപ്പണത്തിലെന്നപോൽ കാണും
അഹം എന്നെഴുതിയ
അനേകമാം മുഖപടങ്ങൾ...
മധ്യധരണ്യാഴിയിൽ,
ഭൂഖണ്ഡങ്ങൾക്കിടയിൽ
അവശേഷിക്കുന്നതെന്ത്??
സിന്ധുനദിയ്ക്കരികിലെ
സന്ധ്യയുമിന്നു കാണുന്നു
ഉലവച്ചുമിപ്പുകയിലുലച്ച
ഉപഭൂഖണ്ഡത്തെ..
അതിനിയിലൂടെ 
ഗിരിശൃംഗത്തിലെ മഹാപീഠത്തിലേയ്ക്ക്
ജയമന്ത്രങ്ങൾ ചൊല്ലി
സമതലങ്ങൾ മനസ്സിലൊളിപ്പിച്ച്
നടന്നുനീങ്ങുന്നുവോ
ഉള്ളിൽ മാറാല മൂടിയ
അഹം എന്ന മിനുപ്പാർന്ന
പട്ടുചുറ്റിയ സാക്ഷാത്ക്കാരം....


മൊഴി
പറയേണ്ടിനിയുമാ
രസതന്ത്രത്തിൻ ചില്ലുപൊടികൾ
ചാലിച്ചതാം കഥകൾ
കൈയേറിയവിളക്കിൻ
പ്രകാശമീയറയിലിരിക്കട്ടെ
തണുപ്പാർന്നിവിടെയീ
സാഗരതീരം കാണും
മുകിൽച്ചീന്തിലോ 
കീറിതുന്നിയപുതപ്പുകൾ
മുറിഞ്ഞവിരൽതുമ്പിലിറ്റതാം
ഹൃദ്സ്പന്ദനമതിലോ
കടൽശംഖിൻ
സ്നേഹസ്പർശങ്ങൾ,
തിരയതിലോ
തീരങ്ങളെയളക്കും തുലാസുകൾ
മിഴിയേറ്റതുമൊരു ലോകമാലോകത്തിന്റെ
ചരിവിൽനിന്നും നടന്നെത്രയീ
മഴക്കാലം...

മുദ്ര
സമവാക്യങ്ങൾ തെറ്റിയ
ചക്രവാളത്തിനരികിൽ
മഴയുതിരുമ്പോൾ
മിഴിപൂട്ടിയിരുന്നു സന്ധ്യ...
പറന്നുപോവും പക്ഷികളുടെ 
ചിറകുകൾക്കുള്ളിൽ
കരിപുരണ്ട കൈയാലൊരു മുദ്രയിട്ടു
കാർമേഘാവൃതമാം
അസ്തമയസൂര്യൻ..
പാരിജാതസുഗന്ധമോലും
ജപമണ്ഡപത്തിൽ
വരിതെറ്റിചൊല്ലിയ
സഹസ്രനാമം പോലെ
ദിനങ്ങളന്യോന്യം കലഹിച്ചു...
ചകോരങ്ങളുടെ ചിറകിലെ
ശരത്ക്കാലവർണം തേടി
ഭൂമി നടന്നപ്പോഴും
ഒരു പളുങ്കുമണിപോലെ
മഴതുള്ളികളൊഴുകിയപ്പോഴും
നിഴൽ നെയെതെടുത്തു
നിഴൽക്കൂടുകൾ..
തേഞ്ഞുമാഞ്ഞൊരോലതുമ്പിൽ
നാരായത്തിൻ മുനയേറ്റിയെന്നും
കാലത്തിനു വേദനിപ്പിക്കാനാവുമോ
വിദ്യയുടെ
അവിഘ്നമായൊരക്ഷരപൂവുകളെ..

Sunday, October 9, 2011

ഓർമ്മകൾ പിന്നോട്ടോടുമ്പോൾ


ഓർമ്മകൾ പിന്നോട്ടോടുമ്പോൾ
സംവൽസരങ്ങളുടെ 
തണുത്ത സായാഹ്നത്തിൽ നിന്നുണരുന്നു
ഹിരോഷിമയുടെയഗ്നിസ്ഫുലിംഗങ്ങൾ...
നടുക്കങ്ങൾ...


അടർക്കളത്തിലൂടെനടന്നനാൾ
തൂവൽസ്പർശത്തിലൊഴുകി
കൊടിതോരണങ്ങളാലംകൃതമായ്
മുന്നിലേയ്ക്കെത്തിയ വാഗ്ദോരണി
സത്യമെന്നുകരുതിയ ഭൂമി..
അതായിരുന്നുവോ
ആദ്യക്ഷരപ്പിശക്?


വാതിൽപ്പാളികൾക്കരികിൽകണ്ട
ഭംഗിയേറിയചിത്രക്കൂട്ടുകളിൽ
ആത്മാർഥതയുണ്ടെന്ന വിശ്വാസം
അതായിരുന്നുവോ 
അവിശ്വസനീയമാമൊരാവർത്തനപ്പിഴവ്...


മുന്നിലേയ്ക്കൊഴുകിയ കാവ്യത്തിനിതൾപ്പൂവിൽ 
നന്മയല്പമുണ്ടെന്നാശ്വസിച്ചുപോയ മനസ്സ്
നടുക്കങ്ങളുടെ നാലുകെട്ടിനുള്ളിൽ
കാണാനായതോ സ്പഷ്ടമാം 
വലക്കുരുക്കുകൾ, ശേഷിപ്പുകൾ,
കുമ്പസാരക്കൂടുകൾ...


അറിഞ്ഞിതത്രയുമെങ്കിൽ
അറിയാതെപോയതെത്രയായിരിക്കും
തേനോലും വനങ്ങളിൽ നിന്നൊഴുകുന്നുവോ
വീണ്ടും തിരുശേഷിപ്പുകൾ...


വാതിലനരികിൽ വീഴുന്നു
വിളംബകാലശീലുകൾ....
മുൾവാകകൾക്കൊരു മൂടിപണിത്
ആകാശം ചുരുക്കിയൊതുക്കാൻ 
ഇനിയുമൊരാവർത്തനമോ???


മൊഴി
ഏതീപ്രപഞ്ചം
മഴപ്പാടുകൾക്കുള്ളിലോടുന്നതേതു
സംവൽസരം 
വിപ്ലവത്തേരേറിവന്നതന്നേതു
ശിലായുഗം
കാലടിപ്പാടുകൾ പിന്നിട്ടുപിന്നെയാ
കാനനത്തിന്റെ തപോധന്യഭൂമിയിൽ
വേലികെട്ടിത്തിരിച്ചായിരം 
സ്തൂപങ്ങളായതിലോരോ മുഖം 
പശതേച്ചുവച്ചാകാശമൊന്നു-
മറിയാതിരിക്കുവാനാവതും
ക്ലേശം സഹിച്ച പുരാണങ്ങളേറിയോരീ
ഭൂവിലിന്നീചരൽക്കെട്ടിലോർമ്മകൾ
വീണുനോവായിതണുക്കുന്നു..
ആയർകുലം വെണ്ണയിറ്റിക്കുമീക്കുളിർ
സായാഹ്നമെത്രയോ നിർമ്മമം
കണ്ടുകണ്ടാചതുർവേദങ്ങളൊക്കെയും
നിശ്ചലം..
ഗംഗയോ, ഗീതയോ, ഗായത്രി 
മന്ത്രമോയിന്നീവസുന്ധരയ്ക്കോർമ്മയിൽ
മുന്നിലായ് വന്നുനിരക്കുന്നതേതു
കാലാൾപ്പട
ദ്യൂതക്കളങ്ങളിൽ തേരുകൾ പായിച്ച
സേനകളെല്ലാം നിശ്ബദം
പലേയുദ്ധകാഹളം കേട്ടൊരീ
ഭൂപാളരാഗത്തിനീണങ്ങളിന്നും
പ്രകാശമായീപുലർകാലമായ്
വീണ്ടും ജ്വലിച്ചിടുമ്പോൾ
ഏതുപ്രപഞ്ചമിതെന്നുചോദിക്കുന്നതാരു
മനസ്സോ, ശരത്ക്കാലമേഘമോ???



Saturday, October 8, 2011

ഗോകർണ സന്ധ്യ






അരികിലിന്നീപകൽതരിയിൽ തുലാ-
വർഷമഴയൊഴുകുന്നതീസാഗരത്തിൽ
കടവിൽനിന്നേറിയോരീറനുടുപ്പാർന്ന
കദനവും മാഞ്ഞൊരീകൽപ്പടവിൽ
ഇതളിലാമ്പൽപ്പൂക്കളൊരുമഴക്കവിതയിൽ
സ്വരമിട്ടുവീണ്ടും വരുന്നരികിൽ
ചരിവിന്റെചക്രവാളത്തിലായ്
പകലുകളെഴുതിയതേതു
വിലാപകാവ്യം?
അരികിലായ് യാത്രയിലാരോ
മറന്നിട്ട പഴുതുകൾ, പായ്മരചിറകിൽ
മറഞ്ഞ മഹായാനചിന്തകൾ
വലയങ്ങളിൽ വിലങ്ങേറ്റിയോരുന്മത്ത
ചലനങ്ങളിൽ വീണുടഞ്ഞതാം
കൂടുകൾ..
പഴയതെല്ലാം ശിരോചുമടിൽ
പെരുക്കുന്ന പുതിയഭാരങ്ങളും
പാതയോരങ്ങളും
എവിടെയോ മെല്ലെ സ്വരം 
തെറ്റിയോരതിർവഴിയിലോ
പൂത്തതീചെമ്പകങ്ങൾ?
കറുകതൊട്ടാദിബോധത്തിന്റെയഗ്നിയെ
കുരുതിയ്ക്കൊരുക്കുമഥർവവേദം 
തേടിയൊഴുകും നിഷാദവൈരുദ്ധ്യവും
മിഴിയിലെ കടലിലുറഞ്ഞ 
പൂർവാഹ്ന പ്രകാശവും
ചതുരക്കളങ്ങളിൽ തുണ്ടുതുണ്ടായ്കീറിയതിരിട്ട
ഭൂപത്രരേഖാതലങ്ങളിൽ
പടനയിച്ചോരവതേരുകൾക്കുള്ളിലായ്
പരിചയും വാളുമൊളിച്ചുസൂക്ഷിക്കുന്നു
കുലമതുമിതുതന്നെ മനസ്സിലെയുണ്മയിൽ
അരിമാവുതൂവുന്നൊരറിവിൻ മഹാബോധ
ഗിരിശൃംഗമതുതന്നെയെന്നും 
മഹാപുരാകഥനങ്ങൾ ചെയ്തോരു
രാജസിംഹാസനം..
ഉറയും ധ്രുവങ്ങൾക്കുമപ്പുറം
ഭൂവർണമൊഴുകിയോരേപ്രിലിൻ
മന്ദസ്മിതം മായ്ച്ച 
നിഴലുകളിന്നു നിസംഗമെന്നാകിലും
മലയേറിയീകടൽച്ചരിവിലായ്
കാണുന്നതറിവിന്റെയാദ്യയോങ്കാരാക്ഷരം
ഒഴുകുന്നശംഖുകൾ ഗോകർണ്യസന്ധ്യയിൽ
എഴുതുന്നു കടലിന്റെസ്വരലയങ്ങൾ.....



Friday, October 7, 2011

മഴപ്പാടുകൾ

ഒരിയ്ക്കലെങ്ങോ
ചിത്രതേരുകൾ തെളിച്ചോട്ടുമണികൾ
മുഴക്കിയങ്ങോടിയ പ്രഭാവങ്ങൾ
തിരിയും തിരികല്ലിനിടയ്ക്കായ്
മൺചിറ്റുകളുടച്ചൂ ഭൂപാളങ്ങളതിൽ
നിന്നുയിർകൊണ്ടു...
ഒരുനാളിതേപോലെയശ്വിനക്കൂറിൽ 
മഴയിടയ്ക്ക്പെയ്യും 
പൂർവാഹ്നത്തിന്റെ ശിരസ്സിലായ്
തണുപ്പാർന്നൊരു പൂവുവീണു-
പോയതിന്നിതൾചുരുളിൽ
സ്വരം തേടിനടന്നു ശരത്ക്കാലം
ഇടനാഴിയിൽ യന്ത്രസ്വരങ്ങളൊരുക്കിയ
മഹായോദ്ധാക്കളന്ത്യയാത്രയിൽ
വ്യസനത്തെയൊരുമിച്ചെന്ത്രപ്പാടാൽ മറച്ചു
വെൺപൂവുകളവർക്കുമീതെതൂവിനടന്നു കാലം..
കർമ്മകാണ്ഡത്തിൽ
പ്രളയാന്ത്യചിന്തകൾക്കുള്ളിൽ
ചന്ദനം തേടി ഭൂമി നടന്നു,
കടൽതീര മണ്ണിലോ
ശംഖിന്നുള്ളിൽ കടലുമുറങ്ങിപ്പോയ്
തളിരിട്ടൊരു തത്വബോധമായ്
തഥാഗതനൊടുവിൽ
മഹാബോധിസമാധിസ്ഥനായ്
നീണ്ട വഴിയിലൊഴുകിയതശ്വത്വനിഴൽ മാത്രം
ഇടയിൽ കൽക്കെട്ടുകൾ ചാന്തിട്ടു,
ചിന്തേരിട്ടു പണിതു കുലം
സമാധിസ്ഥർക്കായുറങ്ങുവാൻ..
ഉണരും പൂക്കാലത്തിനിടയിൽ
തണുപ്പാർന്ന മഴപ്പാടുകൾക്കുള്ളിൽ
കണ്ടതോ ലോകം
നേർത്തസ്വരങ്ങൾക്കുള്ളിൽ
നിന്നുമുണർന്ന ഭൂപദ്മങ്ങൾ..
അരികിലുറങ്ങുന്നു യാത്രയായവർ
വാതിൽപ്പടിയിലുടക്കുന്നു
കാവലാളുകൾ; നേർത്തൊരിടവേളയിൽ
നിന്നു മാഞ്ഞുപോവുന്നു ദിന,മതിലോ
വർത്തമാനകാലമുദ്രകൾ
കളമെഴുതിതൂത്തോരലയൊലികൾ
മണതിട്ടിലെഴുതിപ്പെരുപ്പിച്ച
നിഴൽപ്പൊട്ടുകൾ
പകലിടവേളയിൽ മഴപെയ്തുതോരുന്നു
സ്മൃതിയതിലോ 
വിസ്മൃതിതന്നാദിപർവങ്ങൾ....