Saturday, April 10, 2010

വഴിയിൽ മാർഗദർശികൾ
അനേകം.....
എഴുതാൻകിട്ടുന്ന കടലാസിൽ
അറിവില്ലായ്മ എഴുതുന്ന
രാത്രിയുടെ ആരാധകർ
കറുപ്പിനെ വെൺപട്ടിലാക്കി
കാഴചവസ്തുവാക്കുന്നവർ
നിഴലുകൾ  വിലപേശിയെടുത്തവർ
നക്ഷത്രങ്ങളുടെ ഹത്യയ്ക്ക്
കൂട്ടിരുന്നവർ,
സോപാനസംഗീതം
രണ്ടണയുടെ അരങ്ങിനായ്
തീറെഴുതിയവർ.
മാർഗദർശികൾ....
ഉപജാപകരുടെ
ഉൽഘോഷങ്ങളിൽ
വീഴാത്ത ഒരു ഭൂമി
ഒരു സ്വപനം...

Thursday, April 8, 2010

മരുഭൂമിയിലെ മനസ്സുകൾ
മണൽക്കാടുകൾ
മനുഷ്യരുടെ ഭാഷ
അന്യമായവർ
മഴയറിയാത്തവർ
കടലറിയാത്തവർ

മനസ്സിൽ ശ്മശാനങ്ങളിലെ
തീയുമായ് നില്പ്പവർ
മണൽക്കാടുകൾ
ഇരുണ്ട ഗുഹാമുഖവും കടന്ന്
കടലിലെത്തുമ്പോൾ
ധനുഷ്ക്കോടി
ഒഴുകി മാഞ്ഞിരുന്നു
തീരത്ത് അഷ്ടകലാശം
നടക്കുമ്പോൾ
ഉൾക്കടൽ ശാന്തമായിരുന്നു
ആത്മാക്കൾ കാത്തുനിന്ന
ആകാശഗോപുരത്തിനരികിലൂടെ
കടലിലൊഴുകിയ കുറെ പേർ
നടന്നു പോയി

Tuesday, April 6, 2010

ചക്രവാളത്തിനരികിലൊഴുകിയ
മേഘങ്ങളെ കടന്ന്
മഞ്ഞുമലകളേറി പോയ
കാറ്റിന്നരികിൽ അശോകപ്പൂക്കളുടെ
നിറവുമായ് സന്ധ്യ വന്നു.
സന്ധ്യയ്ക്കരികിൽ കാത്തു നിന്ന
രാത്രിയുടെ നിശബ്ദതയിൽ
മഴമേഘങ്ങൾ ഒഴുകി
നിലാവിലൂടെ ഒരു മഴ വന്നു
രാത്രിമഴ....
രാപ്പകലുകളുടെ വർണങ്ങൾ
ആ മഴയിലൊഴുകിപ്പോയി
ഗോപുരങ്ങൾക്കരികിലെ
അയനിമരത്തണലിൽ
കൈരേഖാശാസ്ത്രവുമായ്
വന്നുചേർന്നു കിളിക്കൂടുകൾ.
വിരൽ തുമ്പിലെ
രേഖകളിലുറങ്ങുന്ന വാക്കുകൾ
കിളിക്കൂടുകൾ ഭേദിച്ച്
ആകാശത്തേയ്ക്ക് പറന്നുയരാൻ
ചിറകുകൾ തേടുമ്പോൾ
അരികിലൊരു നിഴൽ വന്ന്
വാക്കുകളെ വിരൽതുമ്പിൽനിന്നകറ്റി
കിളിക്കൂട്ടിലെ പക്ഷികൾ
ആ വാക്കുകളെ ഗണിച്ചെഴുതി
അനിഷേധ്യമായ വിധി...
സമയദോഷം...

Monday, April 5, 2010

സ്വാതന്ത്ര്യ കഥയെഴുതുന്ന
അസ്വതന്ത്ര   ഇൻഡ്യയാണു ഞാൻ
സ്വതന്ത്ര ചിന്തകളിൽ
കൈവിലങ്ങുമായ് നിൽക്കും
ഇൻഡ്യ
ആകാശത്തിനും, അതിനപ്പുറം
ശൂന്യാകാശത്തിനുമിടയിൽ
താഴെ കാണുന്ന ഭൂമിയിലെ
ഒരു പിടി മണ്ണ്;
അതിലൊഴുകുന്ന
ഒരു സമുദ്ര തീരത്തിരുന്ന്
സ്വാതന്ത്ര്യത്തിന്റെ
കഥയെഴുതുന്ന  ഇൻഡ്യ
പതാകകളിലെ നിറപ്പകിട്ട്
ജീവിതത്തിനുണ്ടാവില്ല
ഇന്നലെകളെ ഒരു പവിഴചെപ്പിൽ 
താഴിട്ട് പൂട്ടി സമുദ്രത്തിലേയ്ക്കൊഴുക്കി
തിരകൾ ആ പവിഴചെപ്പ്
തീരത്തിനു കൈമാറി
നക്ഷത്രങ്ങളണ്ണി നീങ്ങിയ
കുറെയാളുകൾ ആ പവിഴചെപ്പ്
കവർന്നു.
അതിലുറങ്ങുന്ന ഭൂതകാലം
കൈവിട്ടു കളയാൻ
അവർ ഗാന്ധിയോ, ബുദ്ധനോ
നബിയോ ആയിരുന്നില്ല

Saturday, April 3, 2010

ഓർമിയ്ക്കാനിഷ്ടപ്പെടാത്ത
ഇടവേളകളുടെ ലഘുലേഖകൾ
മുദ്രണം ചെയ്ത
കുറെ കടലാസ്സുകൾ
പ്രഭാതം അസ്വസ്ഥമാക്കുന്നു
വ്യാസപുരാണത്തിലെ
കുരുക്ഷേത്രകഥപോലെ.
ആകാശവും, ഭൂമിയുമളന്ന്
ബ്രഹ്മാണ്ഡത്തോളമുയരുന്ന
വിശ്വസങ്കല്പത്തിന്റെ
ദുരന്ത പര്യവസായിയായ
യുദ്ധപരിണാമങ്ങളിൽ
ഭൂമി ചലിയ്ക്കുന്നു
ഉപഗ്രഹങ്ങളുടെ
കാന്തവലയങ്ങളില്ലാതെ,
ഏകാംഗവീണയിലെ
സ്വരങ്ങളുമായ്

Friday, April 2, 2010

അമാവാസിയിൽ നടന്ന
കുറെപേർ പറഞ്ഞു
എന്തൊരിരുട്ട്
പൗർണമിയിലൂടെ
നടന്ന കാട്ടുകള്ളന്മാർ
ആവലാതിയരുളി
എന്തൊരു വെളിച്ചം
ഗ്രീഷ്മം കത്തിയാളിയപ്പോൾ
സാധാരണക്കാർ
പരിഭവമോതി
എന്തൊരു ചൂട്
മഴപെയ്തു തുടങ്ങിയപ്പോൾ
കുടയില്ലാത്തവർ
ശാപവചനമെഴുതി
എന്തൊരു മഴ
ഈ മഴയൊന്നടങ്ങിയെങ്കിൽ

Thursday, April 1, 2010

നിലാവുണരുന്ന
നവരത്നമണ്ടപത്തിൽ
സപ്തസ്വരങ്ങളുടെ സമന്വയം
ആലാപനത്തിലെ ആദ്യസ്വരമേ
നീയെന്നിലുണർന്നാലും
ഭൂമിയുടെ നവരത്നമണ്ടപത്തിൽ
ഞാനുറങ്ങാതിരിയ്ക്കുന്നു
എനിയ്ക്കായ് നീ
ആനന്ദഭൈരവിയുമായ് വരിക
സൗമ്യസ്വരങ്ങളുടെ
രാഗമാലികയുമായ് വരിക
 
 
(Anandabhairavi or Ananda Bhairavi  is a melodious rāgam (musical scale) of Carnatic music. This rāgam has been used even in Indian folk music. Ānandam (Sanskrit) means happiness and the rāgam brings a happy mood to the listener.)