Saturday, August 7, 2010

മഷിതുള്ളികൾ

കാലഹരണപ്പെട്ട
അർഥം നഷ്ടമായ
കുറെ കടലാസുതാളുകൾ
ചില്ലുകൂടിലെ തിക്കുമുട്ടലിൽ
ഉറങ്ങുമ്പോൾ
ഓർമിക്കാനൊന്നും ബാക്കിയില്ലാത്ത
രാവിന്റെ മഷിതുള്ളികൾ മൂടിക്കെട്ടിയ
ആകാശത്തിൽനിന്നും
വേനൽക്കനലാറ്റാൻ മഴയുണർന്നു
എവിടെയൊ തട്ടിയുടഞ്ഞ കാറ്റിൽ
ചില്ലുകൂടിൽ നിന്നും കടലാസുകൾ പറന്നകന്നു
മഴതുള്ളികളിൽ
കടലാസുതാളുകളിലെ
കറുപ്പുമഷിതുള്ളികളലിഞ്ഞുമായുമ്പോൾ
തളർന്നുറങ്ങിയ രാത്രി
സ്വപ്നങ്ങൾ കണ്ടുണരുമ്പോൾ
പ്രഭാതം പടിവാതിലിൽ
പൊന്നോട്ടുവിളക്കുമായ് വന്നു

Friday, August 6, 2010

സുവർണ്ണലിപികൾ

 പുലർകാലങ്ങളിൽ പാടങ്ങൾക്കപ്പുറം
കുന്നിൻമുകളിലെ ആകാശം
സുവ്യക്തതയുടെ സുവർണ്ണലിപികളിൽ
എഴുതിയ വാക്കുകൾ സൂക്ഷിച്ച
കൽമണ്ഡപങ്ങളിലെ
സൗമ്യതയിൽ കാലമുടച്ച
മൺകുടങ്ങൾ ചിതറിവീണവഴിയിൽ
കാലിൽ മുള്ളുലഞ്ഞു വിതുമ്പിയ
രക്തകണങ്ങളിൽ
ഉറഞ്ഞുപോയ അന്തരാത്മാവിന്റെ
വേദനാരഹിതമായ നിസംഗതയിൽ
ഹിമകണങ്ങൾ വീണു മാഞ്ഞ
പുലർകാലവെളിച്ചത്തിന്നുറവിടം
തേടി ആൽത്തറയിലിരുന്ന വാക്കുകൾ
വേനൽക്കനൽ തുള്ളിയാടുന്ന
ആകാശത്തിനരികിൽ
പ്രകാശബിന്ദുക്കളിൽ
മിന്നിയാടുന്ന കസവുനൂലുകൾ
കൈയിലേറ്റി എഴുതാനിരുന്നു..



ഇടവേളകൾ

നീണ്ടുനീണ്ടുപോയ ഒരു പാതയോരത്ത്
കാലം ഇടവേളകളിൽവന്നിരുന്ന
തണൽമരച്ചുവടുകളിൽ
ആരൊക്കൊയോ എഴുതിനിറച്ച
കുറെ കടലാസുതുണ്ടുകൾ
പറന്നു പോയ കാറ്റിനരികിലെത്തിയ
മഴയും കടന്നു മുന്നോട്ട് നടക്കുമ്പോൾ
മനസ്സിൽ പുതിയ ഒരു സ്വരമുണർന്നു
ആ സ്വരം ആലാപനങ്ങളിലൊഴുകി
പല്ലവിയുടെ ഹൃദ്സ്പന്ദനങ്ങളിലൂടെ
മെല്ലെ ഒഴുകി നീങ്ങുമ്പോൾ
ഭൂമി രാപ്പകലുകൾ താണ്ടി
മുന്നോട്ട് നീങ്ങി
കടൽ മുക്തായസ്വരങ്ങളിൽ
ആരവമുയർത്തുമ്പോൾ
ചക്രവാളം മാറ്റങ്ങളില്ലാത്ത
മനസ്സുമായ് കടലിനരികിൽ നിന്നു

Wednesday, August 4, 2010

ശിലാഫലകങ്ങൾ

ചരിത്രമെഴുതിയുറക്കിയ
ശിലാഫലകങ്ങളിലെ
അക്ഷരങ്ങളിൽ വീണുടഞ്ഞ
ഒരു തരി ഭൂമി
വാക്കുകളായുണർന്നപ്പോൾ
മൗനം വാതിലുകൾ പൂട്ടി
പർവതഗുഹകളിൽ മറഞ്ഞു
ചിറകുകളിൽ സ്വപ്നനൂലുകൾ
നെയ്ത കാറ്റിൻതുമ്പിൽ
കസവിട്ട ഗ്രാമം
ധ്യാനനിരതമായ പ്രഭാതത്തിൽ
ചരിത്രങ്ങളുടെ താളിയോലകളിൽ
എഴുതാൻ മറന്ന
ഒരു കഥയുമായ്
ആൽത്തറയിലിരുന്നപ്പോൾ
ആൾക്കൂട്ടം കലാപങ്ങളുടെ പതാകകളുമായ്
നഗരപ്രദിക്ഷണമാരംഭിച്ചു
കഥയിലെ നിസ്സംഗതയിൽ
കണ്ണുനീർതുള്ളികൾ തേടി
കാലം മതിൽക്കെട്ടിനുള്ളിൽ തപസ്സിരുന്നു.

Tuesday, August 3, 2010

ഹൃദ്സ്പന്ദനങ്ങൾ



തിരകളൊഴുക്കിയ മണൽത്തരികളിൽ
എന്നെ സ്നേഹിച്ച ഞാൻ സ്നേഹിച്ച
കവിതയൊഴുകുന്നഎന്റെ മനസ്സിനെ
ഒഴുക്കിക്കളയാനാവില്ല
അതറിയുന്ന കടലിനരികിൽ
ഇരമ്പിപ്പോയ തീവണ്ടികളുടെ
ആരവങ്ങളിൽ മായാത്ത
ഭൂമിയുടെ ഹൃദ്സ്പന്ദനങ്ങൾ
എന്റെയുള്ളിലുണരുമ്പോൾ
എവിടെയോ വഴിതെറ്റിയോടുന്ന
മനുഷ്യജന്മങ്ങളുടെ നിസ്സാരപ്പെട്ട
മനോവ്യാപാരങ്ങളിൽ
നിന്നെത്രെയോ അകലെയാണു
വാക്കുകൾ സ്വപ്നം കാണുന്ന ലോകം
അവിടെ ഇരുണ്ട ഉലകളിൽ
പുകയൂതിയിരിക്കുന്ന കാർമേഘങ്ങളുണ്ടാവില്ല
നിലവറകൾ പോലെ ഇടുങ്ങിയ മനസ്സിൽ
കറുപ്പു സൂക്ഷിക്കുന്ന മനുഷ്യജന്മങ്ങളുണ്ടാവില്ല
ശരത്ക്കാലഭംഗിയിൽ നക്ഷത്രങ്ങൾ
വിടരുന്ന ആകാശത്തിനരികിൽ
നിലാവുണരുന്ന കടൽത്തീരത്തിനരികിൽ
സ്വപ്നചെപ്പുകൾ തുറന്നു
കവിതയുണരുന്ന ലോകം
അവിടെയാണു വാക്കുകൾ
ശംഖിനുള്ളിലെ കടലിന്റെ
സംഗീതമായ്, ഹൃദ്സ്പന്ദനമായ്
പുനർജനിക്കുന്നത്
അക്ഷരത്തെറ്റുകൾ

രാവുറങ്ങിയ യാമങ്ങളിലൂടെ
 നടന്നു നീങ്ങിയ ഭൂമി
രാത്രി വെളിച്ചമൊളിപ്പിച്ച
ഇരുൾ നിലവറകൾ
മെല്ലെതുറക്കുമ്പോൾ
ആകാശഗോപുരങ്ങളിലെ
ദീപശിഖകൾ  മിഴി തുറന്നു
ഉഷസ്സു നിവേദ്യവുമായ് വന്ന
ആൽത്തറയിൽ
കൽവിളക്കുകളിൽ
നിറഞ്ഞു കത്തിയ പ്രകാശത്തിന്റെ
ഒരു തുണ്ടുമായ് ഗ്രാമമെഴുതിയ
ഏകാക്ഷരിയിൽ
നിറഞ്ഞ പ്രപഞ്ചം
ഗഗനാന്ത്യത്തോളമുയരുമ്പോൾ
മണൽത്തിട്ടിലെഴുതിയ
അക്ഷരത്തെറ്റുകൾ
മഴതുള്ളികളിലൊഴുകി മാഞ്ഞു

Monday, August 2, 2010

മഷിതുള്ളികൾ

എഴുതാനിരിക്കുമ്പോൾ
അകലെ ആകാശം തെളിയുന്നു
കാർമേഘങ്ങൾ മായുന്ന
തെളിഞ്ഞ പുലർകാലങ്ങളിൽ
ഹൃദയം കടലാകുമ്പോൾ
അമൃതവാഹിനികളിൽ
പോലും കറുപ്പു പടർത്തുന്ന
സംസ്കാരശൂന്യരുടെ
ആക്രോശങ്ങൾ
ആരവമായുണരുന്നു
മാതൃഭൂമിയെ എഴുതിവിൽക്കുന്ന
സമാധാനപാലകരുടെ
നയതന്ത്രരേഖകളിലെ
മഷിതുള്ളികളിൽ മായാൻ
ഒരു കടലിനാവില്ല
കടലേ നീയെന്റെ സ്വപ്നമാവുക
നിന്നിലൂടെ ഞാൻ ചക്രവാളങ്ങളിൽ
പൂക്കുന്ന ശരത്ക്കാലനിറങ്ങളിൽ
പൂവു പോലെ ഒരു കവിത
വിരിയുന്നതും കണ്ടിരിക്കട്ടെ....
കിളിത്തൂവലുകൾ



വൃക്ഷശിഖരങ്ങളിലെ കുളിരിലുണർന്ന
കാറ്റൊഴുകിയ വഴിയിൽ
ചില്ലുകൂടുകൾ നിരത്തി അവരിരുന്നു
വഴിയിലൂടെ പറന്നു നീങ്ങുന്ന
കിളിത്തൂവലുകളിൽ തീപടർത്തി
ചില്ലുകൂട്ടിലാക്കി
തീപടർന്ന ചിറകുകൾക്കുള്ളിലെ
ജീവസ്പന്ദനങ്ങൾ
ദിനാന്ത്യപ്പതിപ്പുകൾക്ക് തീറെഴുതി
മോടി കൂട്ടി നടന്നവർ
ഇടറി വീണപ്പോഴും ചില്ലുകൂട്ടിലേയ്ക്ക്
കല്ലെറിഞ്ഞാഹ്ളാദിച്ചവർ
മുനമ്പുകളിൽ അറ്റം കാണാത്ത
കടൽക്കരയിൽ
ഭൂമിയെ ചുറ്റിയൊതുക്കാൻ
ഭൂമിയുടെ ഭ്രമണപഥങ്ങളിൽ
കല്ലും മുള്ളും തൂവി അവർ കാത്തിരുന്നു
ചില്ലുകൂടുമായ് 

Sunday, August 1, 2010

നിമിഷങ്ങൾ

കാലത്തിന്റെ ഒരു തുണ്ടടർന്നുവീണ
പർവത ശിഖരത്തിലൂടെ
നടന്നു നീങ്ങിയ ഘടികാരസൂചികൾ
കാണാൻ മറന്ന താഴ്വാരങ്ങളിൽ
മഞ്ഞുതൂവി മഴയൊഴുകുമ്പോൾ
ആഷാഢം കാർമേഘങ്ങളിലുലഞ്ഞു
ഗ്രാമവീഥിയിലെ ചെമ്മൺപാതയിലൂടെ
നടന്ന ബാല്യം കാലിടറിവീണ
കളിമുറ്റത്തിരുന്നു പഴം പാട്ട് പാടിയ
പാണൻ മറന്നു വച്ച
മൺവീണയ്ക്കുള്ളിൽ
അവതാരങ്ങളുടെ അനന്തമൗനങ്ങൾ
മയങ്ങിക്കിടന്നു
നിമിഷങ്ങളുടെ ചെപ്പിനുള്ളിൽ
നിന്നും പുറത്തേയ്ക്കൊഴുകിയ
കടലിനരികിൽ കാലം
പ്രണവമുണരുന്ന ശംഖു തേടി...
സാഗരസ്പന്ദനങ്ങൾ

ആകാശത്തിനരികിൽ
കടൽ പാടിയ പാട്ടു കേട്ടുണർന്ന
ചക്രവാളത്തിനരികിൽ
വിളക്കുമായുണർന്ന നക്ഷത്രലോകം
വിസ്മയം പോലെ മുന്നിൽ
വിടരുമ്പോൾ
കടൽത്തീരമണലിൽ
സന്ധ്യ മയങ്ങിയിരുന്നു
ആൾക്കൂട്ടം പിരിഞ്ഞുപോയ
ആൽത്തറയ്ക്കരികിലിരുന്ന്
രുദ്രാക്ഷമാലയിൽ ജപം തുടർന്ന
കാറ്റിനരികിൽ ഓട്ടുവിളക്കുകൾ
തെളിഞ്ഞു കത്തുമ്പോൾ
എഴുതി തീരാത്ത പുസ്തകത്താളുകളിൽ
വാക്കുകൾ മൃത്യുജ്ഞയമന്ത്രം
ഉരുക്കഴിച്ചുണർന്നു.