Saturday, August 21, 2010

ഹൃദ്സ്പന്ദനങ്ങൾ

പൂക്കാലങ്ങളിൽ
ഇന്നൊരുക്കാനാവാത്ത
പൂക്കളങ്ങളിൽ
അമ്മ നടന്നു പോയ
ആകാശയാത്രാവഴികൾ
കണ്ടു നിൽക്കുമ്പോൾ
വഴിയിലെ മുൾച്ചടികളിലുരസി
കാൽവിരൽതുമ്പുകൾ മുറിഞ്ഞ്
വഴി മാറി നടന്ന
കാലം ഒരു ചെറിയ പല്ലക്കിൽ
കടൽത്തീരത്തിരുന്നെഴുതിയ
പോയ പൂക്കാലങ്ങളുടെ
കവിതയിൽ തുളസിപൂചൂടുന്ന
പ്രഭാതം തിരിയിട്ട ചുറ്റുവിളക്കിലുണരുന്ന
ഭൂമീ
അമ്മയെനിക്കായി തന്ന
ഹൃദ്സ്പന്ദനങ്ങളിൽ
നീയൊഴുകുക
പൂക്കാലങ്ങളുടെ ഓർമക്കുറിപ്പുമായ്
സാഗരസ്പന്ദനങ്ങൾ

അനന്തതയുടെ 
അവസാനിക്കാത്ത
ബിന്ദുവിനരികിൽ
മറ്റൊരു സ്വരമായുണർന്ന
പ്രഭാതമേ...
നിന്റെയുദ്യാനങ്ങളിൽ
പാരിജാതങ്ങൾ വിടരുമ്പോൾ
ദേവമനോഹരി പാടിയുണർന്ന
ആകാശമേ നീയെന്റെ
ഹൃദയസ്വരസ്ഥാനങ്ങളിൽ
പാടിയുണർത്തിയ
അനേകം ജന്യരാഗങ്ങളിൽ
കടൽ ശ്രുതിയിടുമ്പോൾ
കടലിന്റെയുള്ളിലെ
കടലായിയുണരുന്നു ഞാൻ .....
മഴതുള്ളികൾ

നിറങ്ങളെല്ലാമൊഴുകി
മാഞ്ഞ മഴതുള്ളികൾ
ഭൂമിയെ വലയം ചെയ്യുമ്പോൾ
ആകാശത്തിൽ മാഞ്ഞ പ്രകാശം
ഓട്ടുവിളക്കുകളിൽ
ഉണർന്നു വരുമ്പോൾ
വഴിയോരങ്ങളിൽ
നിഴൽപ്പാടുകൾ മാഞ്ഞ
നിശബ്ദതയിൽ
പൂത്തുലഞ്ഞ പവിഴമല്ലിപൂവുകൾ
കൈയിലേറ്റി നിന്ന പൂക്കാലം
നീട്ടിയ ഗ്രാമവീഥിയിൽ
എന്നെക്കാത്തിരുന്ന
നെയ്യാമ്പൽക്കുളങ്ങളിൽ
മുങ്ങിപ്പൊങ്ങിയ മഴതുള്ളികൾ
എന്റെയുള്ളിലെ ഹൃദ്സ്പന്ദനങ്ങളുടെ
താളമാകുമ്പോൾ ഗ്രാമം
പൂമുഖപ്പടിയിലിരുന്ന്
താളിയോലകളിൽ മറന്നു വച്ച
പഴമയുടെ ചെമ്പകപ്പൂക്കൾ
നിറഞ്ഞ കൽപ്പെട്ടികൾ തുറന്ന്
വാക്കുകൾ പുനർജനിച്ച
അമൃതവർഷിണിയുടെ
സ്വരങ്ങൾ പാടി.

Friday, August 20, 2010

വീണാഗാനം

ലോകത്തിന്റെ ശിരസ്സിൽ
വെൺതാമരപ്പൂവു പോൽ
വിടരുന്ന പ്രഭാതത്തിലെ
ആകാശമേ
നിന്നെക്കണ്ടത്രയോ കാലം
ഞാൻ മറന്നു
എന്റെ ജീവനിലൊഴുകിയ
പഞ്ചതന്മാത്രകൾ
വലിയ ചെറിയ ലോകത്തിന്റെ
ആരവങ്ങൾക്കരികിലൂടെ
നടന്നു നീങ്ങിയ ഭൂമിയുടെ
കാല്പ്പദങ്ങളിലെ പൂഴിമണൽ
ശിരസ്സിലേറ്റി സാഗരതീരങ്ങളിലിരുന്ന്
ഞാൻ കാണുന്ന
നക്ഷത്രങ്ങൾ വിരിയുന്ന
സായം സന്ധ്യയുടെ ആകാശമേ
നീയെനിക്കായി തന്ന
ചക്രവാളങ്ങളിൽ നീയുണർത്തുക
വെൺതാമരപൂവിതളുകളിലൂടെയൊഴുകുന്ന
വീണാഗാനം
ഹൃദ്സ്പന്ദനങ്ങൾ







അനന്തകാലത്തിന്റെ
ആദിമൗനങ്ങളിൽ
ചിറകറ്റു വീഴുന്ന ദിനരാത്രങ്ങളുടെ
അകത്തളങ്ങളിൽ
ചായം തേച്ച പുതിയ മുഖങ്ങളുടെ
അഭിനയം
വേദികളിലെ
പ്രകടനപരമ്പരയിൽ
നിന്നുയിർക്കൊള്ളുന്ന
പ്രവാചകരുടെ നാട്യശാലയിൽ
പ്രകീർത്തനങ്ങൾ പാടിനിൽക്കുന്ന
ഉപജാപകർ
ഇതൊക്കെ കണ്ടു ചലനം നിലക്കാത്ത
ഭൂമീ നീയേത് ഗ്രഹം?
ഉപഗ്രഹങ്ങളുടെ കൂട്ടായ്മയിൽ
നിന്നകലെ സാഗരങ്ങളുടെ
ശ്രുതിയുമായ് നിൽക്കുന്ന
നിന്റെ ശുദ്ധ സ്വരങ്ങളിൽ
ഞാനൊളിപ്പിക്കുന്നു
എന്റെ ഹൃദ്സ്പന്ദനങ്ങൾ...
മഴതുള്ളികൾ

ഒരിക്കലെങ്ങോ പാതയോരത്ത്
കാണാനിടയായ അപരിചിതമായ
ഒരു ലോകം കടന്നു പോയ
ഇടവേളയുടെ ഇടനാഴിയിൽ
തണുത്തുറഞ്ഞ ശൈത്യം
ചില്ലുകൂടാരങ്ങൾ പോലെ
ഉടഞ്ഞപ്പോൾ അതിനുള്ളിൽ
നിന്നൊഴുകിയ നീർച്ചാലുകൾ
അപരിചിതലോകത്തിന്റെ
മൂല്യനിർണയമെഴുതിയ
കത്തിയ വേനലിൽ വറ്റിവരണ്ടു
പനിനീർക്കുടങ്ങൾ ശിരസ്സിലേറ്റിയ
മഴത്തുള്ളികളിലുണർന്ന
പ്രകൃതിയുടെ പൂക്കാലത്തിൽ
അപരിചിതലോകം അന്യം നിന്ന
ഒരു അക്ഷരമായി മാഞ്ഞു
വേനൽപാടുകൾ

ഉണർവിന്റെ പല്ലവിയിൽ നിന്നും
വ്യതിചലിച്ച്
അപസ്വരങ്ങളുടെ അനുപല്ലവിയുമായ്
അരികിലെത്തിയലോസരപ്പെടുത്തുന്ന
സമുദ്രതിരകളേ
നിങ്ങൾക്കായ്
പാടാൻ എന്റെ കൈയിൽ
കല്പനസ്വരങ്ങളിന്നില്ല
വഴിയിലെ തണൽമരങ്ങൾ കരിഞ്ഞ
വേനൽപ്പാടുകളിൽ
നിഴൽ തേടി നടന്ന പഴയ
ഭൂമി ഇന്നു നിഴൽപ്പാടുകളില്ലാത്ത
ഒരു ചെറിയ ലോകത്തിന്റെ
മതിൽക്കെട്ടിനുള്ളിനുള്ളിലെ
നാലമ്പലത്തിൽ മൗനം മറന്ന
വാക്കായി മാറിയിരിക്കുന്നു
വെളിച്ചവുമായണയുന്ന
ഓട്ടുവിളക്കിൽ പ്രഭാപൂരിതമായ
ഒരു സന്ധ്യയരികിലിരുന്നെഴുതുന്ന
പുതിയ സ്വരമായ്
ഭൂമി യാത്രതുടരുന്നു..
ഹൃദ്സ്പന്ദനങ്ങൾ

ജ്ഞാനമുറങ്ങുന്ന
വിജ്ഞാനബിന്ദുക്കളിലെ
എഴുത്തുതാളുകളിൽ വികസിക്കുന്ന
കഥകളുടെ ആന്തരാർഥങ്ങളറിയുന്ന
യാദവബാല്യം എനിക്കായി
നീട്ടിയ മുളം തണ്ടിന്റെ ഓരോ
സുഷിരത്തിലും ഞാൻ കേൾക്കുന്ന
എന്റെ ഹൃദ്സ്പന്ദനങ്ങളിൽ
മഷിതുള്ളികളിലെ പാണ്ഡിത്യം
ആത്മാവിനെയറിയാത്ത
പുറമെയുള്ള ശരീരമെന്ന
കവചത്തെ സ്നേഹിച്ച
ഒരു ജീവൻ മാത്രം.
മഷിതുള്ളികളിലെ പാണ്ഡിത്യത്തെ
മറന്ന് ജ്ഞാനമൊഴുകിയ
പാനയിലെ ആത്മാർഥത
സ്നേഹിച്ച ആ ബാല്യമെന്റെ
ഹൃദയത്തിലെഴുതിയ വരികളിൽ
കല്പിതകഥയെഴുതുന്നവരുടെ
ദൈവമുണ്ടായിരുന്നില്ല
അവിടെ അന്തരാത്മാവിന്റെ
കറപുരളാത്ത ഭാഷയറിയുന്ന
ഓടക്കുഴൽനാദമായിരുന്നു...
പ്രതിധ്വനി







അതിർരേഖകളിലെ
ഉദ്വേഗങ്ങളിൽ വീണ
ആദ്യാക്ഷരങ്ങളിൽ
നിന്നുണർന്നെഴുന്നേറ്റ ഭൂമി
മുൾവേലികളിലൂടെ
അകത്തുകയറിയ
പലരുടെയും മുഖപടങ്ങൾ
കാർമേഘമാലകളിലൊഴുകി
മായുന്നത് കണ്ട്
വീണ്ടും മുന്നോട്ടു നീങ്ങിയപ്പോൾ
ചുറ്റും കന്മതിൽ പണിയുന്ന
രാത്രിയുണർന്നു വന്നുപറഞ്ഞ
സ്വകാര്യങ്ങളിൽ
നിസംഗതയുടെ
ഒരു സ്വരമുണർന്നുവന്നു
ആ സ്വരം തേടിയലഞ്ഞ
ഒരു രാപ്പാടി അന്നു പാടിയ
പാട്ടിൽ മുൾവേലികളിൽ
വീണു മുറിവേറ്റ ആത്മാക്കളുടെ
വിലാപരാഗത്തിന്റെ
പ്രതിധ്വനിയുണർന്നു...

Thursday, August 19, 2010

നക്ഷത്രവിളക്കുകൾ








അനശ്വരതയിൽ നിന്നും
പലവഴി പിരിഞ്ഞു വീണ്ടും
ശിവനിടിലത്തിലുറങ്ങിയ
അഗ്നിസ്ഫുലിംഗങ്ങളിൽ
നിന്നും പ്രകാശമുൾക്കൊണ്ട
നക്ഷത്രമിഴികളിൽ
അഗ്നി ഒരു വിളക്കായി മാറിയ
നിലാവുണർന്ന രാത്രിയിൽ
ആശ്രമപ്രാന്തങ്ങളിലെ
തെളിനീർക്കുളങ്ങളിൽ
തപസ്സിരുന്ന താമരമുകുളങ്ങൾ
ഇതളുകളിലൊളിപ്പിച്ച
സ്വപ്നങ്ങൾ കൈയിലേറ്റി നിന്ന
ആകാശമേ
ഇനിയുമരികിലിരുന്ന്
സാഗരങ്ങളെത്തിനിൽക്കുന്ന
നിന്റെ ചക്രവാളങ്ങളെ
നീയെനിക്കായി തുറന്നിടുക
നക്ഷത്രവിളക്കുകൾക്കരികിൽ
അഗ്നിയുടെ നനുത്ത നാളങ്ങളിൽ
വാക്കുകളുണരട്ടെ..