Wednesday, August 25, 2010

പ്രദോഷസന്ധ്യകൾ









മിഴികളിൽ നക്ഷത്രതിളക്കവുമായ്
വന്ന സന്ധ്യേ
നിന്നെയും കാത്ത്
എത്രയോ പ്രദോഷങ്ങളിൽ
പടിപ്പുരവാതിലും കടന്നു
വില്വപത്രങ്ങളുമായി
മുപ്പത്തിമുക്കോടി ദേവകളെ
തേടി ദേവദാരുക്കൾ പൂക്കുന്ന
വനികയിലെ കാറ്റിൻ സുഗന്ധവുമായ്
ആകാശമാർഗത്തിലൂടെ
എന്റെ സ്വപ്നങ്ങൾ
ചക്രവാളത്തെ തൊട്ടുനിൽക്കുന്ന
സാഗരതീരത്തിരുന്നിരിക്കുന്നു
നിന്നിലാളുന്ന സായംസന്ധ്യയുടെ
ശരത്ക്കാലവർണ്ണം
ഭൂമിയുടെ നിറമായി മാറിയ
ആകാശമേലാപ്പിലൂടെ
കാലം മെല്ലെ നടന്നു നീങ്ങുമ്പോൾ
എഴുതാൻ വാക്കു തേടി
ഞാൻ തീരമണലിലൂടെ മെല്ലെ നടന്നു
ഗ്രാമം

കൽവരികളിലെ മൺതിട്ടുകളിൽ
നിന്നകന്നു പോയ ഒരു ഗ്രാമം
പുതിയ വേലികളിൽ പടർത്തിവിട്ട
കള്ളിമുൾച്ചെടിയിലുരസി
കൈവിരൽതുമ്പിൽ
ചോരകിനിയുമ്പോഴും
എന്നെ വിട്ടുപോകാതിരുന്ന
സോപാനങ്ങളിലെ
ഇടയ്ക്കയുടെ തുടിയുമായ്
നിന്ന ഭൂമീ
എന്റെ ഗ്രാമം
നെൽപ്പാടങ്ങൾക്കരികിലൊഴുകിയ
ആറ്റിൽ വഞ്ചിതുഴഞ്ഞു
ആൾപ്പാർപ്പില്ലാത്ത ഒരു
താഴവരയിലെ നിഗൂഢതയിൽ
മറയുമ്പോൾ
ഉണർത്തുപാട്ടിന്റെ ഓടക്കുഴലുമായ്
അരികിലെത്തിയ സാഗരമേ
നിന്നിലൂടെ ഞാൻ വീണ്ടും
ഗ്രാമപാതയിലെത്തിയപ്പോൾ
സോപാനങ്ങളിൽ
ഭൂമി എന്റെയുള്ളിൽ വീണ്ടും
തുടിയിട്ടുണർന്നു.

Tuesday, August 24, 2010

മഴതുള്ളികൾ

ഗോപുരമുകളിലെ ദീപസ്തംഭങ്ങൾ
മഴത്തുള്ളികളിലുലഞ്ഞ് കരിന്തിരി
കത്തിമങ്ങിയ സായംസന്ധ്യയുടെ
പടിവാതിലിൽ വന്ന്
സ്വാന്തനമോതിയ സാഗരമേ
കൽസ്തൂപങ്ങളിൽ
കവിതയുണരുന്നതും കണ്ട്
നീയെത്രയോ രാപ്പകലുകൾ
ഉറങ്ങാതെയിരുന്നു.
ചക്രവാളത്തിന്റെ മങ്ങിയ
വിതാനങ്ങളിൽ
മിന്നിമങ്ങിയ നക്ഷത്രങ്ങളുടെ
മിഴികളിലെ കെടാത്ത
തിളക്കവുമായ്
എന്നെ തേടി വന്ന ഭൂമീ
ഇന്നന്റെ ഹൃദ്സ്പന്ദനങ്ങളിൽ
നിന്റെ മഴതുള്ളികളുടെ
സംഗീതം, സ്വാന്തനസ്പർശം...
 സാഗരസ്പന്ദനങ്ങൾ

ഇടറി വീണ പകലിന്റെ
ഒരു തൂവലിൽ മഷി പടർത്തി
താളിയോലയിലെഴുതിയ
പഴമയുടെ ഇതൾചീന്തിൽ
മഴയുടെ സംഗീതമുണർന്നുവന്നു
അരികിൽ ഓടക്കുഴൽനാദമുണർന്ന
സന്ധ്യയിൽ എവിടെയൊ
മറഞ്ഞ അസ്തമയത്തിന്റെ
ആത്മകഥ തേടി തിരകളൊഴുകിയ
തീരമണലിൽ
കടലിന്റെ ഹൃദ്സ്പന്ദനങ്ങളുടെ
നേർത്ത മിടിപ്പു സൂക്ഷിക്കുന്ന
ശംഖു തേടി നടന്ന മനസ്സേ
മുത്തുചിപ്പികൾക്കുള്ളിലെ
കടൽ നിന്നിലുമുറങ്ങുന്നു...
വാടാമല്ലിപ്പൂവുകൾ









മഴതുള്ളികളെ
കൈയിലേറ്റി നടന്ന
പകൽക്കിനാവുകളിൽ
മഞ്ഞുതുള്ളിയുറങ്ങിയ
പുൽനാമ്പുകൾ തേടി
ഞാൻ നടന്ന വഴിയിൽ
കരിഞ്ഞുണങ്ങിയ
വേനൽത്തീരങ്ങളിലൂടെ
കാലമൊഴുകുന്നതു കണ്ട്
നിർനിമേഷം നിന്ന
ഒരു വാടാമല്ലിപ്പൂവിന്റെയരികിൽ
ഞാനന്റെ ചെറിയ ഭൂമിയെ കണ്ടു
പൂക്കുടന്നകളുടെയരികിൽ
അമ്മ തൂവിയെ സ്നേഹം
ചന്ദനക്കുളിർസ്പർശമായ്
ഹൃദയത്തിലൊഴുകുമ്പോൾ
മഴതുള്ളികളിൽ സ്വപ്നങ്ങൾ നെയ്യുന്ന
നെയ്യാമ്പൽപൂക്കളുമായ്
ഞാൻ വാക്കുകൾക്കുള്ളിലെ
ഭൂമിയെ തേടി....

Monday, August 23, 2010

മഴതുള്ളികൾ

അനേകമനേകം ജന്മങ്ങളുടെ
ദു:ഖസാഗരങ്ങളലയടിക്കുന്ന
ഭൂമീ, നീ കണ്ട ജീവിതത്തിന്റെ
പ്രതിബിംബങ്ങളിൽ
ഞാൻ കണ്ട മുഖപടങ്ങളിൽ
സത്യമുറഞ്ഞുപോയ ദിനാന്ത്യത്തിന്റെ
അനുസ്മരണങ്ങളിൽ
കാലം എഴുതി നീട്ടിയ
വാർത്താശകലങ്ങൾ പോലെ
പറന്നകന്ന കരിയിലകളിൽ
മരവിച്ച നിന്ന മനസ്സേ
കടലുണരുമ്പോൾ,
കടലോരങ്ങളിൽ
തൂവൽസ്പർശം പോലെ
ഉണർന്നു വരുന്ന മഴതുള്ളികളെ
കൈയിലേറ്റി കാലത്തോടൊപ്പം
നടന്നു നീങ്ങുക
ശാന്തിമന്ത്രത്തിലുണരുന്ന
പുലർകാലങ്ങളിൽ....
മഴതുള്ളികൾ

നനുത്ത പുൽനാമ്പുകളിൽ
മഞ്ഞുതുള്ളി പോലെ വീണുടയുന്ന
മഴതുള്ളികളെ തേടി നടന്ന
മനസ്സേ
മഴക്കാലങ്ങളുടെ വർഷമാരിയിൽ
വീണൊഴുകിയ വൃക്ഷശിഖരങ്ങളിൽ
നിന്നൂർന്നു വീണ ഇലചീന്തുകളിൽ
പെയ്തു തീർന്ന മഴയുടെ
കോപതാപങ്ങളുടെ
സ്പന്ദനമുണരുമ്പോൾ
ഞാനെഴുതിയ വാക്കിൽ
മൃദുലഭാവങ്ങൾ നഷ്ടമായ
പ്രഭാതങ്ങളിൽ
കടലേ തുടിയിടുക
ഹൃദ്സ്പന്ദനങ്ങളായ്
ഇടവേള

ഇടവേളയിലെ ഒരു നിമിഷത്തെ
കൈയിലേറ്റിയാഹ്ളാദിക്കുന്ന
ഇടവഴിയിൽ
മരവിച്ചു നിന്ന കാലം
നിഴലുകളുടെ യുദ്ധം കണ്ട്
നടന്നു നീങ്ങിയ
ഭൂമിയുടെയുള്ളിലെ തീയിലുരുകിയ
അഗ്നിപർവതങ്ങളൊഴുകുന്ന
വഴിയും കടന്ന്
മുന്നോട്ട് നീങ്ങുമ്പോൾ
വാക്കുകൾ തീജ്വാലകളായി മാറി
മഴ പെയ്ത കടലോരത്തിരുന്ന്
സ്വപ്നങ്ങൾ നെയ്ത കാറ്റിൽ
തിരയുലയുമ്പോൾ
ചക്രവാളത്തിനരികിൽ
സായാഹ്നം സ്വാന്തനത്തിന്റെ
കുളിരുമായി വന്നു.

Sunday, August 22, 2010

ശാന്തിപർവം

ദിനരാത്രങ്ങളിലൂടെ
വർഷങ്ങൾ
നടന്നുപോയ ഭൂമിയിൽ
മനസ്സിൽ തീയുമായ് നടന്ന
ആത്മാവിന്റെ
കണ്ണുനീർത്തുള്ളികൾ
സമുദ്രമായൊഴുകുമ്പോൾ
ഇന്നെല്ലാം
സമയോഗത്തിലവസാനിക്കുന്നു
തീയും, കനലും, നീർത്തുള്ളികളും.
സമുദ്രമലയടിക്കട്ടെ
ആകാശം അനന്തതയിലുറങ്ങട്ടെ
കനൽത്തീയിൽ
മഴയൊഴുകട്ടെ
എന്റെ മനസ്സേ
അശാന്തിയുടെ അപസ്വരങ്ങളിൽ
നിന്നും നീ മുന്നോട്ടു നടക്കുക
ശാന്തിപർവങ്ങളിൽ....
നക്ഷത്രവിളക്കുകൾ

ഇരുളുന്ന മുഖവുമായ്
പകൽ തുറന്നിട്ട
നാടകശാലയിലെ
ഛായാചിത്രങ്ങൾ
അഭിനയം തുടരുന്ന
വേദിക്കരികിൽ
മാഞ്ഞു മറയുന്ന
അന്തരാത്മാവിന്റെ
ഭാഷ തേടിപ്പോയ
കാലമേ നീയെവിടെ
ഒളിപ്പിച്ചു മനസ്സാക്ഷി.
വിൽപ്പനച്ചരക്കാക്കി
പണക്കിഴികളുടെ ഭാരവുമായ്
വഴിയരികിൽ
അന്തരാത്മാവിനെ
വിൽക്കുന്നവർ
അഭിനയിക്കുന്ന വേദിയിൽ
നിന്നു രക്ഷപെട്ട ഭൂമീ
നിന്റെ ചെറിയ ലോകത്തിൽ
ഞാനെന്റെ നക്ഷത്രവിളക്കുകൾ
തെളിയിക്കുന്നു..