Wednesday, April 6, 2011

 ഒരിയ്ക്കലെങ്ങോ

ഒരിയ്ക്കലെങ്ങോ
ഗ്രാമം പണിതീർത്ത
മൺകുടിലുകളിൽ മങ്ങിക്കത്തിയ
ചിമ്മിനിവിളക്കുകൾക്കരികിൽ
മിഴിനീരൊഴുക്കിയിരുന്നു
ദരിദ്രസങ്കടങ്ങൾ
അന്നും വൈദ്യതിദീപങ്ങളുടെ
മഹനീയാലങ്കരങ്ങളിൽ
നഗരമാഹ്ളാദിച്ചുകൊണ്ടേയിരുന്നു
ഇടയിലെവിടെയൊ
പകച്ചുനിന്നോരക്ഷരങ്ങൾ
ഗ്രാമദൈന്യത്തിനെ കൈവിരലാൽ
തൊട്ടറിഞ്ഞു
മുനയൊടിഞ്ഞ പേനതുമ്പിലൊഴുകി
മുറിവുകളിലെ രുധിരം
പിന്നെയെവിടെയോ യാത്രപോയ
നിമിഷങ്ങൾ മഞ്ഞുമലയിലുറഞ്ഞപ്പോൾ
മറന്നുവച്ച നിലവറയിലെ
പഴയോലക്കെട്ടിലെ
പുരാണങ്ങളിലൂടെ നടന്നു ഗ്രാമം
അപ്പോഴേയ്ക്കും ഗ്രാമപാതയിലും
വൈദ്യുതിയെത്തിയിരുന്നു
കുളിച്ചിറൻചൂടിയെത്തും പുലരിയിൽ
അക്ഷരങ്ങൾക്കരികിൽ നിന്നും
ചിമ്മിനിവിളക്കിൻ പുകയുമകന്നിരുന്നു..
നെൽപ്പാടത്തിനരികിലൂടെ
പവിഴമല്ലിപ്പൂവുകളിൽ
മഞ്ഞുതൂവിയ ശിശിരം
നടന്നു നീങ്ങിയ വഴിയിൽ
ഗ്രാമം അകിലും ചന്ദനക്കൂട്ടും
സുഗന്ധപാത്രങ്ങളിലേറ്റി
വീണ്ടും വിരൽതുമ്പിലൊരു
വിസ്മയതുണ്ടായുണർന്നു....
കടവിനപ്പുറമുള്ള ഗ്രാമത്തിലേയ്ക്കുള്ളവഴി
കടവിനപ്പുറമുള്ള
ഗ്രാമത്തിലേയ്ക്കുള്ളവഴി
മണ്ണിടിഞ്ഞാകെയലങ്കോലപ്പെട്ടിരിക്കുന്നു
ആൽമരത്തണലിനരികിലൂടെ
പണ്ടെങ്ങോ കടവേറിപോയ
ഒരു കനവിന്റെ നേർത്തഹൃദ്സ്പന്ദനം
നക്ഷത്രമിഴിയിലേറി
ആകാശത്തേയ്ക്കു പോയി
അതിലാകെയുണ്ടായിരുന്നതൊരു
വരിക്കവിത..
കാലമതിനെയാകെ കീറിമുറിച്ചളന്നുതൂക്കി
മെതിയടിയിലേറ്റിയൊരബദ്ധസങ്കല്പങ്ങളുടെ
നിമിഷവേഗമാക്കി മായ്ക്കുമ്പോൾ
രുദ്രാക്ഷം തിരിച്ചിരുന്ന ത്രിസന്ധ്യയുടെ
മന്ത്രാക്ഷരങ്ങളെയുണർത്താൻ
കടവിന്റെയൊരരികിൽ
മൺചിരാതുകളിൽ
സസന്ധ്യാവിളക്കേറ്റിനിന്നു മനസ്സ്
കടവിനരികിൽ
കടലിന്റെസ്പന്ദനതാളത്തിലേയ്ക്കൊരു
കടത്തുവഞ്ചിയ്ക്കായ് കാത്തിരുന്നുമനസ്സ്.....

Tuesday, April 5, 2011

പ്രശാന്തമായ ഒരിടമെന്നാൽ

പ്രശാന്തമായ ഒരിടമെന്നാൽ
വീണയുടെ നാദമെന്നു
തോന്നിതുടങ്ങിയിരിക്കുന്നു
പിന്നീടുള്ളതിനെല്ലാം
ഒരുപ്പുറപ്പില്ലായ്മയനുഭവപ്പെടുന്നു
വഴിയോരത്തെവിടെയോപകച്ചോടും
വിധിയൊരാൾരൂപനിഴലായ്
അടുത്തൊരു വൃക്ഷശിഖരത്തിനിടയിൽ
പതിയിരുന്നീറൻ സന്ധ്യയുടെ
മന്ത്രങ്ങളെയപഹരിക്കുന്നു
ജപമാലയിലൊഴുകിനിറയുന്നു
നിസംഗമായൊരുണർവ്
സോപാനപ്പടിയിലിരുന്നാരോ
ചൊല്ലും പുരാണങ്ങളിൽ
യുഗങ്ങളുടെ തിരനോട്ടം
പ്രശാന്തിയുടെ പുസ്തകങ്ങളിലാർക്കും
വേണ്ടാത്ത നാലുവരിപ്പിശകുകൾ വായനശാലയിലിരുന്നൂറ്റിയെടുത്ത
കയ്പുനീരിലിത്തിരി മധുരക്കരിമ്പിൻ
നീരുപോലുണരും സ്വരങ്ങളെയിട്ട്
മനനം ചെയ്യും മനസ്സിന്റെയുള്ളിൽ
നേർത്തില്ലാതെയാവുന്നു ലോകം
ഇടവഴിയിലിടറിവീഴും
നിഴലുകളെ മായിക്കും സന്ധ്യയുടെ
ചെപ്പിലെ നക്ഷത്രങ്ങളായ്
മാറിയ കുറെയേറെ സ്വരങ്ങളുണരും
കടൽത്തീരത്തിരിക്കുമ്പോൾ
അശാന്തിയുടെ പുസ്തകത്താളുകളൊഴുകി
മായുന്നതു കണ്ടു.....

Monday, April 4, 2011

ഋതുക്കളുടെ ഊഞ്ഞാൽപ്പടിയിൽ

ഋതുക്കളുടെ പൂമരക്കൊമ്പിലെയൂഞ്ഞാൽ
പടിയിൽ നിന്നിറങ്ങി നടന്ന വഴിയിലെന്തേ
കൽച്ചീളുകളെന്നാലോചിച്ചിരുന്നു
പിന്നെയറിയാനായി
പൂക്കാലങ്ങളെ പടകൂട്ടിയോടിക്കുന്നവരും
പകലിനു ചരമഗീതമെഴുതി
ചിതയിലേറ്റുന്നവരും
പ്രദക്ഷിണവഴിയിലെത്തി
ഭൂമിയോടു രംഗമൊഴിഞ്ഞുപോവൂ
എന്നുപറയുന്നവരുമെല്ലാം
ചേർന്നതാണീലോകമെന്ന്
മരണത്തിന്റെ ഗന്ധമുറങ്ങിയ
ഒരു മഞ്ഞുകാലത്തിൽ കേട്ടു
അറിയാതിരുന്ന കഥകൾ
കഥകൾക്കനുബന്ധമെഴുതി
നിമിഷസൂചികളിലൂടെ
കാലം നടന്നു....
പിന്നീടൊരു വേനൽതീരത്തിൽ
മരുന്നുരച്ച കല്ലിൻ തരിയിലെരിഞ്ഞ്
മുഖം നഷ്ടമായ മൗനം
വീണ്ടും പടയേറ്റിയോടിയ
കടൽത്തീരത്തിലുടയാത്തൊരു
ശംഖിൽ നിന്നണർന്നുവന്നു ഭൂമി
ആരവങ്ങളിൽ നിന്നകന്ന്
ഋതുക്കളുടെ പൂമരക്കൊമ്പിൽ
വീണ്ടുമൊരൂഞ്ഞാൽകെട്ടി
ഭൂമിയുടെയരികിൽ ഞാനുമിരുന്നു...
ഴതുള്ളിക്കവിതകൾ

ഇരുണ്ടുലഞ്ഞൊരു മഴക്കാടുകളിൽ
മഴയെതേടി നടന്നിരുന്നു ബാല്യം
തുള്ളിതുള്ളിയായൊഴുകിയ മഴയെ
കൈയിലാക്കി ചന്നം പിന്നം പെയ്യും
മഴയുടെ പടിവാതിലിലേറി
പിന്നെയും തോരാത്ത
മഴയ്ക്കരികിലൊരു മഴവിൽപ്പൂകവിത
വിരിയാനെത്രനാൾ  കാത്തിരുന്നു
ആകാശത്തിന്റെ നേരിയ
ജാലകവിരിയ്ക്കുള്ളിൽ
മൂടിയ മേഘക്കെട്ടിനുള്ളിൽ
മങ്ങിയ വിളക്കുമായ്
നക്ഷത്രങ്ങളുറങ്ങിയ
വർഷകാലവും കടന്ന്
ശരത്ക്കാലമൊരുണർവുമായെത്തിയ നാൾ
പാതയോരത്തെവിടെയോ
പകൽക്കിനാവുകൾ
നിഴൽപ്പാടിലുലഞ്ഞുവീഴുന്നതുകണ്ടു
പിന്നെയെന്നോ വഴിയോരത്തെ
വാകമരങ്ങളിൽ തണുത്തുറഞ്ഞ
ശിശിരം കൂടുകെട്ടിപ്പാർത്തു
ഇലപൊഴിയും കാലവും കടന്ന്
അതിനരികിലെഴുതിതീർക്കാനാവാഞ്ഞ
ഉപാഖ്യാനങ്ങളെയൊരൂഷരകാലം
തീയിട്ടു കരിയിച്ചു
അന്നുവീണ്ടുമുറക്കമുണർന്നെഴുനേറ്റു
മനസ്സിലെ മഴക്കാടുകളിൽ
പെയ്ത മഴതുള്ളിക്കവിതകൾ.....

Sunday, April 3, 2011

കാണാക്കാഴ്ച്ചയുടെയവസാനയദ്ധ്യായം
കാണാത്തതെന്തിനെയോ
തേടി നടന്നുനീങ്ങിയ
ഋതുക്കളുടെ ചിത്രതേരിലിരുന്നു കണ്ടു
ലോകത്തിന്റെ തുലനവിന്യാസം
അതിനരികിൽ മുഖചിത്രങ്ങളും
മുഖപടങ്ങളും
മിഴിയെയത്ഭുതപ്പെടുത്തും
സൂചിസ്തംഭങ്ങളുമുണ്ടായിരുന്നു
ശരത്ക്കാലസന്ധ്യയിൽ
ഭൂവർണങ്ങൾ തേടിനടന്ന
കടലോരങ്ങളിൽ
അസ്തമയത്തോടൊപ്പം
കത്തിവീണ
അനേകം സൂര്യകിരണങ്ങളിൽ
കാലം മഷിമുക്കിയെഴുതിയ
കടലാസുതാളുകളുമുണ്ടായിരുന്നു
മഞ്ഞുറയും ഭൂഖണ്ഡങ്ങൾക്കരികിൽ  
നിശബ്ദതയുടെ നെടുവീർപ്പുകളെ കടന്ന്
വീണ്ടും മൗനം മുഖപടമണിഞ്ഞെത്തിയ
അരങ്ങിനൊരരികിൽ നിമിഷങ്ങൾ
കാവലിരിക്കുന്നുണ്ടായിരുന്നു
സ്തൂപങ്ങൾക്കിടയിലൂടെ കാണാനായ
ആകാശനക്ഷത്രങ്ങളെ പൂർണമായ് മായ്ക്കാൻ
മേഘങ്ങൾക്കാവാഞ്ഞതിനാൽ
സന്ധ്യാവിളക്കിലേയ്ക്കിത്തിരി
പ്രകാശം വന്നുവീണു
ഉലച്ചുടച്ചുലയിലെയുമിത്തീയിലിട്ട സത്യം
ഭൂമിയുടെ പ്രദിക്ഷണവഴിയിൽ
നക്ഷത്രവിളക്കുകളെ തെളിയിച്ച്
ചൈത്രരഥമേറി വീണ്ടുമുണർന്നുവന്നപ്പോൾ
കാണാക്കാഴ്ച്ചയുടെയവസാനയദ്ധ്യായമെഴുതി
ഋതുക്കൾ പുസ്തകമടച്ചുവച്ചു.....
നക്ഷത്രമിഴിയിലുണരും കവിതകൾ

ഒരുവേനലവധിയുടെ
മാമ്പൂക്കളുമായ്
ബാല്യം നടന്നവഴിയാകെ
മാറിയിരിക്കുന്നു
ടാർ തൂവിയാകെയിരുണ്ടതിലൂടെ
പുകതുപ്പിയോടുന്നു പുതുമ
ഒരിയ്ക്കലെങ്ങോ
നിറഞ്ഞൊഴുകി
പിന്നെയൊരു വേനലിൽ
വറ്റിയോരാറ്റിറമ്പിൽ,
കൊഴിഞ്ഞ കൈതപ്പൂവുകൾക്കരികിൽ
നിമിഷങ്ങളാൽ മെടഞ്ഞ 
കനലാളും വേനൽക്കാലക്കൂടകളുമായ്
നടന്നു നീങ്ങുന്നു കാലം....
മദ്ധ്യാഹ്നത്തിന്റെപാതയോരത്തിലൂടെ
നടക്കാനാവാതെ മിഴിപൂട്ടിയുറങ്ങുന്നു
നാലുമണിപ്പൂവുകൾ..
വേനൽമഴത്തുള്ളികൾ പോലെ
സായന്തനത്തിന്റെ
നനുത്ത സ്പർശത്തിൽ
വിരലുകളിലുണരുന്നു
സന്ധ്യാവിളക്കുകൾ
പ്രകാശത്തിനുമൊരു ഭംഗി
നക്ഷത്രമിഴിയിലുണരും
കവിതകൾ പോലെ....
ഒരിയ്ക്കലൊരിടവഴിയിൽ

ഒരിയ്ക്കലൊരിടവഴിയിൽ
മഴക്കാലത്തുണർന്ന
നീരുറവയിലൂടെയുണങ്ങിയ
കരിയിലകളും, മൺതരികളും
നെൽപ്പാടത്തിനരികിലൂടെ
എവിടേയ്ക്കോ ഒഴുകിപ്പോയി
തൂത്തുവെടിപ്പാക്കിയ
പടിപ്പുരയ്ക്കരികിലൂടെ
പന്തിരുകുലമോടി
അതിൽ മലയിൽനിന്ന്
കല്ലെറിയുമൊരു ഭ്രാന്തനെയും കണ്ടു
വിപരീതങ്ങളുടെ വിലങ്ങിൽ
വീണ വൈദ്യുതസ്ഫുലിംഗങ്ങളിൽ
കത്തിക്കരിഞ്ഞു ചാരമായ
ഒരു യുഗത്തിനരികിൽ
അനന്തകാലത്തിന്റെ
ആത്മഗതവുമായ്
ടോക്കിയോനഗരം
ശോകമടക്കി നിന്നു..
ഒരതിരിലിരുന്നാരോ
പാലങ്ങളിൽ ഗന്ധകപ്പുകയേറ്റി
വിസ്ഫോടനങ്ങളിൽ
വീണുപോയ മണ്ണിന്റെ
മറുവശത്തൊരു കടൽ
ചക്രവാളത്തിലേയ്ക്കൊഴുകി...

Saturday, April 2, 2011

ആകാശവാതിലിനരികിലായിരുന്നതിനാൽ

ഇടവേളയിലെന്നോ
തൂത്തുമായ്ച്ച നിഴൽപ്പാടിലിത്തിരികൂടി
കരിമഷിയൊഴുക്കിയിന്നലെയും
വന്നിരുന്നു ഒരു കടലാസുതുണ്ട്
അതെന്തിനുവരുന്നുവെന്നറിയാനിന്നൊരു
നിമിഷം പോലുമാവശ്യമില്ലാതായിരിക്കുന്നു
ചിലരൊക്കെ സഹായിച്ചുവെന്നവകാശപ്പെടുന്നുമുണ്ട്
സഹായത്തേയ്ക്കാളേറെയുപദ്രവമായ
അവകാശവാദങ്ങളുടെ ഗണനപ്പട്ടിക
പോയൊരു വാരാന്ത്യത്തിലാണെന്നുതോന്നുന്നു
കാലം ഘടികാരസൂചികളാലൊരു
കുറ്റസമ്മതമെഴുതി
അതിനരികിലൊരു
ന്യായവാദചീട്ടുമുണ്ടായിരുന്നു
ഒഴുകിപ്പോയ മനശ്ശാന്തിയുടെ
രുധിരത്തിനരികിലതുവീണുരുകി
ആകാശവാതിലിനരികിലായിരുന്നതിനാൽ
ഉരുകാതെ സൂക്ഷിക്കാനായി മനസ്സിനെ

Friday, April 1, 2011

നക്ഷത്രപ്പൂക്കാലം

ഒരു ചുമരെഴുത്തിനപ്പുറമുള്ള
ചതുരക്കളമോ ലോകമെന്നാലോചിച്ച്
കുറെനാളുകളൊഴുകി മാഞ്ഞു
അതിലൂടെ നേർത്ത പട്ടുചുറ്റി
വസന്തവും,
അഗ്നിപർവതാഗ്നി സൂക്ഷിക്കും
മനസ്സുകൾക്കരികിലൂടെ
വർഷകാലവും പിന്നെയൊരു
ശരത്ക്കാലസായാഹ്നവും
മാഞ്ഞുപോയി
എഴുതിമഷിയുണങ്ങി ചുരുങ്ങിയ
കടലാസുതാളുകളിലൊഴുകിപ്പോയി
ഒരു ചരിത്രരേഖ..
മറയിട്ട മൂടൽമഞ്ഞിനരികിലിരുന്ന്
ചുമരെഴുത്തുകളെ തൂത്തുമായ്ച്ചവിടെ
ചെമ്പകപ്പൂനിറത്തിലൊരു
വിരിയിട്ട് ഞാനുമെഴുതി
ജാലകവാതിലിനരികിൽ
മൺവിളക്കുമായ് സന്ധ്യയെത്തിയപ്പോൾ
ആകാശത്തിൽ
നക്ഷത്രപ്പൂക്കാലമായിരുന്നു....