Tuesday, April 10, 2012


മൊഴി

അകലെ കാണും ചക്രവാളത്തിൻ 
നിടിലത്തിലുറങ്ങും ത്രിനേത്രമേ
നിന്നെ ഞാനറിയുന്നു..
ഇരുളിൽ മറഞ്ഞോരു മിഴിയിൽ
പ്രകാശത്തെയുറക്കാൻ
ശ്രമിച്ചോരു കല്പനയത്
കരിയിലപോൽ 
കത്തിതീർന്ന  ഗ്രീഷ്മത്തിൻ
കഥയതിലെഴുതിപ്പൊലിപ്പിച്ച
കടപ്പാടുകൾ മാത്രം..


മൊഴിയിൽ വേനൽ മഴതുള്ളികൾ
മനസ്സിന്റെയൊരുകോണിലായ്
നേർത്ത   ശംഖിലെയോംങ്കാരങ്ങൾ 
മുകിൽതുമ്പിൽ നിന്നിറ്റുവീണൊരു
പുരാണത്തിനിടക്ക   കൊട്ടിപ്പാടിയെത്തിയ
കാലത്തിന്റയരികിൽ
ധ്വജമേറ്റിനിന്നൊരു  സർഗം
വ്യോമഗതിയിൽ നിറഞ്ഞോരു
മിഴാവിൻ ദ്രുതം, ദേവമൊഴിയിൽ
ബൃഹസ്പതിയെഴുതും വേദം
കരിന്തിരിയിൽ പടർന്നൊരു
സന്ധ്യതൻ  കണ്ണീർക്കണം...



അരികിൽ തപസ്സിലോ ശൈലശൃംഗങ്ങൾ
മരുന്നുരയ്ക്കും പ്രകൃതിയിൽ
മന്ത്രങ്ങൾ മായുന്നുവോ
ദിഗന്ധം സൂക്ഷിക്കുന്ന
മണ്ഡപങ്ങളിൽ പഴേയഴികൾ
ത്രിശൂലത്താഴുടച്ചുനീങ്ങുന്നുവോ
മറയിട്ടടച്ചൊരു ഹൃദയസ്പന്ദങ്ങളിൽ
മഴതുള്ളികൾ പൂർണ്ണസ്വരങ്ങൾ
തൂവുന്നുവോ?
മണൽചിറ്റുകൾ തുള്ളിയാർക്കുന്ന
തിരപ്പൂക്കളിറുത്തുമാറ്റീടുന്ന
ദീപുകൾ, ഭൂഖണ്ഡങ്ങൾ
എവിടെതുടങ്ങണമീയാത്ര
മഹായാനമതിലായ്
മുനമ്പിലെ ശാന്തിയോ
സങ്കർഷമോ..

മൊഴി


എവിടെയോ ദിനങ്ങളെ
ചേർത്തുചേർത്തടുക്കിയോരിടത്തിൽ
സംവൽസരമടർത്തും ഋതുക്കളിൽ
വിടരും വാടാമല്ലിപ്പൂവുകൾ
കാവ്യത്തിന്റെയിതളിൽ
തുളുമ്പുന്നു  മഴപോൽ; 
മഴതുമ്പിലൊഴുകിതുടുത്തൊരു
ഭൂമിപോൽ, പിന്നീടൊരു
വഴിയിലിലപൊഴിഞ്ഞൊരു
വൃക്ഷത്തിൻ കീഴിലൊഴിഞ്ഞുനീങ്ങും
പോയ കാലത്തിനൊലിപോലെ
ചിലമ്പും കിലുക്കിയങ്ങോടിയോരാൾക്കൂട്ടത്തിൻ
തിരക്കിൽ തൂവിപ്പോയ
തീർഥപാത്രങ്ങൾ പോലെ
മറഞ്ഞു പലതുമങ്ങരികിൽ
പക്ഷെ തീരെമറഞ്ഞുതീരുന്നില്ല
കാവ്യത്തിൻ നുറുങ്ങുകൾ


ഇവിടെ ഗ്രഹങ്ങളോ മിഴിനീർത്തുന്നു
ജീവഗ്രഹങ്ങൾക്കുള്ളിൽ
തേങ്ങും ദൈന്യത്തെയളക്കുവാൻ
അറിയാതൊരുദിനം ശിരസ്സിൽ
തടഞ്ഞൊരു വിധിരേഖയിൽ 
വീണ ചില്ലുപോലതിൽ
നിന്നുമുണർന്ന  സമുദ്രം പോൽ
സന്ധ്യപോൽ, 
സന്ധ്യയ്ക്കുള്ളിലുറങ്ങാൻ
മടിക്കുന്ന  നക്ഷത്രദീപങ്ങൾ പോൽ
ഹൃദയം സ്പന്ദിക്കുന്നു 
സ്പന്ദനലയത്തിന്റെയരികിൽ
ഭൂകാവ്യങ്ങളൊരുക്കും പ്രപഞ്ചവും
പ്രാചീനചരിത്രവും..
മനസ്സിന്നഴിക്കൂട്ടിലെത്ര സങ്കർഷം
പക്ഷെ വിരൽതുമ്പിലായ്
വിരിയുന്നതോ ചിത്രാംബരി..




ഹൃദ്സ്പന്ദനങ്ങൾ


ഏതതിരീരാജ്യഭൂവിനിന്നീ 
ചില്ലുകൂടുകൾക്കുള്ളിലും
സ്വർവാതിൽതുറന്നേറുന്നൊരീ
സ്വരമെത്ര    മനോഹരം
ആദിതൊട്ടേ 
രഥമേറ്റിയോരാധ്വജ
വേദിയിലിന്നു കാപട്യം
കുരുക്കിന്റെയോരോ നിഴൽപ്പാടിലും
തണൽതൂവിയോരാലും കരിഞ്ഞു,
കരിഞ്ഞ    ഋതുക്കൾ തൻ
തൂവലിൻ തുമ്പിലെ കാവ്യവും
മാഞ്ഞുപോയ്...


കാലമിന്നേറ്റുന്ന  രാജസൈന്യത്തിന്റെ
തേരുകൾ ഭൂമിയിൽ താഴുന്നുവോ 
കർണ്ണനോവിന്റെ കുണ്ഡലം
മങ്ങുന്നുവോ?
കാണുന്നുതിന്നു മുകിൽപ്പൊട്ടുകൾ
കാറ്റിലേറുന്നതോ ചന്ദനപ്പൂവുകൾ
ഏറും ഋണത്തിന്റെയാത്മരോഷങ്ങളിൽ
ചാതുർ യുഗത്തിൻ വിശേഷമുദ്ര
എത്ര മഷിതുള്ളികൾ ചേർത്തു
ചാലിച്ചതിപ്രപഞ്ചത്തിന്റെ
ഛായാദളം
കാണുവാൻ ഭംഗിയുണ്ടെങ്കിലും
കൈയ്ക്കുള്ളിലേറിനിൽക്കില്ലയതിൻ 
സുഗന്ധം...


തേജോമയം പകൽപ്പാളിയിൽ
തട്ടിയോരീയപരാഹ്നത്തിനാദിതാളം
ചില്ലുകൂട്ടിൽലയം മായുന്നുവോ
മുദ്രയെല്ലാമുടഞ്ഞു താഴ്ന്നീടുന്നുവോ
രാജ്യമൊന്നാകെതിരിഞ്ഞീടുമീയുരൽ
പാതകളെത്തുന്ന നീർമരുത്തിൽ
കാലം ശിരസ്സുതാഴ്ത്തുന്നു, 
വിരൽതുമ്പിലേറിയോരക്ഷരചിന്തുകളും,
 എത്ര തുലാഭാരമെത്ര ഭാരങ്ങളീ
കൃഷ്ണതുളസികൾ താങ്ങീടുന്നു...
എത്രനാളീരുദ്രതീർഥത്തിലെൻ 
മനസ്സെത്തിനിന്നു മഴതുള്ളിപോലെ..
എത്രനാൾ സങ്കീർത്തനം പാടി
രുദ്രാക്ഷമെത്രനാളെണ്ണി പ്രദോഷഭൂവിൽ
കത്തിയതെല്ലാം ത്രിനേത്രത്തിൽ വീണുപോയ്
അക്ഷരങ്ങൾ മിഴിക്കുള്ളിൽ
സമുദ്രമായ്...





Monday, April 9, 2012


ഹൃദ്സ്പന്ദനങ്ങൾ


വാനിലെ താരകളെൻ
മിഴിക്കുള്ളിലെ
ഗാനങ്ങളിൽ സ്വപ്നമാവുന്നു,
ചുറ്റിലെ  ലോകം
തിരിഞ്ഞു നീങ്ങും ദർപ്പണങ്ങളിൽ
കാണുന്നതോ മഷിതൂവിയചിത്രങ്ങൾ..


നേരിയമൂടൽമഞ്ഞും മാഞ്ഞു
പിന്നിലായേറും നിഴൽപ്പാടിലേതോ
തണൽ മരം..
ആകാശവും തുന്നിനീട്ടുന്നു
കല്പാന്തകാലങ്ങളിൽ
പ്രളയമേറ്റും യുഗങ്ങളെ..


മായും മരീചികക്കുള്ളിൽ
മയങ്ങിയോരാധികൾ
പോലും നിസ്സംഗം
പഴേദു:ഖ  നോവുകൾ പോലും
മറഞ്ഞു ചിതൽപ്പുറ്റിൽ
കാണുന്നിതിന്നിത്രമാത്രം
വിരൽതുമ്പിലൂറുന്ന
സർഗവും, സ്വർഗവാതിൽ
തുറന്നീഭൂവിലെത്തും
മനോഹരദൃശ്യവും..


കാലം കടഞ്ഞു 
പലേദിക്കുമെങ്കിലും
കാണുന്നുവീണ്ടും
പ്രഭാതദീപങ്ങളെ
ഊഴിയിൽ വീണതൊരിത്തിരി
ചന്ദനം
വേദനതന്നതൊരിത്തിരികണ്ണുനീർ
ഭൂമികൈയാലെയെടുത്തതൊരു കടൽ
താരകൾ തന്നതോ ദീപാവലി



Sunday, April 8, 2012


മുദ്ര


അരികിലിരുന്നു
മഹാസർഗബിന്ദുവിൽ
നെടുകയും കുറുകെയും
കോറിയോരിന്നുവന്നെഴുതുന്നു
ഭൂമിയിയ്ക്കിതേതു രോഷം
അരികിലെൻ ജാലകചില്ലുടച്ചോർ
പിന്നെയെരിയുന്ന
തീയ്ക്കെണ്ണയിറ്റിച്ചവർ
അവർ പറയുന്ന  മാഹാത്മ്യങ്ങളായിരം
ദയയോടെ കേൾക്കുവാനാവുന്നുമില്ലെന്റെ
ഹൃദയമിന്നത്ര കഠിനമല്ലെങ്കിലും
മറവിയിൽ മാഞ്ഞുതീരുന്നില്ല
മുറിവുകൾ..
പലനാളിലും പറഞ്ഞീവാതിലിൻ
താഴിലെഴുതിയൊട്ടിക്കേണ്ട
സൂക്തങ്ങൾ, പിന്നെയും
കുരുതിയ്ക്കൊരിത്തിരി
മൺ തരിതേടിയെൻ
പകലുമിരുട്ടിൽ പുതപ്പിച്ചു
നീങ്ങിയോരറിവിലിന്നൂറുന്നതേതു ദൈന്യം? 


അരികിലെ സന്ധ്യയ്ക്കശോകവർണ്ണം
നീണ്ട   നിഴലുകൾ മായ്ച്ചതനേകവർണ്ണം
കരിമുകിൽതുമ്പിൽ നിന്നിറ്റിറ്റുവീണതോ
കടലിനെ ചുറ്റിയ  കാലഭേദം
മിഴിയിലും, പിന്നെ മഴതുള്ളികൾ
വീണ  വഴീയിലും പവിഴമല്ലിപൂവുകൾ
കവിത തൂവുന്നസുഗന്ധവും
ഗ്രാമത്തെയറിയുന്ന  സോപാനഗാനങ്ങളും
ഇടവഴിയ്ക്കരികിൽ
മറഞ്ഞൊരാപുഴയുടെയിതളും
കരിഞ്ഞു, കരിഞ്ഞതുമ്പിൽ മണൽ
തരികൾ രചിച്ചു ദിനാന്ത്യകാവ്യം
ഒടുവിൽ ശേഷിച്ചു പുകഞ്ഞ
രാജ്യത്തിന്റെയിരുളിനെ മായ്ക്കും 
സ്വതന്ത്രമുദ്ര...




ഹൃദ്സ്പന്ദനങ്ങൾ


എത്രനിശ്ശബ്ദമിന്നെൻ
ഹൃദയസ്പന്ദങ്ങളെത്ര
മനോഹരമിന്നു സായന്തനം..
എത്രയോ ദൂരം നടന്നു
ദിക്കാലങ്ങളെത്തിനിൽക്കും
വ്യോമസീമയിൽ 
നിന്നുമൊരുത്തരം
തേടിയോരാർദ്രനക്ഷത്രത്തിനക്ഷരം
നിന്നു തിളങ്ങും മനസ്സിന്റെ
ചിത്രങ്ങൾ സൂക്ഷിക്കുമീ
കടൽശംഖുകളെത്ര 
കാവ്യങ്ങളെയുള്ളിലൊതുക്കുന്നു


എത്ര  പ്രദോക്ഷങ്ങളെത്ര
ത്രിസന്ധ്യകളെത്ര
വാനപ്രസ്ഥങ്ങളിന്നും
കുരുക്ഷേത്രമെത്തി നിൽക്കുന്നു
പ്രപഞ്ചരഥങ്ങളിൽ,
കത്തുന്നതഗ്നിയല്ലാധികളല്ലൊരു
ദിക്കിന്റെയസ്വസ്ഥഭാവങ്ങൾ
നേരിനെ വെട്ടിച്ചുരുക്കിയോരോർമ്മകളിൽ
ചുറ്റിയൊട്ടിനിൽക്കുന്ന  ത്രിനേത്രവും
ഭൂമിതന്നക്ഷപാത്രത്തിലെ
ശാകപത്രങ്ങളും...



എത്രവളർന്നു നഗരത്തിരക്കിന്റെ
ഭിത്തികൾപോലും ഭയാനകം
ജാലക ചിത്രങ്ങൾ 
പോലുമിന്നെത്രയോ നിർമ്മമം
കാലം മറച്ചു കുയിൽപ്പാട്ടുകൾ
വിരൽക്കോണിലോ
വീണ്ടും ഘനസ്വരങ്ങൾ

ആകെതണുത്തിരിക്കുന്നു
വിരൽതുമ്പിലോടിയ  നോവുമാ
നോവിന്റെയോർമ്മയും..
ആകെ മുറിഞ്ഞിരിക്കുന്നു
പതാകകളാരവം മാത്രം 
പുരാണത്തിലേറുന്നു..




സ്വരം


കാണാത്തതെല്ലാമസത്യം
മനക്കോണിലേറിയതെല്ലാം
മനസ്സിന്റെ സത്യങ്ങൾ..
ആകാശമെന്നേ
മറക്കുവാൻ ശീലിച്ചൊരാധികളോ
മേഘകാവ്യങ്ങൾ,
വേനലിൻ തീരങ്ങളിൽ
നിന്നകന്ന  മഴക്കാലഗ്രാമമോ
ഭൂമിതൻ സ്വപ്നസങ്കല്പങ്ങൾ
ഓർമ്മകൾ വീണുടഞ്ഞോരു
കടൽശംഖിലാധികളാകെ ദ്രവിച്ചു,
പകൽതുണ്ടിലേറി
പറക്കുന്നുവോ കനൽപ്പക്ഷികൾ..


കാണാത്തതെല്ലാമദൃശ്യം
അയഥാർഥവീചികൾ പോലെ
സുഷ്പ്തിലെ രൂപങ്ങൾ..
ആകെ നിറഞ്ഞുതുളുമ്പും
മഷിചെപ്പിലേറുന്ന്തിന്നും
ത്രികാലങ്ങളോ,
വേദകാലവും  ഭൂമിയും
മന്ത്രം മറന്നോരു
വേദിയിൽ നിൽക്കുന്നതേതു
പുരാണങ്ങൾ?


കാലമുടച്ച ശിലാഫലകങ്ങളിൽ
കാവ്യങ്ങൾ വീണ്ടും 
പുനർജനിക്കുന്നുവോ?
ആധിതീർത്തന്യായമേറ്റുന്ന
ചില്ലുടച്ചേറുന്നുവോ
രത്നസാഗരം
ഭൂമിതന്നേകതാരയ്ക്കുള്ളിലേറുന്നുവോ
സ്വരം..

Saturday, April 7, 2012


മൊഴി


കാരാഗൃഹങ്ങളിൽനിന്നും
മനസ്സിനെയാകാശമേറ്റി,
കടം കൊണ്ട   കർമ്മങ്ങളാകവെ
തീർന്നു; പുരാണങ്ങളിൽ
നിന്നുമായിരം വേദമന്ത്രങ്ങളും
പൂത്തുലഞ്ഞാകെമനോഹരമിന്നു
സർഗങ്ങളും


പോയ യുഗം വഴിയെന്നേയടച്ചതിൻ
വാതിലിലിന്നും മഹാകാലയാഗങ്ങൾ,
കേടുതീർന്നിന്നീധരിത്രിയിൽ
നിന്നുയർന്നേറും സമുദ്രത്തിനെത്രയോ
ഭാവങ്ങൾ..
കോലങ്ങളെല്ലാം മുഖം തേച്ച
ചായങ്ങളാകവേ വീണുനനഞ്ഞ 
ദലങ്ങളിൽ
വീണുടഞ്ഞെന്നേ നറും മുത്തുകൾ
ശംഖിലായിരം നാളിൽ
തപം ചെയ്ത   കാവ്യങ്ങൾ..


മേൽക്കൂരയും തകർന്നോടുകൾ
പൊട്ടിയോരോർമ്മകൾ
വീണ്ടും നിറയ്ക്കും
മഷിചെപ്പു, മാകെ
കരിഞ്ഞുപുകഞ്ഞു മണ്ണിൽ
മാഞ്ഞൊരേകലവ്യന്റെ
വിരൽതുമ്പുമസ്ത്രങ്ങളായിരം 
വീണു  മുറിഞ്ഞ   പതാകയും
നേർവഴിയെന്നേ ചുരുക്കീ
തിരക്കേറുമാധികൾ
കൈയേറി രാജപർവങ്ങളിൽ


എന്നേ നികന്നു ഋതുക്കൾ
നിളാതീരമെന്നേയശോകസ്തംഭങ്ങളും
മായിച്ചു
വന്നതെല്ലാം മഹായാഗകുണ്ഡത്തിന്റെ
കർണ്ണത്തിൽ വീണു പ്രപഞ്ചസത്യങ്ങളായ്
ഒന്നുമാത്രം ബാക്കിയായി പ്രഭാസത്തിലന്യോന്യമെയ്തുതീർന്നോരു മഹത്വങ്ങൾ 
അന്യോന്യമെയ്തുഹോമിച്ചോരു നേരുകൾ. 


ഏറുന്നുവോ കടലൊന്നായ്
പ്രദോഷങ്ങളേറ്റുന്നുവോ 
കൊടും ഹാലാഹലം ?
ഏറുന്നുവോ കടലൊന്നായ് 
പ്രളയമിന്നാരു കാണുന്നു
മഹാവിസ്മയങ്ങളെ
ഏറുന്നുവോ കടൽ വീണ്ടും
മൊഴിതുമ്പിലൂറുന്നുവോ 
മഴതുള്ളികൾ?

Friday, April 6, 2012


മൊഴി


മൊഴിയിൽ നിന്നൊഴുകിയാകാശമേറും
താരമിഴിയിലെ സ്വപ്നമേ
സന്ധ്യതന്നുള്ളിലെ കവിതയെ
കൈതൊട്ടുണർത്തിയാലും
കാവ്യമൊഴുകും
കടൽശംഖിനുള്ളിൽ നിന്നും
കടൽത്തിരകളെയാറ്റിക്കുറുക്കിയാലും


പലവഴിക്കുള്ളിൽ ഋണം തീർത്തു 
നീങ്ങിയോരരുവിയും വറ്റീ,
മണൽത്തിട്ടിലായ്  കാലരഥവും
പതാകൾ താഴ്ത്തി, 
മഷിപ്പാടിലൊഴുകിനീങ്ങും
ലോകകുതുകവും മങ്ങി
നിഴൽപ്പാടിലുള്ളിലായ്   
പകലിന്റെ കാവ്യസങ്കല്പവും
വീണുടഞ്ഞതിനുള്ളിലായ് 
 മങ്ങിയാദിസത്യങ്ങളും..


അരികിൽ നിശ്ശബ്ദം ചലിക്കുന്നു
രാജ്യത്തിനതിരു കാക്കും  സൈന്യസേനകൾ
പിന്നെയോ മുറിവുകൾ തുന്നി പുതുക്കി
പഴേ ചിത്രമതിലിലായ്  തൂക്കി
തടം കൂട്ടിയിട്ടോരു നിഴലതിൽ
മായ്ച്ചോരു  
നിർണ്ണയക്കൂടിന്റെയഴികളിൽ 
വിങ്ങുന്നു നിത്യയാഥാർഥ്യവും


വിരലിൽതുടക്കം, മടക്കം, 
പുനർ ജന്മകഥകളിലമൃതുതൂവും 
മഴതുള്ളികൾ..
അറിയാതെയെന്നോ
മൊഴിതുമ്പിലേറ്റിയോരറിവിന്റെ
വാനമഹാപ്രസ്ഥകാവ്യവും
ഇവിടെയീ കൽ മണ്ഡപത്തിന്റെ
തൂണുകൾക്കരികിലിരുന്നുകാണും
കടൽത്തീരവും
കണിവയ്ക്കുവാൻ ചൈത്രമുകിലുകൾ
മായ്ക്കാത്തൊരുണർവിന്റയാകാശ
സങ്കല്പവും ചേർന്നു 
മിഴിയിലേക്കൊഴുകുന്നു വീണ്ടും
പ്രഭാതത്തിനഴിയാത്ത   പൂർവപ്രകാശം 
പകൽതുമ്പിലൊഴുകുന്നു 
വീണ്ടും പ്രപഞ്ചസ്വരങ്ങളും...







Wednesday, February 29, 2012

പവിഴമല്ലിപ്പൂവുകൾ


വേനൽ തീയിലേയ്ക്കിട്ട
കാവ്യങ്ങൾ
കരിഞ്ഞുചാരമായപ്പോൾ
കാലരഥമതിലോടിയ
മുദ്ര കാണാനായി
വീണ്ടുമൊരു മഴക്കാലത്തിൽ
അവിടെ തളിരിട്ടു
പവിഴമല്ലികൾ


നെരിപ്പോടുകൾ പുകയ്ക്കും
മഷിതുള്ളികൾക്കരികിൽ
മഴതുള്ളിക്കവിതകളുണർന്നു


ദൈന്യങ്ങളതിരിട്ട
മുള്ളുകമ്പികളിലുടക്കിക്കീറിയ
മരതകച്ചേലയിൽ
നക്ഷത്രങ്ങൾതുന്നിചേർത്തു
സ്വർണ്ണപ്പൊട്ടുകൾ


മിനുക്കിതേച്ച ഓട്ടുവിളക്കിൽ
എണ്ണതിരിയുണരുമ്പോൾ
സന്ധ്യയെഴുതി
രുദ്രാക്ഷങ്ങളിലെ കവിത


ആകാശം നീർത്തിയിട്ട
വിതാനത്തിനരികിൽ
അരുളപ്പാടുകൾ കേട്ടുമതിവന്ന
ആർദ്രനക്ഷത്രം മിഴിയിലേക്കിട്ട്
ഒരു കാവ്യചിന്ത്


പതാകൾക്കരികിൽ
അതിരുകൾ പണിത
മതിലുകൾ പണിത
ആകുലതകൾ
ലോകമായ് മാറി


പവിഴമല്ലിപ്പൂവുകൾക്കരികിൽ
തിരക്കില്ലാത്ത
ഏകതാരയിലെ
ഹൃദ്യമാമൊരു സ്വരം
ഹൃദ്സ്പന്ദനത്തിലലിഞ്ഞു..