Sunday, May 30, 2010

മഴ പെയ്യുന്ന രാത്രിയിൽ
ഉറങ്ങിപ്പോയ വേനൽപക്ഷികൾ
ഉപേഷിച്ചുപോയ ചിറകുകളിൽ
മധ്യവേനലവധി പറന്നകലുമ്പോൾ
മിന്നുന്ന വൈദ്യുതിദീപങ്ങൾക്കരികിൽ
ചെമ്മൺപാതയിൽ നിന്നും
മഴയിലൊഴുകിപ്പോയ മൺതരികളുമായ്
ആൽത്തറയിലെ പ്രദക്ഷിണവഴിയ്ക്കപ്പുറം
ആറ്റുവക്കിൽ വഞ്ചി കാത്തിരുന്ന
ദ്വീപായി മാറി ഗ്രാമം

Thursday, May 27, 2010

ഒരു ചെറിയ സ്വപ്നം
നിഴൽ വീണ ഇടവഴിയും കടന്നു
ആൽത്തറയിലെ കൽവിളക്കിൽ
നിറഞ്ഞു കത്തിയ സായാഹ്നത്തിൽ
കടലിൽ മാഞ്ഞ എഴുത്തുമഷിപൂണ്ട
അനേകം കടലാസ്സുതാളുകളിൽ
വാക്കുകളുടെ അർഥംതേടി
അനർഥമെഴുതുന്ന തിരകളെകണ്ട്
കടൽത്തീരതിരകളും
ചക്രവാളവും കടന്നു
നക്ഷത്രമിഴിയിലൊളിച്ചു
സമുദ്രം ശംഖുമുഖമായിമാറുമ്പോൾ
മണലിൽ തിരകൾ വാരിയെറിഞ്ഞ
മുത്തുചിപ്പികൾക്കുള്ളിൽ
സമുദ്രം അലയിടുന്ന ഇരമ്പം
ആൾക്കുട്ടത്തിന്റെ ആരവങ്ങളിൽ
നിന്നകലെ ഉണരുന്ന
ശുചീന്ദ്രത്തിലെ ഓട്ടുവിളക്കുകൾക്കരികിൽ
കൽമണ്ഡപത്തിൽ
തപസ്സിരിയ്ക്കുന്ന ഭൂമി.
മേഘമൽഹാർ പാടുന്ന
മുകിലിൻ തുമ്പത്ത്
മഴ  മറഞ്ഞിരിയ്ക്കുന്നതു കൺടു.
ഉഷപൂജയ്ക്ക് നടയടയ്ക്കുമ്പോൾ
ശംഖുമുഖത്തെ സമുദ്രം
ഇടയ്ക്കയിൽ ശ്രുതിയിട്ടു പാടി
അജിതഹരേ ജയ മാധവ കൃഷ്ണാ....

Wednesday, May 26, 2010

നിലാവൊഴുകുന്ന കാളിന്ദിയ്ക്കരികിൽ
ഞാൻ വന്നിരുന്നു
ഒരു കടമ്പിന്നരികിൽ.
പുൽമേടും കടന്നുവന്ന കാറ്റ്
ഒളിയമ്പെയ്യുന്ന കാർമേഘങ്ങളെ
കാട്ടിതന്നു  കാളിന്ദിയിലെ
ഓളങ്ങളിലൊഴുകി
ദിനാന്ത്യത്തോളം..
പിന്നെ ഞാനുറങ്ങിപ്പോയി
അന്നു കണ്ട സ്വപ്നത്തിൽ
തേരിൽ സാരഥിയായി നീ വന്നു
അവർ പറയുന്നു
ഈ ഭൂമി ഒരു ചെറിയ സേനാനി
മാത്രം എന്ന്
തേരാളിയായി നീ ചിരിയ്ക്കുന്നു
നിലാവൊഴുകും പോൽ

Tuesday, May 25, 2010

നിറയെപൂവിട്ട അശോമരത്തണലിൽ
വന്നു കാതിൽ സ്വകാര്യം പറഞ്ഞ കാറ്റിൽ
അന്നുണർന്ന പ്രഭാതത്തിന്റെ
അപരിചതത്വമുണ്ടായിരുന്നു
എവിടെയോ മുഖം മറന്ന ഒരു
സത്യാന്വേഷിയുടെ സങ്കർഷങ്ങളുടെ
എഴുതിതീരാത്ത,
വാക്കിലൊതുക്കാനാവാത്ത
ദുര്യോഗത്തിന്റെ ഒരധ്യായവും
പെയ്തൊഴിയുന്ന മഴയുടെ
നിലയ്ക്കാത്ത സംഗീതവും..

Monday, May 24, 2010

കർമയോഗത്തിനവസാനം
ആത്മസംയമനയോഗം തേടിയ
കടലിന്റെ നിഗൂഢത തേടിയലയുന്ന
 ഒരു തിരയോട് കടൽ പറഞ്ഞു
പണ്ട് നർമദാതീരത്തെ 
അശ്വമേധയാഗശാലയിലേയ്ക്ക്പോയ
അക്ഷമാലയും, ദണ്ഡും, കമണ്ഡലുവും
കൃഷ്ണാജിനവും ധരിച്ച
ഒരു ബാല്യത്തിനടുത്താണീ കടൽ
അതു കേട്ട് തിരകൾ വിശ്വാസമാവാതെ
ഉൾക്കടലിൽ നിന്നുയർന്നു
തീരത്തോട് ചോദിച്ചു
ഈ കടലിനുള്ളിലെന്തെന്നറിയുമോ?
തീരം പറഞ്ഞു
ചക്രവാളത്തിനപ്പുറമുള്ള
അനന്തതയിൽ എവിടെയോ
കടലിന്റെ രഹസ്യമുറങ്ങുന്നു..

Saturday, May 22, 2010

ഒരു വഴിയുടെ ദിശ മാറിയ
രൂപരേഖയിലുടഞ്ഞ്
മഞ്ഞുമൂടിയശൈത്യകാലത്തിലൂടെ
തുടികൊട്ടിപ്പോയ തീവ്രവാദികളുടെ
ഗുഹാമൗനങ്ങളിലെ നിഗൂഡതയിൽ വീണ
നിരാലംബരുടെ നിസ്സഹായതയായി
എത്രയോ ദിനരാത്രങ്ങൾ.
ആകാശപ്പക്ഷികളിൽ നിന്നു
തീക്കടൽ കടന്ന് പറന്നകന്ന
ആത്മനൊമ്പരങ്ങളിൽ
കാലം കൈയേറിയ എത്രയോ
വിധിരേഖകൾ.
അവിടെയുമിവിടെയും വീണ
അക്ഷരക്കൂട്ടങ്ങളിൽ നിന്നും
പ്രഭാതത്തിൽ എന്റെ ചെറിയ ശംഖിൽ
പ്രശാന്തിയുടെ ഓടക്കുഴലിൽ
സമുദ്രമേ നീയുണരുക...

Friday, May 21, 2010

ഭൂമിയെ പ്രണയിച്ചു
ശൂന്യാകാശപേടകത്തിലാക്കി
നിസ്സംഗതയുടെ നിർവചനം പോലെ
നിൽക്കുന്ന തടാകമേ
നിന്റെയുള്ളിലെ കറുത്ത നിറമുള്ള
ആ ചെറിയ ബിന്ദു വലുതായി
വരുന്ന പ്രഭാതങ്ങളിൽ
എന്റെ സമുദ്രം നിന്നോട് പറയുന്നു
പ്രണയം ഒരു പുഴ പോലെ ഒഴുകി
കടലിലെത്തുമ്പോൾ
ആ കറുത്ത ബിന്ദുക്കളെ
മായിച്ചു കളയുക
ഈ ലോകത്തുള്ള എല്ലാവരെയും
പ്രണയിക്കുന്ന ഗിരിശൃംഗമേ
മഞ്ഞുമലകളിൽ നിന്നു ആ പുഴയോട് പറയുക
ഒഴുകുന്ന ജലത്തിലെങ്കിലും
അല്പം സുതാര്യത സൂക്ഷിയ്ക്കുവാൻ
കുന്നിൻമുകളിൽ നിന്നു 
കാറ്റിൻ ചിറകിലേറിവന്ന
കാർമേഘത്തിന്റെ ഉടഞ്ഞുപോയ
ഒരു തുണ്ടിൽ ഒരു ചെറിയ കവിതയുടെ
കുറെ വരികളുണ്ടായിരുന്നു.
കുറെ മഴത്തുള്ളികളും...
മേഘമുടഞ്ഞ വിടവിലൂടെ വന്ന സൂര്യൻ
ഇടയ്ക്കിടെ ആകാശഗോപുരത്തിൽ
അഗ്നി പൂക്കുന്ന മനസ്സിൽ
അലങ്കോലപ്പെട്ട ഒരു പകലിൽ
പെയ്തുവീണ മഴതുള്ളികളെ ശപിച്ച്
ഭൂമിയെ ഒന്നും ചെയ്യാനാവാത്ത
ദേഷ്യം ഉള്ളിലൊതുക്കി
മെല്ലെ സായഹ്നവും കടന്ന്
അസ്തമയചക്രവാളത്തിലൊളിച്ചു

Tuesday, May 18, 2010

ആകാശത്തിനരികിൽ
കാർമേഘങ്ങൾ ഇരുട്ടിയ സന്ധ്യയിൽ
വിളക്ക് വയക്കാൻഇടം തേടി നടന്ന
നക്ഷത്രങ്ങൾ ഹിമാലയത്തിന്റെ
മഞ്ഞുമലകളിലെ ഹിമകണങ്ങളിൽ
മഴത്തുള്ളികൾവീഴുന്നതു കൺട്
ഉറങ്ങിപ്പോയി
മെയമാസപ്പൂക്കളിൽ നിറഞ്ഞ
രാത്രിമഴയിൽ
മങ്ങിയ ചക്രവാളത്തിനരികിൽ
മൂടിക്കെട്ടിയ മുഖവുമായ് വന്നു സൂര്യൻ
കാറ്റിലുലഞ്ഞു വീണ വാകപ്പൂക്കൾ നിറഞ്ഞ
പാതയോരത്ത് പകച്ചു നിന്ന
പകലിന്റെയരികിൽ
മഴമേഘങ്ങൾ പഴയ കഥയുടെ
ആമുഖവുമായ് വന്നപ്പോൾ
അഴികൾക്കിടയിലൂടെ നക്ഷത്രമിഴിയിൽ
ചിരിയുണരുന്നതുകണ്ടു.