Wednesday, June 30, 2010

നിറങ്ങളെല്ലാം തൂവൽത്തുമ്പിലായ്
മൃദുസ്പർശമെഴുതും ചിത്രങ്ങൾ
പോലുണരും വസന്തത്തിൻ
ചിറകിൽ സ്പന്ദിയ്ക്കുന്ന
പുലർകാലത്തിൻ ശംഖിൽ
മറഞ്ഞിരിയ്ക്കും
മൗനമുടയ്ക്കും പ്രണവമായ്,
സോപാനത്തിനരികിൽ
കൽത്തൂണിലായ്
സാലഭഞ്ജികൾ കൈയിലേറ്റുന്ന
കൽവിളക്കിൽ
തിരിയിട്ടുണരുന്ന പ്രപഞ്ചം
ശ്രീഗോപുരനടയിലിരുന്നാദ്യമെഴുതും
സങ്കീർത്തനവചനം
വസന്താഭയുണർത്തും
മന്ത്രാക്ഷരമതിലായുണരുമെൻ
ഹൃദയം സപ്തസ്വരസംഗമം
സമാഗമം
പുരാവൃത്തമെഴുതിയാർദ്രഭാവം
നഷടമായ മനസ്സിൽ
നാരായത്തിൻ മുന
വീണുണങ്ങാത്ത മുറിവിൽ
സഞ്ജീവനി മന്ത്രം ചൊല്ലി
മഴയെത്തുമ്പോൾ
മൗനവചനം മറക്കുന്ന
കടലായിരുന്നു ഞാൻ
കൈകളിൽ മുത്തുച്ചിപ്പിയുറക്കും
കടലിനെയുണർത്താൻ
തുടിയിടും ഇടക്കതേടിപ്പോയ
ശ്രുതിയായിരുന്നു ഞാൻ
പുരാവൃത്തങ്ങൾ തകർത്തൊരു
മാളികമുകളിലെ
കത്തുന്ന വിളക്കിലെ ജ്വാലയിൽ നിന്നും
കൈയിലിത്തിരി വെളിച്ചത്തെ
കടമായെടുത്തുവിൺചെപ്പിലായൊളിപ്പിച്ച
താരയായിരുന്നു ഞാൻ..



ഇരുട്ടിൽ മുങ്ങിത്തപ്പും
സൂര്യനെ കാൺകെ
താരാപഥത്തിൽ കൺചിമ്മിയ
നക്ഷത്രമിഴികളിൽ
ഗ്രഹങ്ങൾ നൃത്തം
നിർത്തിയുപഗ്രഹങ്ങൾ
ജീവവചനം തേടിമെല്ലെ
നടന്നു; വഴിയിലെ
കൂരിരുട്ടിന്റെ കുന്നിൻ മുകളിൽ
നിന്നും ജീവ തേജസ്സായുണരുന്ന
ഭൂമിയെ കണ്ണിൽ കണ്ടൂ
ഇരുളിൻ നിമിഷങ്ങളെണ്ണിയന്നവർ
സൂര്യനിരുളിൽ മുങ്ങും താരാപഥത്തിന്നരികിൽ
വന്നെഴുതീയിന്നു സൂര്യഗ്രഹണം
നിലാവിന്റെ നിറവിൽ സൂര്യൻ
മാഞ്ഞു മറയും പുലർകാലം
അകലെയാകാശത്തിലുലഞ്ഞ
കാർമേഘങ്ങൾ
മഴവില്ലുകൾ    മായ്ച്ചു
സമുദ്രമൊഴുകിയവഴിയിൽ
വന്നുനിന്നു പറഞ്ഞു
സൗരയൂഥഭ്രമണവഴികളിൽ
സമയമൊരു മഷിക്കുപ്പിയിൽ
കാലത്തിന്റെ
ഗമനതാളങ്ങളെ വികലമാക്കീടുന്ന
വഴിയാണിതു, ഭൂമി ചലിയ്ക്കും
വഴികളിൽ മുൾപാകി, മുറിയുന്ന
വിരൽത്തുമ്പിലെ രക്തമിറ്റിച്ചു
വർത്തമാനക്കടലാസിലായ്
തീർത്തകഥകൾവിറ്റുകൂട്ടിയൊടുവിൽ
കാലത്തിന്റെ ശംഖിലെയദ്വൈതത്തിൻ
വേരുകൾ നഷ്ടപ്പെട്ടു
രുദ്രാക്ഷമെണ്ണി തീരഭൂമിയിൽ
സമയവുമൊടുങ്ങം വഴി.....

Tuesday, June 29, 2010

ഞാനുണർന്നതും
പിന്നെയായിരം ദീപങ്ങളിൽ
തേജസ്സിൻസ്വപ്നങ്ങളായ്
പൂക്കാലം വിടർന്നതും
ഓട്ടുരുളിയിൽ ബാല്യം
അക്ഷരങ്ങളായുണർന്നേറ്റെതിരേറ്റ
നവരാത്രിയിൽ
സരസ്വതിയുണർന്നുനാവിൽ
പുണ്യമെഴുതും പുലർകാലമണലിൽ
മണൽത്തട്ടിലിരുന്നു
ദൂരെ മന്ത്രവീണയിലുണരുന്ന
സ്വരങ്ങൾ തേടി
ശിലാസ്തൂപങ്ങൾ നീട്ടും
പ്രതിധ്വനികൾക്കുള്ളിൽ
വാക്കായുണരും
കടൽ തേടിയൊഴുകി ഞാനും
പിന്നെയന്നിലെ സ്വപ്നങ്ങളും
ഇരുളിൻ ഗുഹയിലൂടെന്നുമൊഴുകിയ
പുഴയായിരുന്നത്
കടലിനെ കാണാതെ
കടലിനെയറിയാതെ
മരുഭൂമിയിൽ മണൽച്ചൂടുകാറ്റിൽ
വറ്റിയെവിടെയോ ലക്ഷ്യം മറന്ന പുഴ
തെളിയുന്ന ഹരിതാഭാമാം തീരഭംഗിയെ
മുഖപടത്തിന്നുള്ളിലാക്കിചുഴികളിൽ
പ്രകൃതിയെ ചുറ്റിവരിഞ്ഞുകെട്ടി
താഴ്ന്നു ഭ്രമണഗതിയാകെ
തകർന്നുകണ്ണീർ തൂകി വഴിയിലാ
ഭൂമിയെ ചേറിൽപുതപ്പിച്ചു
എവിടെയോ പോയി മറഞ്ഞെങ്കിലും
ദൈവവചനം മറന്നാത്മശാന്തിയില്ലാതെയാ
മരുഭൂമിയിൽമണൽക്കാട്ടിൽവീണൊടുവിലൊരു
ശിലയിൽ മൗനമായ് മാറിയപുഴ....

Monday, June 28, 2010

ഇനിനടക്കാം മെല്ലെ
സത്യമുറങ്ങും   വഴിയിലഗ്നി-
കണങ്ങൾ നെയ്യും  
സ്വർണ്ണനൂലുകൾ
നിലാവിന്റെ മുത്തുകൾ
കൈയിലേറ്റി
ചെമ്പകപൂവിൽ
നൃത്തമാടുന്ന നിഴലിനെ
കടഞ്ഞ്; ഹോമാഗ്നിയിൽ
കത്തിയാളിയ പുകയൊതുക്കി
നടക്കാം മെല്ലെ
സത്യമുറങ്ങും വഴിയിൽ
നൈശ്രേയസമുണർത്തും
നിലാവിന്റെ പൂവുകൾതേടി
മെല്ലെ നടക്കാമുറങ്ങാത്ത
ചക്രവാളത്തിൽ
കടലുറങ്ങാതിരിക്കുന്ന
നിലാവിൻവഴിയിലായ്
എഴുതാനിനിയും
ബാക്കിയുണ്ടാകാശത്തിൻ
അനന്തവ്യാപ്തി തേടിയുണരും
വിരൽത്തുമ്പിൽ
നിലവറയിൽ സൂക്ഷിക്കുന്ന
ഭദ്രദീപങ്ങൾ സാക്ഷിയെഴുതും
വർത്തമാനകാലത്തിൻ
സങ്കൽപ്പങ്ങൾ
എഴുതി മായിക്കുവാൻ
വരുന്ന കാലത്തിന്റെ
കറുത്തനിഴലുകൾ
മഴവീണുലയുമ്പോൾ
വഴിയിൽ സമയമാനാഴികമണിക്കുള്ളിൽ
തിരയുന്നെന്നും ഭൂതകാലത്തിൻ
മുൾപ്പാടുകൾ
എഴുതാമെഴുതിയാ താളിയോലകൾ
നിലവറകൾ നിറയ്ക്കെട്ടെ
ഭദ്രദീപങ്ങൾ നിറതിരിയാൽ
കത്തിയാളിപ്പടർന്നു ജ്വലിക്കട്ടെ

Sunday, June 27, 2010

എനിയ്ക്കായ് തുടികൊട്ടിയുണർന്ന
പ്രഭാതമേ!
നിന്റെ വിളക്കിൽ
തെളിയുന്ന ജ്വാലയിൽ
പ്രദീപ്തമാം മനസ്സിൽ
ഞാനെൻപ്രിയസ്വപ്നങ്ങളെഴുതട്ടെ
ഉറങ്ങിക്കിടക്കുന്നവാനിലെ
നക്ഷത്രങ്ങൾ മിഴിയിലൊളിപ്പിക്കും
ദീപങ്ങളെല്ലാംചേർന്നെൻ
ഹൃദയം ദീപാവലിവിളക്കായ്
തെളിയുമ്പോൾ
  അരികിൽ വന്നു മാമ്പൂമണക്കും
 കാറ്റിൽ  തൊട്ടു നടന്ന ബാല്യം
  ചെമ്മൺപാതയും കടന്നാറ്റുവക്കിലെ
 പുൽനാമ്പിന്റെ     നനുത്തകുളിരുമായ്
പർവതശിഖരത്തിനരികിൽ
നിന്നും മഴവില്ലുകൾ പൂക്കും
വ്യാപ്തവ്യോമഗോപുരങ്ങളിൽ
ഉണരുംപ്രഭാതത്തിൻ
ദീപങ്ങൾ കൈയിലേറ്റി
വരുമ്പോൾ
കടലുണർത്തും
സപ്തസ്വരത്തിൽ,
ഓംങ്കാരത്തിലുണരാൻ 
നക്ഷത്രമിഴിയിലെ
സ്വപ്നമായ് വിടരുവാൻ
എനിയ്ക്കായ് തുടികൊട്ടിയുണർന്ന
പ്രഭാതമേ!
നിനക്കായ് ഞാനിന്നൊരു
വിളക്ക് തെളിക്കട്ടെ
ഒരുനാൾ കടലിന്റെയുള്ളിലെ
കടൽ തേടിയൊഴുകീയൊരുപുഴ
മലയോരങ്ങൾ താണ്ടി
കാട്ടുചോലയിൽമുങ്ങി
തപസ്സു ചെയ്തു
ഭൂമിയതുകണ്ടമ്പരന്നു
ഭ്രമണതാളങ്ങളെ
കടലിന്നേകി പിന്നെ
കടലിൽ മുങ്ങിത്തേടിയലയും
പുഴയോടായ് പറഞ്ഞൂ
പാഴാക്കുന്നജന്മത്തിൻ മൂല്യം
വൃഥായെഴുതിവിൽക്കും
തീരമണലിൻ തിരകൾക്ക്
കാണുവാനാവാത്തൊരീകടൽ
ഭൂമികൈയാലെടുത്ത കടലതു
കണ്ടുകണ്ടൊഴുകുക..