Thursday, August 19, 2010

അമൃതധാര

അനന്തമായ ആകാശത്തിനപ്പുറം
ഏതോ ലോകത്തിൽ
നിന്നൊഴുകിയ
പ്രകാശത്തിന്റെ ഒരു തിരിനാളം
തേടി നടന്ന പാഥയോരത്ത്
ഇടറി വീണ പകൽ
ത്രിസന്ധ്യയിലുണർത്തിയ
നാമമന്ത്രങ്ങളിൽ
പുനർജനിച്ച
മനസ്സേ
ആത്മാവിന്റെ സ്വരങ്ങളിൽ
നിറഞ്ഞ അമൃതധാരയിൽ
ആനന്ദാമൃതവർഷിണി പാടുന്ന
സാഗരത്തിനരികിൽ
നീ വീണയുമായ് വരുക...
മഴതുള്ളികൾ

എഴുതിയെഴുതി മാഞ്ഞുതുടങ്ങിയ
മഷിതുള്ളികളിലൊതുക്കാനാവാത്ത
ഒരു വാക്കിന്റെ അർഥം തേടിയ
തിരകളുലച്ച തീരങ്ങളിൽ
അർഥരഹിതമായ മൗനം
ശിരോലിഹിതങ്ങളിൽ
മുറിവേൽപ്പിക്കുമ്പോൾ
മഴതുള്ളികളുടെ നനുത്ത
കുളിരിലുണർന്ന ഭൂമി
ഒരു സ്വാന്തനമായ്
എന്നിലൊഴുകി
ശിലകളിൽ മരവിച്ച
അന്തരാത്മാവിന്റെ
ഭാഷയെഴുതിയ ചക്രവാളം
എല്ലാറ്റിനും സാക്ഷിയായ് നിന്നു..

Wednesday, August 18, 2010

യാത്രാപഥങ്ങൾ

ഇടറി വീണ നിമിഷങ്ങളിൽ
മാഞ്ഞു പോയ ശൈത്യകാലത്തിന്റെ
ഓർമയിലുറങ്ങിയ മഞ്ഞുതുള്ളികളിലൂടെ
മുന്നോട്ടു നീങ്ങിയ ഭൂമിയുടെ
വിഭജനാതീതമായ
യാത്രാപഥങ്ങളുണർത്തിയ
സ്വർണ്ണമകുടങ്ങളിലെ
പനിനീർമഴതുള്ളികളിൽ
മായാതെനിന്ന മനസ്സിലെ പ്രകാശമേ
ഗ്രാമം ശ്രീകോവിലിനരികിൽ
ഓട്ടുവിളക്കിൽ നീട്ടിയ
ആ പ്രകാശരശ്മികൾ
കരിന്തിരിയിലണയാതെ
കാത്തുസൂക്ഷിച്ച സോപാനങ്ങളിൽ
ഇടയ്ക്കയുമായ് വന്ന പുലർകാലം
പാടിയുണർത്തിയ
ജയദേവകൃതികൾ
കൈയിലേറ്റി നിന്ന കടലേ
നീ തുടിയിടുക
ഭൂമിയുടെ യാത്രാപഥങ്ങളിൽ...
മുത്തുചിപ്പികൾ

ആഴക്കടലിന്റെ ഉൾവിളികൾ
നിറഞ്ഞ സംഗീതമുറങ്ങുന്ന
മുത്തുചിപ്പികൾ
ചെറിയ നൗകയിലാക്കി
മെല്ലെയൊഴുകിയ കാറ്റിനരികിൽ
ഉപദ്വീപിന്റെ ഒരു തുണ്ടു ഭൂമി
എന്റെയരികിൽ നീട്ടിയ
സംസ്കൃതിയിൽ
ഞാനെഴുതിയ മണൽത്തീരങ്ങളിൽ
നിന്നുണർന്നു വന്ന നിലാപ്പൂക്കളിൽ
ആവണിപ്പാടങ്ങൾ കസവു തൂവുമ്പോൾ
പൂവ് തേടി നടന്ന ഗ്രാമം
ഒരു ചെറിയ വലിയ ലോകമായി
മുത്തുചിപ്പികളിൽ നിന്നുണർന്ന
കടലിന്റെ ഉൾവിളിപോലെ
എന്റെയരികിലുണർന്നുവന്നു..

Tuesday, August 17, 2010

സാഗരസ്പന്ദനങ്ങൾ

എഴുതിമാറ്റാനാവാത്ത
ഒരു കഥയുടെ മഷിതുള്ളികൾ
പേറുന്ന കാലം കടലാസു തുണ്ടുകളിൽ
എഴുതി നീട്ടുന്ന ആത്മാവു നഷ്ടപ്പെട്ട
മനസ്സുകളിൽ
ഇനിയും മരിക്കാത്ത സ്വരങ്ങൾ
പാടാനൊരുങ്ങുന്ന സാഗരമേ
നിന്റെയുള്ളിലെ അഗ്നിയിൽ
എണ്ണക്കുടങ്ങളായ് വന്നുവീഴുന്ന
മഷിതുള്ളികളെ
ഒരു തൂവൽസ്പർശത്തിലൊതുക്കി
കാവ്യാത്മകമായ ഭൂമിയുടെ
കടൽത്തീരങ്ങളിലിരുന്ന്
സ്വപ്നങ്ങളുമായ് വരുന്ന
കടൽചിപ്പികളുടെ
ഹൃദ്സ്പന്ദനമാകുന്ന
വാക്കുകളിലൊഴുക്കുമ്പോൾ
അഗ്നിതണുക്കുന്ന എന്റെ ഹൃദയത്തിന്റെ
സ്വരങ്ങളുടെ ശ്രുതിയായ
സാഗരമേ നീയെന്നയുൾക്കൊള്ളുക
പ്രദക്ഷിണവഴികൾ


ഭൂമിയുടെ ഉള്ളറകളിലെന്തന്നറിയാതെ
പുറമെയുള്ള മൺതരികളിൽ
മുൾവേലികൾ പണിത്
യുദ്ധം ചെയ്തവർ
കിട്ടിയ തുണ്ടു ഭൂമികളെ
കൈയിലേറ്റി ഒരോ വഴിയിലായി
കടന്നുപോയി
അവരുടെ ഇടുങ്ങിയ മനസ്സിലെ
ഇടനാഴികളിൽ ചുരുങ്ങാത്ത ഭൂമി
എന്നെ തേടി പ്രദക്ഷിണവഴിയിൽ
കാത്തു നിൽക്കുമ്പോൾ
സായന്തനത്തിന്റെ നിറങ്ങളുള്ള
പൂക്കളുമായ് ചക്രവാളമെഴുതിയ
ആകാശചിത്രങ്ങൾ പോൽ
എന്റെ സ്വപ്നങ്ങൾ
നക്ഷത്രമിഴികളിൽ
കവിത തേടി നടന്നു

Monday, August 16, 2010

സാഗരസ്പന്ദനങ്ങൾ




മഹാപ്രവാഹങ്ങളുടെ
സംഗമശീതളിമയിലുണരുന്ന
മുനമ്പിലെ സാഗരമേ
നിന്റെയുള്ളിലെ ഹൃദ്സ്പന്ദനങ്ങളിൽ
ഒരു കടലും ഒരുൾക്കടലും
സംയമിക്കുമ്പോൾ
ധ്യാനനിരതമായ
കാവിധരിച്ച ഒരു മനസ്സിലെ
അഗ്നിസ്ഫുലിംഗങ്ങളിൽ
പ്രഭാതങ്ങൾ തിരിവച്ചുണരുമ്പോൾ
എന്റെ ഹൃദ്സ്പന്ദനമായി
മാറുന്ന സംഗമസ്ഥാനമേ
നിന്റെ മണൽത്തീരങ്ങളിലിരുന്ന്
ഉദയാസ്തമയങ്ങളെഴുതുന്ന
ചക്രവാളത്തിന്റെ
കമനീയ വിതാനങ്ങളിൽ
കവിതപോലെ വന്നൊഴുകുന്ന
കടലുകളെ കൈയേറ്റി നിൽക്കുന്ന
സാഗരമേ
നിന്നെ തേടി ഞാനെത്രയോ
പ്രദക്ഷിണവഴികളിൽ
ഭൂമിയോടൊപ്പം നടന്നിരിക്കുന്നു
നീയെന്നിലുമുണരുക
മഹാപ്രഹാമായ് ....
മഴതുള്ളികൾ

 കാലത്തിനരികിൽ
ഉടഞ്ഞുവീണ
കാർമേഘങ്ങളിലെ
ജലകണങ്ങൾ വറ്റിയ
ഗ്രീഷ്മച്ചൂടിൽ
കരിയാതെ നിന്ന
നാലുമണിപ്പൂക്കൾക്കരികിൽ
 സായാഹ്നസൂര്യൻ
കരിയിച്ച കുറെ വാക്കുകൾ
മഴക്കാലനിറവിൽ
വീണ്ടുമുണർന്നപ്പോൾ
ആയുസ്സിന്റെ അപ്രമേയമായ
അന്തരാർഥങ്ങൾ തേടിയ
ശ്വാസനിശ്വാസങ്ങളിൽ
നിറഞ്ഞ ആനന്ദാമൃതവർഷിണിയിൽ
മഴയുണരുമ്പോൾ
മഴതുള്ളികളിൽ പളുങ്കുമണികൾ പോലെ
സ്വപ്നങ്ങളുണരുന്നതും കണ്ട്
വേമ്പനാടിന്റെ കായലോളങ്ങളിൽ
ഭൂമി ഒരു സ്വരമായിയൊഴുകി

Sunday, August 15, 2010

തൂവൽസ്പർശം







ആരണ്യകത്തിലെ
മൗനമുറങ്ങിയ തടാകക്കരയിൽ
നിന്നകന്ന് കടൽത്തീരം തേടിയ
സ്വരങ്ങളിൽ അരുവികളുടെ
ആന്ദോളനമുയരുമ്പോൾ
മുൾവേലികൾ നീക്കി വന്ന
ഭൂമിയുടെ രക്തം കിനിയുന്ന
വിരൽതുമ്പിൽ വാക്കുകൾ
തൂവൽസ്പർശമായുണർന്നു
എവിടെയോ മാഞ്ഞ
മനസ്സിന്റെ ഒരു ശൂന്യബിന്ദുവിൽ
ആകാശലോകത്തിൽ നിന്നു വന്ന
നക്ഷത്രങ്ങൾ വിളക്കായി മാറി
കാലം ഘനീഭവിച്ച മൗനഗോപുരങ്ങളിൽ
നിന്നും ഉണർന്ന ഹൃദയം വീണ്ടും
വീണയുടെ മന്ത്രനാദത്തിലുണർന്നു....
താളിയോലകൾ

സിദ്ധാശ്രമങ്ങളിൽ രാമകഥപാടിയ
ത്രേതായുഗം മാഞ്ഞ അയോധ്യയിൽ
കത്തിയ അഗ്നികുണ്ഡങ്ങളിൽ
നിന്നും വാത്മീകിയെഴുതിയ
അയനകാവ്യങ്ങൾ നിറഞ്ഞ
താളിയോലകൾ കൽപ്പെട്ടിയിലെ
പഴമയുടെ ചെമ്പകപ്പൂവിന്റെ
സുഗന്ധത്തിലുറങ്ങുമ്പോൾ
നിറഞ്ഞു കത്തിയ ഓട്ടുവിളക്കിനരികിൽ
ഞാനുമിരുന്നു
നാലുകെട്ടിന്റെ നടുമുറ്റത്തെ
തുളസിമണ്ഡപത്തിൽ
മഴ തുള്ളിപ്പെയ്യുമ്പോൾ
അരികിൽ സിദ്ധാശ്രമങ്ങളിൽ നിന്നും
അഗസ്ത്യകൂടം കടന്നുവന്ന
കാറ്റിൽ യുഗങ്ങളുടെ
സംഗീതമുണർന്നുവന്നു...