Friday, December 10, 2010

സ്വർഗവാതിലിനരികിൽ


പുലർകാലസ്നിഗ്ദതയിൽ
നിമിഷങ്ങൾക്കിടയിലൊളിച്ച
ശ്രുതിതേടിനടന്നു
സ്വരസ്ഥാനങ്ങൾ...
അനേകകോടി
അപസ്വരങ്ങൾക്കിടയിൽ
ലോകം തേടി
ഒരു പൂർണപ്രതിശ്രുതി
അരയാൽത്തറയിൽ മിന്നിയാടിയ
ശിശിരവെയിൽതുമ്പിൽ
മഞ്ഞുതുള്ളികൾ മായുമ്പോൾ
ഞാൻ തേടി നടന്നു
ജപമന്ത്രങ്ങളുരുവിടുന്ന
തപോവനങ്ങൾ,
പവിത്രം കെട്ടിയ പർണശാലകൾ
സങ്കീർണ്ണതയുടെ
സഞ്ചാരപഥങ്ങളിൽ
നിന്നകന്നുനീങ്ങി മനസ്സ്..
അരികിൽ ശരശയ്യയിലുറങ്ങുന്നു
ദക്ഷിണായനം...
ധനുമാസരാവുകൾ
പദം വച്ചു പാടുന്നു...
നിലാവിന്റെ ചാരുതയിൽ
നക്ഷത്രവിളക്കുകൾക്കരികിൽ
വാതിലുകൾ തുറന്നിടുന്നു സ്വർഗം....

Tuesday, December 7, 2010

 മാർഗഴിരാവുകൾ


ചുറ്റുമതിലുകൾക്കുള്ളിൽ
രുദ്രാക്ഷമെണ്ണിയിരുന്നു
വില്വപത്രങ്ങൾ
മിഴിയിലൊതുങ്ങാതെ
മുന്നിൽ വളർന്ന ലോകം
കുരുക്കിയിട്ട വിൺതാരകങ്ങൾ
മനസ്സിലെ ചെപ്പിൽവന്നിരുന്നു
മതിൽക്കെട്ടിനപ്പുറം
ശബ്ദായമാനമായ വീഥികളിൽ
നദിപോലെയൊഴുകീ കല്പനകൾ
കഥയെഴുതിയെഴുതി
മഷിയുണങ്ങിയ തൂലികയുമായിരുന്നു
കാലം........
ഋതുക്കൾ നിർനിമേഷം നിന്ന
ശരതക്കാല സങ്കർഷണചതുർഥിയിൽ
മറയിടാനൊരു 
മുകിൽ തേടിയലഞ്ഞു നിലാവ്...
ചെത്തിമിനുക്കിയ കല്ലിലുയർന്ന
മതിലുകൾക്കപ്പുറം
തുഷാരകണങ്ങൾ തൂവിയ
മാർഗഴിരാവുകളിൽ നിന്നുണർന്നു
അപൂർവരാഗങ്ങൾ...
അപൂർവസങ്കല്പങ്ങൾ...
 ചുമരെഴുത്തുകൾക്കപ്പുറം

ചുമരെഴുത്തുകളിൽ,
ഭൂചലനങ്ങളിൽ
സ്ഥായിയായ ആകൃതി നഷ്ടമായ
ഇടിഞ്ഞുതുടങ്ങിയ പാലത്തിലൂടെ
കാലം രാപ്പകലുകളുടെ ചിതറിയ
തുണ്ടുകളുമായ് യാത്രതുടർന്നു
നദീതീരക്കരയ്ക്കരികിലുണർന്ന
ആദിസംസ്ക്കാരങ്ങളിൽ നിറയുന്നു
ഹൃദ്രക്തഗന്ധം
ചോർന്നൊലിക്കുന്ന
സത്യത്തിനരികിൽ
മിഴികളടച്ചിരുന്നു ലോകം
തെങ്ങോലമെടഞ്ഞ കുടിലിൽ
പുകഞ്ഞു ദരിദ്രസങ്കടം
ഗ്രാമങ്ങളുടെ ആത്മാവിൽ
നഗരം നെരിപ്പോടുകളായി..
ഉടഞ്ഞ ചില്ലുജാലകങ്ങളെ
മൂടൽമഞ്ഞിന്റെ വിരികൾ മൂടിയിട്ടു
ചുമരെഴുത്തുകളിൽ, ഭൂചലനങ്ങളിൽ
തകർന്നുടഞ്ഞ വാതിലുകൾക്കരികിൽ
ചുറ്റുവലയങ്ങളായ് തിരിഞ്ഞു
നിമിഷങ്ങൾ...
ചുമരെഴുത്തുകൾക്കപ്പുറം
തപസ്സിരിക്കുന്ന
ജപമാലകൾക്കപ്പുറം

നിഗൂഢമായ അനിവാര്യതയ്ക്കപ്പുറം
സംവൽസരങ്ങളെഴുതി സൂക്ഷിച്ച
ഇതിഹാസസ്മൃതികളിൽ
നിന്നുണർന്നുവന്നരികിലിരുന്നു
പ്രശാന്തി...
സ്വാതന്ത്ര്യ മുദ്രകൾ

നെയ്ത്തുശാലയിൽ
പഞ്ഞിനൂലുമായിരുന്നു
സ്വാതന്ത്ര്യ മുദ്രകൾ
ഭൂമിയുടെ ശിരോവസ്ത്രം
പിഞ്ഞിക്കീറി
ഗ്രീഷ്മം മുറിപ്പാടുകൾ മൂടി
വസന്തം നെയ്ത പുടവചുറ്റിവന്ന
അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം
രക്തതിലകമണിഞ്ഞ്
യുദ്ധഭൂമിയിൽ പടവെട്ടി....
അതിരുകളിൽ കുരുങ്ങിയ
അനശ്ചിതത്വത്തിനരികിൽ
നെയ്ത്തുശാലയിലിരുന്നുതേങ്ങി

സ്വാതന്ത്ര്യം...
ശിശിരകാലമേഘങ്ങൾക്കരികിൽ
പ്രാർഥനാനിർഭരമായ സമാധിയിൽ

ഒരു യുഗം യവനികയ്ക്കുള്ളിൽ മറഞ്ഞു..
മറഞ്ഞതോ അതോ മായ്ച്ചതോ?

Monday, December 6, 2010

നീർമരുതുകൾക്കിടയിൽ

നീർമരുതുകൾക്കിടയിൽ
കാലം തിരഞ്ഞു
എഴുതിനിറയ്ക്കാനാവാത്ത
ഒരു സർഗം
അതിശൈത്യത്തിന്റെ
പുതപ്പണിഞ്ഞ
കടൽത്തീരമണലിൽ
ഉണരാൻ വൈകിയ
പ്രഭാതത്തിൽ അഗസ്ത്യനെ തേടി
വിന്ധ്യപർവതം
സുമേരുവിന്റെ സ്വർണവർണം
ശരത് ഋതു മൺചിരാതുകളിലൊളിപ്പിച്ചു
ശിശിരകാലസന്ധ്യകളിൽ
നടപ്പാതകളിൽ
കൊഴിഞ്ഞുവീണപൂവുകൾക്കരികിലൂടെ
നടന്നകന്നു പകൽ
ദിനാന്ത്യത്തിൽ എഴുതിതീർത്ത
അക്ഷരക്കൂട്ടങ്ങളിൽ നിറഞ്ഞു
കരിഞ്ഞുണങ്ങിയ ശിഖരങ്ങളിൽ
അമൃതുതുള്ളിവീണുണർന്ന
കടമ്പിൻപൂവിൻ സുഗന്ധം.....
നിഴലനക്കങ്ങളില്ലാതെ

ഏതോ ഋണബാധ്യതയുടെ
ബാക്കിപത്രവുമായ് നിന്നു
തണൽവൃക്ഷച്ചുവട്ടിലെ
നിഴൽപ്പാടുകൾ.... .
ഭാഗപത്രമെഴുതിയതിർതിരിച്ച
കമ്പിവേലികളിൽ
ഘനീഭവിച്ചു നിസ്സംഗത
ഇലഞ്ഞിമരച്ചുവട്ടിലെ
ഗ്രാമത്തിനരികിൽ
കർപ്പൂരതുളസീഗന്ധം നിറഞ്ഞു
നീർച്ചാലിനരികിലെ
കൈതപൂവുകൾ കാലത്തിന്റെ
ശംഖിലെ മാറ്റങ്ങളറിഞ്ഞതേയില്ല
നഗരമൊരിപിചിതസഞ്ചാരിയെപ്പോൽ
അങ്ങുമിങ്ങുമലയുമ്പോൾ
ശരറാന്തൽതിരിയിട്ട ഗ്രാമം
ഞാറ്റുവേലക്കിളികളോടൊപ്പം
പ്രദോഷസന്ധ്യകൾ തേടിപ്പോയി..
ഋണബാധ്യതയുടെ ഭാഗപത്രങ്ങൾ
പലരുമെഴുതിയെഴുതി വിറ്റു
വിലയിടാനാവാത്ത
അക്ഷരലിപികൾ
അനന്തതയിലേയ്ക്ക്
ചിറകു നീർത്തി പറന്നു
ഋണബാധ്യതകളില്ലാതെ
നിഴലനക്കങ്ങളില്ലാതെ...

Sunday, December 5, 2010

ദൈവത്തിന്റെ കൈയൊപ്പുകൾ

ദൈവത്തെ തേടി
ഹോമകുണ്ഡങ്ങളിൽ
ഹവ്യം തൂവിയോരുടെ
മനസ്സിലെ പുകപടലങ്ങൾക്കരികിൽ
ഒരു ഋതു മെല്ലെ നടന്നു നീങ്ങി...
പ്രത്യയശാസ്ത്രം
ആത്മാഹുതി ചെയ്ത ചിതയിലുയർന്ന
പുകച്ചുരുളുകളിൽ മുങ്ങി നിറം മങ്ങിയ
കടലാസുതാളുകൾ ചായം പൂശി
മോടിയേറിയ പുറംചട്ടയിട്ട്
ആവരണങ്ങളുടെ അരങ്ങിലിരുന്നപ്പോൾ
ഇരിപ്പിടമില്ലാതെ നിന്നു
ദൈവത്തിന്റെ കൈയൊപ്പുകൾ
സായന്തനമൊളിപ്പിച്ചു
ശരത്ക്കാലമേഘങ്ങൾ
പൂവരശുകൾക്കരികിൽ
മൂടൽമഞ്ഞുപാളികളിൽ
കാലം തിരഞ്ഞു
കണ്ടെത്താനാവാത്ത
അതിഗൂഢമായ
വിധിപത്രികകൾ...
ശംഖുകൾ തേടി കടലിന്റെ
ഹൃദ്സ്പന്ദനം.....
ഹൃദ്സ്പന്ദനങ്ങൾ

വർണനൂലുകളിൽ
കാലം നെയ്തുപേക്ഷിച്ച
കടുംകെട്ടുകളഴിക്കാനാവാതെ
നൂൽവലകൾക്കുള്ളിൽ
കുരുങ്ങി ഒരു യുഗം,
ഒരു സ്വപ്നം...
അതിലൊരു പൂക്കാലവും
വസന്തകാലപ്പറവകളും
നക്ഷത്രവിളക്കുകളുമുണ്ടായിരുന്നു..
അതിരുകളിൽ ചിന്തേരിട്ട് നടന്നുനീങ്ങിയ
ദിനരാത്രങ്ങളുടെ പണിപ്പുരയിലിരുന്ന്
കാലം നെയ്ത കടുംകെട്ടുകൾ മറന്ന്
ഭൂമിയെഴുതി....
ഋതുക്കൾ വന്നു പോയി
നെയ്തുപേക്ഷിച്ച കടുംകെട്ടുകൾ
നൂലിഴകളിൽ മരവിച്ചു...
ഭൂമി

വിരൽതുമ്പിലുരുമ്മി
ആരോഹണസ്വരങ്ങൾ
താരസ്ഥായിയിൽ
നിന്നും മന്ത്രസ്ഥായിലേയ്ക്ക്
തിരികയെത്തിയപ്പോൾ
പ്രകൃതിസ്വരങ്ങൾ തേടി ഭൂമി....
അതിരുകളിൽ ശിശിരം
പർവതമുകളിൽ മഞ്ഞുമൂടിയിടുമ്പോൾ
അലയടിക്കുന്ന സമുദ്രതരംഗങ്ങളിൽ
നിന്നുയർന്നു അന്തരഗാന്ധാരം..
നൂറ്റാണ്ടുകളുടെ ചരിത്രം സൂക്ഷിച്ച
സ്മാരകശിലകളിലുറങ്ങി
വിഷാദസ്വരങ്ങൾ...
മഹാതീർഥങ്ങളിൽ
വേറിട്ടൊഴുകിയ ഗംഗയും
അദൃശ്യയാത്രാപഥങ്ങൾ
തേടിപ്പോയ സരസ്വതിയും
യാദവകുലമുരളീരവമൊഴുകിയ
യമുനയും
ഘനരാഗസ്വരങ്ങളിൽ
സംഗമകലശത്തിൽ
നിറയുമ്പോൾ
ഭൂമിയുടെ തംബുരുവിൽ
ശ്രുതിയിട്ടുണർന്നു
സമ്പൂർണരാഗം...
മായാമാളവഗൗളം....

Saturday, December 4, 2010

കാഴ്ച്ചക്കപ്പുറം

ഭൂമിയുടെ സ്നിഗ്ദതയും, സ്വകാര്യതയും
മഷിക്കുപ്പികളിൽ ഗദ്ഗദമായ്
വിങ്ങുന്നു....
അതിനെ മഷിക്കുപ്പികളിൽ
നിറച്ചൊഴുകിയ പുഴയൊരു
വിഷമവൃത്തമായി
ഉൽപ്രേക്ഷാലങ്കാരമായി
ഒഴുകി നീങ്ങുന്നു
അടർത്തിമാറ്റിയ
ഒരോ ശിഖരത്തിലും
തളിർക്കുന്നു ആത്മാവിന്റെ
നിരയൽ....
കനൽവാരിയെറിഞ്ഞ
ശിശിരരാത്രികൾ
പ്രദക്ഷിണവഴിയും കടന്ന്
ജപമാലയണിഞ്ഞ്
ഇരുമുടിയുമായ് മലകയറുന്നു
മകരജ്യോതിയിലെ നക്ഷത്രവെളിച്ചം
വിരൽതുമ്പിലുരുമ്മുന്നു
മിഴിരണ്ടിലും കടലലയിടുന്നു
കാണാത്ത ലോകകൗതുകങ്ങളൊന്നായി
വെൺചാമരമേന്തി
പട്ടുകുടനീർത്തി
തീരമണലിലണിനിരക്കുന്നു...
കാഴ്ചകൾക്കപ്പുറമെന്ത്??
കടലോ, ചക്രവാളമോ
കൃഷ്ണപക്ഷമോ?