Friday, May 6, 2011

സ്മൃതിവിസ്മൃതികൾ

ഒരിയ്ക്കലൊരിക്കലെന്നെഴുതി-
സ്ഫുടംചെയ്ത മനസ്സിൽ
വൈശാഖത്തിൻ തളിർചില്ലയിൽ
പിന്നെയരികിൽ തഥാഗതതത്വങ്ങളെഴുതിയ
പഴയനൂറ്റാണ്ടിന്റെ സങ്കീർണ്ണനേത്രങ്ങളിൽ
പടരും വടവൃക്ഷശാഖകൾക്കുള്ളിൽ
തേടിയലയാം വിധിപത്രരേഖകൾ,
മറക്കേണ്ട ഗിരിപർവങ്ങൾ,  മൂടുപടത്തിലിടറിയ
നിർണയതുലാസുകൾ, മുഖം
മറച്ചു മറഞ്ഞൊരു ധ്വജസ്തംഭങ്ങൾ
സന്ധ്യ മിഴിയിലുറക്കിയ സങ്കടചിമിഴുകൾ,
തുളസിപൂക്കൾ, തുലാമഴയിലൊതുങ്ങാതെ
തുളുമ്പിതേങ്ങും തുടർക്കഥതൻ വ്യസനങ്ങൾ
ഉടഞ്ഞതകർന്നൊരു മൺകുടമതിൽ
നിന്നുമൊഴുകിപ്പരന്നൊരു ഗംഗയെ
ചിറകെട്ടിയൊതുക്കാൻ മോഹിച്ചൊരു
രാജചിഹ്നങ്ങൾ
പടയൊരുക്കി പടിഞ്ഞാറിൻ പ്രാഭവമതിൽ
കൂടികുരുക്കിട്ടൊതുക്കിയ ഭൂപ്രദേശങ്ങൾ
നിലാപ്പാലകൾ പൂക്കും പുഴയോരങ്ങൾ
ഹൃദയത്തിൽ സാധകം ചെയ്യും
പുണ്യപൂർവികനിയോഗങ്ങൾ...
ഇവിടെയിനിയെന്ത് മറക്കാൻ
വിരൽതുമ്പിലുണരും തുമ്പപ്പൂക്കൾ
മൃദുവായ് ചോദിക്കുന്നു
ശംഖിൽ നിന്നുണരുന്നു കടലാക്കടലിന്റെ
സ്പന്ദനലയങ്ങളെ മറക്കാനാവില്ലല്ലോ..
 ഹൃദ്സ്പന്ദനങ്ങൾ


ഋതുക്കൾ
ഋണം നേദിച്ചൊഴിഞ്ഞ
പൊൻതാലത്തിലൊരുക്കാമിനിയൊരു
വൈശാഖമാല്യം, നീണ്ട വഴിയിൽ
തിടമ്പേറ്റിനിന്നവർ പോയി
വെൺചാമരങ്ങൾക്കരികിലെ
പ്രഭയും മാഞ്ഞു, തിരിയെടുത്തു
വിളക്കുകൾ കെടുത്തി രാത്രി
പിന്നെയുറങ്ങി
പഴയൊരുപകതന്നിരുളുമായ്
വീണമീട്ടുവാൻ വിരൽ മോഹിച്ചു
പക്ഷെ സ്വരസ്ഥാനങ്ങളെവിടെയോ
കാൽതെറ്റിവീണു, പൊരുൾ തേടിയ
മനസ്സിന്റെ മൺചിരാതുകൾക്കുള്ളിൽ
കാലമിറ്റിച്ചു മഷിതുള്ളികൾ
മറയിട്ട മേഘമാർഗത്തിൽ കണ്ടു
വ്യോമസ്വപ്നങ്ങൾ
ശൈത്യക്കൂടുകൾ താണ്ടി
കൃഷ്ണപക്ഷങ്ങൾ കടന്നെത്ര കാതങ്ങൾ
നടന്നൊരാസമുദ്രസന്ധ്യയ്ക്കുള്ളിൽ
ഉടഞ്ഞ സ്വപ്നങ്ങൾ തൻ മൺതരികളെ
ചേർത്തുപണിയാമിനിയൊരു
കളിവീടതിൽ പുല്ലാൽ മെടഞ്ഞൊരുക്കാമൊരു
നിലാപ്പക്ഷിയെ
പിന്നെയനന്യമൊരുദക്ഷിണാന്ത്യത്തിനൊടുവിലെ
ഉലഞ്ഞ ചിതകളിൽ ഹോമദ്രവ്യങ്ങൾ തൂവി
പണിയാം പ്രശാന്തിതൻ
ശാന്തിഘട്ടങ്ങൾ
മറക്കുടയാൽ മറയ്ക്കാമീ
ചന്ദനമരങ്ങളെ....

Thursday, May 5, 2011

സ്മൃതിവിസ്മൃതികൾ

ഇവിടെസ്വർഗമെന്നെഴുതിനീങ്ങും
മേഘമിഴിയിൽ കാണുന്നു ഞാൻ ശൂന്യദു:ഖത്തെ,
പെയ്തുതീരാതെ പുകഞ്ഞൊരു മഴയെ,
പാതിദൂരമൊഴുകിമറഞ്ഞൊരു പുഴയെ,
പുണ്യാഹത്തിൽ
പൂണുനൂൽച്ചരടിലായൊതുക്കിയുറക്കിയ
വേദഗർവിനെ,
നേർത്തപുലരിവിളക്കിനെക്കെടുത്തുമാദിത്യനെ,
ഉലയിൽ സ്വർണതരികടയും കാലത്തിനെയുയിരിൽ
തുടികൊട്ടും സോപാനവാദ്യങ്ങളെ,
വ്യോമസ്വപ്നത്തെമിഴിക്കുള്ളലേയ്ക്കെടുക്കുന്ന
ദ്യോതകങ്ങളെ, പിന്നെ വിളക്കിൽപൂക്കും
മഹാജ്യോതിയെ പ്രകാശത്തിനുത്ഭവസ്ഥാനങ്ങളെ,
സന്ധ്യതൻ സങ്കീർത്തനമന്ത്രത്തെ,
രുദ്രാക്ഷങ്ങളെണ്ണുന്ന ജപമൂലമധ്യസ്തസ്ഥാനങ്ങളെ,
രുദ്രപാദങ്ങൾതേടിയോടുന്ന സത്യത്തിനെ,
ഭദ്രസ്വപ്നങ്ങൾ തേടിയൊഴുകും യമുനയെ.
സ്മൃതിയിൽ ഹിരണ്മയവർണങ്ങളെഴുതിയ
ശരത്ക്കാലത്തിൻ നിലവിളക്കിൻനാളങ്ങളെ
ഇവിടെ സ്വർഗം തന്നെയതിന്നുമീതെ
മേഘരഥങ്ങൾ പറക്കുന്നു മായുന്നു ഭൂവർണങ്ങൾ
പകലിൻ ചിന്തേരിട്ടഗോപുരസ്തൂപങ്ങളിൽ
പകച്ചുനിൽക്കുന്നുവോ

പ്രാചീന പുരാണങ്ങൾ????
സ്മൃതിവിസ്മൃതികൾ
 ഓർമ്മകൾ മായും നിലാവുപോൽ
പിന്നെയാവേനൽമഴയ്ക്കുള്ളിലെന്നേയുറങ്ങിയ
കായലും മായുമൊരോർമ്മയായ്
നിശ്ശബ്ദഗീതങ്ങളിൽ വീണുകാലവും മാറും
കറുത്തമഷിപ്പാടിന്നീണവും മാറും
സ്വരങ്ങളെ മായ്ച്ചൊരു വേനലും മായും
മഴതുള്ളികൾക്കുള്ളിലീറനായ് നോവുമാ
ദു:ഖവും മാഞ്ഞുപോം
പാടാതെയെന്നോമറന്നപാട്ടിൻ
നേർത്ത വേദനപോലുമൊരോർമ്മയാവും
പിന്നെയേറും മുറിപ്പാടുകൾക്കുള്ളിലൂറുന്ന
നോവിന്റെ ഗദ്ഗദം മാഞ്ഞുപോവും
മായുമെല്ലാം മിഴിയേറിയൊഴുകിയ
സാഗരവും പിന്നെയാവൻതിരകളും
മേഘമോഹങ്ങളും, നക്ഷത്രസ്വപ്നവും
പാതിവഴിയിലുടഞ്ഞുതീരും
ആരോചിമിഴിലൊളിപ്പിച്ച ശംഖിലെ
ഗാനവും മാഞ്ഞുപോമെങ്കിലുമീകടലോരത്തു
ഞാനുമിരിക്കുന്നു മായുന്നൊരോർമ്മകൾ
മേഘമാർഗത്തിലായ് മങ്ങുന്നു
സൂര്യവംശം മങ്ങിമാഞ്ഞു സരയൂവിൽ
ദ്വാരകയെന്നേ പ്രളയത്തിലാണ്ടുപോയ്.....

Wednesday, May 4, 2011

മിഴിയിലെ കടൽ

മഷിപ്പാടുകളെഴുതിതൂത്തുതുടച്ച
ഹൃദ്സ്പന്ദനങ്ങളമൃതിൽ മുക്കി
ഭൂമിയെന്റെവിരലിലേയ്ക്കിറ്റിക്കുന്നുവല്ലോ
പിന്നെയൊരു ഗോപുരമുകളിൽ
പാതിമറഞ്ഞുനിന്ന കാർതുണ്ടുകളിലൂടെ
മഴ മാഞ്ഞുപോവുന്നതും  
സ്വപ്നങ്ങളെ സൂക്ഷിക്കാനൊരു
മൺതരിതേടിയ ഭൂമിയുടെയരികിലേയ്ക്ക്
നെരിപ്പോടുകൾ പുകയേറ്റുന്നതും
കണ്ടിരിക്കുന്നു ..
തകർന്നതുമുടഞ്ഞതുമെല്ലാം
വഴിയിലുപേക്ഷിച്ചുനീങ്ങി
സംവൽസരങ്ങൾ
നിഴൽപ്പാടുകൾക്കകലെയൊരു
പുലർകാലം തളിരിലതുമ്പിൽ
ചന്ദനപ്പൂവുകളുമായെത്തിയപ്പോൾ
മിഴിയിലെ കടൽ
തിരയേറിയുലയുകയായിരുന്നു...
ഒരു ശരത്ക്കാലസ്വപ്നത്തിലെന്നപോൽ
 ദിനാന്ത്യത്തിൽ കവിപാടിയ
സങ്കടചിമിഴിലെ
മാഞ്ഞ സ്വപ്നങ്ങളുടെ
കഥകേട്ടുറങ്ങി മനസ്സ് .
പിന്നെയേതോ വിദൂരദേശസഞ്ചാരയാനം
കടലിലൊഴുകിനീങ്ങിയപ്പോൾ
ശുഭ്രമുഹൂർത്തത്തിൽ പുണ്യാഹതീർഥം തേടി
ദർഭനാളങ്ങളലഞ്ഞ പർണശാലകൾക്കകരികിൽ
കമണ്ഡലുവിൽ നിന്നൊഴുകുന്ന
ഗംഗയെ മിഴികളിൽ കണ്ടു
എഴുതാനിരുന്ന കൽമണ്ഡപക്കോണിൽ
ത്രികാലപൂജയ്ക്കൊരുങ്ങിയ
പകമൂടിയ പുകയും കടന്നെവിടേയ്ക്കോ പോയ ഹൃദ്സ്പന്ദനങ്ങളിലേറി വീണ്ടുമരികിൽവന്നു
ഒരു ശരത്ക്കാലസ്വപ്നം....
മൺവിളക്കുകളിൽ പെയ്ത മഴതുള്ളികളിലൂടെ
വെളിച്ചം മങ്ങിമങ്ങിമായുമ്പോൾ
പ്രകാശമൊരു ചിമിഴിലാക്കി സൂക്ഷിച്ച നക്ഷത്രം
പൂമുഖത്തൊരു തൂക്കുവിളക്കേറ്റി.
കൽവരിക്കെട്ടുകളിലുടഞ്ഞ
മൺതരികൾ കടലിലേയ്ക്കൊഴുകിയപ്പോൾ
കാണാതെയായി ഭൂമിയുടെ ഒരുചെറിയ തുണ്ട്.
പിന്നെയെപ്പോഴേ
കടലോരങ്ങളിലൂടെ നടക്കുമ്പോൾ
ഒരു ചെറിയ കടൽചിപ്പിയ്ക്കുള്ളിലാ
മൺതരികളെ വീണ്ടും കണ്ടു
ഒരു ശരത്ക്കാലസ്വപ്നത്തിലെന്നപോൽ...

Wednesday, April 20, 2011

ഹൃദ്സ്പന്ദനങ്ങൾ

കടലിനെയൊരു
ശംഖിലൊതുക്കിനടക്കാമിനി
കാണണമെന്നു തോന്നുമ്പോൾ
കൈയിലേക്കിറ്റിച്ചുകാണാം
ചക്രവാളത്തോളമുയരാനൊരുങ്ങുമ്പോൾ
ഒരു കൽപ്പെട്ടിയിൽ താഴിട്ടു പൂട്ടിയിടാം
പിന്നെയാർക്കുമൊരു
പരാതിയുമുണ്ടാവില്ല
അതിനിടയിലൊരുവരിക്കവിത
വിരലിൽ വന്നിരുന്നാൽ
അതിനെയൊരോലതുമ്പിലെഴുതി
ഹൃദയത്തിലേയ്ക്കിടാം
പിന്നെപുഴയ്ക്കങ്ങനെയൊഴുകാം
അതിനുവേണ്ടിയായിരുന്നുവല്ലോ
ഇക്കണ്ട കടലാസുതുണ്ടുകളെല്ലാം
മഷിയൊഴുക്കികടന്നുപോയത്
ലോകത്തെയുമൊരു വട്ടപ്പൂജ്യത്തിലൊതുക്കി
പട്ടിൽപൊതിഞ്ഞ് നിങ്ങൾ സൂക്ഷിച്ചോളുക
കടലിന്റെ ഹൃദ്സ്പന്ദനങ്ങൾ
വിരൽതുമ്പിലേയ്ക്കൊരു
കവിതയായൊഴുകട്ടെ....

Tuesday, April 19, 2011

മിഴിയോളമുയർന്നൊരു കടൽ


മിനുക്കിതുടച്ചെടുത്തോരോട്ടുവിളക്കിൽ
ബ്രാഹ്മമുഹൂർത്തം തിരിയിട്ടുണരുമ്പോൾ
അപൂർവവിരാമത്തിനക്ഷരകാലം
തേടിനടന്നു നിമിഷങ്ങൾ
മെടഞ്ഞ പൂക്കൂടകളിലുഷസന്ധ്യ
പൂവൊരുക്കുമ്പോൾ
പലരും മെനഞ്ഞെടുത്തോരുപകഥകൾ
ലോകകവാടത്തിനരികിലൂടെ
എഴുത്തുമഷിയിലുണങ്ങി
പലേ ദിക്കിലും പാറിനടന്നു...
അന്നും വിരൽതുമ്പിൽ തുമ്പപൂവുകൾ
പോലെയൊഴുകീയൊരുണർവ്
മഴതുള്ളികളിലൊഴുകി....
കുളിർന്നുനനുത്ത മണ്ണിലൂടെ
മനസ്സിന്റെപൂർവവിരാമങ്ങളൊരു
പാരിജാതപ്പൂവിതൾക്കവിതയായി
വിരിഞ്ഞുവന്നു...
മിഴിയോളമുയർന്നൊരു കടൽ
പൂർണതയിലെപൂർണതപോലെ
മുന്നിലൊരത്ഭുതമായൊഴുകി....
മഹാസമുദ്രതീരത്തിനരികിലേയ്ക്ക്
സായാഹ്നവും കടന്നെത്തിയ
തണുത്ത കാറ്റിനോടൊപ്പം
മഴയും പെയ്തു
മഴക്കാറീറൻപുടവചുറ്റി
മൂടിക്കെട്ടിയൊരാകാശത്തിലെ
വെളിച്ചമറവാതിൽപ്പടിയേറി
സന്ധ്യാവിളക്കിൽ നിറഞ്ഞു..
തണുത്തകുളിരുമായ്
പൂമുഖപ്പടിയിലൊരു
താളിയോലക്കെട്ടുമായിരുന്നു ഗ്രാമം....
പുരാണസ്മാരകപ്പുരയിൽ
ഉറങ്ങാതെയിരുന്ന
ഇതിഹാസങ്ങൾക്കിടയിലൂടെ
ഗ്രാമത്തിന്റെ കസവുനേരിയതിൽ
പുണ്യാഹതീർഥം തൂവിയൊഴുകിയ
മഴയോടൊപ്പം
താമരയിലയിലൊരു
ചന്ദനക്കൂട്ടുമായ്
രുദ്രതീർഥക്കുളവും കടന്നു
മനസ്സുമൊഴുകി
മഹാസമുദ്രതീരത്തിനരികിലേയ്ക്ക്...

Monday, April 18, 2011

ഒരു മഴക്കാലത്തിനോർമ്മപോലെ
ഒരു മഴക്കാലത്തിനോർമ്മപോലെ
കടലൊഴുകട്ടെ
മേഘങ്ങൾ പെയ്തുനീങ്ങിയോരാകാശത്തിനരികിൽ
മഴവിൽപ്പൂവുകൾ വിരിയുംവരെയും
അനാകർഷകങ്ങളായൊരായിരം
കടംകഥകളെയോർമ്മിക്കാതിരിക്കാം
നിമിഷങ്ങളിൽചുറ്റികുരുങ്ങിവീണ
ഹൃദ്സ്പന്ദനങ്ങളെ
ഒരു ശംഖിലേയ്ക്ക് തിരികെയൊഴുക്കാം
സായം സന്ധ്യയുടെ ചെപ്പിലെ
ശരത്ക്കാലനിറവുമായൊരാലിലയെഴുതാം
ക്ഷീരസാഗരകഥകൾ....
മനോഹരമായ ചക്രവാളത്തിനരികിൽ
നക്ഷത്രവിളക്കുകൾ തൂങ്ങിയാടുമ്പോൾ
മറന്നേക്കാമൊരായിരം നിഴൽപ്പക്ഷികളെ
പല്ലക്കുകളിൽ നിങ്ങട്ടെ പഴയൊരു ഭാരം
കാല്പദങ്ങലിലെ നനുത്ത ഭൂമിയുടെ കുളിരേറ്റു
നടക്കുമ്പോഴെത്ര സുഖം
മായേണ്ടതു മാഞ്ഞുപോകും..
മരീചിക പോലെ
അതിനിടയിലൊരു
ഘോഷയാത്രയുമുണ്ടായെന്നു വന്നേക്കാം
ഒരു നിമിത്തം പോലെ.....
ഒരു മഴക്കാലത്തിനോർമ്മ പോലെ
കടലൊഴുകട്ടെ....