Wednesday, November 2, 2011

ശംഖ്
പഴയതാണെങ്കിലുമീ-
കടൽതീരത്തിലൊഴുകുന്ന 
ശംഖുകൾക്കെത്രഭംഗി
ഇടവിട്ടു വന്നുമാഞ്ഞീടും ഋതുക്കളേ
ഇടവേളകൾ വെറും യുക്തിഭാവം...
വെറുതെയെന്നോ കടൽച്ചിറകിൽ
കുറിച്ചിട്ട കവിതകൾ 
ശംഖിൽ  തുളുമ്പിടുന്നു...
നെടിയ കാലത്തിന്റെ സ്തൂപങ്ങളിൽ
പഴേ പകയതോ ഭൂമിയെ മൂടിടുന്നു..
പടികളിൽ നിന്നുമടർന്ന കൽച്ചീളുകൾ
മുറിവുകൾക്കുള്ളിൽ വളർന്നിടുന്നു
ഒരുപകൽതുള്ളിയിൽ നിന്നുമിറ്റും
മഴക്കുളിരെന്റെ മനസ്സിനെ പുൽകിടുന്നു
പഴയതാണെങ്കിലുമീഗ്രാമമേറ്റുന്ന
തുയിലുകൾക്കെത്ര ഭംഗി..


ഇടവഴിയ്ക്കപ്പുറം വളരുന്ന നഗരമേയിനിയും 
ശിരോപടമെന്തിനായ്? പണ്ടേതോ 
യവനികക്കുള്ളിൽ
കുരുങ്ങിയോരാകുയിൽ മൊഴികളും
പിന്നെയാവയലേലകൾ
കടന്നാദിപർവത്തിന്റെ നിറുകയിൽ
പൂക്കുന്ന ദേവതാരുക്കളും
വിരൽചുറ്റിയെൻ ഹൃദയ
സ്പന്ദനലയത്തിലേയ്ക്കലിയുന്നു;
വീണ്ടുമാ ചക്രവാളത്തിനെ
മിഴിയിലേലേക്കേറ്റിയെന്നരികിൽ
തുടിയ്ക്കുന്ന കടലിനിന്നെത്രഭംഗി..
കടൽശംഖിനെത്ര ഭംഗി...

Tuesday, November 1, 2011


പകൽ..
ചുമരിലെന്നേ ഘടികാരങ്ങൾ 
നിശ്ചലം; നിഴലുകൾ മാഞ്ഞു
തടാകങ്ങൾ മൂടിയാചരിവിലായുയരുന്നു
കൽശിലാമന്ദിരം...
പകുതിയും പണിതിട്ട സ്മാരകക്കല്ലിലായ്
നിരതെറ്റിയോടും  നിമിഷങ്ങൾ
പിന്നെയാ മലയേറി മുകിലുകൾ
മായും ദിഗന്തിനിടയിൽ നിന്നൊഴുകും
തമോഗർത്തവീചികൾ
പലവട്ടമീശരത്ക്കനലിലായ്
തീയിട്ട പകലുകൾ 
ചുറ്റിയോരാകാശഭംഗിയിൽ
പുലർകാലമൊരുമൺവിളക്കിനെ
ചേർത്തുവച്ചരികിലിന്നും
മൊഴിപ്പൂവുകൾ തേടുന്നു..
വിരലതോ വിസ്മയചിന്തുകൾ
തേടിയെൻ ഹൃദയത്തിനുള്ളിലെ
സ്പന്ദനം വാങ്ങുന്നു
ഇടവേളകൾ ചെറുതീമണൽ
തീരങ്ങളെഴുതുന്നു കടലിന്റെ
കവിതകൾ, ദൂരെയാ തണലുകൾ
മാഞ്ഞ തുരുത്തിലേയ്ക്കോ
കടൽച്ചിറകിലെൻ പകലും
പറന്നുനീങ്ങീടുന്നു....


മൊഴി
എവിടെയോ മങ്ങും നിലാവിന്റെയുള്ളിലെ
നിഴലുകൾ ചുറ്റിലും മതിലുകൾ പണിയുന്ന 
വഴിയിൽ, തണുത്ത മൗനങ്ങളിൽ
വീണുടഞ്ഞെവിടെയോ മാഞ്ഞുപോയ്
ചന്ദനപ്പൂക്കളും...
പുറമേ നിറഞ്ഞുതൂവീടും കുടങ്ങളിൽ
പുഴയോ മറയ്ക്കുന്നനേകം കയങ്ങളെ
നിറുകയിൽ നിത്യമാം നേർരേഖകൾ
പകൽനിറവിനെ ചുറ്റിതിരിയ്ക്കുന്നുവെങ്കിലും
കനൽതൊട്ടുതൊട്ടുതൊട്ടീയാഗഭൂവിന്റെ
ഹൃദയവും കല്ലായുറഞ്ഞു തുടങ്ങുന്നു
ഇവിടെയെന്നേ നടക്കല്ലുകൾ താണ്ടിയാ
കുലശേഖരങ്ങൾ മെനഞ്ഞതാം
ചുമരുകൾക്കരികിലായാദികാവ്യങ്ങളോ
വീണ്ടുമീ മൊഴിയെ തുലാസിന്റെ
തുമ്പിൽ ചുരുക്കുന്നു..
പഴയതെല്ലാം തടിപ്പെട്ടിയിൽ ഭദ്രമായ്
തഴുതിട്ടുപൂട്ടി നടന്നുനീങ്ങാം
ചിതൽപ്പഴുതിലായ് 
വീണുമങ്ങീടുന്നൊരോർമ്മകൾക്കിനിയേതു
സങ്കീർത്തനം??
മഹായാഗങ്ങളിവിടെയല്ലോ 
പൂർണമാകുന്നതും.....
വെയിലുതുള്ളുന്നു മഴക്കാലമെങ്കിലും
വഴിയിലോ നിഴലിന്റെ നൃത്യരൂപം
ഇടവഴിയ്ക്കപ്പുറം ഗ്രാമമേ
സായാഹ്നവഴിയിലെന്തേയിത്ര
മാർഗവിഘ്നം??
വഴിയിൽ വിളക്കുമായ് സന്ധ്യയെത്തും  
പകൽത്തിരിവിലായ് പൂക്കും ശരത്ക്കാലമേ
ഇവിടെയീ മൺ വിളക്കുടയുന്നതിന്മുൻപേ
മൊഴിയിൽ നിറച്ചാലുമഗ്നിവർണങ്ങളെ...




Monday, October 31, 2011

മൊഴി
ഇവിടെപ്രഭാതങ്ങളെത്ര മനോഹരം
ഇടനാഴിയിൽ നിഴൽ പൂക്കുന്നുവെങ്കിലും
തണലേറ്റിനിൽക്കുന്നൊരശ്വത്വമേ!
നിന്റെയരികിലായെന്നിലെ
ഗ്രാമവും പൂക്കുന്നു...
ഇടയിലായെത്ര ഋതുക്കൾ
നടന്നുപോയ്
ഇടവേളയിൽ മുഖം കാട്ടിയോർ
മാഞ്ഞുപോയ്....
മറയാതെ നിന്നതീപുലരിയും
കവിതയെ ഹൃദയത്തിലേറ്റിയോരീ
കടൽത്തീരവും,
അകലെ ശുഭ്രാകാശനിറുകയിൽ
നിന്നെന്റെ മിഴിയിൽ തെളിഞ്ഞോരു
നക്ഷത്രദീപവും
മറയാതെ നിന്നു മഹാവേദമെല്ലാം
മറക്കാതെ കാത്തുസൂക്ഷിച്ചൂ
ധരിത്രിയും..
ഇവിടെ ശരത്ക്കാലമെത്ര മനോഹരം
ഇടനാഴിയിൽ നിഴൽ പൂക്കുന്നുവെങ്കിലും
വിരലിലായ് വിസ്മയക്കൂടുമായെത്തുന്ന
മൊഴിതേടി സന്ധ്യയും ദീപങ്ങളേറ്റുന്നു
വഴികൾ ചുരുങ്ങിയെന്നാകിലും
മുന്നിലായ് മതിലുകൾ പലതും
വളർന്നുവെന്നാകിലും
ഇവിടെ തുലാമഴപെയ്യുമെൻ
ഹൃദ്താളലയമതിൽ നിന്നും
പുനർജനിക്കുന്നു ഞാൻ...

Sunday, October 30, 2011

മൊഴി


അകലെയാണാകാശമെങ്കിലുമീ
ശരത്ക്കുളിരിൽ പ്രഭാതം തുടുക്കുന്നു
പുണ്യാഹമഴയതോ തീർഥക്കുളങ്ങൾ 
നിറയ്ക്കുന്നു...


അരികിലാണാദിദൈന്യങ്ങളാണിതുമ്പിലെഴുതി
മുറിപ്പെടുത്തുന്നതീ ഭൂമിയെ;
ഇവിടെ വാനപ്രസ്ഥമേറിയസത്യത്തിനരികിൽ
തപം ചെയ്കയാണെന്റെ കാവ്യവും.


കുളിരുതൂവിപുലർകാലങ്ങളെന്നിലേയ്ക്കൊഴുകുന്നു
ശംഖിലോ നിറയുന്നു കടലുമീ,തണൽ മേഞ്ഞ
വഴിയിലെ പാരിജാതങ്ങളിൽ
മറയുന്നു മങ്ങിയോരോർമ്മകളായിരം.


നിരതെറ്റിയോടും ജനം തീർപ്പിലേറ്റിയോരെരിയുന്ന
ഹോമപാത്രങ്ങൾ പുകയ്ക്കുന്ന കുടിലുകൾ
ചിമ്മിനി ചില്ലുകൾക്കുള്ളിലെ
കവിതയായ് കണ്ണീരുതൂവിമയങ്ങുന്നു..


അകലെയാണാകാശമെങ്കിലുമീശുഭ്രഹൃദയമേറ്റും
മൊഴിപ്പൂവുകൾക്കുള്ളിലായ്
നിറയും സ്വരങ്ങൾ തന്നാദിമന്ത്രങ്ങളെ
പ്രണവത്തിനുള്ളിലൊഴുക്കട്ടെ ഞാൻ...

Saturday, October 29, 2011

മൊഴി
ഏതുവൃക്ഷത്തിൻ ശിഖരങ്ങളിൽ
നിന്നും നിഴലായിരം
വളർന്നതീഭൂമിതൻഭൂപാളത്തിൽ
ഏതു സന്ദേശത്തിനെ മുറിപ്പാടതിൽ
മുക്കിയോർമ്മതന്നിലച്ചീന്തിലുറക്കി കാലം;
കടം കൊണ്ടൊരാ ദൈന്യത്തിന്റെ 
ഭിത്തിയിൽ മുൾപ്പാടേറ്റി 
മുന്നിലൂടൊഴുകുന്നു ദിനരാത്രങ്ങൾ
തുടർക്കഥയിൽ നിന്നും
തത്വമസിയെ കൈയേറുന്ന
ഗരുഢധ്വനികളും,മോഹനശ്രുതികളും.
ഇടയ്ക്ക് പെയ്യും തുലാമഴയും
വിരൽതുമ്പിലുറങ്ങിക്കിടക്കുന്ന
നക്ഷത്രകാവ്യങ്ങളും
വളരെപ്പതുക്കയീ സായാഹ്നമുണരുന്നതിവിടെ
തിരക്കില്ല, ശൂന്യമാം ഋതുവില്ല
വളരെപ്പണ്ടേ നമ്മളുറക്കി
സത്യത്തിനെയിനിയോ
നിറയ്ക്കാമീ കല്പനാലോകത്തിനെ..
നിറമാലകൾ തൂക്കി ശരത്ക്കാലത്തിൻ
സന്ധ്യാവിളക്കിൽ പ്രകാശമിന്നുണരും നേരം
ഞാനുമൊരുക്കിസൂക്ഷിക്കുന്ന
മൺചിരാതുകൾക്കുള്ളിൽ
നിറഞ്ഞുതുളുമ്പട്ടെ ജീവജ്വാലകൾ
മിഴിയതിലോ നിറയട്ടെ
പ്രകാശസ്ഫുലിംഗങ്ങൾ
ഇവിടെ സന്ധ്യയ്ക്കെന്തുമിഴിവാണതിൽ
നിന്നുമൊഴുകുന്നതോ യുഗകാവ്യങ്ങൾ
നാരായങ്ങളുറക്കാൻ മറന്നൊരാ
താളിയോലകൾ
പിന്നെയിടയ്ക്ക് നിഴൽപ്പാടിൽ
നിന്നുമെൻ ഹൃദയത്തിനുടുപ്പിൽ
വീഴും കരിപ്പുള്ളികൾ മായിച്ചേയ്ക്കാം
എനിയ്ക്കുപ്രിയമെന്നുമീവയൽതുടുപ്പുകൾ
എനിയ്ക്കുപ്രിയമെന്റെനക്ഷത്രവിളക്കുകൾ...



സ്മൃതിവിസ്മൃതികൾ
ഒരിയ്ക്കലോർത്തു
നൗകയേറിയാകടലിന്റിയൊടുവിൽ
ചക്രവാളത്തുരുത്തിൽ മറയുവാൻ
അരികിൽ യാത്രാവഞ്ചിമുക്കിയ
കാലത്തിന്റെയിടനാഴിയിൽ
ഘടികാരങ്ങൾ ശബ്ദിക്കുന്നു
ഒരിയ്ക്കലോർത്തു മൊഴിയൊതുക്കി
ഋതുക്കളെപതുക്കെയുറക്കുന്ന
പർണശാലയിലേറി 
മറയാൻ; പക്ഷെ നിഴൽപ്പാടുകൾ
കുരുക്കിട്ടുവലിച്ചു ഭൂപാളങ്ങളുടഞ്ഞു
സ്വരങ്ങളായ് ചിതറി മുന്നിൽ 
വീണ്ടുമെഴുതും നേരം വിരൽതുമ്പിൽ
നിന്നൊഴുകുന്ന കടലും
മറന്നാദിമന്ത്രങ്ങൾ
പിന്നോട്ടോടും യുഗങ്ങൾക്കുള്ളിൽ
നേർത്തുമരിച്ചു ദൈന്യങ്ങളും
കുടിയേറിയ മഷിപ്പാടുകൾ തൂവും 
കുലപ്പെരുമയ്ക്കരികിലോ
കൃഷ്ണപക്ഷങ്ങൾ പാടി..
ഒരിയ്ക്കലോർത്തു
പിന്നോട്ടോടുവാൻ പക്ഷെ
ചുമരരികിൽ നിന്നു വിധി
തടഞ്ഞു; നിമിഷങ്ങളതിലോ
വീണുമാഞ്ഞു വിധിരേഖകളെന്റെ
ഹൃദയത്തിലോ വീണ്ടുമുണർന്നു
ശരത്ക്കാലം.....

Friday, October 28, 2011


സ്മൃതി
കണ്ടതെല്ലാം വരിക്കല്ലുകൾ
തെറ്റിയോരിന്ത്യതൻ ഭാരപ്പുതപ്പുകൾ
നേർതെറ്റിയെന്നോ മരിച്ച
പുഴയ്ക്കപ്പുറം പൂത്ത
ചെമ്പകങ്ങൾക്കും നിറം 
മങ്ങിയെങ്കിലും
ഉള്ളിലെ നക്ഷത്രദീപങ്ങളിൽ
പൂത്തതെന്നോമറന്നൊരീ
ഭൂരാഗമാലിക..
കാലമെന്നേ തിരികല്ലിൽ പൊടിച്ചോരു
സ്നേഹമോ മങ്ങി കറുപ്പായി മാഞ്ഞുപോയ്
ലോകം ത്രിശൂലത്തിലേറ്റിയോരാകാശ
വാതിലിൽ നിന്നുമുണർന്നു
സ്വരങ്ങളും..
ഏതോ സ്മൃതിയ്ക്കപ്പുറം പൂത്ത
വിസ്മൃതഛായയിൽ വീണുതകർന്നു 
തടാകങ്ങൾ
എങ്കിലുമീശരത്ക്കാലമേറ്റും
സ്വർണവർണമോ വീണ്ടും
വിരൽതുമ്പിലിറ്റുന്നു
ഒരോ സ്വരത്തിലും വീണ്ടുമനുസ്വര
പൂവുകളായ് പകൽ വീണ്ടുമുണരുന്നു...
കണ്ടതെല്ലാം വരിക്കല്ലുകൾ
തെറ്റിയോരിന്ത്യതൻശ്വാസനിശ്വാസതുടിപ്പുകൾ
കണ്ടതെല്ലാം നിരതെറ്റിയോടും 
സ്മൃതിചിന്തിൽ തകർന്നലോകത്തിന്റെ
ദൈന്യങ്ങൾ...




സ്മൃതി
ഇത്രമേൽ പഴക്കമോ
ചരിത്രതാളിൽ നിന്നുമെത്തി
നോക്കീടും ചിത്രഭാവങ്ങൾ
പണ്ടേ ഗ്രീഷ്മമിറ്റിച്ച 
കനൽ വീണു കരിഞ്ഞപുഴയോരമിത്രയും
ചുരുങ്ങിയതെന്നെന്നുമറിഞ്ഞീല
കാലമോ ചുറ്റുന്നതു ഗ്രഹ മൗഢ്യത്തിൻ
സൂക്ഷ്മപാതകൾക്കുള്ളിൽ
മാഞ്ഞൊരായുസ്സിൻ കുടീരത്തിൽ
ഇറങ്ങിപ്പോകും നേരമിലകൾക്കുള്ളിൽ
മഴക്കുളിരിൽ വിരിയുമെൻ
ഹൃദയം സ്പന്ദിച്ചുവോ?
തണുപ്പാർന്നൊരുനേർത്ത
സ്വരമായ് പുലർകാലമതിലും
പാടാനൊരു ശ്രുതിയിട്ടുവോ ഭൂമി?
ഇടയ്ക്കയൊരു സൗമ്യഭാവമായ്
പ്രദക്ഷിണവഴിയിൽ
സപ്ന്ദിക്കുമ്പോൾ കണ്ടതോ
ശരത്ക്കാലസ്മൃതികൾ;
പഴുക്കിലയ്ക്കരികിൽ
സ്വർണം തൂവിയടുത്തേയ്ക്കത്തും
സ്വർഗവാതിലിൻ മൊഴിപ്പൂക്കൾ...

Thursday, October 27, 2011


മൊഴി
വേനലിൽ വാടിയില്ലീതുളസിപ്പൂക്കളേതോ
പുരാണഗന്ധത്തിന്റെയോർമ്മയിലീറനണിഞ്ഞു
ശ്രീകോവിലിലായിരം വേദമന്ത്രങ്ങൾ
ശ്രവിച്ചുകൊണ്ടെന്നും പുലർകാല
ഭൂമിതൻ നൈർമ്മല്യമായ്
പടിവാതിലിലാദികാവ്യങ്ങളെ
തൊട്ടുണർത്തി, പോയനാളുകൾക്കുള്ളിൽ
നിന്നിത്തിരിമണ്ണെടുത്താദ്യക്ഷരങ്ങളെ
ചേർത്തുവച്ചെൻ വിരൽക്കോണിൽ
നിറഞ്ഞൊരാപൂക്കളിലോ
മഴക്കാലവും പെയ്തുതളിർത്തു;
കാണാകുന്ന ദിക്കുകൾക്കുള്ളിലോ
കാലവും നീങ്ങി; കനൽതുള്ളിയിൽ
നെയ്ത കോലങ്ങളോ
നിഴൽപ്പാടുകളായ് മരക്കൂടുകൾ
തേടിപറന്നങ്ങകന്നുപോയ്


വേനലിൽ വാടിയില്ലീഭൂമിയാകാശ
വാതിലിൽ നിന്നും പ്രപഞ്ചം
കടം കൊണ്ട കാവ്യങ്ങളിൽ
പുനർഭാവമായ്
സായാഹ്നപാതകൾക്കപ്പുറം
സന്ധ്യതൻ നക്ഷത്രദീപങ്ങളിൽ
ശരത്ക്കാലമേറ്റും വർണഭംഗിയും
കാണുമീതീരങ്ങളിൽ
ചില്ലുജാലകപ്പാളിയിൽ
വീഴും നിഴൽപ്പാടിലേറിമറഞ്ഞുവോ
മിന്നാമിനുങ്ങുകൾ.....