Monday, December 19, 2011


സ്മൃതി
ഒരിലച്ചീന്തിൽ ലോകം..
നടുമുറ്റത്തൊരു തുളസി..
ഇടവഴിയിടറിയെത്തിയ
ചത്വരങ്ങളിൽ നീങ്ങും നിഴൽ
ഒരു മഴക്കാലം നെയ്ത
പൂവിതൾ പോലൊരു കാവ്യഭാവത്തിൽ
മുഖം പൂഴ്ത്തിയിരിക്കും പകൽ


ചിന്നിചിതറിയ മണൽപ്പൊട്ടിനരികിൽ
തിരയോടിയ തീരം..
നനവാർന്നൊരു സ്വരം..
അമൃതുതൂവുമൊരു രാഗമാലിക.
ചക്രവാളം മിഴിയിലേറ്റും 
ധനുമാസചിരാതുകൾ..


ഉണർന്നിരിക്കും ഭൂമി
ഒരോർമ്മ വീണുടഞ്ഞ പൂമുഖം
നടുത്തളങ്ങളിൽ തളരാതെയിരിക്കും
താളിയോലകൾ
എഴുതിയെഴുതി ബലിക്കല്പുരയിലുറങ്ങിയ
കൽക്കെട്ടുകൾ


പ്രദക്ഷിണവഴിയിൽ ധനുമാസഗാനം..
കത്തിയെരിയും സുഗന്ധധൂപം
എത്ര ദിനങ്ങളെയുറക്കി
സംവൽസരം..
സമതലങ്ങളിൽ വിള്ളൽ
നിദ്രയിൽ നിന്നുണർന്ന
മഞ്ഞുതുള്ളിയിറ്റുവീഴും 
പ്രഭാതത്തിനൊരുപൂവ്
ഉറഞ്ഞ ശൈത്യാവർത്തനം...
ഇടവേളയുടെയൊരു ശ്വാസവേഗം..

Tuesday, November 29, 2011


മൊഴി
ഇവിടെയോ വന്മതിൽക്കെട്ടുകൾ
ഞാനേതു കടലിനെ ചിറകെട്ടി
മായ്ച്ചിടും, പിന്നെയീ നടവഴിക്കപ്പുറം
ലോകം മഹാകാവ്യമെഴുതുന്നു
സഹ്യന്റെയരികിലോ
കോലങ്ങൾ തീർക്കും യുഗങ്ങളും
പുറമെയെല്ലാം ഭംഗിയിറ്റുന്ന
കാഴ്ച്ചകൾക്കകമേയും
മുൻവിധിയ്ക്കിളവുതേടി പലേ
വഴികളും കൂട്ടിൽ നിറക്കുന്നു
മായാത്തൊരിടവേളതൻ
മേഘഗർവവും
കണ്ടുകണ്ടതിശയം തീർന്നൊരീ
നാലുകെട്ടിൻ പഴേയറയിലോ
പ്രാചീനമൗനം സമാധിയിൽ
നെടുകെയും കുറുകെയും
ചങ്ങലപ്പാടിന്റെയരികിൽ
നിരത്തുന്ന നീർമരുത്തുക്കളിൽ
ഉരലുരസിപ്പോകുമൊരു യുഗത്തിൻ
നേർത്ത കവിതയിൽ
നിന്നോ തളിർത്തതീ ഭൂമിയും
അരികിലോ കണ്ടു
കടും ചായമേറ്റുന്നൊരെരിയുന്ന
ഗർവിന്റെയാദിസത്യങ്ങളെ
ഉണർവിന്റെയുണ്മയിലീ
ശരത്ദീപങ്ങളെഴുതുന്നു
ശംഖുകൾ മൊഴിതേടിയെത്തുന്നു...

Sunday, November 20, 2011

മൊഴി
ഗോപുരങ്ങൾ കടന്നീലോകവാതിലിൽ
കാണുന്നതിത്രമേൽ മങ്ങും നിറങ്ങളോ?
ആകെ മൂടിക്കെട്ടിയീയാഗ്രഹായനം 
ആകാശവും മിഴിപൂട്ടിയുറങ്ങുന്നു
ആകെ കടുംകെട്ടുചുറ്റിയാ 
മേഘങ്ങളായിരം വാനിനു 
താഴെനീങ്ങീടുന്നു...


വെങ്കലപ്പൂട്ടുടച്ചാദിമന്ത്രങ്ങളാ
മണ്ഡപത്തിൽ ധ്യാനമെത്രനാൾ?
പിന്നെയാ മന്ദിരങ്ങൾ, 
മണിസൗധങ്ങളായതിൽ
മങ്ങിയെന്നേ ശരറാന്തലുകൾ,
തീരഭംഗിയെന്നേ തിര മായ്ച്ചു;
പുലർകാലവെണ്മയിൽ തൂവി
കുലം പലേ വർണവും...


ഇന്നിനി ബാക്കിയീ മൺദീപമൊന്നതിൽ
എണ്ണയിറ്റിക്കുമീയക്ഷരം 
ശംഖുകളെണ്ണിതിരിച്ചുവച്ചോരു
മൺപാത്രങ്ങൾ...
പിന്നെ ഋതുക്കൾ പലേനാളിലും
കുളിർതെന്നലിലിട്ടൂ തുലാസിന്റെ ഭാരവും
ഇന്നിനി നിർണയ രേഖകൾ
മായ്ക്കുന്നതൊന്നുമാത്രം 
മഹാകാലത്തിനപ്പുറം വിണ്ണിന്റെ
സാക്ഷ്യം, വിരൽതുമ്പിലേറ്റുന്ന
മണ്ണിന്റെ സാക്ഷ്യം, മഹാദ്വീപമൊന്നിലായ്
എന്നേ സമാധിയായ് മാഞ്ഞ സത്യം..


ഇന്നു സമം ഗിരിശൃംഗം, തണുപ്പാർന്ന
ചന്ദനം തൊട്ടൊരു ഗ്രാമവും, പിന്നെയാ
വിണ്ണിനെ ചുറ്റും ഗ്രഹങ്ങളുമീവിരൽതുമ്പിലായ്
കൂടുതേടുന്ന സ്വരങ്ങളുമിന്നു സമത്തിൽ,
തുലാസുകൾ നിർമ്മമം..
പിന്നെയീ ഗോപുരവാതിലിനപ്പുറം
എന്നേ പ്രപഞ്ചവും പാടിയതാണതേ
മന്ത്രം, മറന്നുപോവുന്നവരീകുലം
മിഴിരണ്ടിലുമായിയുറഞ്ഞൊരീ
ഭൂമിയെ കണ്ടുകണ്ടെന്നേയുറഞ്ഞു
സമുദ്രവും....



Saturday, November 19, 2011


സ്മൃതി
ഓർമ്മയിൽ ശേഷിച്ചതൊന്നുമാത്രം
മഴക്കാലം നിറച്ച മൺപാത്രങ്ങൾ
ഭൂപാളമേറ്റിനിന്നോരുപ്രഭാതങ്ങൾ
മുന്നിലായാദ്യം വിരിഞ്ഞ വെൺപൂവുകൾ
പിന്നെയാ സോപാനവും കടന്നക്ഷരപൂജയ്ക്ക്
കാലത്തിനപ്പുറം നിന്നകൽമണ്ഡപം
കാഴ്ചകളേറ്റിയാപൂരപ്പറമ്പിലെ
കൂറ്റന്മരങ്ങളും നിന്നിരിക്കാം
കാലഗേഹങ്ങളിൽ പഴേകൂടുകൾ
മുദ്രതീർത്തോടുകൾ മാറ്റിപ്പുതുക്കിയോരിന്നിന്റെ
കോലാഹലം കണ്ടു വിസ്മയിക്കും
യോഗഭാവങ്ങളാദിപുരാണങ്ങൾ
പിന്നെയാ നേരിൻ തുടുപ്പുമായ്
നിൽക്കുന്ന നക്ഷത്രദീപങ്ങളിൽ
നിന്നുയിർക്കുന്ന സന്ധ്യയും
ഏതു സ്മൃതിചിന്തിലായിരിക്കും
ലോകഗോളങ്ങളാവരണങ്ങളെതീർത്തതും
ഏതു കെടാവിളക്കിന്നീധരിത്രിതൻ
പൂമുഖത്തിൽ പ്രകാശത്തെയൊരുക്കുന്നതേതു
സങ്കല്പമീയുൾക്കടലിൽ നൗകയേറി
മറഞ്ഞുപോകുന്നതും, പിന്നെയാ
ദ്വീപങ്ങളെല്ലാം കടന്നീമൊഴിക്കുള്ളിൽ
കൂടുകൂട്ടുന്നുവോ വീണ്ടും ശരത്ക്കാലം...


മൊഴി

ഒരോവഴിയ്ക്കുമരികിലും 
വന്നുനിന്നേതുകുലം 
പെരും വാദ്യങ്ങൾ കൊട്ടുന്നു
ആയിരം ജന്മയോഗങ്ങളും
മായ്ക്കുന്നൊരാരവം ചുറ്റിലും
പിന്നെ പ്രപഞ്ചത്തിനീണം
തുടിയ്ക്കുമീ വീണയും
കാണാത്ത കോലങ്ങൾ 
തേടിപ്പുകയ്ക്കും കുടീരവും
എത്ര മാന്തോപ്പുകൾ 
കത്തിയിന്നീപ്പുഴയ്ക്കപ്പുറമേതു
മഹാദ്വീപമൊന്നതിൽ
നൃത്തം തുടങ്ങുന്നുവോ
കാലവൈഭവം
ഇന്നുമഴക്കാലമേഘങ്ങൾ
മാഞ്ഞൊരീ വിണ്ണിൽ
ചിദംബരം സർഗങ്ങൾ തേടുന്നു
ഗോപുരങ്ങൾ തുറന്നാദിയോഗങ്ങളോ
നേരിട്ടുവന്നുനിന്നീടുന്നുമുന്നിലായ്
കൂടങ്ങളെല്ലാമുടച്ചുലത്തീയിലായ്
ധ്യാനത്തിൽ സന്ധ്യ
മഹാപർവതങ്ങളിൽ
സൂര്യൻ മറഞ്ഞവർണങ്ങൾ
കടൽതുടിതേടിനടക്കുമെൻ
ഭൂരാഗമാലിക...
ഒരോവഴിയ്ക്കുമരികിലും
വന്നുനിന്നേറപ്പറയുന്നതേതുകുലം
മഹായാഗങ്ങളിൽ
നിന്നുണർന്നെഴുനേറ്റതെൻ
ഗാനമോ, ഭൂമിയോ
കാവ്യസ്വപ്നങ്ങളോ

Friday, November 18, 2011


മൊഴി
ഇടവഴിയ്ക്കപ്പുറം തിരിയുന്ന ഗ്രാമമേ
ഇവിയോ സ്തൂപങ്ങളൊന്നായ് 
തകർന്നതും,
മിഴിയിൽ തിളങ്ങും ത്രിസന്ധ്യതന്നരികിലായ്
ഇടവേളകൾ കത്തിനിന്നതും
ഭൂമിതന്നരികിൽ മഹാശൈലമൊന്നായുലഞ്ഞതും
അഴിമുഖം കണ്ടാദിദൈന്യങ്ങളിൽ,
തീരമണലിൽ സമുദ്രവും താണ്ഡവം ചെയ്തതും
മറുകുറിയ്ക്കപ്പുറം സർഗങ്ങൾ തേടിയെൻ
മനസ്സും മഹായാത്രചെയ്തതും പിന്നെയാ
മഴയിൽ മഹാനേദ്യമെന്നപോൽ
ശീവേലിവഴികളിൽ തീർഥക്കുടങ്ങൾ
നിറഞ്ഞതും
പലതും പറഞ്ഞൊരാ സ്വർഗകവാടത്തിനരികിൽ
നിന്നും മൊഴിചെപ്പ് നിറഞ്ഞതും
വഴിയിൽ കുലം കൊടിതോരണമേറ്റിയാ
പകലിനെ ചുറ്റി നടന്നങ്ങുപോയതും
ഇടവഴിയ്ക്കപ്പുറം തിരിയുന്ന ഗ്രാമമേ!
ഇവിടെയോ നീയെന്റെ ശംഖും സൂക്ഷിച്ചതും
ഇവിടെയോ നീ ശരത്ക്കാലം നിറച്ചതും
മൊഴിയിലെ പ്രാർഥനാഗീതങ്ങളിൽ
വീണുനിറയും പ്രഭാതമേ നിന്റെ
കുലീനമാം ഹൃദയത്തിലിന്നെത്ര
കാവ്യസല്ലാപങ്ങൾ, 
മൊഴിയിലിന്നെത്ര ശരത്ക്കാലഗീതങ്ങൾ..

Thursday, November 17, 2011


മൊഴി
ഇന്നലെയാ നിള നൈൽനദിയിൽ
നിന്നുമെണ്ണിയെടുത്തു കൽച്ചീളുകൾ
പിന്നെയുമൊന്നേപറയുവാനുള്ളൂ
മൺദീപങ്ങളൊന്നായ്
കെടുത്തുന്നതെങ്ങെനെയന്നുമോ?
പിന്നയേതോ മിഴിനീർതുള്ളിയിൽ
നിന്നുമെന്നേയടർന്ന നിളപോലെ
നീളുന്ന മുന്നിലെ നീണ്ടവയൽപ്പാടമൊന്നതിൽ
ഇന്നും ഘനശ്യാമ മേഘങ്ങൾ 
തേടുന്നതൊന്നു മാത്രം പടക്കോപ്പുകൾ;
തീരാത്തതൊന്നു മാത്രം കുലവൈഭവം..
മങ്ങാതെയിന്നും തുടുക്കും പ്രഭാതങ്ങൾ
കാണാതെ മുന്നിലേയ്ക്കെത്തും
ദിഗന്ത പ്രവാഹങ്ങൾ..
കാലമോ ചന്ദനപ്പൊട്ടുകൾ മായ്ച്ചാദി
കാലത്തിലെ കുരുക്ഷേത്രങ്ങൾ തേടുന്നു..
ആദിതൊട്ടാദ്യക്ഷരങ്ങളിൽനിന്നേതൊരാ-
ലാപനത്തിൻ സ്വരം ഭൂമി തേടുന്നു. 
ഇവിടെയീ ഭൂമിതൻ മഴയതും ശാന്തം..
ഇടറുന്നുവോ നൈൽ, വിപ്ലവചാന്തിന്റെ
കുറിയുമായ് ശിരസ്സും കുനിച്ചുനീങ്ങും 
മഹാഗതിയിൽ നിന്നും വീണ്ടുമെവിടെയീ
ഭൂമിയുമെഴുതും 
പ്രപഞ്ചമേ! കൂട്ടിരുന്നീടുക...



സ്മൃതിവിസ്മൃതികൾ
ഇന്നലെയോ തണുപ്പാർന്ന
നവംബറിന്നുള്ളിൽ നിന്നും
ഞാനെടുത്തെന്റെ ഭൂമിയെ...
എത്ര തിളക്കം കനൽചിന്തിനുള്ളിലെ 
കുത്തുവിളക്കുകൾ, പിന്നെയാവാനിലായ്
കത്തിനിന്നൂടുമെൻ നക്ഷത്രസ്വപ്നവും..
എത്ര തിളക്കമിന്നീ
ശരത്ക്കാലത്തിനിത്തിരിപ്പോന്ന
മൺദീപങ്ങൾ, ഗ്രാമവുമെത്ര
മനോഹരരമിന്നെന്റെ സന്ധ്യയും 
എത്രമനോഹരമിന്നരികിൽ
വന്നു നിൽക്കും തുലാമഴതുള്ളികൾ;
ഹോമങ്ങളെത്രകഴിഞ്ഞതാണീമണ്ണിൽ
നേദ്യമായർപ്പിച്ചതാണീ മനസ്സിനെ
നേർത്തുനേർത്തിത്രമാത്രം പട്ടു
നൂലുകൾതുന്നിയോരെത്രപ്രിയപ്പെട്ട
വാനവും, പിന്നെയോ
കത്തിനിൽക്കുന്നില്ല സൂര്യനീ
ശൈത്യത്തിനിത്തിരിപ്പോന്ന
ഋതുക്കളിൽ, പിന്നെയാ
കത്തിനിന്നീടും ത്രിനേത്രത്തിലഗ്നിയും
എത്രനാളോടി വൃകാസുരഭക്തിയിൽ..
ചിത്രങ്ങളെത്രയാണിന്നീവനാന്തരഭിത്തിയിൽ
ഞാനുമോ പർണ്ണശാലയ്ക്കുള്ളിലെത്രനാളെങ്കിലും
ദു:ഖമില്ലെന്നെന്റെ ഹൃത്തിലേയ്ക്കെത്തും
മഹാപ്രവാഹങ്ങളിൽ
കത്തുന്നുമില്ലാകനൽ 
ക്ഷീരസാഗരമെത്തിനിൽക്കുന്നതെൻ
ചക്രവാളങ്ങളിൽ...


Tuesday, November 15, 2011


മൊഴി
ഇവിടെ ശൈത്യത്തിനെ 
മായ്ക്കുന്നൊരുദ്ധ്യാനവഴിയിലായ്
പുകതുപ്പിയോടുന്നുവോ കുലം
അരികിലനേകം മുഖാവരണങ്ങളോ
ഗതിതെറ്റിഭൂരേഖയേറിയിടുന്നു
അതിരുകൾ തീർത്തു മടങ്ങിയോരെൻ
ശരത് ഋതുവിനുമിന്നെത്ര നിർമ്മമത്വം
അകലെയായ് പുഴയതാ പട്ടുനൂലിൽ
കല്ലുതരികൾ പൊതിഞ്ഞുസൂക്ഷിക്കുന്നു
വിരലതിലറിയാതെ തൊട്ടാലതും
മുറിവായിടും..
കനലുകൾ തൂവുന്നൊരസ്തമയം
 കണ്ടതിവിടെ മുനമ്പിന്റെയരികിലായ്
സർഗങ്ങളെഴുതുവാൻ ഭൂമിയെന്നരികിലായ്
വന്നതുമിവിടെയിന്നീസംഗമത്തിന്റെ
തീരത്തി,ലെവിടെയോ മാഞ്ഞുപോയ്
ദൈന്യങ്ങളാദിതൊട്ടരികിലൊരു
ശംഖിലായർച്ചനാതീർഥവുമിലയിലായ്
തുളസിയും നീട്ടുന്ന ഗ്രാമമേ!
ഇവിടെ ഞാനീയിലക്കീറ്റിലായ്
വയ്ക്കുന്നതരികിലെ കാവ്യങ്ങൾ 
മാത്രമെന്നുള്ളിലെ സ്മൃതിയിലായ്
പൂക്കുന്നതിന്നും മഴക്കാല
നിറവുമായ് നിൽക്കുന്ന
വൈശാഖ സന്ധ്യകൾ...

മൊഴി
അകലെയല്ലിന്നെൻ മൊഴിക്കൂടുകൾ,
സാന്ധ്യമിഴിയിലെ നക്ഷത്രവർണങ്ങളും.
അരയാൽത്തറയ്ക്കരികിലുത്സവം
പിന്നെയാ കുളിരും തുലാഗ്രാമഭംഗിയും
വഴിയിലായ് കനലുതൂവുന്ന 
ശരത്ക്കാലഭംഗിയും


എഴുതിമായ്ച്ചെങ്കിലും കടലുകൾ പാടുന്നു
ഇടയിലെ ലോകം തുലാമഴയും 
കടന്നൊഴുകുന്നു ശീതമാത്സര്യങ്ങളിൽ
പണ്ടേയൊഴുകിയെങ്ങോ മാഞ്ഞ നിളയും
പഴേകാലമെഴുതിമടുത്ത ദിനാന്ത്യങ്ങളും
പിന്നെയൊരു മൃദംഗത്തിലായതിദ്രുതം 
തേടിയെന്നരികിലായൊഴുകുന്ന
ശ്യാമമേഘങ്ങളും.


തിരകളേറി തീരമണലും ചലിക്കുന്നു
തിരയേറ്റമില്ലാ മനസ്സതോ നിശ്ചലം
സ്മൃതിയതിൽ നിന്നുമാ കാലപ്രമാണങ്ങൾ
ഇവിടെ സ്വരങ്ങളെ  ലയമാക്കി മാറ്റുന്നു
പുകയുന്നതെല്ലാമുലത്തീയിലെന്റെയീ
വിരലിലോ ചന്ദനത്തിന്റെ സുഗന്ധമീ
വഴിയിൽ ശരത്ക്കാലമെന്റെയീഭൂമിതൻ
നിറുകയിൽ തൂവുന്നു സ്വർണതുടുപ്പുകൾ
അരികിലെൻ മൊഴിയിലെ മൺദീപമതിൽ
നിന്നുമൊഴുകുന്നു വീണ്ടും പ്രകാശമെൻ
ഹൃദയത്തിലുറയുന്നതേതു ശൈത്യം?