Thursday, September 2, 2010

മഴതുള്ളികൾ

സ്നേഹമൊഴുകുന്ന
ഒരു വാക്കെഴുതാൻ
വിരൽതുമ്പിലിറ്റ് തേൻ
ഒരു ചിത്രശലഭത്തിന്റെ ചിറകിൽ
നിന്നെടുക്കാനൊരുങ്ങിയപ്പോൾ
ഹൈന്ദവക്ഷേത്രത്തിനരികിലൂടെ
ഭൂമിയുടെ അടഞ്ഞ വാതിൽ
തുറന്ന് ഒരു മീനലോചന
ഒരു തടാകം നിറയെ മഷിതുള്ളികൾ
കടലിലേയ്ക്കൊഴുക്കി
കടലതു കണ്ടൊന്നു ചിരിച്ചു
സ്നേഹിച്ചു തീരാത്തവരുടെ
കവിത വായിക്കാനിരുന്നാൽ
അവിടെയുമെത്തും
മഷിതുള്ളികൾ
മഷിതുള്ളികളൊഴുക്കിയ
രാസപരിണാമങ്ങളിൽ
ഭൂമിയാകെയുലയുമ്പോൾ
മഴയങ്ങനെ
പെയ്തുപെയ്തൊഴിയുന്നു
മഴതുള്ളികൾക്കെന്തു ഭംഗി
മഴയിലൂടെയൊഴുകി വരുന്ന
സ്വപ്നങ്ങൾക്കും
മഴയിലുണരുന്ന
കടലിനുമെന്തുഭംഗി...

No comments:

Post a Comment