Wednesday, January 12, 2011

പ്രയാണപഥങ്ങൾ

മിഴിരണ്ടിലുമായ് ലോകം
ചുരുങ്ങിയൊതുങ്ങിയപ്പോൾ
ഭൂപടത്തിലെയതിരുകൾ
നിയന്ത്രിതരേഖകളിലൊതുങ്ങി
പുനരുദ്ധാരണമന്ത്രം ചൊല്ലിയുണർന്ന
പകലിനിരികിൽ രാവിന്റെ കറുപ്പകന്നു
ഋജുരേഖകളുടെ ഋണബാധ്യതയകന്ന
പ്രയാണപഥങ്ങളിൽ
ശിശിരം മഞ്ഞായുറഞ്ഞു
പ്രക്ഷുബ്ദമായ കടലിനരികിൽ
കാവൽ നിന്നു മണൽത്തീരം
തിരയേറി വന്ന ചിപ്പികളിൽ
കടൽ ശാന്തിമന്ത്രങ്ങളൊളിപ്പിച്ചു
പലേയിടങ്ങളിലുമൊഴുകിയ
അപക്വമായ ആന്തലുകൾ
കിരീടവും ചെങ്കോലുമില്ലാതെ
തീർഥയാത്ര ചെയ്തു
നിമിഷങ്ങളിൽ നിന്നടർന്നു വീണ
മധ്യാഹ്നവെയിലിനെ
തടം കെട്ടി നിർത്തി ശിശിരം
സായാഹ്നത്തിന്റെ കവാടത്തിനരികിൽ
ആത്മസംഘർഷത്തിന്റെ ചില്ലുകൂടയുമായ്
ആത്മാക്കൾ തളർന്നിരുന്നു.
ശിശിരത്തിന്റെ ഇലപൊഴിഞ്ഞ
പകൽക്കിനാവുകളിൽ
ശിശിരം തൂവിയ മഞ്ഞിനരികിൽ
മൺചിരാതുകളിൽ നുറുങ്ങുവെട്ടവുമായ്
വന്നു സന്ധ്യ......

No comments:

Post a Comment