മൊഴി
ഏതുഗ്രഹാന്തരയാത്രയിൽ
കണ്ടതാണീഭൂമിയെ
ദേവസൃഷ്ടമാം സങ്കല്പ
താലത്തിലെന്നും ഋതുക്കൾ
നിവേദിച്ച പൂവുകൾ
ചൂടിവരും കാവ്യഭംഗിയെ..
കാണാമരികിലായ് നക്ഷത്രദീപങ്ങൾ
തേടിയലഞ്ഞ പരീക്ഷണവേഗങ്ങൾ,
താഴും തമോഗർത്തഭിത്തികൾ
താഴേക്ക് താഴ്ന്നുവന്നീടുന്നൊരെന്ത്രപ്പകർച്ചകൾ,
വന്മതിൽപ്പാടിൽ പതിഞ്ഞവിലാപങ്ങൾ,
വെൺപൂവുകൾവാടിവീണതാം ശില്പങ്ങൾ..
കാലം പകുത്ത ദേശങ്ങളിൽ നിന്നുമോ
ലോകം പ്രകാശവേഗം മായ്ച്ചുറഞ്ഞതും
ആരണ്യകാണ്ഡങ്ങളിന്നും
മഹായാഗനോവുമായഗ്നിസ്നാനം ചെയ്തു
നീങ്ങുന്നു..
കാണാം പലേടത്തുമെത്തിനിൽക്കും
യുഗഭാഗധേയങ്ങൾ
പ്രപഞ്ചമേ നീ തന്ന ലോകമിതോ?
മഷിതുള്ളിയിറ്റിക്കുന്ന
മായികവർണമണിഞ്ഞുനീങ്ങും ഗ്രഹം..
ആകുലമെങ്കിലുമെന്നും പ്രഭാതത്തിനീറൻ
തുടുപ്പാർന്നു നിൽക്കുന്ന ഗ്രാമമേ
കാണുക വിശ്വത്തിനെത്ര മുഖം
കാണുക ലോകത്തിനെത്ര രൂപം...
No comments:
Post a Comment