Friday, November 4, 2011

സ്മൃതി


ആദിതൊട്ടേയാർദ്രമീകടൽത്തീരവും
ആകാശവും ഗ്രഹതാരവും
ഭൂവിനെയാകവെ മൂടും 
പ്രപഞ്ചതാളങ്ങളും
ആവരണങ്ങളുടച്ചാത്മബിന്ദുവിലേറിയ
ചുറ്റുമതിൽക്കെട്ടുകൾക്കുള്ളിൽ
നോവൊതുക്കി കടും കല്ലുകൾ മാറ്റുന്ന
തീരവും, മുന്നിലേറും നിഴൽപ്പാടവുമാകെ
തണുത്ത തുലാവർഷമേഘവും
ആകെയീ മൺ തുമ്പിലാടുന്നതോ
വെറുമാദികാവ്യത്തിന്റെ
വാത്മീകഭാവങ്ങൾ..


ആദിതൊട്ടേയാർദ്രമെൻ വിരൽതുമ്പിലെ
ഭൂരാഗമാല്യങ്ങളെങ്കിലും
വിസ്മൃതി കൂടുകൾ തട്ടിയുടച്ചതാം
ദൈന്യങ്ങളേതുസ്വരത്തിനുളിച്ചീന്തുകൾ
ഭാരമെല്ലാം നിരപ്പാക്കിയിന്നീതുലാസിന്റെ
സൂചികൾക്കുള്ളിലുറങ്ങും ഗ്രഹങ്ങളും
എത്രമേൽ മാറിയിന്നീയുഗം മുൻപിലോ
കത്തിനിൽക്കുന്നില്ല സൂര്യനും
മേഘങ്ങളെത്രവേഗം മായ്ച്ചു
ദീപസ്തംഭങ്ങളെ
ചുറ്റിലുമെത്ര മഹാദ്വീപഭിത്തികൾ
ചുറ്റിത്തിരിക്കുന്നുമീക്കടൽശംഖുകൾ
എത്രവേഗം ശരത്ക്കാലമെത്തി
മഴപ്പൊട്ടുകൾ മാഞ്ഞില്ലതെങ്കിലുമീ
പകൽ ചിത്രമോയെത്ര മനോഹരം

No comments:

Post a Comment