Sunday, February 28, 2016


മഹാശിവരാത്രി

By Rema Prasanna Pisharody..
February 27, 2015 IST 3.26 PM
============================================
ജ്വലനകാന്തങ്ങൾ മിഴിയിലേറ്റി നീ
വരുന്നുവോ താരാപഥങ്ങളിലായി
ഒരു കരത്തിലായ് തിളങ്ങും താരകൾ
മറുകരത്തിലായ് കടുംതുടിയൊന്നും
ഇളകും രുദ്രാക്ഷം മിഴിനീരൊപ്പുന്ന
കനൽച്ചിമിഴിലെ വിഭൂതിയതും
നടനമാടുമ്പോൾ മുകിലുകൾ തട്ടി-
യുടഞ്ഞുയുടഞ്ഞഗ്നി ചിതറി വീഴുന്നു
ഹിമകണങ്ങളിൽ ഒഴുകും ഗംഗ തൻ
ചിലമ്പൊലിയുടെ മനോഹരനാദം
പുരാവൃത്തമൊരു കഥയിലെ ദുഗ്ദ
മഹാസാഗരത്തിൻ മഥനം കാണുന്നു
ഒരു താളിയോലയിതളിലായ് തപ-
പരിണയത്തിന്റെ ശുഭാന്ത്യവീചികൾ
ഒരു കൃഷ്ണപക്ഷമഴകിന്റെ
കറുപ്പണിയുന്ന നാളിൻ വ്രതകലശത്തിൽ
അഭിഷേകക്കുളിരണിയും സന്ധ്യതൻ
നിറമണിയുന്ന പ്രപഞ്ചമൂലത്തിൽ
നിറഞ്ഞുതൂവുന്ന വിഷക്കുടങ്ങളെ
നുകരുന്ന ലോകപ്രിയങ്ങളെയോർത്ത്
ഒരു മാത്ര ഭൂമി തരിച്ചു നിന്നുവോ?
പിനാകവും, പിന്നെ കപാലവും നേർത്ത
സുഗന്ധമേറ്റുന്ന ഹരിതവില്വവും
കരമതിൽ, ജടമുടിയതിൽ നിന്നും
വരമൊഴുകുന്ന മഹാതരംഗങ്ങൾ
വിരലിലായ് വിശ്വഭ്രമണമുദ്രകൾ
നിടിലത്തിലഗ്നിയൊളിക്കും നേത്രവും
ജപപ്രവാഹങ്ങളൊഴുകും പുണ്യത്തിൻ
തിളക്കമേറ്റുന്ന മഹാശിവരാത്രി..

1 comment: