Thursday, November 10, 2011


മൊഴി


അരികിലെ ശബ്ദഘോഷങ്ങൾ
തണുത്താത്മചലനങ്ങളിൽ
മറഞ്ഞായുസ്സിൻ ദീപങ്ങളെഴുതുന്നു
വീണ്ടുമെൻ ഹൃത്തിൽ
കുറേക്കാലമവിടെയും മേഞ്ഞ
നിഴൽപ്പൊത്തുകൾതകർന്നൊടുവിലീ
സന്ധ്യയും നക്ഷത്രരാശികൾക്കരികിലായ്
മൊഴിയേറ്റി ശാന്തിനികേതന 
കവിതകൾതേടിയീഭൂമണ്ഡലത്തിലെ
ഹരിതവനങ്ങളിൽ വന്നുനിന്നീടവേ
ഇടയിലാരൊക്കൊയോ കല്ലാൽതകർത്തെന്റെ
മണിവീണയും മനക്കോണിലെ കവിതയും
എവിടെയോ സാന്ദ്രമാമൊരുശരത്ക്കാലത്തിനൊടുവിലായ്
ഞാനും മറക്കാതെ സൂക്ഷിച്ച
മരതകക്കല്ലിൽ തിളങ്ങും പ്രപഞ്ചമേ!
അരികിലിരുന്നെന്റെ മൊഴിയറിഞ്ഞീടുക
ഇരുളുമായട്ടെ; പ്രകാശമീമൺവിളക്കതിൽ
നിന്നുമൊഴുകിയീ തീരം നിറയ്ക്കട്ടെ
ഇവിടെയിരുന്നുകാണും ചക്രവാളത്തിനരികിലെൻ
സ്വപ്നങ്ങൾ കാവ്യം കുറിയ്ക്കട്ടെ
അറിയില്ലെനിക്കാദിപർവങ്ങളക്ഷരചിമിഴിൽ
ഞാൻ കാണുന്നതിന്നുമോങ്കാരങ്ങൾ
എഴുതും വിരൽതുമ്പുമേറ്റുന്നതീ ശംഖിനരികിൽ
നിന്നൊഴുകുന്ന വിദ്യാമൃതം



Wednesday, November 9, 2011

മൊഴി
തടുത്തുകൂട്ടീയുഷസ്സിന്നിന്റെ
തളിരുകളുണർത്തീ
മനസ്സിന്റെയിതൾചില്ലകൾ
കാലമൊളിപാർത്തിരുന്നൊരു
ജനൽവാതിൽക്കൽ
കാത്തുകിടന്നു 
മറക്കുടചൂടിയ നിഴലുകൾ ..
ആയിരം യുഗങ്ങൾ
തന്നനന്തശയനത്തിലാദിമൂലത്തിൽ
പ്രളയത്തിലുമുറങ്ങാതെ
അരികിൽ ഭൂമിയെന്റെ
വിരലിൻ തുമ്പിൽ
മഴക്കുളിരിൻ പീയുഷത്തെയൊഴുക്കി
പുനർജപമന്ത്രങ്ങളതിൽ
നിന്നുമുണർന്നു ഹൃദയവും
അരികിൽ നിന്നു ത്രികാലങ്ങളെ
തണുപ്പിച്ചോരെഴുത്തോലകളറയ്ക്കുള്ളിലെ
നാരായങ്ങൾ..
ത്രിസന്ധ്യയ്ക്കരികിലോ ഞാൻ നിന്നു
പണ്ടേപ്പോലെയിടയ്ക്കെപ്പോഴോ
മഷിപ്പാടുകൾ ദൈന്യം തന്നു
അരക്കൂടുകൾ തീർത്തു മുള്ളാണിയേറ്റി
പഴേ ഋണങ്ങൾ കൽക്കെട്ടിലായിരുന്നു
പക്ഷേയെന്റെ ഹൃദയത്തിലോ
സന്ധ്യ മായിച്ചു ഗ്രഹങ്ങളെ..

Tuesday, November 8, 2011


പ്രിയം
എത്രമേൽ പ്രിയം ഭൂമീയെനിക്കു നിന്നെ 
പിന്നെ ചുറ്റിനിൽക്കുമീഹരിതാഭമാം
പ്രപഞ്ചവും..
ഒരിക്കലെങ്ങോ ഭാഷയറിയാതെയെഴുതിയോരടുപ്പിൽ
പുകയുന്ന ലോകവുമെരിയുന്ന
നെരിപ്പോടുകൾ തേടിയലയും ത്രികാലവും
മഴതുള്ളികൾ തൂവിവീഴുമെൻ 
ശരത്ക്കാലഹൃദയം തുടിക്കുന്നു
കവിതയ്ക്കുള്ളിൽ 
പോയ മടുപ്പാർന്നൊരു 
ഭൂതകാലത്തിനിരുൾചിന്തിൽ
തുടക്കം മായ്ക്കുന്നരെന്നുത്ഭവം വിതുമ്പുന്നു..
വിളക്ക് താഴ്ത്തി സൂര്യനകലെ
തൃക്കാർത്തിക വിളക്ക് തേടി
മുന്നിലുണരും നക്ഷത്രങ്ങൾ
എനിയ്ക്കുള്ളതു പൂർവദിക്കിന്റെ
പുണ്യാകാശമൊഴുക്കിൽ നീന്തുന്നതെൻ
മനസ്സിൻ പാരാവാരം
കുലങ്ങൾ മറക്കുടയ്ക്കുള്ളിലായൊളിപ്പിച്ച
ഋതുക്കൾ വീണ്ടും വീണ്ടുമരികിൽ,
മഴയ്ക്കുള്ളിലൊഴുകും തളിർതുമ്പിലെനിക്കും
കിട്ടി തൂവലലുക്കിൽ തളിർക്കുന്ന
കാവ്യസർഗങ്ങൾ, മുന്നിലിരിക്കും
ഭൂമിയ്ക്കെന്നെയെത്രമേൽ പ്രിയം
ശംഖിലൊഴുകും കടലിനെയെനിക്കും പ്രിയം..


മൊഴി
വഴികളടച്ചീപടിപ്പുരയും 
പൂട്ടിയകലേയ്ക്കു പോകാമിരുമ്പുമുള്ളാൽ
ചുറ്റിവരിയുമീ ലോകമോ
സ്വാർഥചിത്രങ്ങളെ ചുമരിലേറ്റുന്നോരു
തൂണുകൾ,  പിന്നെയോ
നിഴലുകൾ തുള്ളുന്ന വഴിയിലായ്
വാക്കിനെ കുരുതിയ്ക്കു വയ്ക്കും
വിളക്കുമാടങ്ങളിൽ
തിരികൾ താഴ്ത്തി ശിരോലിഹിതം
മറയ്ക്കുന്ന മുകിലുകൾക്കുള്ളിലെൻ
മൊഴിയുമുണ്ടാവില്ല
വഴിയിതുതന്നെ നിരന്നുനിൽക്കും
വാകശിഖരങ്ങളെല്ലാമിലപൊഴിയ്ക്കുന്നൊരീ
മറയും ഋതുക്കൾ തന്നാദ്യക്ഷരങ്ങളിൽ
മലകൾ മറഞ്ഞുപോയ്
പിന്നെയോ കാലത്തിനുലയും രഥങ്ങളും
മാഞ്ഞുപോയെങ്കിലും
വിരലിൽ നിന്നും മാഞ്ഞുപോയതുമില്ലെന്റെ
ഹൃദയത്തിനുള്ളിലെയാദ്യകാവ്യാക്ഷരം
അതിനുള്ളിലെത്രയോ മുറിവുകൾ,
മുറിവിനെയിരുളിലും മായ്ക്കാത്ത
തർജിമതുണ്ടുകൾ..
പലതും പറഞ്ഞുതീർന്നില്ലെങ്കിലും
മഴക്കുളിരിൽ  തളിർക്കുന്ന
പാരിജാതങ്ങളെ ഹൃദയത്തിലേറ്റിയാ
ചക്രവാളത്തിന്റെയരികിൽ സൂക്ഷിക്കാം..

Sunday, November 6, 2011

മൊഴി
പലതും മറന്നുവയ്ക്കും യാത്രയായവർ
തിരികെ വരാനുമവർക്കവതില്ലിയീ
പകലിറങ്ങി പതിനാലു ലോകങ്ങൾക്കു-
മകലെയേതോ ദിക്കു തേടിനീങ്ങും
നേരമറികയുമില്ലാദിപർവങ്ങൾ,
മന്ത്രങ്ങളുരുവിട്ട ജപമാലകൾ
പോലുമില്ലാതെയൊരു 
മൺ തടത്തിൻ  തണുപ്പുമായ്
മായുന്നതരികിലായാധികൾ
പിന്നെയോ ഭൂമിതന്നരികിലും
പൂക്കും ഋതുക്കൾ, പലേകാലമിതു
തന്നെ കണ്ടുകണ്ടാദിസത്യങ്ങളിൽ
നിറമില്ല, നിർഗുണത്വം മാത്രമതുതീർത്ത
പടികളിൽ കുത്തിക്കുറിയ്ക്കുന്ന
കവിതയ്ക്കു മധുരവും തേനും
മരുന്നുപോൽ, വഴിവക്കിലെവിടെയോ
കാത്തുനിന്നീടും പുരാതന ചിമിഴുകൾ
പിന്നെയാ വാദ്യവും തിമിലതൻ
പ്രതലങ്ങൾ തീർക്കും തണുത്ത
ശബ്ദങ്ങളും...
ഇടയിലോ സന്ധ്യതന്നാത്മമന്ത്രങ്ങളെ
കടലുകൾ ചക്രവാളത്തിലായെഴുതുന്നു..
പലതുമുടഞ്ഞുതീർന്നേക്കം പകൽതുമ്പിനരികിൽ
നടന്നുമാഞ്ഞേയ്ക്കാം ദിനങ്ങളും
വഴിയിതോ പണ്ടും നടന്നതാണെങ്കിലും
മിഴികളോ കണ്ടു നിറഞ്ഞതാണെങ്കിലും
ഹൃദയത്തിലിന്നുമാരൂഢമൂലങ്ങളിൽ
ഒരുസ്വരം കവിതയെ വിരൽതൊട്ടുണർത്തുന്നു



മൊഴി
ഇവിടെ സായാഹ്നം മഴക്കുളിരിൽ
തളിർത്തുണരുന്നു 
മരതകപ്പട്ടിനെ ചുറ്റിയെന്നരികിലോ
ഭൂമിയും കാവ്യം രചിക്കുന്നു..
നെടിയതെല്ലെങ്കിലും
കൽത്തൂണുകൾ ചാരിയരികിലീ
സായാഹ്നമെത്രമനോഹരം!!
പഴയതാണെങ്കിലുമെൻ 
സ്മൃതി ചെപ്പിലേയ്ക്കൊഴുകും
കടൽശംഖിലെത്രസ്വരങ്ങളീ
മണലിൽ വിരൽതൊട്ടുനിൽക്കുമെൻ
ഹൃദ് ലയതുടിയിൽ തലോടുമീ
മൊഴിയിൽ നിന്നും പഴേകഥകളെ
മായിച്ച വർത്തമാനത്തിന്റെ
തളികയിലിന്നോ മഷിപ്പാടുകൾ മാത്രം..
ഇവിടെയെൻ വാതിലിൻ 
പാളികൾക്കരികിലായൊഴുകുന്ന
സന്ദേശരൗദ്രഭാവങ്ങളിൽ
അറിവിന്റെയാദിപാഠങ്ങൾ 
ഗ്രഹിക്കാതെയലയും കുലത്തിൻ
പ്രതിച്ഛായ കണ്ടെന്റെ ഹൃദയം
നടുങ്ങുന്നുവോ? മഴതുള്ളിയിലൊഴുകി
ഞാൻ മായാത്തതെന്തുകൊണ്ടോ?


ഇടവഴിയ്ക്കിടയിലായിരുൾ മാത്ര,മരികിലെ
വഴിവിളക്കാരോ കെടുത്തീ
നടപ്പാതയരികിലോ കൃഷ്ണപക്ഷങ്ങളും
ചേക്കേറിയിവിടെയെൻ
ഭൂരാഗമാല്യങ്ങളിൽ നിന്നുമറിയാതെ
വീണുമാഞ്ഞീടുന്നു പൂക്കളും...
നെടുകയും കുറുകെയും തുന്നിയാകാശത്തിനിടയിലെ
തുള്ളിവെളിച്ചവും മായ്ക്കുന്ന ഗതിയതിൽ
തുള്ളിതിമിർക്കും ഗ്രഹങ്ങളിൽ പിഴവുകൾമാത്രമോ?
കണ്ടുകണ്ടീതീരമണലിനും മൗനമീ
മൺ ചിറ്റുകൾ ചേർന്ന മതിലും കടന്നു
മുനമ്പിനെ ചുറ്റുന്ന  കടലുമിന്നെത്രയോ
മാറിയെന്നാകിലും
അരികിലിന്നീവിരൽതുമ്പിൽ തുടിക്കുന്ന
കവിതയ്ക്കുമാത്രമൊരേസ്വരം
ശംഖിലായൊഴുകുന്നതോയെന്റെ
ഹൃദലയസ്പന്ദനം.....




Saturday, November 5, 2011

സ്മൃതി


മൊഴിയിലിന്നും മഴതുള്ളികൾ
തൂവുന്ന കുളിരും, പറന്നുനീങ്ങുന്നൊരാ
മേഘങ്ങളെഴുതും ദിനാന്ത്യക്കുറിപ്പും
പകൽചിന്തിലെഴുതിയിട്ടോരു
പ്രകാശഭാവങ്ങളും
മറയുന്നതേതുയുഗം, പിന്നെയിവിടെയോ
നിഴൽ പൂത്തു മങ്ങിയോരാദിസത്യങ്ങളും
എഴുതിമായ്ച്ചെങ്കിലുമീശരത്ക്കാലത്തിനരികിലോ
വീണ്ടും മഴതുള്ളികൾ, കനൽച്ചിറകൾ
പണ്ടേ തണുത്തുറഞ്ഞരികിലായൊഴുകുന്നു
ഭൂതകാലത്തിന്റെയേടുകൾ
അതിരുകൾ കല്ലടുക്കാൽതിരിച്ചെങ്കിലും
മതിലുകൾ മുൾപ്പടർപ്പാൽ മറച്ചെങ്കിലും
അരികിലെ ജാലകപ്പഴുതുകൾക്കുള്ളിലായ്
ഒളിപാർത്തിരിക്കുന്നു കാലവും
പിന്നെയീ കടലൂയലാട്ടുമെൻ
ശംഖുകൾക്കുള്ളിലോ
കദനങ്ങളെല്ലാം മറന്ന കാവ്യങ്ങളും
വഴിയിലായ് മായുന്നതേതു മൺചെപ്പുകൾ
മിഴിയിൽ നിറഞ്ഞതിന്നേതുതു സർഗം..
വഴിയിറങ്ങി തണൽപ്പാടവും താണ്ടി
ഞാനൊരുപാടുദൂരം നടന്നുവെന്നാകിലും
ഇവിടെയീ ഗ്രാമമെൻ മിഴിയിലേറ്റും
മഴക്കുളിരിനിന്നെന്തുഭംഗി...

സ്മൃതിവിസ്മൃതികൾ
എന്നേ നിറം മങ്ങി വർത്തമാനത്തിന്റെ
കണ്ണികൾ; കണ്ണാലൊതുക്കാനുമാവാതെ
മുന്നിൽ വളർന്നുയർന്നീടും 
മതിൽപ്പാടിലൊന്നിലും കാണുന്നുമില്ല
നേർ രേഖകൾ..
എല്ലാം ശിരോപടത്തിന്നുള്ളിൽ മിന്നുന്ന
കല്ലുകൾ, കാൽക്കാശിനെണ്ണം പഠിക്കുന്ന
കർണ്ണികാരത്തിന്റെ ശാഖകൾ, മുന്നിലെ
മണ്ണിൽ പതിക്കുന്നതേതു നീർത്തുള്ളികൾ?
ഇന്നിനൊരിന്നലെയന്നെപോൽ
പിന്നാലെയൊന്നായ് നിരക്കും
നിഴൽതുമ്പിലായ് വീണു മണ്ണടിഞ്ഞോരു
വസന്തമേ! കോകിലമിന്നേതു ചില്ലയിൽ
പാടാനിരിക്കുന്നു..


പാടങ്ങളെല്ലാം നികന്നു 
പഴേ ഗ്രാമവീഥികൾ മാറി, കുലം മാറി
മുന്നിലെ പാഠാലയങ്ങളിൽ മന്ത്രങ്ങളും മാറി,
കായലിൽ തോണിയേറ്റിപണ്ടു
പാടിയോരളങ്ങൾ മാറി
മുഖം മാറിയാകാശവീഥികൾ-
ക്കുള്ളിലുപഗ്രഹങ്ങൾ മാറി
മാറാതെ മാറാലചുറ്റിക്കിടന്ന
മൺ ദീപങ്ങളിൽ പ്രകാശത്തിന്നലുക്കുകൾ
മാറാതെനിന്ന പ്രപഞ്ചത്തിലെ
ഹൃദ്യരാഗങ്ങളിൽ ജീവസ്പന്ദനചിറ്റുകൾ
ഏറിയാലിന്നീ യുഗത്തിന്റെ ജാലകവാതിൽക്കലോ 
കണ്ടതുത്ഭവചിന്തുകൾ
ഏറിയാലിന്നീ മഴക്കാടുകൾക്കുള്ളിലോർമ്മകൾ
പോലും നിശബ്ദമായ് മാഞ്ഞേയ്ക്കാം
എത്ര നിറം മങ്ങി പാതകളെങ്കിലും
എത്രമനോഹരമീ മഴതുള്ളികൾ...

Friday, November 4, 2011

സ്മൃതി


ആദിതൊട്ടേയാർദ്രമീകടൽത്തീരവും
ആകാശവും ഗ്രഹതാരവും
ഭൂവിനെയാകവെ മൂടും 
പ്രപഞ്ചതാളങ്ങളും
ആവരണങ്ങളുടച്ചാത്മബിന്ദുവിലേറിയ
ചുറ്റുമതിൽക്കെട്ടുകൾക്കുള്ളിൽ
നോവൊതുക്കി കടും കല്ലുകൾ മാറ്റുന്ന
തീരവും, മുന്നിലേറും നിഴൽപ്പാടവുമാകെ
തണുത്ത തുലാവർഷമേഘവും
ആകെയീ മൺ തുമ്പിലാടുന്നതോ
വെറുമാദികാവ്യത്തിന്റെ
വാത്മീകഭാവങ്ങൾ..


ആദിതൊട്ടേയാർദ്രമെൻ വിരൽതുമ്പിലെ
ഭൂരാഗമാല്യങ്ങളെങ്കിലും
വിസ്മൃതി കൂടുകൾ തട്ടിയുടച്ചതാം
ദൈന്യങ്ങളേതുസ്വരത്തിനുളിച്ചീന്തുകൾ
ഭാരമെല്ലാം നിരപ്പാക്കിയിന്നീതുലാസിന്റെ
സൂചികൾക്കുള്ളിലുറങ്ങും ഗ്രഹങ്ങളും
എത്രമേൽ മാറിയിന്നീയുഗം മുൻപിലോ
കത്തിനിൽക്കുന്നില്ല സൂര്യനും
മേഘങ്ങളെത്രവേഗം മായ്ച്ചു
ദീപസ്തംഭങ്ങളെ
ചുറ്റിലുമെത്ര മഹാദ്വീപഭിത്തികൾ
ചുറ്റിത്തിരിക്കുന്നുമീക്കടൽശംഖുകൾ
എത്രവേഗം ശരത്ക്കാലമെത്തി
മഴപ്പൊട്ടുകൾ മാഞ്ഞില്ലതെങ്കിലുമീ
പകൽ ചിത്രമോയെത്ര മനോഹരം

Thursday, November 3, 2011


സ്മൃതി
അകലെയായ് 
ഘനശ്യാമമേഘങ്ങൾ
മിന്നലിന്നകലങ്ങളെ 
ദർപ്പണങ്ങളിൽ മായ്ക്കുന്നു
മുറിവിലെ രുധിരപ്പടർപ്പിലായ്
മായാത്തൊരരുവികൾ
നീറുന്നു, മഴയെവിടെ?
പിന്നെയാ കുടിലുകൾ
തീച്ചിതയ്ക്കുള്ളിലേയ്ക്കേറ്റിയോർ
കൊടിയുമായ് മുന്നിലായ്
നീങ്ങുന്നു, വിപ്ലവക്കവിതയോ
വേരറ്റുവീഴുന്നു നിശ്ചലം..
സ്മൃതിയതോ വീണ്ടും
ലയം മറന്നരികിലായ് തകരുന്നു
ചില്ലുപാത്രങ്ങളിൽ, ചുറ്റിലും
നിരതെറ്റിയോടും നിഴൽപ്പാടിലോ
മരക്കുരിശേറ്റി നീങ്ങും
മഹാദിവ്യഭാവങ്ങളഭിനയക്കും
വേദിയെത്ര മനോഹരം..
എവിടെയോ വേദപാത്രങ്ങളിൽ
സംഗീതമൊഴുകുന്നുവെങ്കിലും
മനസ്സോ പ്രക്ഷുബ്ദം..
കടൽചിപ്പികൾക്കുള്ളിലൊഴുകുന്ന
കടലും നിശബ്ദമല്ലിവിടെയും...
പലവട്ടവും പള്ളിശംഖുകൾക്കുള്ളിലെ
പ്രണവം ജപിയ്ക്കാനൊരുങ്ങിയ
ഭൂവിന്റെ ഹൃദയം മുറിച്ചാർത്തു
നീങ്ങിയോരാത്തിരക്കുരുതിയോ
തീരങ്ങൾ കണ്ടതും, പിന്നെയോ
തിരയേറ്റമെല്ലാമൊതുങ്ങിയോരാ
കടൽ നിധികളെ തന്നമുനമ്പും
സമാധിയിലുണർവിന്റെയാദിമന്ത്രങ്ങളെ
ചേർത്തുവച്ചെഴുതിയോരാശിലാജപ
ധ്യാനഭംഗിയും
അരികിലിന്നീ ശരത്ക്കാലവും
ദൈന്യത്തിനിരുളിനെ മായ്ച്ച
പകലിൻ പ്രകാശവും
എഴുതിയിന്നീമരത്തണലും
തളർന്നുപോയ്
എഴുതിത്തുടച്ച വെൺചുമരും
തളർന്നുപോയ്..
എങ്കിലും മനസ്സിന്റെയാഴക്കടലേറി
മുന്നിലേയ്ക്കെത്തുന്നു 
വീണ്ടും പ്രഭാതങ്ങൾ...