Monday, January 31, 2022

വിലാപകാലം

> വിലാപയാത്രകൾ ശ്‌മശാനഗന്ധങ്ങൾ വഴിപിരിയുവോർ വിടപറയുവോർ ഇടയിടയിലെ നനുത്ത ശ്വാസമേ, ഹൃദയമേ നീയും മിഴിനീരൊപ്പുന്നു. Rema Pisharody January 41, 2022

Sunday, January 30, 2022

ചിറക്

ചിറകൊടിഞ്ഞൊരു പക്ഷിയെ പോലെയീ- പകലൊരു കൂട്ടി- ലൊറ്റയ്ക്കിരിക്കുന്നു. കനലെരിയുന്ന സായാഹ്നവും നദിക്കരയിലായ് ' വെയിൽ കായുന്ന ശിശിരവും പറയുവാനൊന്നുമില്ലാത്ത പോലാറ്റുകടവിൽ നിന്നൊരു തോണിയേറീടുന്നു ചിറകു നീർത്തുവാനാവാത്ത ചില്ലയിൽ ഇതൾവിടർത്തും നിലാവിൻ്റെ മർമ്മരം.. January 30, 2022 Rema Pisharody

Saturday, January 29, 2022

ഒരു സ്വകാര്യം

പറഞ്ഞു തീരാത്ത കഥകളുമായ് ഇനിയുമെത്തിടും പകലിരവുകൾ പതിയെയാരോടും പറയരുതെന്ന് പലകുറി പറഞ്ഞുലഞ്ഞുലഞ്ഞത് തിരികെയെത്തിടും തിടുക്കത്തിലൊരു മതിലുടച്ചിടും മറഞ്ഞു പോയിടും ഒരു വഴിയാത്ര മുകളിലായ് സൂര്യഗൃഹം! കനൽ തൂവി തിളങ്ങും പാതകൾ അരികിലായ് ഗോത്രപവിത്രത, മുല്ല- മലരുകൾ, ശബ്ദരഹിതശൂന്യത വിദൂരഗ്രാമങ്ങൾ പഴയ പാട്ടുകൾ സു:സ്പനഭൂവിന്റെ തെളിഞ്ഞൊരാകാശം വയലിൽ ഞാറുനട്ടുണർത്തുപാട്ടുകൾ പറന്നു നീങ്ങുന്ന ഹൃദയമൈനകൾ.. ഒരു രഹസ്യമീമയിൽപ്പീലിയ്ക്കുള്ളിൽ അവിടെയാകാശമത് കാൺക വേണ്ട പതിയെ ചൊല്ലിയ സ്വകാര്യമാണിത് നിറയെ മഞ്ചാടിക്കുരു തൊടിയിലായ് മിഴി തൊട്ടാവാടിയടച്ചു ബാല്യത്തെ അതിശയത്തിന്റെ കൊടുമുടിയേറ്റി ഒരു സ്മൃതി, യാത്ര സ്വകാര്യമീ,മുടി- യിഴയിൽ നക്ഷത്രക്കുരുന്നുറങ്ങുന്നു പുതിയ സ്ലേറ്റിലെ തിരുവെഴുത്തുകൾ വിരൽ തൊട്ട കോലുമഷിത്തണ്ടിൻ ഗന്ധം കനത്ത ചെമ്മണ്ണിലൊരു ചിത്രം പോലെ വഴിയടയയാളം ഇലത്തളിരുകൾ ഇലപ്പൊതികളിൽ രുചിയൊരിക്കലും മറക്കാത്ത സ്നേഹസുഗന്ധവുമുണ്ട്.. വഴിയിതു തന്നെ സ്വകാര്യമായ് നെയ്ത- നുണകളാധികൾ,കുറുമ്പുകളെല്ലാം സ്വകാര്യമാണിത് പറയരുതിത്; വരും ദൈവം സ്വപ്നവഴികളാരോടും കിണറ്റിൽ നിന്നാദ്യം പ്രഭാതത്തിൽ കോരും ജലത്തിലുണ്ടത്രെ അമൃതു തുള്ളികൾ പല സ്വകാര്യങ്ങൾ, പലയെഴുത്തുകൾ പലതുമോർമ്മകൾ, പവിത്രബന്ധനം ഇതാണ് ബാല്യത്തിൻ ഖനി, ഋതുക്കളിൽ വസന്തമാകുന്ന സ്മൃതിയിതളുകൾ.. Rema Pisharody January 29, 2022

Friday, January 28, 2022

അന്തർഗതം

Rema Rasanna Pisharody ചിറകിലായ് തീപ്പന്തമേറ്റിപ്പറക്കുന്ന കനൽ തിന്ന പക്ഷികൾ വരുന്നു മൃതിയിൽ, നിരാശയുടെ മൗനത്തിൽ, വാക്കിൻ്റെ ഇതളുകൾ കൊഴിഞ്ഞുപോകുന്നു ജലകണത്തിൽ നിന്ന് പ്രാണഗന്ധത്തിൻ്റെ ഉറവകൾ വരണ്ട് പോകുന്നു ധവളമുകിൽ മൂടുന്ന ശ്വാസപാത്രത്തിൻ്റെ ചലനം നിലച്ച് പോകുന്നു ചിതറിത്തെറിക്കുന്ന ചില്ലകളിലായിരം വ്യഥകൾ തരിച്ചിരിക്കുന്നു കുരുവികൾ പറന്ന് പോം കൂടിൻ്റെ നഗരങ്ങളിടറുന്നു വീണുപോകുന്നു പുഴമാഞ്ഞതറിയാതെ,വയൽ മാഞ്ഞതറിയാതെ ഇരുൾ തേടിയോടിയോരെല്ലാം പുകമറയ്ക്കുള്ളിൽ മുഖം കുനിച്ചീടവെ കരൾ നൊന്ത് നിൽക്കും പ്രപഞ്ചം മൃതശിൽപ്പശാലയിൽ ശവമഞ്ചലിൽ തൊട്ട് കരയും ഋതുക്കൾ പറഞ്ഞു ഇനിയുമീപ്രാണൻ്റെ ശ്വാസമാരൂഢത്തിൽ എഴുതിപ്പകർത്തി സൂക്ഷിക്കാം വളരുന്ന നഗരത്തിലോടിപ്പിടഞ്ഞൊരാ ചിരിമാഞ്ഞ സന്ധ്യകൾ കാൺകെ ഇരുളിൽ വലഞ്ഞവർ, ഇലകൾ പൊഴിഞ്ഞവർ, ഇതളറ്റ് വീണവർ നമ്മൾ. ഇനിയെന്തിതെന്നോർത്ത് നിൽക്കവെ ഗ്രാമത്തിലൊരു പക്ഷിപാടുന്നു വീണ്ടും അരികുവറ്റാത്തൊരീപച്ചപ്പിനെ ചൂടി- അരികത്തിരിക്കുന്നു ഭൂമി.  

Thursday, January 27, 2022

ജനുവരി

ജനുവരി ഓരോരോ കാലത്തിൻ്റെ സങ്കടം മഞ്ഞിൽ പുതഞ്ഞീവിധം മൂടിക്കെട്ടിയരികത്തിരിപ്പുണ്ട് ഇരുണ്ടും നെരിപ്പോട് കത്തിച്ചും ശൈത്യത്തിൻ്റെ തണുപ്പിൽ നിന്നും മെല്ലെ നടക്കും ജനുവരി ഉച്ചസൂര്യനോ കത്തിപ്പടർന്നു കാലത്തിൻ്റെ പച്ചിലച്ചാർത്തിൽ തീയിട്ടെങ്ങോട്ടോ പോയീടുന്നു അലസം, ഒരു കാറ്റിലക്ഷരം പേറ്റിക്കൊഴിച്ചെടുക്കാനാവാതെ ഞാൻ ധ്യാനമാർന്നിരിക്കവെ യാത്രയായപ്പോൾ മഞ്ഞുപുതപ്പിൽ നിന്നും ഒരു വാക്കിലപ്പച്ചപ്പിനെ തന്ന് പോയ് ജനുവരി.. (By Rema Pisharody January 27, 2022)

Wednesday, January 26, 2022

തഴുത്

തഴുത് Rema Pisharody Januyary 26, 2022 അടച്ച് തഴുതിട്ട മനസ്സിൽ നിന്നും വാക്കിൻ കിളികൾ പറക്കാനായ് തിടുക്കം കൂട്ടീടുമ്പോൾ തണുത്തങ്ങുറഞ്ഞൊരു ശൈത്യമായ് മൗനത്തിൻ്റെ രഹസ്യം തേടിപ്പോയി മാർഗ്ഗഴിക്കവിതകൾ

Tuesday, January 25, 2022

മോഹം

മോഹം< Rema Pisharody.. January 25, 2022 ഏതോ വിദൂരമാം ദിക്കിലേക്കങ്ങനെ പോകുവാൻ കാത്തിരിക്കുന്നവരെങ്കിലും പോകാൻ മടിക്കുന്നവർ ഭൂമിയിൽ നിന്ന് പോകാതിരുന്നെങ്കിലെന്ന് മോഹിപ്പവർ

Sunday, January 23, 2022

ഋണം

ഋണം By Rema Pisharody January 23 2022
വാതിലിൽ ഭയം കോലം വരച്ച കാലത്തിൻ്റെ ബാദ്ധ്യത തീരാത്തൊരു ബാക്കിപത്രത്തിൽ നിന്ന് ഇനിയും പൊഴിയാതെ പോകുവാൻ മടിക്കാതെ കനലൊന്നുണ്ടത് കത്തുന്നു പൊള്ളിക്കുന്നു മഴകൾ പെയ്തേ പോയി എങ്കിലും തീരത്തൊരു പൊടിഞ്ഞ ശംഖിൽ ഇന്നും കരച്ചിൽ കേൾക്കുന്നുണ്ട്..

Saturday, January 22, 2022

നെരിപ്പോട്

നെരിപ്പോട് റാന്തലിൻ തിരി താഴ്ത്തി ഓർമ്മകൾ മങ്ങിക്കത്തി പാട്ടിൻ്റെയീണം തെറ്റി പകലോ മാഞ്ഞേ പോയി മുഷിഞ്ഞ കടലാസിലാധികൾ വരഞ്ഞിട്ടു പുകഞ്ഞ നെരിപ്പോടിലടക്കം ചെയ്തേ പോന്നു പിന്നോട്ട് പിന്നോട്ടെന്ന് വിളിക്കാറുണ്ടോർമ്മകൾ മുന്നോട്ട് മുന്നോട്ടെന്ന് കണ്ണുനീർക്കടൽക്കാറ്റ്

Friday, January 21, 2022

കളിവീട്.

കളിവീട്. Rema Pisharody January 21, 2022 ഇലവ് പൂവിട്ടൊരിടവഴിയും കടന്നൊരു- നിഴൽ മൂടി നിൽക്കുന്നൊരോർമ്മയിൽ പഴയതെല്ലാം തുടച്ചു മായ്ക്കും കോലു- മഷിപുരണ്ടൊരു സ്ളേറ്റും പിടിച്ചു- കൊണ്ടിവിടെ ഞാൻ വന്നിരിക്കുന്നു കണ്ണിലെ നഗരവിഭ്രമം മാഞ്ഞുപോയീടുന്നു ഇലകളെല്ലാം കൊഴിഞ്ഞുപോയീടുന്നു ഇതളതെല്ലാം വിടർന്നുവന്നീടുന്നു മഴു പതിച്ച മൺകൂട്ടിലെ നോവുമായ് പുതിയ പട്ടാഭിഷേകം തുടങ്ങുന്നു. ശിരസ്സിലായ് മുള്ളുനാരാൽ മെടഞ്ഞൊരു മകുടമുണ്ടതിൻ തേരോട്ടമുണ്ടതിൽ ഇലവ് പൂവിട്ട വഴികളിൽ, തുമ്പികൾ അവിടെ നമ്മളുണ്ടായീരുന്നു മാവിൻ്റെ ചുവടിലുണ്ടായിരുന്നൊരു കളിവീട്...