Wednesday, October 19, 2011


മൊഴി
അരികിലോ കരിയിലക്കിളികൾ കിലുക്കുന്ന 
കരുതിവച്ചോരു കടംകഥ തുണ്ടുകൾ..
അറയിൽ പടർന്നു കത്തും
വിളക്കിന്നരികിലൊരു കവിത
കേൾക്കാനിരിക്കുന്നു സന്ധ്യയും
മുകിലുകൾ നിശ്ചലമെങ്കിലും 
പാടുന്നതെവിടെയോ വച്ചു മുറിഞ്ഞ ഗാനം 
വിണ്ണിലൊഴുകിപ്പരന്ന സ്വരങ്ങളെ
ചേർത്തുവച്ചെഴുതാൻ മറന്നോരു
വർണമാവർണത്തിനിടയിലെങ്ങോ
മാഞ്ഞൊരാലാപനശ്രുതി.....
അരികിലോ കുയിലുകൾ പാടിശരത്ക്കാല 
കദനങ്ങളെതൊട്ടുറക്കിടുന്നു
അകലെയോ ശ്രേഷ്ഠമെന്നോതി
പുരാണങ്ങളുരയുന്നു സന്ധ്യതൻ
ഗോപുരത്തിൽ...
ഇവിടെയോ ഭൂവിന്റെയാർദ്രസ്വപ്നങ്ങളിൽ
ഉണരുന്നു വേദസങ്കീർത്തനമന്ത്രങ്ങൾ
വഴിയിലായ് രാജ്യമാ ഹോമപാത്രത്തിന്റെ
കരിപൂണ്ടൊരരികുകൾ മായ്ക്കാൻ ശ്രമിയ്ക്കുന്നു..
അകലെ നിന്നും പലേ മൂടിയിൽ 
മൂടിയിട്ടൊരു കഥയ്ക്കനുബന്ധമെഴുതുന്നു
മൗനവും..
ചുമരുകൾക്കുള്ളിലെ ശബ്ദങ്ങളിൽ
തട്ടിയുടന്നതേതു ഹൃദ്സ്പന്ദനം
നേരിയ വിരികൾക്കുമപ്പുറം
ജാലകവാതിലിലുടയുന്നതേത്
മൺദീപമാദീപത്തിലുലയുന്നതേതു
പ്രകാശബിന്ദു...
ഈവഴിയ്ക്കപ്പുമാരണ്യമെങ്കിലും
കാണുവതോ പർണശാലകൾ
പിന്നെയാ സാഗരത്തിൻ മണൽത്തട്ടിൽ
പ്രപഞ്ചമേ നീതെളിച്ചാലും
ശരത്ക്കാലദീപങ്ങൾ....

No comments:

Post a Comment