Monday, January 10, 2022

 യുദ്ധം

Rema Pavizhamally

January 10, 2022

10.46 PM

 

ആരുമൊന്നുമറിയില്ലെയെങ്കിലും

നേരതാണൊരു യുദ്ധമുണ്ടുള്ളിലായ്

പോരടിക്കും മനസ്സും ഹൃദയവും

ചോരവാർന്നുതളർന്നു  വീഴുംവരെ

 

ചോദ്യമെന്നുമുണ്ടാകും മനസ്സിന്

നീതിഗർജ്ജനം കൂടെയുണ്ടായിടും

പാതിചാരിയനാലറയ്ക്കുള്ളിലെ

ലോലസ്പന്ദം  ഹൃദയമറിഞ്ഞിടും

 

വേണ്ട വേണ്ടെന്ന് ചൊല്ലിക്കലഹിച്ച്

വേണ്ട വേണ്ടെന്ന്  വീണ്ടും പറഞ്ഞിടും

കല്ലെറിയേണ്ട, മുള്ളുവാക്കും വേണ്ട

കണ്ട് നിൽക്കേണ്ട പിന്നോട്ട് നീങ്ങുക.

 

ഒന്ന് മെല്ലെത്തുടിയ്ക്കും സരോവരം

മറ്റതോ വന്യസാഗരകന്യക

രണ്ടുമെന്നുമോരോവിധ സങ്കട-

ച്ചിന്ത് പാടിയുണർന്നുവരുന്നവർ.

 

കാറ്റിലെ കിളിക്കൂടുകൾ പോലവ,

ആർത്തലയ്ക്കും കടലിന്നിരമ്പവും,

നോക്കിനോക്കിയിരിക്കെ വെയിൽ-

മഴച്ചാറ്റൽ പോലത് മങ്ങും, തിളങ്ങിടും

 

എന്തിനാണിവരിങ്ങനെയുള്ളിലായ്

ശണ്ഠകൂടുന്നെതെന്നുമിതേ വിധം

മിണ്ടുവാനും തൊടാനാനുമാവാവിധം

രണ്ട് ഭൂമിയുണ്ടുള്ളിൻ്റെയുള്ളിലായ്

Sunday, January 9, 2022

 January 9. 2022 11.07 PM

നിമഞ്ജനം

Rema  Pavizhamally

JANUARY 09   2022

 

യാത്രയാകുവാൻ വന്നുനിൽക്കും ശൈത്യ-

കാലമേഘമേ കൊണ്ടുപോകുക

കൈയിലേക്കിറ്റ് വീഴുന്ന കണ്ണുനീർ-

ത്തുള്ളിയിൽ വീണുടഞ്ഞ സ്വപ്നങ്ങളെ,

തർപ്പണത്തിൻ്റെ സൂര്യക്ഷേത്രങ്ങളിൽ

മുക്തിതേടുന്ന കാലദു:ഖങ്ങളെ

പാതിയും കരിഞ്ഞാളുന്ന സന്ധ്യയെ

വാതിലിൽ ഭയം നെയ്യും ചിലന്തിയെ

തൂണിലായ് ചാരി നിൽക്കും നിഴലിനെ

ഭൂപടത്തിൻ്റെ ഗന്ധകത്തോപ്പിനെ

നീറിനിൽക്കും ശ്മശാനഗന്ധത്തിനെ

മുത്തിനെരാകിരാകിമിനുക്കുന്ന

ചിപ്പിതൻ കടൽക്ഷോഭകാലങ്ങളെ

വാസനചാന്തുപേക്ഷിച്ചൊരാസിഡിൻ

തീക്ഷ്ണഗന്ധപ്രണയകാലങ്ങളെ

കൺതുറന്നാൽ കൊലവിളിച്ചോടുന്ന

മണ്ണിലെ രാജ്യനേതൃസൂക്തങ്ങളെ

ദൃശ്യഭാവത്തിനപ്പുറം കൺകെട്ട്

വിദ്യകാട്ടുന്ന മൃത്യുബിംബങ്ങളെ

തെറ്റിവീഴുന്ന ത്രാസിൻ്റെ തട്ടുകൾ

കുത്തൊഴുക്കിൽ കുരുങ്ങിനിന്നീടവേ

ശൈത്യകാലമേ നീ കൊണ്ടുപോകുക

ശബ്ദശൂന്യകാലത്തിൻ ഋണങ്ങളെ

നീ  ദയാപൂർവമീപ്പകൽ നോവുകൾ

മൂടൂക മഞ്ഞുപാളിയാൽ ഭംഗിയിൽ


 

Saturday, January 8, 2022

 

 

JANUARY 8, 2022

 

പണ്ടേതോ കിനാവിൻ്റെ

പാഴ്മരക്കൊമ്പിൽ നിന്ന്

സന്ധ്യകൾ ചുമപ്പിച്ച

നദിയൊന്നൊഴുകുന്നു

പുലരിയ്ക്കാസിഡ് ഗന്ധം

മുഖത്ത് തീക്കോലങ്ങൾ

ശിരസ്സിൽ മദ്ധ്യാഹ്നത്തിൽ

ചാപ്പകുത്തിയ വേനൽ

കത്തുന്ന സിഗ്നൽച്ചോട്ടിൽ

പനിനീർപ്പൂക്കൾ നീട്ടി

നിൽക്കുന്നു പെൺകുട്ടി നീ

അടുത്ത് ജിപ്സിക്കൂട്ടം

പ്രണയം കത്തിപ്പടർ-

ന്നാളിയ മേഘങ്ങളിൽ

മഴയോ, മിന്നൽച്ചൂട്ടോ

മിന്നാമിനുങ്ങോ മുന്നിൽ

(Rema Pisharody)

Friday, January 7, 2022

 

January 7, 2022



തൂക്കണാംകുരുവികൾ

Rema Pisharody

January 7, 2022

5.58 PM

==============================

മുറ്റത്ത് ചിന്തേരാണ്

മഴ വന്നുരുമ്മുന്ന

മുത്തമിട്ടോടിപ്പോകും

മുറ്റമാരൊളിപ്പിച്ചു

പൈപ്പിലെ കാവേരിയിൽ

തൂവുന്നതെന്താണാവോ

കയ്ക്കുന്നു ചിലപ്പോഴാ

നദി തൻ രുചിക്കൂട്ടും

കത്തുകൾ തേടിത്തേടി

മടുക്കും നേരം മുന്നിൽ

കയ്പവല്ലരിപ്പടർപ്പെന്ന

പോൽ കോലാഹലം

വിട്ടുപോകുന്നോർ

ഗ്രൂപ്പിലെന്നുമേ

വാക്പോരാട്ടം

കച്ചയും, പോർത്തട്ടിലെ

ചുരികത്തിളക്കവും

ദു:ഖകാലത്തിൻ

കിളിചിലയ്ക്കും നേരം

കൈയിലിത്തിരി നേരം

വന്ന് കലമ്പൽ കൂട്ടും കാലം

നഷ്ടവും ഇഷ്ടങ്ങളും

മറന്നിട്ടോടിപ്പോയ

സ്വപ്നമേ കിളിക്കൂട്ടിൽ

മഞ്ചാടിമരച്ചില്ല.

അടക്കാക്കുരുവികൾ

മറന്നിട്ടൊരു വീട്ടീൽ

അവധിക്കാലത്തിൻ്റെ

പകലും, മഴക്കോളും!



================================

 

January 7, 2022



തൂക്കണാംകുരുവികൾ

Rema Pisharody

January 7, 2022

5.58 PM

==============================

മുറ്റത്ത് ചിന്തേരാണ്

മഴ വന്നുരുമ്മുന്ന

മുത്തമിട്ടോടിപ്പോകും

മുറ്റമാരൊളിപ്പിച്ചു

പൈപ്പിലെ കാവേരിയിൽ

തൂവുന്നതെന്താണാവോ

കയ്ക്കുന്നു ചിലപ്പോഴാ

നദി തൻ രുചിക്കൂട്ടും

കത്തുകൾ തേടിത്തേടി

മടുക്കും നേരം മുന്നിൽ

കയ്പവല്ലരിപ്പടർപ്പെന്ന

പോൽ കോലാഹലം

വിട്ടുപോകുന്നോർ

ഗ്രൂപ്പിലെന്നുമേ

വാക്പോരാട്ടം

കച്ചയും, പോർത്തട്ടിലെ

ചുരികത്തിളക്കവും

ദു:ഖകാലത്തിൻ

കിളിചിലയ്ക്കും നേരം

കൈയിലിത്തിരി നേരം

വന്ന് കലമ്പൽ കൂട്ടും കാലം

നഷ്ടവും ഇഷ്ടങ്ങളും

മറന്നിട്ടോടിപ്പോയ

സ്വപ്നമേ കിളിക്കൂട്ടിൽ

മഞ്ചാടിമരച്ചില്ല.

അടക്കാക്കുരുവികൾ

മറന്നിട്ടൊരു വീട്ടീൽ

അവധിക്കാലത്തിൻ്റെ

പകലും, മഴക്കോളും!



================================

Thursday, January 6, 2022

 January 6, 2022

ഇന്ദ്രജാലം

Rema Pisharody
Time 7.17 PM

 

 

എത്രവേഗത്തിലാണോരോ ദിനങ്ങളും

ശബ്ദമില്ലാതെ നടന്നുമായുന്നതും

അന്തിത്തിരിക്കനൽ തൂവുന്ന സന്ധ്യയെ-

മഞ്ചത്തിലേറ്റിയാ രാവുപോകുന്നതും

കച്ചകൾ കെട്ടിത്തളർന്നതും വേഷങ്ങൾ

ഇത്തിരിനേരം നിലാവുനുകർന്നതും

വാദ്യങ്ങളെല്ലാം നിശ്ശബ്ദമാകുന്നതും

പാതിരാവാകെ തളർന്ന് പോകുന്നതും

 ഞാനോ നിരാശയെ നീറ്റിനീറ്റിത്തളർന്നാറ്റു-

വക്കിൽ കൊണ്ട് തർപ്പണം ചെയ്തതും

കുന്നിക്കുരുക്കളും മഞ്ചാടിയും പകുത്തെന്നോ

മരിച്ച ബാല്യത്തിനെ കണ്ടതും

അങ്ങനെയങ്ങനെ പോകവെ  മൗനത്തിലെന്നെ

പുഴക്കിക്കളഞ്ഞതും, വേർപെട്ട

പുല്ലാങ്കുഴൽസ്വരം കേട്ട മുളങ്കാട്ടിലിന്ന്

നീ കൃഷ്ണ! മറഞ്ഞിരിക്കുന്നുവോ?

 

Wednesday, January 5, 2022

 January 5, 2022

6.00 PM

പെയിൻ്റ് ബ്രഷ്

Rema Pisharody

January 5, 2022
6.00 PM

 

ജലച്ചായം  ചോർന്നുപോയ

ചുമർച്ചിത്രം തൂങ്ങിയാടും

മിഴിക്കുള്ളിൽ ദർപ്പണത്തിൽ

നിഴൽക്കുത്തിൻ കടുംവെട്ട്

ഇതൾ മങ്ങി പൊഴിയുന്ന

ഋതുക്കളിൽ ചുറ്റിയാടി

മഴക്കാറ്റിൽ ഇലത്തുമ്പിൽ

പുഴുക്കുത്തിൻ ഭൂപടങ്ങൾ

ഉലയ്ക്കുള്ളിൽ തണുപ്പാറ്റി

നെരിപ്പോടിൻ കനൽപ്പൊട്ട്

കരിന്തീയിൽ പടർന്നാളി

പിടഞ്ഞ പ്രാണൻ

മഴപ്പാറ്റച്ചിറക് പോൽ

കൊഴിയുന്ന നിമിഷത്തിൽ

അടച്ചടച്ചടഞ്ഞു പോം

മുഖപടങ്ങൾ..

നിലതെറ്റിപ്പടിതെറ്റി

ചിതറുന്ന സ്ഫടികത്തിൽ

കടും വർണ്ണം മാറ്റിവച്ച്

വരയ്ക്കും കാലം

ഇലച്ചായമൊഴുകുന്ന

പരൽമീനിൻ ശ്രുതിയുള്ള

കുളത്തിൻ്റെ  പടിക്കെട്ടിൽ

ഉറഞ്ഞു ശൈത്യം.. .. ..

 

 

 January 4, 2022

മൗണ്ടൻ ഫ്ളവർ

 

അന്നവിടെ നിലാവിൻ്റെ ചില്ലയിൽ

സന്ധ്യവന്നു കൊരുത്തു താരങ്ങളെ

ചന്ദനമരഗന്ധവുമായൊരു തെന്നൽ

വന്നു തഴുകിക്കടന്നുപോയ്

ഞാനിരുന്നതിനപ്പുറം കണ്ണിലെ ശോക-

മെല്ലാമൊതുക്കിയിയ പോലൊരു

ഗായകൻ വന്നു, പാടാനുമാവാതെ

രാഗമാമധുവന്തി നിശ്ശബ്ദമായ്

വേദിയിൽ വിളക്കേന്തി നിൽക്കുന്നൊരു

ബാലിക പാടിയാരോഹണസ്വരം

കാറ്റതിൻ്റെയവരോഹണം പാടി

പൂത്തുലഞ്ഞുമധുവന്തിയാകവെ

തേനുപോലെ മധുരം കിനിയവെ

പ്രാണനിൽ തൊട്ടുനിന്നു നിലാവൊലി

പ്രേമഗന്ധം നിറഞ്ഞസായാഹ്നത്തിൽ

ദൂരെയോടക്കുടൽ തൊട്ടു കാടുകൾ

ബെട്ടതെ മേലേ ഹൂവ് തേടി പോയ

കൊച്ച് ബാലനോ രാജകുമാരനായ്

മായികക്കാഴ്ച്ചയെന്ന പോലാഘോഷ

വേളയെല്ലാം നടന്ന് തീർന്നെന്നപോൽ

പാടുവാൻ ശ്രുതിയെല്ലാം കഴിഞ്ഞപോൽ

നാദവാദ്യങ്ങൾ മുക്തായ  തീർത്തപോൽ

ശോണതന്ത്രിയിൽ സ്പന്ദനനമന്ത്രങ്ങൾ

സ്നേഹമെന്ന പൂക്കാലം വിടർത്തിയ

ആ ഹൃദയമോ മൗനത്തിലേയ്ക്കൊരു

ഏകസഞ്ചാരപാതതിരഞ്ഞുപോയ്

സ്നേഹഗായകൻ തൊട്ടുപോകും സ്വരം

സ്നേഹഗായകനായ് സാന്ത്വനമായി

 January 3, 2022

9.26 AM

ആല

Rema Pisharody

 

രാത്രിമഞ്ഞുമായ് വന്നു നീയെങ്കിലും

പേക്കിനാക്കൾ മറച്ചുവെന്നാകിലും

പാട്ടുപാടുവാൻ സന്തൂറുമായ് കടൽ-

ക്കാറ്റ് മെല്ലെക്കടന്ന് വന്നെങ്കിലും

ലോകമെല്ലാം നിരാശപൂക്കുമ്പോഴും

കാതിൽ മാർഗ്ഗഴി പാട്ടുപാടുമ്പോഴും

ഞാനുറഞ്ഞ് പോയ് പർവ്വതങ്ങൾ തൊട്ട-

മേഘമായ് പിന്നെ നീർമഴത്തുള്ളിയായ്

മണ്ണിലേയ്ക്ക് പുതഞ്ഞുവീഴുമ്പോഴും

കൈയിലുണ്ടായിരുന്നൊരു മൺതരി

കൊല്ലുവാനും തടുക്കാനുമാവാതെ

കൊല്ലനാലയിൽ തീപുകയ്ക്കുന്ന പോൽ

രക്തമിറ്റും പകത്തുമ്പ് മായ്ക്കുവാൻ

രക്തമിറ്റും പകത്തുമ്പ് മായ്ക്കുവാൻ

ശക്തിയില്ലാതെ നിൽക്കും പ്രപഞ്ചത്തിൽ

ഇത്തിരി പോന്ന ജീവൻ്റെ ഭിത്തിയിൽ

ചിത്രമൊന്ന് വരയ്ക്കുന്ന കാലമേ!

പാതിതീർന്നെന്ന് കണ്മിഴിക്കുമ്പോഴും

ലോകമൊന്നുണ്ടനന്തമാകാശാമായ്

ഭാരമെല്ലാം കുടഞ്ഞിട്ട് പ്രാണനിൽ

ജീവജന്യസ്വരം ചേർത്തുണർത്തവെ

കാട് പൂക്കുന്നു രാവ് നീന്തിക്കട-

ന്നോർമ്മകൾ കോലമിട്ട് പോകും വഴി

ആലയിൽ തീയിലെന്നും പഴുക്കുന്ന

ലോഹമെന്ന പോൽ രൂപങ്ങൾ മാറിലും

നോക്കിനിൽക്കവെ രക്തമിറ്റീടുന്ന

വാക്കുടഞ്ഞുപോം സ്നേഹസ്വപ്നങ്ങളിൽ

മോഹമേഘങ്ങൾ പട്ടങ്ങളായ് പറന്നാധി-

കൂട്ടുവാൻ വന്നു പോകുമ്പോഴും

കൈകളിൽ നിന്നുതിർന്നു വീഴുന്നില്ല

മണ്ണിലെന്നോ വരച്ചിട്ടരൊക്ഷരം

എണ്ണമെല്ലാം മറന്ന് പോയെങ്കിലും

കണ്ണുനീരിൽ കുതിർന്നതാണെങ്കിലും

മണ്ണെഴുത്തിൻ്റെ ഗന്ധം പുരണ്ടൊരീ-

മൺകുടിൽ കെട്ടിമേഞ്ഞെഴുതുന്നു ഞാൻ