Wednesday, January 5, 2022

 January 3, 2022

9.26 AM

ആല

Rema Pisharody

 

രാത്രിമഞ്ഞുമായ് വന്നു നീയെങ്കിലും

പേക്കിനാക്കൾ മറച്ചുവെന്നാകിലും

പാട്ടുപാടുവാൻ സന്തൂറുമായ് കടൽ-

ക്കാറ്റ് മെല്ലെക്കടന്ന് വന്നെങ്കിലും

ലോകമെല്ലാം നിരാശപൂക്കുമ്പോഴും

കാതിൽ മാർഗ്ഗഴി പാട്ടുപാടുമ്പോഴും

ഞാനുറഞ്ഞ് പോയ് പർവ്വതങ്ങൾ തൊട്ട-

മേഘമായ് പിന്നെ നീർമഴത്തുള്ളിയായ്

മണ്ണിലേയ്ക്ക് പുതഞ്ഞുവീഴുമ്പോഴും

കൈയിലുണ്ടായിരുന്നൊരു മൺതരി

കൊല്ലുവാനും തടുക്കാനുമാവാതെ

കൊല്ലനാലയിൽ തീപുകയ്ക്കുന്ന പോൽ

രക്തമിറ്റും പകത്തുമ്പ് മായ്ക്കുവാൻ

രക്തമിറ്റും പകത്തുമ്പ് മായ്ക്കുവാൻ

ശക്തിയില്ലാതെ നിൽക്കും പ്രപഞ്ചത്തിൽ

ഇത്തിരി പോന്ന ജീവൻ്റെ ഭിത്തിയിൽ

ചിത്രമൊന്ന് വരയ്ക്കുന്ന കാലമേ!

പാതിതീർന്നെന്ന് കണ്മിഴിക്കുമ്പോഴും

ലോകമൊന്നുണ്ടനന്തമാകാശാമായ്

ഭാരമെല്ലാം കുടഞ്ഞിട്ട് പ്രാണനിൽ

ജീവജന്യസ്വരം ചേർത്തുണർത്തവെ

കാട് പൂക്കുന്നു രാവ് നീന്തിക്കട-

ന്നോർമ്മകൾ കോലമിട്ട് പോകും വഴി

ആലയിൽ തീയിലെന്നും പഴുക്കുന്ന

ലോഹമെന്ന പോൽ രൂപങ്ങൾ മാറിലും

നോക്കിനിൽക്കവെ രക്തമിറ്റീടുന്ന

വാക്കുടഞ്ഞുപോം സ്നേഹസ്വപ്നങ്ങളിൽ

മോഹമേഘങ്ങൾ പട്ടങ്ങളായ് പറന്നാധി-

കൂട്ടുവാൻ വന്നു പോകുമ്പോഴും

കൈകളിൽ നിന്നുതിർന്നു വീഴുന്നില്ല

മണ്ണിലെന്നോ വരച്ചിട്ടരൊക്ഷരം

എണ്ണമെല്ലാം മറന്ന് പോയെങ്കിലും

കണ്ണുനീരിൽ കുതിർന്നതാണെങ്കിലും

മണ്ണെഴുത്തിൻ്റെ ഗന്ധം പുരണ്ടൊരീ-

മൺകുടിൽ കെട്ടിമേഞ്ഞെഴുതുന്നു ഞാൻ


 

No comments:

Post a Comment