മനസ്സാക്ഷിയുടെ വിശുദ്ധകവചങ്ങൾ
ദൈവമേ ഇതെന്തൊരു നിയോഗമാണ്. യുദ്ധങ്ങൾ ഇതേ പോലെയുണ്ടാകുമോ. വീണ്ടും വീണ്ടും ആക്രമിക്കപ്പെടുമ്പോഴും പിടിച്ച് നിൽക്കാൻ വിശുദ്ധകവചങ്ങളേകിയ മനസ്സേ, എത്രമാത്രം കഠിനമാണ് യുദ്ധകാലങ്ങളിലൂടെയുള്ള സഞ്ചാരം.
വിടാതെ നിഴല് പോലെ പിന്തുടർന്ന് തോൽപ്പിക്കാൻ സകല പരിശ്രമവും ചെയ്യുന്ന ഒരാളുണ്ട് എന്ന അറിവ് ഇപ്പോഴുണ്ട്. അതിരിൽ ശത്രുസൈന്യമുണ്ടെന്നും എന്നും ജാഗ്രതയോടെയിരിക്കണമെന്നും ഓർമ്മപ്പെടുത്തുന്ന സൈനികമേധാവിയായി മാറിയിരിക്കുന്നു മനസ്സ്. അത്ര സുഖകരമായ കാര്യമല്ലത്. അത് കൊണ്ടാണ് പലപ്പോഴും നിശ്ശബ്ദത പാലിച്ച് ഇറങ്ങിപ്പോയേക്കാം എന്ന് കരുതിയത്. പക്ഷെ എഴുത്തിൽ നിന്ന് എന്തിനിറങ്ങി പോകണം എന്ന ചോദ്യം മനസ്സാക്ഷി ചോദിച്ച് കൊണ്ടേയിരുന്നു. സംഘർഷത്തിൽ നിന്നെഴുതുക എന്നത് എത്ര ശ്രമകരമാണ്. എങ്കിലും മനസ്സാക്ഷിയുടെ വിശുദ്ധകവചങ്ങൾ ആശ്വാസമേകിയിരുന്നു .
തളർത്താൻ ശ്രമിക്കുന്നവരുടെ കോട്ട കണ്ടില്ലെന്ന് നടിച്ചെഴുതണം. ആക്രമണം കൂടിയാൽ തിരികെയൊരു പ്രത്യാക്രമണം നിലനിൽപ്പിന് ആവശ്യമാണ്. അത് എഴുത്തിനെ ബാധിക്കാതെ സൂക്ഷിക്കണം. എത്രമാത്രം സങ്കീർണ്ണമാണത് . സന്തോഷം അധികമില്ലെങ്കിലും മനസ്സമാധാനവും, ശാന്തിയുമുണ്ടായിരുന്നു. അതൊക്കെ പഴയ കാലം,. ഇപ്പോഴുള്ളത് എന്തവസഥയെന്ന് മനസ്സിന് പോലും തീർത്തും നിർവചിക്കാനാവുന്നില്ല .
ദൈവം സത്യം പറഞ്ഞ് കൊണ്ടിരുന്നു. ഒരു സ്നേഹവും അഭിനയമായിരുന്നില്ല. അതിന് വിശുദ്ധമായ കവചമുണ്ടായിരുന്നു. അത് തകർക്കപ്പെട്ടു. ഒരിക്കലല്ല പല പ്രാവശ്യം. അതില്ലാതാക്കിയതിനാലാണ് അതിൽ നിന്നിറങ്ങി പോരാൻ തീരുമാനിച്ചത്. ദയയ്ക്കും, ക്ഷമയ്ക്കും സഹനത്തിനും മനുഷ്യസഹജമായ പരിമിതികളുണ്ട്.
ക്ഷമിക്കാനാവുന്നതിലും കടന്ന് പോയത് കൊണ്ടാണ് തല കുനിച്ചിറങ്ങി പോരില്ലെന്ന് മനസ്സങ്ങ് തീരുമാനിച്ചത്. അതിന് തിരികെ കിട്ടിയ ആക്രമണത്തിൻ്റെ ശക്തി നോക്കിയാൽ ക്ഷമ ചോദിക്കാൻ പോലും അർഹതയില്ലാത്തത്രയും ദ്രോഹം ചെയ്തിട്ടാണ് ചിലർ തിരികെ പോയത് എന്ന് മനസ്സിലാക്കാനായത്. ആക്രമിച്ച ഓരോ മുഖങ്ങളെയും മനസ്സിൽ കണ്ടത്ഭുതപ്പെട്ടു. ഒറ്റപ്പെടുത്താൻ ശ്രമിച്ച ചാതുര്യം കണ്ടമ്പരന്നു. അവിടെ ശിരസ്സ് കുനിക്കരുത് എന്ന തീരുമാനവും മനസ്സാക്ഷിയുടേതായിരുന്നു.
യുദ്ധം അവസാനിക്കുമെന്നും സമാധാനമുണ്ടാകുമെന്നും കരുതിയിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയുള്ള വിശ്വാസമൊന്നുമില്ല. പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പഴയ മനശ്ശാന്തി തിരികെ ലഭിച്ച് തുടങ്ങി. അതിലാദ്യം ചെയ്തത് പല രൂപങ്ങളിൽ, പല പേരുകളിൽ നിരന്തരം വേട്ടയാടിയ എഴുത്തുകൾ വായിക്കുന്നത് നിർത്തുക എന്നതായിരുന്നു. ഒരു വാക്ക് പോലും വായിക്കാതെ അതങ്ങ് ഒഴിവാക്കിയപ്പോൾ മനസ്സിൽ ശാന്തത കൈവന്ന് തുടങ്ങി. പ്രത്യേകിച്ച ഒരു വൈരാഗ്യമില്ലാതിരുന്നിട്ടും സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി എഴുതി തോൽപ്പിക്കാൻ ശ്രമിക്കുവരെ ബ്ലോക് ബട്ടണിലേക്ക് ചുരുക്കി.
ഇത്രയൊക്കെ എനിക്കാകുമായിരുന്നോ ദൈവമേ, പിടിച്ച് നിൽക്കാനാകുമെന്ന് ആദ്യമൊന്നും കരുതിയില്ല, എങ്കിലും മനുഷ്യത്വമില്ലായ്മയുടെ മുന്നിൽ ശിരസ്സ് കുനിക്കരുതെന്ന് മനസ്സ് ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്നിന് വേണ്ടിയും യാചിക്കരുത് എന്നും മനസ്സ് ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു..
ഇപ്പോഴും വിടാതെ നിഴല് പോലെ പിന്നിൽ അവരെന്തിന് നിൽക്കുന്നു എന്നത് അതിശയിപ്പിക്കുന്നു. അതിൽ പരാജയപ്പെടുത്താനും, നിശ്ശബ്ദമാക്കാനുമുള്ള കൗശലമുണ്ടെന്ന് ഇന്ന് മനസ്സിനറിയാം. ദൈവമേ അവരുടെ കൗശലങ്ങളിൽ നിന്ന് രക്ഷിക്കണമേ.. അതികഠിനമായ ദുരനുഭവങ്ങളുണ്ടാകുമ്പോഴും മനസ്സിലെ സ്ഥായിയായ നന്മയ്ക്ക് കോട്ടം തട്ടാതെ കാത്തുകൊള്ളണമേ..
.
No comments:
Post a Comment