മഴ എന്ന നോസ്റ്റാൾജിയ???
Rema Pisharody
(മഴേ നിനക്കെന്ത് പറ്റി?
ഇതേ പോലെ പെയ്യുവാൻ
പെയ്താർത്ത് ഭീതിതൻ-
ചിറകുമായെല്ലാം-
തകർത്തങ്ങ് പോകുവാൻ?)
മഴയിതേപോലെയായിരുന്നെല്ലന്ന്
പഴയൊരാൽ മരം കാറ്റാടിസന്ധ്യകൾ
പുഴയിതേപോലെയായിരുന്നില്ലെന്ന്
പഴയ കടലുകൾ ശ്രാവണക്കാഴ്ചകൾ..
നിഴല് നൃത്തമാടീടുന്ന പൂമുഖ-
പ്പടി തുറക്കവേ പവിഴമല്ലിപ്പുഴ-
ചുരുൾമുടിത്തുമ്പുലച്ച് മേഘങ്ങളെ-
പതിയെ നീക്കുന്ന കാറ്റിൻ്റെ മർമ്മരം
പഴയതെല്ലാം മറന്നിട്ട വീടിൻ്റെ-
ചുമരിലാരോ വരച്ച ചിത്രങ്ങളിൽ
നിഴല് നൃത്തമാടീടുന്ന സായാഹ്ന
വഴി കടന്ന് നാം തേടുമോ നമ്മളെ!
മണിമുഴങ്ങുന്ന പള്ളിമൈതാനത്ത്,
പുതിയ വീടിൻ്റെയിഷ്ടികത്തിണ്ണയിൽ,
ഇടവഴിയും കടന്ന് മാഞ്ചോട്ടിലായ്-
പഴയ കളിവീട്ടിൽ നമ്മളുണ്ടാകുമോ?
കദളികൾ, കടുംചെത്തികൾ കാട്ടു-
പൂച്ചെടികൾ, പച്ചിലക്കാടുകൾക്കിടയിലായ്-
പുതിയൊരോർക്കിഡിൻ ഗ്രാമമുറ്റത്ത് നാം-
തിരയുമോ വീണ്ടുമാ കുഞ്ഞുതുമ്പയെ?
മധുരനെല്ലിക്കനീരിലെ കയ്പുമായ്-
രുചിയുതിർക്കുന്ന സ്കൂളിൻ വരാന്തയിൽ-
മഷിപടർന്ന നോട്ട് ബുക്കുമായ് നമ്മളാ-
പഴയപെൺകിളിക്കൂട്ടമായീടുമോ?
മഴനനഞ്ഞുകൊണ്ടാറ്റുവഞ്ചിപ്പുര-
യ്ക്കരികിലൂടെ വീടെത്തിയോരോർമ്മയിൽ,
ചുടുചുടുക്കുന്ന ചുക്കുനീരിൻ കാപ്പി-
മണവുമായി പനിക്കുന്ന രാവിലായ്
ഉണരുവോളം
പനിക്കൂർക്കിലത്തളിർ
പഴയ കൈയാൽ തലോടുന്നൊരമ്മയെ-
ഇനിയുമെന്നാണ് കാണുക? കാണുവാൻ-
മഴ കടന്ന് നാം യാത്രയ്ക്കൊരുങ്ങുവോ?
ഒരു മഴത്തുള്ളി ചേമ്പിലത്താളിലായ്-
കുസൃതികാട്ടിത്തിളങ്ങിനിന്നീടവേ!
വയലുകൾ കടന്നാ ചോന്ന ചെങ്കല്ലു-
പൊടിപടർന്നതാം പാത നാം തേടുമോ?
ജലതരംഗത്തിലാറ്റുചങ്ങാടത്തിലിനി-
യുമെന്നാണ് യാത്ര പോയീടുക?
മഴയിടക്കിടെ പെയ്യുന്നൊരാനദി-
ക്കരയിലേയ്ക്ക് നാമെന്നാണ് പോവുക?
കടലിരമ്പം നിറച്ച ശംഖിൽ നിന്ന്-
കടല് പാടുന്ന പാട്ട് തേടും പോലെ;
ഇനിയുമെന്നാണ് ഹൃദ്സ്പന്ദനത്തിൻ്റെ-
ശ്രുതിയുമായി നാം പാടാനിരിക്കുക?
പഴയ മഴയിലെ പ്രണയഗാനത്തിൻ്റെ-
പുഴകളിൽ കരിന്തേൾ വിഷം പടരവേ!
പുതിയ പ്രളയമാം മഴകളിൽ നിന്ന് നാം-
പഴയ ചെമ്പകപ്പൂക്കളെ തേടുമോ?
നിമിഷമെണ്ണുന്ന ഘടികാരസൂചിയിൽ-
പഴയ പെൻഡുലം നൃത്തമാടീടവേ!
സമയമില്ലാത്ത ലോകത്തിൽ നിന്ന് നാം-
തിരയുമോ? തിരക്കില്ലാത്ത ഭൂമിയെ!
മുടിയിലാമ്പലിൻ പൂചൂടി കാട്ടുതേൻ-
നിറമതേ പോലെ നിൽക്കുന്ന സന്ധ്യയിൽ
പഴയ ഋതുവിൻ്റെ മഴനിലാത്തോണിയിൽ
പറയൂ നമ്മളെന്നാണ് പോയീടുക?
(June 3, 2022)
No comments:
Post a Comment