Wednesday, March 9, 2011

മിഴിപൂട്ടിയിരിക്കാനാവാതെ

നടുമുറ്റത്തൊഴുകിയ
വേനൽമഴയുടെ ശിഖരങ്ങളിലും
ആരൂഢശിലയിലും
കത്തിയാളിയ തീയിൽ
കരിഞ്ഞുണങ്ങിയ
കരിയിലകൾ പാറിയ
വേനൽക്കാറ്റിനരികിൽ
മേഘങ്ങൾ നീരൊഴിഞ്ഞൊഴുകിയ
വഴിയിൽ
കായലിനപ്പുറം കത്തിയ
മദ്ധ്യാഹഭ്രാന്തിലെരിഞ്ഞ
പുൽനാൽമ്പുകളിൽ
സായാഹ്നവും കടന്നുവന്ന
സന്ധ്യയിത്തിരി ചന്ദനക്കുളിർപൂശി
നടന്നുനീങ്ങുമ്പോൾ
മിഴിപൂട്ടിയിരിക്കാനാവാതെ
ഒരുമാത്രയ്ക്കിടയിൽ
തെറ്റിയൊരക്ഷരകാലത്തെ
വീണ്ടും ചിമിഴിലാക്കി
അഗ്നിപ്പാടുകൾ താണ്ടി
യാത്രതുടർന്ന ഭൂമിയുടെയരികിൽ
മനസ്സു തേടി
നൂറ്റാണ്ടുകളിൽ വീണുടയാതെ
നിമിഷങ്ങളിൽ തട്ടിപ്പൊടിയാതെ
യുഗങ്ങളിൽ വീണുതകരാതെ
പ്രപഞ്ചം ഭദ്രമായ് സൂക്ഷിച്ച
മഹാകാവ്യത്തിലെയൊരു സർഗം
ഋതുക്കൾ കൂടെയുള്ളതൊരാശ്വാസം

സമാധാനം ആവശ്യമെന്ന്
ചിലരെഴുതുന്നു
ഒരാളുടെ വീടുതച്ചുടച്ചതിക്രമിച്ചതിൽ
കയറിയാൽ സമാധാനം കിട്ടുമെന്ന്
നിന്നോടാരു പറഞ്ഞു.
സമാധാനം വേണമെന്ന്
ഞങ്ങളുമാവശ്യപ്പെട്ടിരുന്നുവല്ലോയൊരിക്കൽ
അന്ന് ഒരാളെയൊറ്റപ്പെടുത്താൻ
കാൽക്കാശിനുവിലയില്ലാത്ത
എഴുത്തുകാരെ വിലയ്ക്ക് വാങ്ങി
അവരെക്കൊണ്ടു
വേണ്ടാത്തതെഴുതിയച്ചടിച്ചു വിറ്റു നീ..
അങ്ങനെ ചെയ്താൽ
സമാധാനം കിട്ടുമെന്നേതു
സർവകലാശാല നിന്നെ പഠിപ്പിച്ചു?
വരാഹങ്ങൾക്ക് കൊടുക്കുന്നതുപോലെ
തുണ്ടുകഷണങ്ങെറിഞ്ഞാൽ
അഭിമാനികളത് തൊടുകപോലുമില്ലെന്ന്
നിനക്കറിയുക പോലുമില്ലെന്നതാശ്ചര്യകരം
എറിയുന്നതെല്ലാമൊരു
കൂടയിലാക്കി വയ്ക്കാം
സമാധാനത്തിന്റയളവ് നിർണയിക്കാൻ
അതെല്ലാംകൂടിതൂക്കിയെടുത്താൽ
കിട്ടിയേക്കാം സമാധാനത്തിന്റെ
സംക്ഷിപ്തരൂപം..
എത്രയോ കൂടകൾ നിറഞ്ഞിരിക്കുന്നു
പണ്ട് പൂക്കാലങ്ങളിലെ പൂക്കൾ നിറഞ്ഞിരുന്ന
കൂടകളിലിന്നസമാധാനം നിറഞ്ഞിരിക്കുന്നു
അതൊന്നെടുത്തുമാറ്റണമെന്നുണ്ട്
വല്ലാത്ത ഭാരം
ഒന്നും രണ്ടും ദിനങ്ങളിലെയല്ലല്ലോ
വർഷങ്ങളിലൂടെ വീണു നിറഞ്ഞതല്ലേ...
ആ ഭാരക്കെട്ടുകൾ മാറ്റി കുറെ
പൂവുകൾ ശേഖരിക്കുകയാണതിലിപ്പോൾ
ഋതുക്കൾ കൂടെയുള്ളതൊരാശ്വാസം...

Saturday, March 5, 2011

മഞ്ഞുകാലച്ചെരിവിലിരുന്ന് വിധിയെഴുതുന്നാർക്കുവേണ്ടി

ഓർമ്മയുടെ പിഞ്ഞിയ
പരുത്തിതുണിയിൽ
ഇനിയുമെഴുതിനീയൊരുക്കേണ്ട
നിർണയവിധികൾ
വിധിരേഖകളെഴുതാനുള്ള
നിന്റെയവകാശമെന്നേയൊരു
ഗ്രീഷ്മമൊഴുക്കിക്കളഞ്ഞു
അതിനാലിനിയും വേണ്ട
കൺകെട്ടുജാലങ്ങൾ
കണ്ടൊരുകാലമതിശയിച്ചിരുന്നു
ഇനിയതുണ്ടാവില്ല
ഈറൻ സന്ധ്യയുടെയുള്ളിലെയുപ്പാണീക്കടൽ
ദണ്ഡി മറക്കാനാവില്ലല്ലോ
സത്യാഗ്രഹങ്ങളുടെ കൊടിപാറിയ
സബർമതിയെയും മറക്കാനാവില്ലല്ലോ
ഉറയും ശിശിരത്തിലെന്നേ മാഞ്ഞു മൗനം
പിന്നെയുള്ളതവിടെയുമിവിടെയും
ഗതി തേടിയലയും കുറെ നിഴലുകൾ
സന്ധ്യയുടെ ചിമിഴിൽ
തീർഥമൊഴുകും ശംഖുകളാണിപ്പോൾ
നിഴലുകളെയൂറ്റിയെന്നേ മാഞ്ഞു സായാഹ്നം
വിധിന്യായങ്ങളെയെന്നേയൊരു
കൂടയിലാക്കി കടലിലേയ്ക്കൊഴുക്കി ഭൂമി...
അന്നും
മിഴിരണ്ടും പൂട്ടിയൊരു തുലാസും
കൈയിലേറ്റിയരികിലാ
ശിലാപ്രതിമയുമുണ്ടായിരുന്നു...
പിന്നെയീമഞ്ഞുകാലച്ചെരിവിലിരുന്ന് നീ
വിധിയെഴുതുന്നാർക്കുവേണ്ടി.....

Friday, March 4, 2011

കേൾക്കാനാവുന്നു കടലിൻ ഹൃദയതാളം

ഇനിസൂക്ഷിക്കേണ്ടതമൂല്യമായ
ഭൂഹൃദയസ്പന്ദനങ്ങൾ
ഒരുനാളാഹൃദയലയത്തിനരികിൽ
മഴക്കാലം കവിതയായൊഴുകിയിരുന്നു
ശരത്ക്കാലവർണങ്ങളൊഴുകിയിരുന്നു
നക്ഷത്രങ്ങൾ തൂക്കുവിളക്കുതെളിയിച്ചിരുന്നു
ശിശിരം മഞ്ഞു തൂവിയിരുന്നു
വസന്തം പൂക്കാലമായ് പൂത്തിരുന്നു
പിന്നെയൊരു ഗ്രീഷ്മത്തിലഗ്നിപർവതങ്ങളിൽ
നിന്നെന്നപോൽ പുകയുയർന്ന
മാറ്റങ്ങളുടെയാരണ്യകത്തിലിരുന്നും
ഋതുക്കളുടെ നൈർമല്യം ചാലിച്ച്
മനസ്സൊരു സർഗമെഴുതി
ഉടഞ്ഞുവീണ പ്രതിബിംബങ്ങളുടെ
കൽച്ചീളിലൂടെ  നടന്ന ഭൂമിയന്നേന്നോടു പറഞ്ഞു
ഇനി സൂക്ഷിക്കേണ്ടതമൂല്യമായ
ഹൃദ്സ്പന്ദനങ്ങൾ
അതിലൊരുകുപ്പി നീലമഷി തട്ടിതൂവി
നടന്നുപോയ നിന്നോടെന്തുപറയാൻ
നീ സ്വരുക്കൂട്ടിയതുമെല്ലാം ചുരുങ്ങിയില്ലേ
ആ മഷിക്കുപ്പിയിൽ
മാറുന്ന ഋതുക്കൾക്കരികിലും
കേൾക്കാനാവുന്നു കടലിൻ ഹൃദയതാളം
എത്ര മനോഹരമാ ലയവിന്യാസം...
പ്രളയാന്ത്യം വരെയും

കരിമുകിലുകൾക്കെന്തൊരു
കാരുണ്യമിപ്പോൾ
കറുത്തിരുണ്ടൊഴുകിയൊരാ
വസന്തവും ഗ്രീഷ്മവുമെത്രവേഗം
മറന്നിരിക്കുന്നു
നദീതീരത്തിരുന്നൊരു
പൊട്ടിപ്പൊളിഞ്ഞ ചിത്രം
ചായം തേയ്ച്ചുമിനുക്കുന്നുവോ
അല്ലെങ്കിലുമിവിടെ
ജനഭാരത്താൽ ഭൂമി തളരുന്നു
ഋതുക്കളുടെ സമതുലനമൊന്നും
മനുഷ്യരുടെ ശിരോരേഖയിലില്ല
അതിനാലിനിയുമുയർത്തെഴുനേറ്റുവരും
അനേകകോടികളും
ഭൂധൂളികൾ കൈയിലേറ്റിയെഴുതിയേക്കാം
കാണുകയീ വൈഭവമെന്നൊക്കെ..
ഗർവിന്റെ ഭാഷാലിപികൾക്കാരതിരിടും.
വീണുകൊഴിയും പൂക്കളോ
വൃക്ഷശിഖരത്തിൽ നിന്നുപൊഴിയുമിലകളോ
വന്നുപോകും ഋതുക്കളോ
എഴുതിനീട്ടാറില്ലല്ലോ
പരിഭാഷയുടെ പർവതഗർവം
യുഗങ്ങൾക്കുമുണ്ടന്ത്യം
മനുഷ്യരതറിയുന്നില്ലല്ലോ
പ്രളയാന്ത്യം വരെയും....

Thursday, March 3, 2011

ഒരനുസ്മരണമെഴുതിയേക്കാം

പലരുമെഴുതുന്നതും കണ്ടിരുന്നു കുറെകാലം
പിന്നെയതു മാത്രമേ ശരിയുള്ളുവെന്നാണിയടിച്ചു
തൂക്കിയ ഫലകങ്ങൾ ചുറ്റിലും നിരന്നു
ഒന്നൊന്നായിയവയടർത്തിമാറ്റാനിത്തിരിവൈകി
അതങ്ങനെയായിപ്പോയേക്കാമെങ്കിലും
അതങ്ങനെതന്നെയെന്നഴുതി
ഭൂമിയുടെയാധാരശിലകൾ
തീറെഴുതേണ്ടതില്ലല്ലോ
ജാലകങ്ങൾ തുറന്നല്പം നനുത്ത
കുളിർകാറ്റേൽക്കാനിരിക്കുമ്പോഴും
ശിശിരമഴയിലൂടെ നടക്കുമ്പോഴും
അവശേഷിപ്പിന്റെയാദ്യക്ഷരമെന്നപോൽ
ചുറ്റുവലയങ്ങളെഴുതി നീട്ടുന്നുവൊരാദികാവ്യം
ഇന്നതിനൊരനുസ്മരണക്കുറിപ്പെഴുതിയേക്കാം
വലയം ചെയ്യുന്ന മൂടൽമഞ്ഞിനെയുരുക്കി
തീയിലിട്ടിത്തിരി ചുടുനീരാക്കി വയ്ക്കാം
അനുസ്മരണങ്ങളിലും നിറയട്ടെയിത്തിരി തീ
അഗ്നിപർവതങ്ങൾ കടന്നുവന്ന കനലുകൾ
നെരിപ്പോടുകളിലെ പുക..
അങ്ങനെയായാലേ ചുറ്റുവലയങ്ങൾക്ക്
സമാധാനമുണ്ടാവൂ
ഇന്നൊരനുസ്മരണമെഴുതിയേക്കാം
മുഖവുരയിങ്ങനെയാവാം
തീയിൽ നിന്നുയർന്നതെങ്ങനെ
വെയിൽ നാളങ്ങളിൽ മായും...
അങ്ങനെ നടക്കാനുമൊരു സുഖമുണ്ടാവും
 ഒരിയ്ക്കൽ കണ്ടിരുന്നു
കാച്ചിക്കുറുക്കിയാറ്റിയൊരു
പൊൻചഷകത്തിലൊഴുകിയ
കയ്പും മധുരവും...
തുള്ളിതുള്ളിതുളുമ്പിതുളുമ്പി
അതിലിപ്പോഴുള്ളതിത്തിരിയടിമട്ട്
ഒരുമഴക്കാലത്തിലേയ്ക്കാപാത്രമെടുത്തു
നീട്ടിയാൽ പിന്നെയതും ബാക്കിയുണ്ടാവില്ല
കഴുകിതുടച്ചുവൃത്തിയാക്കേണ്ട
ആവശ്യകതയേയുണ്ടാവുള്ളൂ
അലട്ടില്ലാതെയങ്കലാപ്പില്ലാതെ
പിന്നീടങ്ങനെ നടക്കാം
ഋതുക്കൾക്കൊപ്പം
ശരത്ക്കാലനിറങ്ങളിൽ മുങ്ങിയങ്ങനെ
സായം സന്ധ്യയുടെ വിളക്കുമേന്തി
ചക്രവാളത്തെതൊടും കടലിനരികിൽ
കടലോരമണലിലൂടെയങ്ങനെനടക്കാം
കാച്ചിക്കുറുക്കിയാറ്റിയ സർഗങ്ങളിൽ നിന്നൊഴുകും
കടലിന്റെയാരവത്തിനിടയിലൂടെയങ്ങനെ
നടക്കാനുമൊരു സുഖമുണ്ടാവും...
പാടാൻ മറന്നൊരു പാട്ടും, പാട്ടിന്നീണവും

മൺകല്ലിലുയർത്തിയ
വീഥിയിലെ കമ്പോളത്തിൽ
പൊൻചായം പൂശിയ
ഈയക്കുടങ്ങളുമായിരുന്നു
കുറെയേറെ മുഖങ്ങൾ...
കായലോരത്തെ അയനിമരത്തിൽ
കൂടുകെട്ടിയ കിളി പാടാൻ മറന്ന
പലേ പാട്ടുകളും, പാട്ടിന്നീണവും
മദ്ധ്യാഹ്നവെയിൽവീണുകത്തിയ
മൺപ്പരപ്പിൽ നിന്നകലേയ്ക്ക്
പറന്നകലുന്നതും
ചിറകുകരിഞ്ഞു തളർന്ന
മേഘകലശങ്ങളിലൊതുങ്ങാനാവാതെ
പളുങ്കുമണികൾപോലെയുള്ള
മഴതുള്ളികൾ ചക്രവാളത്തിൽ
ശിശിരത്തോടൊപ്പമുറഞ്ഞു മായുന്നതും
നിസ്സംഗം കണ്ടുനിന്നു ഭൂമി....
പണിതുയർത്തിയ കോട്ടകൾക്ക് ചുറ്റും
കിടങ്ങുകൾതീർത്ത് പടച്ചട്ടയണിഞ്ഞ്
പോരാളികൾ കാവൽ നിന്നപ്പോഴും
ഋതുക്കളുടെ ചിറകിലൊരു
തൂവൽസ്പർശമായൊഴുകി ഭൂമി...
വീഥികളിൽ തിരക്കിട്ടോടിയ മുഖങ്ങൾ
ഈയക്കുടങ്ങൾ തോളിലേറ്റി
നടന്നുനീങ്ങിയപ്പോൾ
നക്ഷത്രവിളക്കുകൾ തെളിയിച്ച്
വിരലിൽ കൂടുകൂട്ടീയ
സന്ധ്യയ്ക്കരികിലൂടെ
കായലോളങ്ങളെ കടന്ന്
അയനിമരത്തണലും പിന്നിട്ട്
മനസ്സിൽ വെൺപ്പട്ടുനൂലാലൊരു
കൂടുകെട്ടിയതിൽവന്നു
കുടിയേറി പാർത്തു
പാടാൻ മറന്നൊരു പാട്ടും,
പാട്ടിന്നീണവും ...

Wednesday, March 2, 2011

ഋണങ്ങളും മാഞ്ഞുകൊണ്ടേയിരിക്കും

ആരോ സ്വരുക്കൂട്ടിയ
ഋണബാധ്യതയിലുലഞ്ഞ
ജീവസ്പന്ദനങ്ങളുടെ
കണക്കുപുസ്ത്കത്തിൽ
കൈയിലളന്നെഴുതാൻ
നീക്കിയിരിപ്പില്ലാതെ
ഒരു യുഗം നടന്നുനീങ്ങുന്നരികിൽ
കടംകഥകൾ തേടിയതിനരികിൽ
തുടിയിട്ടെത്തിയ
ദിനങ്ങളെയെല്ലാമൊരു
തുലാഭാരത്രാസിലിളന്നെടുത്ത്
സമമാക്കിയപ്പോൾ
പിന്നീടുവന്ന ഋതുക്കൾ
ഋണക്കടുംകെട്ടുകൾ ലഘൂകരിച്ചു
നിറം ചാലിച്ചെഴുതിയ നെടുമ്പുരയിലെ
തൂണുകളിളകിവീണ പേമാരിയിലൂടെ
നടന്നൊരുശരത്ക്കാലവും
കടന്നെത്തും ശിശിരവും മാഞ്ഞുപോകും...
ആരോ സ്വരുക്കൂട്ടി
കൂടയിൽ നിക്ഷേപിക്കും
ഋണങ്ങളും മാഞ്ഞുകൊണ്ടേയിരിക്കും
ഋതുക്കളെ പോൽ....

Tuesday, March 1, 2011

കടലോരോതുള്ളിയായിപ്പോൾ ഹൃദയത്തിലേയ്ക്കൊഴുകുന്നു

കടലോരോതുള്ളിയായിയിപ്പോൾ
ഹൃദയത്തിലേയ്ക്കൊഴുകുന്നു
ഒഴുകുന്ന താളലയം
കൈവിരലുൾക്കൊള്ളുന്നു
അനേകജന്മങ്ങളിലൂടെ
ജനിമൃതികൾ തൻ
മഹാവടവൃക്ഷശാഖകളിലൊന്നിൽ
കുരുങ്ങികൊഴിയുമോരിലയിലൊതുങ്ങിയ
ജന്മസങ്കടങ്ങളെ ഹോമിച്ച
ഹോമകുണ്ഡത്തിൽ
നിന്നുയരും തീപ്പുകപോലെ
പിന്നെയേതോ പ്രാചീനതയുടെ
പര്യായം തേടിയ വിശ്വപത്രികളിൽ
നിന്നുണർന്നെഴുനേറ്റരികിലൊഴുകിയതും
ഒരു കടലായിരുന്നു
നിലയില്ലാതെയൊഴുക്കിലൊഴുകിയ
നിരവധി ദിനരാത്രങ്ങളിലെങ്ങോ
വേർപെട്ടുപോയ അശോകപ്പൂവിൻ
നിറമുള്ള സായംസന്ധ്യയെ
മൺചിരാതിലാക്കിയറവാതിലിൽ
വച്ച ഭൂമിയുടെയുള്ളിലുമിപ്പോൾ
നിറയുന്നത് കടലിന്നാരവമോ.....