Saturday, March 5, 2011

മഞ്ഞുകാലച്ചെരിവിലിരുന്ന് വിധിയെഴുതുന്നാർക്കുവേണ്ടി

ഓർമ്മയുടെ പിഞ്ഞിയ
പരുത്തിതുണിയിൽ
ഇനിയുമെഴുതിനീയൊരുക്കേണ്ട
നിർണയവിധികൾ
വിധിരേഖകളെഴുതാനുള്ള
നിന്റെയവകാശമെന്നേയൊരു
ഗ്രീഷ്മമൊഴുക്കിക്കളഞ്ഞു
അതിനാലിനിയും വേണ്ട
കൺകെട്ടുജാലങ്ങൾ
കണ്ടൊരുകാലമതിശയിച്ചിരുന്നു
ഇനിയതുണ്ടാവില്ല
ഈറൻ സന്ധ്യയുടെയുള്ളിലെയുപ്പാണീക്കടൽ
ദണ്ഡി മറക്കാനാവില്ലല്ലോ
സത്യാഗ്രഹങ്ങളുടെ കൊടിപാറിയ
സബർമതിയെയും മറക്കാനാവില്ലല്ലോ
ഉറയും ശിശിരത്തിലെന്നേ മാഞ്ഞു മൗനം
പിന്നെയുള്ളതവിടെയുമിവിടെയും
ഗതി തേടിയലയും കുറെ നിഴലുകൾ
സന്ധ്യയുടെ ചിമിഴിൽ
തീർഥമൊഴുകും ശംഖുകളാണിപ്പോൾ
നിഴലുകളെയൂറ്റിയെന്നേ മാഞ്ഞു സായാഹ്നം
വിധിന്യായങ്ങളെയെന്നേയൊരു
കൂടയിലാക്കി കടലിലേയ്ക്കൊഴുക്കി ഭൂമി...
അന്നും
മിഴിരണ്ടും പൂട്ടിയൊരു തുലാസും
കൈയിലേറ്റിയരികിലാ
ശിലാപ്രതിമയുമുണ്ടായിരുന്നു...
പിന്നെയീമഞ്ഞുകാലച്ചെരിവിലിരുന്ന് നീ
വിധിയെഴുതുന്നാർക്കുവേണ്ടി.....

No comments:

Post a Comment