Thursday, March 3, 2011

ഒരനുസ്മരണമെഴുതിയേക്കാം

പലരുമെഴുതുന്നതും കണ്ടിരുന്നു കുറെകാലം
പിന്നെയതു മാത്രമേ ശരിയുള്ളുവെന്നാണിയടിച്ചു
തൂക്കിയ ഫലകങ്ങൾ ചുറ്റിലും നിരന്നു
ഒന്നൊന്നായിയവയടർത്തിമാറ്റാനിത്തിരിവൈകി
അതങ്ങനെയായിപ്പോയേക്കാമെങ്കിലും
അതങ്ങനെതന്നെയെന്നഴുതി
ഭൂമിയുടെയാധാരശിലകൾ
തീറെഴുതേണ്ടതില്ലല്ലോ
ജാലകങ്ങൾ തുറന്നല്പം നനുത്ത
കുളിർകാറ്റേൽക്കാനിരിക്കുമ്പോഴും
ശിശിരമഴയിലൂടെ നടക്കുമ്പോഴും
അവശേഷിപ്പിന്റെയാദ്യക്ഷരമെന്നപോൽ
ചുറ്റുവലയങ്ങളെഴുതി നീട്ടുന്നുവൊരാദികാവ്യം
ഇന്നതിനൊരനുസ്മരണക്കുറിപ്പെഴുതിയേക്കാം
വലയം ചെയ്യുന്ന മൂടൽമഞ്ഞിനെയുരുക്കി
തീയിലിട്ടിത്തിരി ചുടുനീരാക്കി വയ്ക്കാം
അനുസ്മരണങ്ങളിലും നിറയട്ടെയിത്തിരി തീ
അഗ്നിപർവതങ്ങൾ കടന്നുവന്ന കനലുകൾ
നെരിപ്പോടുകളിലെ പുക..
അങ്ങനെയായാലേ ചുറ്റുവലയങ്ങൾക്ക്
സമാധാനമുണ്ടാവൂ
ഇന്നൊരനുസ്മരണമെഴുതിയേക്കാം
മുഖവുരയിങ്ങനെയാവാം
തീയിൽ നിന്നുയർന്നതെങ്ങനെ
വെയിൽ നാളങ്ങളിൽ മായും...

No comments:

Post a Comment