Friday, June 8, 2012


മൊഴി


വഴികളെല്ലാം കടന്നാകാശബിന്ദുവിൽ
പതിയുമൊരു മുദ്രയിൽ നിന്നും
പലേ നാളിലെഴുതിയോരാരോഹണസ്വരം
പോലെയെന്നരികിലൊഴുകും 
മഴത്തുള്ളിയതിനുമൊരു സ്വപ്നം


കവിതയിറ്റും മൊഴിതുമ്പിൽ
തലോടുന്ന  കടലിനും കൗതുകം
ചക്രവാളത്തിനെയെതിരിട്ടു
നിൽക്കുന്നൊരതിരുകൾ
മുൾക്കമ്പിയതിലിറ്റു വീഴും നിണം
പിന്നെ ഭൂഖണ്ഡമതിലുടഞ്ഞീടും
നെരിപ്പോടുകൾ
കനൽപ്പറവകൾ തീയിട്ട
ഭൂമൺചിരാതുകൾ


വഴി മാറിയെത്ര നടന്നെങ്കിലും
പിന്നിലൊഴുകുന്നതെന്നുമൊരേ
നിഴൽ; മഷിവിണുകുതിരുന്നുവോ
മേഘദൈന്യം, മുറിപ്പാടിലെഴുതി
ചുരുക്കും ത്രിവർണ്ണവും മങ്ങുന്നു
വഴിയിലെ രാജ്യമിന്നൊരു
മൺ തുരുത്തുപോൽ മറയുന്നു
വീണ്ടും ചിലങ്കതേടും സ്വരമതിനും
നടുക്കം, മറന്നിട്ടൊരായിരം
പദമതിൽ ചുറ്റിത്തിരിഞ്ഞുതീരും
ഗ്രഹച്ചിമിഴിലോ തീരാത്ത
ഭാരം, ഋതുക്കളിൽ
മിഴിപൂട്ടിയിന്നു തപസ്സിൽ
ദിനാന്ത്യങ്ങൾ

No comments:

Post a Comment