Monday, June 11, 2012


മഴ


ഒരു പൂവിനിതളിലെ വിസ്മയം
പോലെന്നിലുണരും പ്രഭാതമേ!
വഴിയിലെ വെയിലും കടന്നു
നടക്കുന്ന  ചരിവിലായ്
കടലേറിയെത്തും മഹായാനമതിലോ
മഹാലോകനിധികൾ; ജപം 
തേടിയെവിടെയോ ദീപം
കരിന്തിരിയാളിയോരിടമണ്ഡപത്തിലിടയ്ക്ക
കൊട്ടും   വിധി...


തിരശ്ശീല നീക്കി പുറത്തിറങ്ങും
രാജ്യമെഴുതുന്നതക്ഷരതെറ്റുകൾ
കണ്ടുകണ്ടറിയാതെ നിസ്സംഗമിന്നോ
ജനാരവം....
കവിതതെറ്റിപ്പദം ചില്ലുപാത്രങ്ങളിൽ
കലഹിച്ചു വീണ്ടും പുനർജനിക്കുന്നോരു
മഴനീർക്കണങ്ങളിൽ നിന്നും
വിരൽതുമ്പിലൊഴുകുന്നതേതു
നിയോഗത്തിനക്ഷരം


അകലെ ത്രിനേത്രം ജ്വലിക്കുന്നു
കാണായതൊരു  തപം തീർത്ത
വിഭൂതി ഭാഗം; പിന്നെയരികിലോ
സന്ധ്യയ്ക്കുഴിഞ്ഞ   തിരിത്തുമ്പിലറിയാതെ
വീണ  മഴക്കാലമേഘങ്ങൾ
ഒരുതിരികെട്ടു, മഹാസാഗരത്തിന്റെ
തിരകളിൽ കേട്ടു ചിലമ്പിന്റെ നാദവും
അരികിലെ  ചക്രവാളം തെളിച്ചു
വാനമതിലിലായ്  
നിറദീപമായിരം നക്ഷത്രഭംഗിയിൽ
എഴുതിനിറയ്ക്കുവാൻ
സർഗങ്ങളായിരം
പടിവാതിലിലേറിയകത്തു വന്നീടുന്നു
ഒരു പൂവിനിതളിലെ വിസ്മയം
പോൽ മഴ യ്ക്കരികിലായ്
ഞാനുമുണർന്നിരുന്നു...

No comments:

Post a Comment