Saturday, June 16, 2012



സ്വരം 



നാലുമടക്കിൽ ലോകം
ആർക്കോ വേണ്ടി
ചുരുട്ടിക്കെടുത്തിക്കൊണ്ടേയിരിക്കുന്നു
ആത്മാവിന്റെ ഒരിറ്റു പ്രകാശം


കൂട്ടിപ്പെരുക്കിയ
ഗണിതസംഖ്യയിലേക്ക്
ഋണക്കൂട്ടുകളുടെ
ഒറ്റസംഖ്യകളെറിയുന്നു
യുദ്ധം കണ്ടുമതിയാവാത്ത
ചിലേ മനസ്സുകൾ


അടർക്കളത്തിൽ തുളുമ്പിവീണ 
അതിർതർക്കത്തിന്റെ
ചില്ലുതരികൾ 
വീണു മുറിഞ്ഞ    വിരലിനിന്നും
നോവിന്റെ നീറ്റൽ


ഇഴതെറ്റിയ  നിമിഷങ്ങളിൽ
ഉച്ചനേരത്തു പെയ്ത
മഴയിൽ തൊട്ടെഴുതിയ
ഒരുണർത്തുപാട്ടിലൂടെ
സായാഹ്നം മിഴിതുറന്നു...


സമുദ്രം ചക്രവാളത്തിനരികിൽ
കവിതയുടെയീണമാകുമ്പോൾ
ഒരു സ്വരം ഹൃദയത്തിന്റെ
വീണയിൽ മന്ത്ര മാകുന്നു

ആരവമില്ലാത്ത 
കടലിനിതളിൽ
ഒരു നക്ഷത്രം കവിതയെഴുതി


No comments:

Post a Comment