Thursday, June 21, 2012

 മൊഴി

എത്ര ഋതുക്കൾ മറഞ്ഞു
പ്രഭാതങ്ങളെത്രെ നീർത്തി
മഴതുള്ളികൾ, വർഷത്തിലെത്ര

കുളിർന്നു തളിർതുമ്പുകൾ
ഭൂവിനെത്ര സ്വരങ്ങൾ
കുയിൽപ്പാട്ടുകൾ..

മുന്നിൽ നടന്നുനിഴൽ
പഴേ കാലത്തിലൊന്നിൽ
ചുരുങ്ങി സായാഹ്നം
തിരക്കിന്റെയിന്നലെക്കുള്ളിൽ
തണുത്തു ഹോമാഗ്നിയും..

നേർ രേഖ തേടിനടന്നുനടന്നിഴ
മാറിയ ദൈന്യങ്ങളൊന്നിൽ
നിന്നും മുകിൽശീലുകൾ
കേട്ടു തരിച്ചുനിൽക്കും
കടൽത്തീരങ്ങളെന്നേ
മറന്നു ദിക്കാലങ്ങൾ...

ഏറും ദിനങ്ങളിൽ
കാഴ്ച്ചതീർത്തെത്തിയോരീ
മഴക്കാലത്തിലോ
ഭൂവുണർന്നതും
കാവടിപ്പൂവുകൾ
കെട്ടഴിച്ചാഗ്നേയഭാവം
വിഭൂതിയിൽ മുങ്ങിക്കുളിച്ചതും
ഏറെ നടന്നു മുനമ്പുകൾക്കുള്ളിൽ
നിന്നാളുന്നുവോ സന്ധ്യ
മൺ ദീപനാളത്തിലേറുന്നുവോ
മഹായാഗസങ്കീർത്തനം
....

No comments:

Post a Comment