Thursday, June 28, 2012

 മൊഴി

ഏതുവാക്കിൽ ഞാൻ ചുരുക്കും
സമുദ്രത്തെയേതു നക്ഷത്രത്തിൽ നിന്നു 
പ്രകാശത്തെയേതു
കുടത്തിലൊളിച്ചു വയ്ക്കും?.
ആകെ സ്വരം തെറ്റിയാറ്റിക്കുറുക്കുന്ന
ഗാനങ്ങളിൽ നിന്നകന്നുനീങ്ങുന്നൊരെൻ

ഗ്രാമമേ! വെൺചാമരങ്ങളേറ്റി
കുടമാറുന്നൊരാരവം കണ്ടു
പണ്ടേ മിഴിക്കോണിൽ
മഴക്കാലമൊന്നിൽ വിടർന്നോരു
പൂവുപോൽ വീണ്ടുമീ
കാറ്റിന്റെ മർമ്മരം
പിന്നെയേതോ മരച്ചില്ലയടർന്നു
നിഴൽപ്പൊട്ടുമാഞ്ഞോരു
മണ്ണിൻ പ്രകാശം;
നെടും തൂണുകൾക്കുള്ളിലെങ്ങോ
മറഞ്ഞ യുഗങ്ങൾ;
പ്രശാന്തിതൻ മന്ത്രങ്ങൾ മാഞ്ഞ
സായന്തനം
വിണ്ണിന്റെയൊന്നായടർന്ന
ത്രിസന്ധ്യാവിളക്കുകൾ
എത്ര ദിനങ്ങൾ കൊഴിഞ്ഞൂ
മഴപ്പൂക്കളെത്രയോ വീണ്ടും വിരിഞ്ഞു
വിരൽതുമ്പിലെത്ര പ്രഭാതം തെളിഞ്ഞു
വയൽപ്പാട്ടിലെത്ര പ്രാചീനമാമർഥങ്ങൾ
വീണ്ടുമീ കത്തിമായും
ഹോമദ്രവ്യങ്ങളെപ്പോലെ
മിഥ്യയും മായുന്നു പിന്നെയും
സർഗങ്ങളെത്രയാണീന്നീ

പ്രപഞ്ചത്തിനുള്ളിലായ്...

No comments:

Post a Comment