Friday, June 8, 2012


മൊഴി



വഴി നടന്നെത്തിയതിവിടെയാണീ
ശരത് ഋതുവതിൽ മിന്നിയൊരായിരം
ദീപങ്ങൾ...
ഒടുവിൽ ശരത്തും കഴിഞ്ഞേറിയാ
മഴത്തുടിയിൽ തുടക്കം കുറിക്കുന്ന
പൂക്കാലമിടവേളകൾ മായ്ച്ചു
യാത്രയായീടുന്നു
മൃദുപദങ്ങൾ മാഞ്ഞുതീർന്നോരു
ഹൃദ് ലയത്തിരിവിൽ
ദ്രുതത്തിനതിദ്രുതവിന്യാസമതിലോ
തളിർക്കുന്നു വീണ്ടും പ്രഭാതങ്ങൾ..


കവിത  തേടി കണ്ട   പാതകൾ
കൽ പാകിയിടയിലെ ഭൂമിയെ
മായ്ക്കാനൊരുങ്ങിയോരവധിയിൽ
തീർപ്പുപത്രങ്ങൾ തീയിട്ടാളിയൊടുവിലാ
സന്ധ്യയും നിന്നു നിസംഗമായ് 
മിഴിയിലേറുന്നു ദിനങ്ങൾ,
പുരാണങ്ങളെഴുതി സൂക്ഷിക്കുന്ന
പ്രാചീനകൗതുകമതിലുമൊരു
താഴിട്ടുപൂട്ടി കടൽപ്പാലമതിൽ
നിന്നും കാണുമാ ചക്രവാളത്തിനെ
കവിതയായ്  നീർത്തിതുറക്കുമാകാശമേ
മൊഴിയെത്രയെഴുതീ, തുറന്നിട്ട
ജാലകപ്പടിയിലായെത്ര
പൂക്കാലങ്ങൾ വന്നുപോയ്....


ഇനിയും തളിർക്കും മനസ്സിലെ
ചില്ലയിൽ കവിതപോലൊരു 
സ്വപ്നസങ്കല്പമതിലൊഴുകിയരികിൽ
സ്വരങ്ങൾ തീർക്കും മഹാസർഗങ്ങൾ..
വഴി നടന്നൊടുവിൽ 
മഴക്കാലമെത്തിയതിവിടെയാണീ
ഭൂവിനാദ്യക്ഷരങ്ങളിൽ
എഴുതിത്തിരുത്തിച്ചുരുക്കാതെ ഭദ്രമായ്
ഹൃദയം നിറയ്ക്കുന്നതക്ഷരക്കൂട്ടുകൾ
മുകിലുകൾ മാഞ്ഞ    ത്രിസന്ധ്യയിൽ

ചന്ദനക്കളഭവും ചാർത്തി നടന്നു
ഭൂഗാനങ്ങൾ....


No comments:

Post a Comment