Friday, June 22, 2012


ഹൃദ്സ്പന്ദങ്ങ

ആരോ പറഞ്ഞു പ്രഭാതങ്ങളിൽ
കടപ്പാടുകൾ തീരാതെ ഭാഗധേയം 
തീർത്ത കൂടുകൾക്കുള്ളിൽ 
സ്വയം  മരിക്കേണ്ടതാണീഭൂമിയും,
പിന്നെയീ കാവ്യസർഗങ്ങളും..
നേരിന്റെ താരകൾ
ഹൃദ്സ്പന്ദനങ്ങളിൽ 
ദീപപ്രകാശം ചൊരിഞ്ഞോരു
സന്ധ്യയിൽ 
സാഗരം വീണ്ടുമാ ശംഖിനുള്ളിൽ
നിന്നു കോരിയെടുത്തെന്റെ
കാവ്യസ്വരങ്ങളെ..

ആരോ തടഞ്ഞു
മുൾവേലികൾകെട്ടിയെന്നാരൂഢമാകെ 
തകർത്തെങ്കിലും
വാക്കിലൂറും മഴതുള്ളികൾ
മരച്ചില്ലയിൽ കാറ്റും തണുപ്പുമായ്
കൂട്ടിരുന്നു, പഴേ സർഗങ്ങൾ മാറി;
കടം കൊണ്ട സായാഹ്നമെന്നേ
മറന്നു നിഴൽക്കൂടുകൾ,
മരച്ചില്ലയിൽ വീണ്ടും തളിർക്കുന്ന
പൂവുകൾക്കെല്ലാമൊരേ മൊഴി
കാഴച്ചകണ്ടിന്നീ മഴക്കാടുകൾ
ശാന്തമെങ്കിലും മുന്നിലായ്
പെയ്തുതീരാത്തമുകിൽപ്പാടുകൾ
വാനഭംഗിയിൽ തൂവുന്ന
സങ്കീർണ്ണഭാവങ്ങളൊന്നയടർന്നു
വീണ്ടും മഴക്കാലമായൊന്നായി
ഭൂമിയിൽ സ്വർഗങ്ങൾ തീർക്കുന്നു

കാണുന്നതെല്ലാമവ്യക്തഭാഷാന്തര
രൂപങ്ങൾ, ചിത്രങ്ങൾ മാറ്റൊലിക്കൊള്ളുന്ന
സാഗരത്തിൻ ചരിത്രം തേടിയെത്രയോകാലം 
നടന്നവർ കൽശിലാരൂപങ്ങളായിരം
പിന്നെയീ മണ്ഡപക്കോണിലായ്
ധ്യാനത്തിലായതെൻ ഹൃദ്സ്പന്ദനം,
കാവ്യഭാവമായ് തീർന്നതെൻ 
സാഗരസ്പന്ദനം...

No comments:

Post a Comment