Friday, June 22, 2012

 മൊഴി

മങ്ങിയും വീണ്ടും
പ്രകാശബിന്ദുക്കളെയൊന്നായ്
പുനർജനിപ്പിക്കും പ്രഭാതമേ
വന്നുവന്നീസർഗഭംഗിയിൽ
കാണുന്നതെന്നുമീഭൂവിന്റെ
നിർമ്മമത്വം, രാശിതെറ്റിക്കൊഴിഞ്ഞ
ദിനങ്ങളിൽ തുന്നിയോരിന്നിന്റെ
കാവ്യഭാവങ്ങൾ
കടും കെട്ടിലൊന്നിലും വീഴാത്ത
സന്ധ്യാവിളക്കുകൾ

ഏറും നിഗൂഢതയ്ക്കപ്പുറം
സാന്ദ്രമാം സാഗരം പോലും
മറന്നു യുഗങ്ങളെ 
പാരിജാതങ്ങൾ വിടർന്നു
പുരാണങ്ങളോതി
ഋണപ്പാടിലേറും മഹാകാവ്യ
ദീനഭാവങ്ങൾ, ചിലമ്പിൽ
തടഞ്ഞോരു കാലഘട്ടത്തിൻ നിണം,
കടപ്പാടിന്റെ തൂലികതുമ്പിൽ
തുമ്പിൽ തടഞ്ഞോരു ചില്ലുകൾ

എത്ര നാൾ കണ്ടൂ മഴതുള്ളികൾ
കാവ്യമിറ്റുവീഴും മഴചിന്തുകൾ
മുദ്രകൾക്കപ്പുറം ചക്രവാളത്തിന്റെ
സാന്ത്വനം
കെട്ടഴിഞ്ഞാകെതുരുമ്പിച്ച നോവിന്റെ
തത്വങ്ങളോ ദിനാന്ത്യത്തിന്റെയാധികൾ
മിഥ്യയിൽ തൊട്ടുതൊട്ടാകെ പുകഞ്ഞോരീ

സത്യമോ സങ്കീർത്തനത്തിന്റെ മുത്തുകൾ..

No comments:

Post a Comment