Tuesday, June 26, 2012


 മൊഴി

ഋതുക്കൾ മാറി പലേ
കുടക്കീഴിലായ് പക്ഷെയൊരിക്കൽ
പോലും വിട്ടുപോയില്ല
കാവ്യസ്വരം..
ഹൃദയത്തിലെയറയതിലായ്
നിറയുന്ന മഴതുള്ളികൾ
വീണ്ടുമെഴുതും ഭൂഗാനത്തിൽ
ഇരുളിൽ നിന്നും നടന്നെത്തിയ
പ്രഭാതത്തിനരികിൽ കാണും
പൂത്തുവിടരും പൂക്കാലങ്ങൾ..
നെരിപ്പോടുകൾ കരിഞ്ഞതിന്റെ
പുകയേറ്റ മനസ്സിൽ
നിന്നും കനൽമൊഴികൾ
കത്തിപ്പടർന്നിടവേളകൾ
തീർത്തൊരാശാന്തിമന്ത്രത്തിലുമൊഴുകി
സമുദ്രവും, സാന്ധ്യതാരകങ്ങളും
എഴുതിപ്പെരുപ്പിച്ച കടങ്ങളെല്ലാം
തുലാസ്സതിന്റെ തട്ടിൽ വീണ്ടും നിശ്ചലം
പണ്ടേയഴിമുഖങ്ങൾക്കരികിലായ്
നിർമ്മമം നിൽക്കും കാവ്യസ്വരങ്ങൾ
കണ്ടൂ ചക്രവാളത്തിൻ മാറ്റങ്ങളും
എഴുതിതീരാത്തൊരു സമുദ്രം
മുന്നിൽ, മഴയ്ക്കരികിൽ
വിടരുന്നു ഭൂമിതന്നാന്ദോളനം
എഴുതും വിരൽതുമ്പിലിന്നു
നിർമ്മമം ലോകം
എഴുതും മുനമ്പിന്റെ
തീർഥപാത്രമീക്കടൽ...







No comments:

Post a Comment