Saturday, March 19, 2011

മൺഗോപുരങ്ങൾക്കരികിൽ

മൺഗോപുരങ്ങൾ
ഉടഞ്ഞുചിതറുമ്പോഴും
സമുദ്രമുയർന്നൊരു
തീരമൊഴുക്കിനീക്കുമ്പോഴും
അവശിഷ്ടങ്ങളുടെ
ആർഭാടങ്ങളെയണിയിച്ചൊരുക്കി
പരവതാനിയിലാക്കുന്നതാരോ
ശംഖിലെ തീർഥമെന്നപോലൊഴുകും
ഹൃദ്സ്പന്ദനങ്ങളിൽ
ദിനാന്ത്യങ്ങളുടെയാകുലതകൾ
മങ്ങിമായുമ്പോഴും
മുഖാവരണമില്ലാത്ത സങ്കല്പങ്ങളുടെ
തൂവൽമൃദുസ്പർശവുമായ്
മഞ്ഞുകാലം മുന്നിൽ നടന്നു നീങ്ങുമ്പോഴും
പുരുഷാർഥത്തിന്റെ പൊരുളറിയാതെ
നൂറ്റാണ്ടുകളുടെ ശിലാഫലകങ്ങളെയറിയാതെ
തീരമണലെണ്ണിയിരിക്കുന്നതാരോ
അടർന്നുവീണ അസ്തമയതുണ്ടുകൾക്കരികിൽ
അനേകം നക്ഷത്രങ്ങൾ മിഴിതുറന്നുണരുമ്പോൾ
മൺഗോപുരങ്ങൾക്കരികിലും
സന്ധ്യ തെളിയിക്കുന്നുവല്ലോ
അനേകമനേകം ദീപങ്ങൾ
പ്രകാശപൂരിതമായ സന്ധ്യക്കരികിലും
മുഖപടമണിയുന്നതാരോ??

No comments:

Post a Comment