Wednesday, March 23, 2011

നനുത്തകുളിർപുതച്ച കുറെയേറെ വാക്കുകൾ


ഒരിയ്ക്കൽ വിരൽതുമ്പിൽ
നിന്നിറ്റുവീണു
നനുത്തകുളിർപുതച്ച
കുറെയേറെ വാക്കുകൾ..
വയനാടൻ ചുരങ്ങളിലൂടെനടന്ന്
ഹരിതവനമേറി
വൃക്ഷശിഖരങ്ങളിൽകെട്ടിയ
വീടുകളിലെ കിളിവാതിലിലൂടെ
കാണുമാകാശത്തിനും ഭൂമിയ്ക്കുമെത്ര
ഭംഗിയായിരുന്നു..
പിന്നെയലയിടും സിംഹഗുഹകളിൽ
പതിയിരുന്ന സീൽക്കാരങ്ങളിൽ
തകർന്നുടഞ്ഞതുമതേ
നനുത്തവാക്കുകൾ
ചീറ്റിതെറിച്ച രക്തതുള്ളികൾ
തുടച്ച് പച്ചിലമരുന്നരച്ച്
ചൂണ്ടുപലകളിൽ ദൂരമളന്ന്
തിരിയെ കയറിയപ്പോഴേയ്ക്കും
തളർന്നുകുറെനേരമുറങ്ങിയതുമതേ
നനുത്ത വാക്കുകൾ
ഉറക്കമുണർന്ന്
കുടകപ്പാലകൾനിരയൊത്ത
പാതയിലൂടെ നടക്കുമ്പോൾ
കൈവിരൽതുമ്പിൽ
വീണ്ടുംപൂത്തുലഞ്ഞതുമതേ
നനുത്തവാക്കുകൾ....

No comments:

Post a Comment