Thursday, March 10, 2011

ശിശിരമൊരു മഞ്ഞുതുള്ളിയായുറയട്ടെ

കാലഹരണപ്പെട്ടനിമിഷങ്ങളിൽ
മൃദുവായി കനൽകോരിയിട്ടാഹ്ളാദിക്കുന്ന
മധ്യാഹ്നസൂര്യനറിയാത്തതൊന്നുമാത്രം
കനലിൽ കത്തിയതെല്ലാമൊരു
ചാമ്പൽക്കൂടയിലാവുമെന്ന സത്യം..
ഋതുക്കളും സൂക്ഷിച്ചേയ്ക്കാമാരണ്യകങ്ങളിൽ
കനൽ കൂട്ടിയിടാനല്പം കരിയിലകൾ
കത്തിതീർന്നതെല്ലാമൊരുമഴക്കാലം
മണ്ണിലലിയിച്ച് ജലാശങ്ങളിലേയ്ക്കൊഴുക്കിയേക്കാം..
പിന്നെയുമുണർന്നേയ്ക്കാമൊരുഷസന്ധ്യ
അതിനരികിൽ സംഗീതവുമൊഴുകിയേക്കാം
പിന്നെയും മദ്ധ്യാഹ്നവും, സായാഹ്നവും
കടന്നൊരു സന്ധ്യയിൽ
നക്ഷത്രങ്ങൾ സാക്ഷിനിൽക്കും
വാനത്തിനരികിൽ
കത്തിയെരിഞ്ഞ കനലിലൂടെ
നടന്നു നീങ്ങും മനസ്സിലൊരു
കടലുമൊഴുകിയേക്കാം
അവിടെ തിരയൊതുങ്ങിയ തീരങ്ങളിൽ
ഭൂമി നക്ഷത്രവിളക്കുകളുമേന്തി
നടന്നു നീങ്ങിയേക്കാം...
കാലഹരണപ്പെട്ട നിമിഷങ്ങളിൽ
വീണുടയട്ടെ കനലുകൾ
ശിശിരമൊരു മഞ്ഞുതുള്ളിയായുറയട്ടെ
കനൽച്ചിന്തുകളിൽ...

1 comment:

  1. മഞ്ഞുതുള്ളി പോൽ സ് നിഗ് ദ്ധമാകട്ടെ….
    ആശംസകൾ……………………………..

    ReplyDelete