Monday, March 21, 2011

എന്റെയിഷ്ടങ്ങൾ

അശോകപ്പൂമരത്തിൽ
ഉഷസന്ധ്യയുണരുന്നതു
കാണാനെനിക്കിഷ്ടമായിരുന്നു
പുലർകാലങ്ങളിൽ പുൽനാമ്പിലൂറും
കണ്ണുനീർത്തുള്ളികൾ
വിരൽതൊട്ടെടുക്കാനും
തൊടിയിലെ ചകോരങ്ങളുടെ
മനോഹരമായ
വർണതൂവലുകൾ കണ്ടിരിക്കാനും
കുയിൽ പാടുന്നതുകേൾക്കാനും
ഇഷ്ടമായിരുന്നു..
സോപാനസംഗീതം
കേൾക്കുന്നതും
ചെമ്പപ്പൂക്കൾക്കിടയിലൂടെ
സായം സന്ധ്യയിൽ
നക്ഷത്രങ്ങൾ കാണുന്നതും
മഴയിലൂടെ നടക്കുന്നതും
ആളൊഴിഞ്ഞ തിരക്കില്ലാത്ത
ആൽത്തറമുറ്റത്തിരിക്കുന്നതും
ആരോടും സംസാരിക്കാതിരിക്കുന്നതും
ഒക്കെയെന്റെയിഷ്ടമായിരുന്നു
ചക്രവാളത്തോളമെത്തിനിൽക്കും
കടലിനരികിലിരിക്കുന്നതും
രാവിലുറക്കമിളച്ച്
കവിതകൾ വായിക്കുന്നതും
കനവുകാണുന്നതും
ഇഷ്ടമായിരുന്നു
ആരും കാണാതെ
ദൈവങ്ങളോടു സംസാരിക്കാനും
കൽപ്പെട്ടിയിലെ
ഉണങ്ങിയ ചെമ്പകപ്പൂക്കളുടെ
സുഗന്ധമൊഴുകും പുടവചുറ്റാനും
മാമ്പൂക്കൾ വീണ
തൊടിയിലൂടെ നടക്കാനും
ഒരുപാടിഷ്ടമായിരുന്നു.
ഈയിഷ്ടങ്ങളെയൊക്കെ
വിലങ്ങിട്ടുവയ്ക്കാനാവുമോ??

No comments:

Post a Comment