Thursday, March 24, 2011

ഋതുക്കളുടെ പൂക്കാലത്തിനൊരു സത്യമുണ്ടാവും
ഋതുക്കളുടെ പൂക്കാലത്തെ
കൂടയിലാക്കി നടന്നത്
പ്രകൃതി തന്നതിനാൽ
അതാർക്കും കൊടുത്തയച്ചിരുന്നില്ലല്ലോ
അയയ്ക്കാത്തതെങ്ങനെ
തിരിച്ചയക്കുമെന്ന് ചോദിക്കുന്നു..
പിന്നെയാഹസ്തിനപുരിയിൽ
ചെങ്കോലിനും, രാജഭണ്ഡാകാരങ്ങൾക്കുമായ്
സത്യത്തെ കാട്ടിലേയ്ക്കാട്ടിപ്പായിച്ചതാരോ
കുനിഞ്ഞുവീണസത്യത്തെ
കൈയിലേറ്റി നിന്നതീഭൂമി
ഭൂമിയാസത്യത്തെയുരച്ചുലച്ചു
നിറം മാറ്റിയില്ല
ഉലയിലിട്ടുരുക്കി രൂപം മാറ്റിയുമില്ല....
ശിരോവസ്ത്രമിട്ടുവരും
മുഖപടങ്ങളേകുമടിക്കുറിപ്പുകൾക്ക്
മറുപടിയേകാൻ മടിക്കുന്നതുമതിനാൽ
പിന്നെ വേദപുസ്തകം
തുറന്നുനോക്കിയാലൊന്നുകൂടികാണാം
രാസവിദ്യയുടെ പനമരങ്ങൾ
പോലെ വളരുന്ന നിർവചനം...
അരികിൽ പനമരമായ്
വളർന്നുവലുതാകുന്നതാരോ?
അറിയുക
ഇങ്ങോട്ടേകിയതിന്റെ കാൽഭാഗം
പോലുമങ്ങോട്ടേകാനായില്ല
തുലാസുകളൊരുവശത്തേയ്ക്ക്
തൂക്കം തെറ്റിവീഴുന്നുവല്ലോ....
പറയാനേറെയില്ല
ഋതുക്കളുടെ പൂക്കാലത്തിനരികിലൂടെ
നടക്കുന്നതൊരിക്കലും
വെൺകൊറ്റക്കുടയുമാലവട്ടവും
ചൂടാനായല്ല
ഋതുക്കളുടെ പൂക്കാലത്തിനൊരു
സത്യമുണ്ടാവും
മുഖപടമുണ്ടാവില്ല......

No comments:

Post a Comment