Sunday, March 27, 2011

ആകാശനക്ഷത്രങ്ങൾ

മഞ്ഞുവീണൊരു ശിശിരത്തിൽ
മഹാഗണിയിൽ കടഞ്ഞ
പഴയനാലുകെട്ടുടച്ച്
മണ്ണും മണലും ചേർത്തതിൽ
ചിന്തേരിട്ട് വീണ്ടുമൊരുക്കുമ്പോൾ
പലേ പഴയകാലചിത്രങ്ങൾക്കും
കേടുപാടുകൾ വന്നു
ഉദാസീനമായി പണിചെയ്ത
കൽപ്പണിക്കാരെല്ലാമുടച്ചു
കുലശേഖരങ്ങളിൽ പരുക്കനേറ്റി
പിന്നെയതിനുമേലൊരു
സിമന്റുചാന്തുപൂശിയവർ
തിരികെ പോയപ്പോൾ
കാണാൻ ഭംഗിയുള്ളതൊന്നും
പഴയനാലുകെട്ടിലുണ്ടായിരുന്നില്ല
പവിഴമല്ലിപ്പൂവുകളിലൂടെ
നടന്ന ശിശിരം മറന്നിട്ടതൊരു
കൂട നിറയെ മഞ്ഞുകാലപ്പൂവുകൾ
ആ പൂവുകളിലുറങ്ങിയത്
നനുത്തകുളിർന്ന മഞ്ഞുതുള്ളികൾ...
വേനൽചൂടിൽ മാഞ്ഞൊരു
വേനൽമഴതുള്ളിയായ്
പുനർജനിച്ചേക്കാമാമഞ്ഞുതുള്ളികൾ
പഴയനാലുകെട്ടിനോർമ്മകളെ
ചരലിട്ടു മൂടിയ പണിക്കാരെല്ലാം
പിരിഞ്ഞ സായന്തനത്തിൽ
പവിഴമല്ലിച്ചോട്ടിലൊരു
കുടീരം പണിതു ഭൂമി
ആ കുടീരത്തിലിരുന്ന്
ആകാശത്തിൽ നക്ഷത്രങ്ങൾ
പൂക്കുന്നതു കണ്ടപ്പോൾ
ഒന്നറിയാനായി
ഉടയ്ക്കാനുമുടച്ചുവാർക്കാനുമേ
കൽപ്പണിക്കാർക്കാവൂ
ആകാശനക്ഷത്രങ്ങളെ
തെളിയിക്കാനവർക്കാവില്ല...

No comments:

Post a Comment