Thursday, March 24, 2011

ചന്ദനമരത്തണൽ

തീരാക്കഥയെഴുതിയിടാൻ
ചുമരുകൾ വേണ്ട
മനസ്സിന്റെയനേകമനേകം
താളുകളിലങ്ങനെയനേകമനേകം
സങ്കല്പങ്ങളെയെഴുതാം
സ്വപ്നചിന്തുകളെ ചാർത്താം
ദു:സ്പനങ്ങളെ മായ്ക്കാം
ചരൽക്കൂനയിലെ ദൈന്യം
കാലുകളെ നോവിച്ചേയ്ക്കാം
ആഴിപ്പൂവാരിയെറിഞ്ഞതിൽ
മുക്കിയെറിയും
കൽച്ചീളുകളെയുപേക്ഷിച്ചൊരുപക്ഷെ
മനസ്സെടുത്തു സൂക്ഷിച്ചേയ്ക്കാം
കരിഞ്ഞുണങ്ങിയ ശരത്ക്കാലനിറമുള്ള
അശോകപ്പൂവുകളെ...
കൽപ്പെട്ടിയിലെ ചെമ്പകപ്പൂവുകളെ..
പിന്നെയാളുകൾ
വഴിയിലുപേക്ഷിച്ചു പോകുന്ന
ഉടഞ്ഞസ്ഫടികപാത്രങ്ങളും,
ചരൽക്കല്ലുകളും
കാണാതിരിക്കാൻ ശ്രമിക്കാം
അവയൊക്കെ കൈയാലെടുത്താൽ
വിരലുകൾ മാത്രമല്ല
ഹൃദയവും മുറിഞ്ഞേക്കാം..
മനസ്സിലുണരും വാക്കുകളെയെഴുതാൻ
വൻമതിലുകൾ വേണ്ട
അതിനുവേണ്ടതതൊരു
ചന്ദനമരത്തണൽ....

No comments:

Post a Comment