Sunday, March 20, 2011

മഴതുള്ളിക്കവിത

മൺപാത്രങ്ങളിലൊതുങ്ങാതെ
മാനത്തുനിന്നൂർന്നിറങ്ങിയ
മഴപോലെയൊരു സ്വപ്നം
ഞാനിന്നും കണ്ടു
ഋതുക്കളുടെ പുടവചുറ്റി
മാഞ്ചുവട്ടിലിരുന്ന് ഗ്രാമത്തെ
മിഴിയിലാക്കിയെന്റെ
വിരൽ തുമ്പിൽ വന്നിരുന്ന്
തുള്ളിതുള്ളിതുടങ്ങിയാഘോഷമായ്
പെയ്ത ഞാറ്റുവേലമഴപോലെയൊരു
സ്വപ്നം...
തുളസിക്കതിരിറ്റുവീണ
നനഞ്ഞ മണ്ണിലിത്തിരിപ്പോന്ന
പുൽനാമ്പുകളെയുരുമ്മി
പെയ്ത മഴയെ മൂടാനൊരു
കുട തേടാത്ത ഗ്രാമത്തിനരികിലൂടെ
പെയതൊഴുകിയ മഴയിലൂടെ
ഭൂമിയോടൊപ്പം ഞാനും നടന്നു..
മഴപെയ്യാനിതുമഴക്കാലമല്ലെന്ന്
സ്വപ്നത്തിനെങ്ങനെയറിയാൻ....
സ്വപ്നത്തിലുണർന്നുവന്നതുമൊരു
മഴതുള്ളിക്കവിത...

No comments:

Post a Comment