Tuesday, March 22, 2011

നിരതെറ്റിവീഴുന്ന പുസ്തകങ്ങൾക്കിടയിൽ

അടുക്കിയിട്ടുമടുക്കിയിട്ടും
പലതും ചിന്നിചിതറുന്നുവല്ലോ
സമന്വയതാളം വിരലിൽനിന്നൂർന്നു
താഴേയ്ക്ക് വീണുചിതറുന്നു
ഒരുവാക്കിലുടക്കി മറ്റൊരു
വാക്കിലേറിയടുക്കിചേർത്തു
വയ്ക്കാനാവാതെ
അതങ്ങനെയസ്ഥാനത്ത്
തട്ടിയുടയുന്നു...
ഗ്രസ്ഥപ്പുരകളിൽ
പുസ്ത്കങ്ങളെല്ലാം
സ്ഥാനം തെറ്റിയിരിക്കുന്നു
കടലാസ്തുണ്ടുകളങ്ങിങ്ങ്
മാർഗം തെറ്റിപറക്കുന്നു
തറയോടുകളിലെന്തൊക്കൊയോ
തട്ടിയുടയുന്നു
ചിമ്മിനിവിളക്കിനരികിൽ
ഗ്രന്ഥപ്പുരയിലുടക്കിയ
മനസ്സിനെയുമടുക്കി
വയ്ക്കാനാവുന്നില്ലല്ലോ
അടുക്കിയിട്ടുമടുക്കിയിട്ടും
നിരതെറ്റിവീഴുന്ന
പുസ്തകങ്ങൾക്കിടയിൽ
കുരുങ്ങിക്കിടന്നതെന്താണാവോ

No comments:

Post a Comment