Tuesday, March 29, 2011

നിറഞ്ഞൊഴുകിയകടലിനരികിൽ

ചൈത്രമൊരുണർവായി
പുമുഖവാതിലിലെത്തിനിൽക്കുന്നു
മഷിപ്പാടുണങ്ങിയ മണ്ണിൽ
നിലംതൊട്ടുവീണനിമിഷങ്ങൾ
പലകുറിയെഴുതിയിട്ടും മതിവരാത്ത
ചരിത്രക്കെട്ടുകളുമായ്
പടിഞ്ഞാറൻ മാനത്തിനരികിലൂടെ
മേഘമാർഗവും കടന്നെവിടേയ്ക്കോ
യാത്ര പോയി
ഗ്രീഷ്മത്തിന്റെ കരിഞ്ഞ മദ്ധ്യാഹ്നങ്ങളെ
ഹോമപാത്രത്തിലാക്കി കാലം ചെയ്തു
അകാലത്തിലൊരഗ്നിഹോത്രം
നിറഞ്ഞൊഴുകിയകടലിനരികിൽ
ഭൂമി ചെയ്തു അതിരാത്രം
ആകാശവാതിലിനരികിൽ
പ്രകാശപ്പൂക്കളുമായ്
സന്ധ്യയെത്തിയപ്പോഴേയ്ക്കും
മഴപെയ്തുതുടങ്ങിയിരുന്നു..

No comments:

Post a Comment